എത്ര നാൾ വേണമെങ്കിലും വാടാതെ സൂക്ഷിക്കാം; ചെറുനാരങ്ങ ഇങ്ങനെ വയ്ക്കൂ
Mail This Article
വേനൽ കടുത്തു കൊണ്ടിരിക്കുകയാണ്. ദാഹമകറ്റാൻ പലതരത്തിലുള്ള പാനീയങ്ങളാണ് നാം ദിവസവും കുടിച്ചു കൊണ്ടിരിക്കുന്നത്. അതിൽ പ്രധാനിയാണ് നാരങ്ങാ വെള്ളം. ചെറുനാരങ്ങയുടെ നീരും പഞ്ചസാരയും വെള്ളവും ഇഞ്ചിയുമൊക്കെ ചേർത്ത് തയാറാക്കുന്ന ആ ദാഹശമനിയ്ക്ക് എക്കാലത്തും ആരാധകരുണ്ട്. വലിയ വില നൽകേണ്ട എന്നതും നാരങ്ങാവെള്ളത്തെ പലരുടെയും പ്രിയപ്പെട്ടതാക്കുന്നു. വീട്ടിൽ തന്നെ എളുപ്പത്തിൽ തയാറാക്കാമെന്നതും സ്വാദിൽ മുമ്പിലാണെന്നതും ഇതിന്റെ സ്വീകാര്യത വർധിപ്പിക്കുന്നു. ഇതുകൊണ്ടെല്ലാമായിരിക്കും വേനൽക്കാലമെത്തുന്നതോടെ ചെറുനാരങ്ങയുടെ വില കുത്തനെ കുതിച്ചുയരും. വില കുറച്ചു ലഭിക്കുന്ന സമയത്ത് കുറച്ചേറെ ചെറുനാരങ്ങ വാങ്ങി സൂക്ഷിച്ചാലോ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ അവ ഉണങ്ങി പോകുകയും ഉപയോഗശൂന്യമാകുകയും ചെയ്യും. ഇനി അക്കാര്യമോർത്ത് ടെൻഷൻ അടിക്കേണ്ട, ഈ ടിപ് പരീക്ഷിച്ചാൽ മതി. ചെറുനാരങ്ങ ഒരു മാസം വരെ ഉണങ്ങാതെ ഫ്രഷ് ആയി തന്നെയിരിക്കും.
ചെറുനാരങ്ങ വൃത്തിയായി കഴുകുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. കല്ലുപ്പ് ചേർത്ത വെള്ളത്തിൽ അഞ്ചു മിനിട്ടു നേരം മുക്കിവച്ചതിനു ശേഷം അവിടെ നിന്നുമെടുത്തു നല്ല വെള്ളത്തിൽ ഒരിക്കൽ കൂടി കഴുകാവുന്നതാണ്. ഇനി ഒട്ടും തന്നെയും ജലാംശം ഇല്ലാതെ കോട്ടൺ തുണി ഉപയോഗിച്ച് നന്നായി തുടച്ചെടുക്കണം. കുറച്ച് വെളിച്ചെണ്ണ ചെറുപാത്രത്തിലെടുത്തു, ഓരോ ചെറുനാരങ്ങയുടെ മുകളിലും നന്നായി പുരട്ടാവുന്നതാണ്. ഇങ്ങനെ ചെയ്താൽ നാരങ്ങയുടെ പുറംതൊലി ഉണങ്ങി പോകാതെയിരിക്കും.
ഇനി വായു കടക്കാത്ത കണ്ടെയ്നറുകളിൽ ഒരു ടിഷ്യു പേപ്പർ വെച്ചതിനു ശേഷം ചെറുനാരങ്ങകളെ അതിലേക്കു മാറ്റാവുന്നതാണ്. മുകളിലും ഒരു ടിഷ്യു പേപ്പർ വെച്ച് മുറുകെ അടക്കാം. ഇനി ഫ്രിജിൽ സൂക്ഷിക്കാം. ഒരു മാസം കഴിഞ്ഞാലും ചെറുനാരങ്ങ ഉണങ്ങി പോകുകയില്ലെന്നു മാത്രമല്ല, നല്ലതുപോലെ ഫ്രഷ് ആയിരിക്കുകയും ചെയ്യും. queenbeeparadise.official എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ വിഡിയോ പങ്കുവെയ്ക്കപ്പെട്ടത്. ഏറെ ഉപകാരപ്രദമാകുന്ന ടിപ് പറഞ്ഞു തന്നതിന് നിരവധി പേരാണ് വീഡിയോയുടെ താഴെ നന്ദി രേഖപ്പെടുത്തിയിരിക്കുന്നത്.