പരാജയങ്ങൾക്കൊടുവിൽ യൂട്യൂബ് രാശിയായി; ഫിറോസ് പാചകലോകത്തെ താരമായി, ഒപ്പം വരുമാനവും!
Mail This Article
ഡിസൈനർ അടുക്കളയും മൈക്രോവേവ് അവ്നുമൊക്കെ പത്രാസ് കാട്ടിയ യൂട്യൂബ് പാചക ലോകത്തിലേക്കാണ് പാലക്കാട് കല്ലേപ്പുള്ളി ചുട്ടിപ്പാറക്കാരൻ ഫിറോസ് ഒരു കൈലി മുണ്ടും മടക്കി കുത്തി കയറിവന്നത്. പാലക്കാടൻ മലയാളത്തിന്റെ കൗതുകത്തോടൊപ്പം പാടവരമ്പിലെ വാചകവും പാചകവും അടിയിൽ പിടിക്കാതെ കാഴ്ചക്കാർ ഏറ്റെടുത്തു. ഷൂട്ടിനിടെ തയാറാക്കുന്ന ഭക്ഷണം അനാഥമന്ദിരത്തിലേക്ക് കൊടുത്തയക്കുന്ന ഫിറോസിനും സുഹൃത്തുക്കൾക്കും എല്ലായിടത്തുനിന്നും ലൈക്കോഡ് ലൈക്ക്. പാലക്കാടിന്റെ ദൃശ്യഭംഗി ഫിറോസിന്റെ വിഡിയോകളുടെ പ്രധാന ആകർഷണമാണ്.
ആറു വർഷങ്ങൾക്കു മുൻപ് മലയാള മനോരമയിൽ വന്നൊരു ഫീച്ചറാണ് യൂട്യൂബ് ചാനലെന്ന ആശയം ഫിറോസിന്റെ തലയിൽ മിന്നിച്ചത്. ട്രാവൽ ചാനലും ക്രാഫ്റ്റ് ചാനലുമൊക്കെയായി ആരംഭിച്ചെങ്കിലും ഒന്നും വിജയമായില്ല. 2007മുതൽ 2012 വരെ സൗദി അറേബ്യയിലായിരുന്നു ഫിറോസ്. ലീവിനു നാട്ടിലെത്തിയപ്പോൾ പിന്നെ തിരിച്ചു പോകുന്നില്ലെന്നു തീരുമാനിച്ചു. ഫോട്ടോസ്റ്റാറ്റ് കട ആരംഭിച്ചു. ഒന്നര വർഷത്തിനുള്ളിൽ കട അടച്ചുപൂട്ടി. അടുത്ത വഴിയെന്താണെന്ന ചോദ്യത്തിനുത്തരമായിരുന്നു യൂട്യൂബ് ചാനൽ. സ്വന്തയൊരു ഓഫിസ് തുടങ്ങി ക്രാഫ്റ്റ് മീഡിയ എന്ന യുട്യൂബ് ചാനൽ ആരംഭിച്ചു.
പ്രവാസിയായിരുന്ന കാലത്തു കൂട്ടുകാർക്കു ഭക്ഷണമുണ്ടാക്കിയ പരിചയവുമായാണ് ഫിറോസ് പാചകത്തിലേക്ക് തിരിഞ്ഞത്. പക്ഷേ, പാടവരമ്പിൽ കൂട്ടിയ ആ മൂന്നു കല്ലിൽ ഫിറോസിന്റെ രാശി തെളിഞ്ഞു. 20 കിലോ തൂക്കമുള്ള മീൻ കൊണ്ട് കറിയും 50 മുട്ടകൾ കൊണ്ട് ഓംലറ്റും ഇറച്ചിച്ചോറും ബിരിയാണിയുമൊക്കെ ഫിറോസിന്റെ ഫാൻസ് ഏറ്റെടുത്തു.
ചാനലിൽ ആളുകേറിത്തുടങ്ങിയതിനു ശേഷം ബാങ്ക് അക്കൗണ്ടിലേക്ക് ആദ്യമായി വന്ന 8500 രൂപയാണ് യൂട്യൂബിലൂടെ വരുമാനമുണ്ടാക്കാമെന്ന വിശ്വാസമുണ്ടാക്കിയത്. പിന്നെ വേറെ ലെവലായി.