ADVERTISEMENT

ഒരു സമൂഹത്തിൽ വരുന്ന മാറ്റങ്ങൾ ഏറ്റവും എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നതു തീൻ മേശകളെ നിശബ്ദമായി പിന്തുടരുന്നതു വഴിയാണ് എന്നു പറയാറുണ്ട്. സാംസ്കാരിക- സാമൂഹിക ചുറ്റുപാടുകളിലെ സ്ഥിതിഗതികൾ  നമ്മുടെ ആഹാര രീതികളിലും വിഭവങ്ങളിലും വലിയ  മാറ്റങ്ങളാണ് കൊണ്ടുവരിക. 2023 ൽ തീൻമേശയിൽ വന്ന ചില മാറ്റങ്ങൾ പരിചയപ്പെട്ടാലോ?

വീട്ടിൽ പാചകം ചെയ്യുന്ന ഭക്ഷണം

സ്വന്തം  അടുക്കളയിൽ പാചകം ചെയ്തു വിശപ്പകറ്റാൻ താല്പര്യപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നു എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പാചകത്തിലൂടെ ലഭിക്കുന്ന സന്തോഷം, ആരോഗ്യകരമായ ഒരു ജീവിതം, ചെലവു കുറയ്ക്കൽ തുടങ്ങി നിരവധി കാരണങ്ങളാണ് ഇതിന്റെ പിന്നിലുള്ളതെന്നു ഗവേഷകർ അഭിപ്രായപ്പെടുന്നു.

സസ്യാധിഷ്ഠിത ആഹാരം

ഇറച്ചി ഒഴിവാക്കിയുള്ള ഭക്ഷണരീതി ആരോഗ്യകരമാണ് എന്ന വാദത്തിനു  ശക്തി പ്രാപിച്ചതു കൊണ്ടാവാം നിരവധി പേരാണ് പഴം, പച്ചക്കറി എന്നിവയിൽ അധിഷ്ഠിതമായ ഭക്ഷണരീതിയിലേക്കു കൂടുമാറുന്നത്. പച്ചക്കറി കടകളിൽ തുടങ്ങി ഭക്ഷണശാലകളിൽ വരെ സസ്യാധിഷ്ഠിതമായ വിഭവങ്ങൾക്കാണ് ഇപ്പോൾ ആവശ്യക്കാർ ഏറെയുള്ളത്. 

പുളിപ്പിച്ച് എടുത്ത ഭക്ഷണം

ഫെർമെന്റേഷനിലൂടെ പുളിപ്പിച്ചെടുക്കുന്ന ഭക്ഷ്യവിഭവങ്ങളിൽ നമ്മുടെ ആമാശയത്തിന്റെ ആരോഗ്യത്തിനു സഹായിക്കുന്ന  സൂക്ഷ്മാണുക്കൾ ഉണ്ടെന്നാണു തെളിയിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ കിംചി പോലുള്ള വിഭവങ്ങൾ തേടി ആൾക്കാർ എത്തുന്നത്.

cabbage-kimchi-PAPA-WOR

സമുദ്ര വിഭവങ്ങൾ

സുസ്ഥിര ഉത്പാദന പ്രക്രിയയിലൂടെ വികസിപ്പിച്ചെടുക്കുന്ന സമുദ്ര വിഭവങ്ങൾ. പ്രകൃതിക്കു ദോഷകരമാകാത്ത വിധത്തിൽ സുസ്ഥിര ഉത്പാദന പ്രവർത്തനങ്ങളിലൂടെ നിർമ്മിച്ച  സമുദ്ര വിഭവങ്ങൾക്കു മുൻപില്ലാത്ത പ്രചാരം ഇപ്പോൾ ലഭിക്കുന്നുണ്ട്. നമ്മുടെ സമുദ്രങ്ങൾ കൂടുതൽ മലിനീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഇത്തരം ഭക്ഷണരീതികളുടെ പ്രാധാന്യം ഏറെയാണ്.

മൈക്രോഗ്രീൻസ്

പോഷകങ്ങൾ കൊണ്ടു നിറഞ്ഞ ചെറിയ സസ്യങ്ങളാണ് മൈക്രോ ഗ്രീനുകൾ. നമ്മുടെ ആഹാരത്തിന്റെ പോഷകമൂല്യം ഉയർത്തുന്നതിനൊപ്പം തന്നെ മികച്ച രുചി, മണം എന്നിവ നൽകാനും ഇവ സഹായിക്കുന്നു.

