ഒന്നര ലക്ഷം രൂപയുടെ പീത്സ! 24 കാരറ്റ് ഗോൾഡ് ഫ്ലേക്കുകൾ അലങ്കാരത്തിന്...ഇതൊക്കെ എന്തിന്?
Mail This Article
ലോകത്തു കോടിക്കണക്കിനും പേരാണ് പീത്സ എന്ന വിഭവത്തെ ഇഷ്ടപ്പെടുന്നത്. ഇറ്റലിയുടെ സ്വന്തം എന്ന് ഒരു കാലത്തു വാഴ്ത്തപ്പെട്ട ഈ വിഭവം ഇപ്പോൾ നമ്മുടെ കൊച്ചു കേരളത്തിലെ ചെറുപട്ടണങ്ങളിൽ പോലും ലഭ്യമാണ്. ശരി എത്ര രുചികരമായ പീത്സ ആയിക്കോട്ടെ പരമാവധി നിങ്ങൾ എത്ര രൂപ വരെ കൊടുക്കാൻ തയ്യാറാണ്? ഒരു പീത്സയ്ക്ക് ഒന്നരലക്ഷം രൂപയിൽ അധികം ചിലവാക്കാൻ തയ്യാറായ സെലിബ്രിറ്റികളുടെയും അവർക്കായി 24 കാരറ്റ് ഗോൾഡ് ഫ്ലേക്‌സ് അടക്കമുള്ള അത്യാഡംബരങ്ങളിലൂടെ പീത്സ തയ്യാറാക്കിയത് ഷെഫ് ബേ.
ഷെഫ് ബേ എന്ന ബ്‌റൂക്ക് ബെവ്സ്കി ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിന് ആളുകൾ ഫോളോ ചെയ്യുന്ന ഒരു സൂപ്പർ ഷെഫാണ്. കഴിഞ്ഞദിവസം താനൊരു പീത്സ തയ്യാറാക്കാൻ പോവുകയാണെന്നും ഒരു സെലിബ്രിറ്റിക്കു വേണ്ടിയുള്ള ഈ പീത്സയുടെ ഏകദേശം ചിലവ് 2000 അമേരിക്കൻ ഡോളറിനടുത്തു വരുമെന്നും ഷെഫ് ബേ പറയുന്നു.
‘20 ടിപ്പും കൊണ്ട് എക്സ്ട്രാ 1000 ടിപ്പ് കിട്ടി’; അടുക്കള നുറുങ്ങുകളുമായി ഷെഫ് പിള്ള...
തന്റെ വിലയേറിയ പീത്സയ്ക്കായി പൂർണ്ണമായും ജൈവ രീതിയിൽ ഉത്പാദിപ്പിച്ച അത്തിപ്പഴം, ബദാം, കൂൺ പൊടി എന്നിങ്ങനെ ചേരുവകൾ എല്ലാം വാങ്ങാൻ ഏതാണ്ട് ആയിരം ഡോളറിന് അടുത്തു വില വന്നു എന്നും അവർ വിഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. ഇതൊന്നും പോരാഞ്ഞിട്ട് ന്യൂസിലൻഡിൽ നിന്നടക്കം കൊണ്ടുവന്ന വിലയേറിയ മറ്റു ചേരുവകളും ഇവർ ഉപയോഗിക്കുന്നുണ്ട്. സംഭവം പോസിറ്റീവായ ഒരു വൈബ് ആണ് ഷെഫ്ബേ ഉദേശിച്ചത് എങ്കിലും കാര്യങ്ങൾ ഏതാണ്ട് കൈവിട്ടുപോയ പോലെയാണ് കമന്റ് ബോക്സ് തെളിയിക്കുന്നത്.
വേസ്റ്റ് ഓഫ് മണി എന്നാണ് ഒരാൾ ഈ തയ്യാറെടുപ്പിനെ വിശേഷിപ്പിക്കുന്നത്. പീത്സയുടെ മാവിനായി 30 ഡോളർ വില വരുന്ന വിലകൂടിയ വെള്ളം എന്തിനാണ് എന്നാണ് ഒരാൾ ചോദിക്കുന്നത്? വേറൊരാളാകട്ടെ ഈ ഒന്നര ലക്ഷം രൂപയ്ക്ക് ഒരു വിമാന ടിക്കറ്റ് തരപ്പെടുത്തി നല്ല പീത്സയ്ക്കായി നേരെ ഇറ്റലിയിലേക്കു വച്ചുപിടിപ്പിച്ചു കൂടെ എന്ന നിർദ്ദേശവും നൽകുന്നു. വേറൊരാളാകട്ടെ സെലിബ്രിറ്റികൾ എങ്ങനെയാണ് ഇത്രയും പണം ലാവിഷായി നശിപ്പിക്കുന്നത് എന്ന് അത്ഭുതപ്പെടുന്നു. 2000 രൂപയുടെ പീത്സ കഴിക്കണോ വേണ്ടയോ എന്നതൊക്കെ ഓരോരുത്തരുടെയും സ്വകാര്യമായ സ്വാതന്ത്ര്യമാണെന്നും കമന്റുകളുണ്ട്.
Content Summary : Chef Bae makes rs 1.6 lakh pizza with gold flakes.