ADVERTISEMENT

പ്രാണികള്‍ കടിച്ചതിന്‍റെ ബാക്കി പഴങ്ങളും മറ്റും നമ്മള്‍ സാധാരണയായി കഴിക്കാറില്ല. ഇവയില്‍ നിന്നും രോഗങ്ങളും മറ്റും പകരാനുള്ള സാധ്യതയുള്ളതിനാലാണ് അത്. തായ്‌വാനിലെ ഒരിനം ചായയുടെ കാര്യത്തില്‍ ഇത് നേരെ തിരിച്ചാണ്. പ്രാണി കടിച്ച തേയില ഇലകളില്‍ നിന്നുണ്ടാക്കുന്ന ചായയ്ക്ക് പതിനായിരങ്ങളാണ് വില!

തായ്‌വാനിലെ ഏറ്റവും വലിയ തേയില ഉൽപ്പാദിപ്പിക്കുന്ന പ്രദേശമായ നാൻ്റൗവിലാണ് ഇത്തരം ചായ ഉണ്ടാക്കുന്നത്. ജാക്കോബിയാസ്ക ഫോർമോസാന അല്ലെങ്കിൽ ടീ ജാസിഡുകൾ എന്ന് വിളിക്കപ്പെടുന്ന പ്രത്യേക തരം പ്രാണികളെ ഇവിടങ്ങളിലെ തേയിലത്തോട്ടങ്ങളില്‍ കാണാം. ഇവ തേയിലയുടെ നീരൂറ്റി കുടിക്കുന്നു. ഈ സമയത്ത് തേയിലയില്‍ പ്രത്യേക തരം എന്‍സൈം ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. ഇത് തേയിലയ്ക്ക് തേനിന്‍റെ സുഗന്ധവും പഴത്തിന്‍റെ രുചിയും മിനുസമാര്‍ന്ന ടെക്സ്ചറും നല്‍കുന്നു.

1347550148
Image credit: New Africa/Shutterstock

പ്രാണികള്‍ കടിച്ച ഇലകൾ ഓക്സിഡൈസ് ചെയ്ത് വറുത്ത് പലതരം പാനീയങ്ങൾ ഉണ്ടാക്കുന്നു. ഈ തേയിലകളില്‍ നിന്നും ഉണ്ടാക്കുന്ന ചായ 'ബഗ് ബിറ്റണ്‍ ഊലോംഗ് ടീ' എന്നും 'ഡോങ് ഡിംഗ് ഊലോംഗ്' എന്നുമെല്ലാം അറിയപ്പെടുന്നു. കൂടാതെ, മിക്‌സിയാങ് ബ്ലാക്ക് ടീ (പൂർണ്ണമായി ഓക്‌സിഡൈസ് ചെയ്‌ത ഇലകൾ കൊണ്ട് നിർമ്മിച്ചത്), ഓറിയൻ്റൽ ബ്യൂട്ടി (ഭാഗികമായി ഓക്‌സിഡൈസ് ചെയ്‌തതും വറുത്തിട്ടില്ലാത്തതുമായ ഇലകളില്‍ നിന്നും നിര്‍മ്മിച്ചത്) എന്നിവ അവയില്‍ ചിലതാണ്. 

തായ്‌വാനിലെ തേയില സംസ്കാരം അതിന്റെ ടൂറിസം വ്യവസായത്തിന്റെ ഒരു പ്രധാന ഭാഗമാണ്. എന്നിരുന്നാലും ഇത്തരം ചായകള്‍ ജനപ്രീതിയാര്‍ജ്ജിച്ചു വരുന്നതേയുള്ളൂ.ഓറിയൻ്റൽ ബ്യൂട്ടി എന്നത് തായ്‌വാനിലെ ഏറ്റവും പ്രശസ്തമായ  മിക്‌സിയാങ് ടീകളിലൊന്നാണ്, കഴിഞ്ഞ ദശകത്തിൽ ഇത് ലേല വിപണികളിലെ വിലയേറിയ വിഭവമായി മാറി. തായ്‌പേയിൽ നടന്ന ടോക്കിയോ ചുവോ ലേലത്തിൽ, ഓറിയൻ്റൽ ബ്യൂട്ടിയുടെ മൂന്ന് 75 ഗ്രാം ക്യാനുകൾക്ക് ഏകദേശം പതിനൊന്നു ലക്ഷത്തിനടുത്ത് വില ലഭിച്ചു. സാധാരണ ബഗ് ബിറ്റണ്‍ ഊലോംഗ് ടീയ്ക്ക് ഓണ്‍ലൈനില്‍ 75 ഗ്രാമിന് ഏകദേശം മൂവായിരം രൂപയോളമാണ് വില.

തായ്‌വാനിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള പ്രകൃതിഭംഗിയാര്‍ന്ന ഹ്‌സിഞ്ചു, ഹുവാലിയൻ (കിഴക്ക്), നാൻ്റൗ (മധ്യ മേഖല), അലിഷാൻ (തെക്കുപടിഞ്ഞാറൻ തായ്‌വാനിലെ പർവതപ്രദേശം) എന്നിവ ഇത്തരം തേയിലത്തോട്ടങ്ങള്‍ കാണാനും സാമ്പിൾ ചായ കുടിക്കുന്നതിനുമുള്ള മികച്ച സ്ഥലങ്ങളാണ്. വൈനറികളില്‍ വൈന്‍ ടൂറുകള്‍ സംഘടിപ്പിക്കുന്നത് പോലെ ഇത്തരം തേയിലത്തോട്ടങ്ങളില്‍ ടൂറിസ്റ്റുകള്‍ക്കായി ഗൈഡഡ് ടൂറുകള്‍ ലഭ്യമാണ്.

English Summary:

Bug Bitten Oolong Tea Taiwan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com