പരമ്പരാഗത ധാന്യങ്ങൾ

ബജ്ര, റാഗി അടക്കമുള്ള ചെറു ധാന്യങ്ങൾ തിരിച്ചുവരവിന്റെ  പാതയിലാണ്. 2023 നെ അന്താരാഷ്ട്ര ചെറു ധാന്യ വർഷമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പോഷക സമ്പുഷ്ടവും ഗ്ലൂട്ടൻ രഹിതവുമായ ഈ ധാന്യങ്ങൾക്കും  ആവശ്യക്കാർ ഏറെയാണ്. 

ഫുഡ് ഡെലിവറി

കോവിഡ് മഹാമാരി കാലത്ത് ഏറ്റവും കൂടുതൽ ശക്തി പ്രാപിച്ച ഒരു രംഗമാണ് ഭക്ഷ്യവിഭവങ്ങളുടെ വിതരണം. വ്യത്യസ്ത നിറത്തിലുള്ള ടീഷർട്ടുകൾ ധരിച്ച് ടൂവീലറുകളിൽ ചീറിപ്പായുന്ന  ആളുകൾ ഇന്ന് നമ്മുടെ ദൈനംദിന കാഴ്ചയാണ്. ഓൺലൈൻ മൊബൈൽ ആപ്ലിക്കേഷനുകളിലൂടെ  ഭക്ഷ്യവിഭവങ്ങൾ ഓർഡർ ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. പാചകം ചെയ്യാൻ താൽപര്യപ്പെടുന്നവരുടെ എണ്ണം കൂടുന്നതു പോലെ തന്നെ  സമയക്കുറവ്, പാചകം ചെയ്യുന്നതിനു സാഹചര്യമില്ലായ്മ തുടങ്ങിയ ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കു വളരെ ഉപകാരപ്രദമായ ഒന്നാണ് ഫുഡ് ഡെലിവറി എന്ന ഈ പുത്തൻ സംസ്കാരം.

ഭക്ഷണം പാഴാക്കുന്നത് കുറയുന്നു

kadhaillayimakal-christmas-lunch-food-waste-devi-j-s-article-image

ആഹാരസാധനങ്ങൾ ഉപയോഗമില്ലാതെ നശിപ്പിച്ചു കളയുക എന്നത് വളരെ മോശകരമായ ഒരു പ്രവണതയാണ്. എന്നാൽ ഈ രീതിക്ക് ഇപ്പോൾ കുറവ് വരുന്നതാണ്  പഠനങ്ങൾ വ്യക്തമാക്കുന്നത്. ബാക്കി വന്ന ഭക്ഷണം ആവശ്യക്കാർക്കു വിതരണം ചെയ്തും, ഭക്ഷ്യ അവശിഷ്ടങ്ങൾ കമ്പോസ്റ്റ് അടക്കമുള്ളവയായി മാറ്റിക്കൊണ്ടും  ആഹാരസാധനങ്ങൾ ഉപയോഗശൂന്യമായി പോകുന്നതിനെ കുറയ്ക്കാൻ ഇന്നത്തെ തലമുറ ശ്രമിക്കുന്നുണ്ട്

നീതിയുക്തമായ ആഹാര രീതി

ഭക്ഷണത്തിനായി തങ്ങൾ നടത്തുന്ന തിരഞ്ഞെടുക്കലുകൾ നമ്മുടെ പ്രകൃതിയിൽ ഉണ്ടാക്കാൻ ഇടയുള്ള പ്രത്യാഘാതങ്ങളെ പറ്റി ഇന്നത്തെ ജനത ബോധവാന്മാരാണ്.  മനുഷ്യത്വപരമായും പ്രകൃതിക്ക് കോട്ടം തട്ടാതെയും ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവിഭവങ്ങൾക്കാണ് ഇപ്പോൾ ആരാധകർ കൂടുതൽ.

2023 ല്‍ ഭക്ഷണരീതികളിൽ വന്നിട്ടുള്ള ചില മാറ്റങ്ങൾ മാത്രമാണ് മേൽ പറഞ്ഞിരിക്കുന്നത്. ലോകം മുന്നോട്ട് ചലിക്കുന്ന ഓരോ നിമിഷവും നമ്മുടെ ഭക്ഷണ രീതികളിൽ അടക്കം വിവിധങ്ങളായ മാറ്റങ്ങൾ വന്നു കൊണ്ടേയിരിക്കും. വരും വർഷങ്ങളിലും ഇതിലും രസകരമായ നിരവധി മാറ്റങ്ങൾ കാണുമെന്നു തന്നെ കരുതാം.

Content Summary :  Here are some of the latest food trends for 2023.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com