കുക്കറിനൊപ്പം ഗ്യാസ് സ്റ്റൗവും പൊട്ടിത്തെറിച്ചു; ഇനി ഇങ്ങനെ പുട്ട് ഉണ്ടാക്കേണ്ട

Mail This Article
പുട്ട് ഉണ്ടാക്കാൻ കുക്കറിൽ വച്ചു നിമിഷനേരം കൊണ്ട് കുക്കറും ഗ്യാസ് സ്റ്റൗവും പൊട്ടിത്തെറിച്ചു. ബോംബ് പൊട്ടുന്നപോലെയുള്ള വലിയ ശബ്ദത്തോടെ ഉണ്ടായ അപകടം സമൂഹമാധ്യമത്തിൽ വൈറലാണ്. പൂർണിമ വാട്സൺ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് പുട്ട് ഉണ്ടാക്കാൻ ശ്രമിച്ചപ്പോൾ കുക്കർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തെക്കുറിച്ച് വിശദീകരിക്കുന്നത്. കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോ ഇതുവരെ 1.7 മില്യൺ പേരാണ് കണ്ടിരിക്കുന്നത്. പുട്ട് ഉണ്ടാക്കാൻ ശ്രമിക്കുന്നതിനിടയിൽ കുക്കർ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയിൽ ഗ്യാസ് സറ്റൌവിന്റെ ഗ്ലാസ് ടോപ്പും തകർന്നു.

സംഭവത്തെക്കുറിച്ച് പൂർണിമ പറയുന്നത് ഇങ്ങനെ, 'ഇത് കണ്ടിട്ട് നിങ്ങൾക്ക് എന്താണ് തോന്നുന്നതെന്ന് എനിക്കറിയില്ല. ഇന്ന് നടന്ന ഒരു സംഭവമാണ് പറയുന്നത്. കുക്കറും പുട്ടും ചില്ലുമെല്ലാം ഇങ്ങനെ ആകാശത്തേക്ക് പറന്ന ഒരു സംഭവമായിരുന്നു. കുക്കറ് പൊട്ടിത്തെറിച്ചതാണ്. കുക്കറിൽ വെള്ളം തിളപ്പിച്ച് സാധാരണ പുട്ട് ഉണ്ടാക്കുന്ന പോലെ പുട്ട് ഉണ്ടാക്കുകയായിരുന്നു ചെയ്തത്. പ്രഷർ താങ്ങാൻ കഴിയാത്തതു കൊണ്ടാകാം, ഇത് എങ്ങനെ സംഭവിച്ചു എന്നെനിക്ക് അറിയില്ല'. - പൂർണിമ പറയുന്നു. സാധാരണ പോലെ കുക്കറിൽ വെള്ളം ഒഴിച്ച് വെള്ളം തിളച്ചു വന്നപ്പോൾ പാത്രത്തിൽ പുട്ടുപൊടിയിട്ട് കുക്കറിന് മുകളിൽ വയ്ക്കുകയായിരുന്നു ചെയ്തത്. എന്നാൽ, ഒന്ന് തിരിഞ്ഞപ്പോഴേക്കും കുക്കർ പൊട്ടിത്തെറിക്കുകയായിരുന്നെന്നും അവർ പറയുന്നു.

അതേസമയം, വ്യത്യസ്തവും എന്നാൽ കൃത്യവുമായ കമൻ്റുകളാണ് ഈ വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. 'പുട്ട് ചുടാൻ ആയി പുട്ട് കുടം എന്നൊരു സാധനം ഇണ്ട് അതിൽ തന്നെ ഉണ്ടാക്കുന്നത് ആണ് ആരോഗ്യത്തിനു നല്ലത്', 'കുക്കർ ഉപയോഗിച്ച് പുട്ട് ഉണ്ടാകുമ്പോൾ വെള്ളം കുറച്ച് മാത്രം വയ്ക്കുക .പുട്ട് പൊടി കൂടുതൽ വെറ്റ് ആയൽ കട്ടികൂടും ആവി പുറത്തേക്ക് പോകാതെ ആവും അങ്ങനെ വരുമ്പോൾ കുക്കർ പൊട്ടിത്തെറിക്കും',

പെങ്ങളെ... അങ്ങനെ പുട്ട് ഉണ്ടാക്കുന്നത് കൊണ്ട് കുഴപ്പം ഒന്നും ഇല്ലാ... പക്ഷേ.. അങ്ങനെ പുട്ട് ഉണ്ടാക്കുന്നതിന് മുന്നേ പുട്ടുകുറ്റിയും നന്നായി ചെക്ക് ചെയ്തിട്ട് വേണം ഫിക്സ് ചെയ്യാൻ വേണ്ടി... പ്രഷർ കുക്കറിൽ പ്രഷർ റിലീസ് ചെയ്യുന്ന നോബ് കറക്റ്റ് ആയി വർക്ക് ചെയ്യുന്നുണ്ടെന്ന് മുൻകൂട്ടി വിലയിരുത്താൻ ശ്രദ്ധിക്കണം.. എന്തെങ്കിലും കരട് ആ നോബിൽ കുടുങ്ങി കിടക്കുന്നുണ്ടെങ്കിൽ പ്രഷർ കുക്കർ പൊട്ടി തെറിക്കാൻ സാധ്യതയുണ്ട്. ഇങ്ങനെ നിരവധി കുറിപ്പുകളും വിഡിയോയ്ക്ക് താഴെയുണ്ട്.
കുക്കർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാം
കുക്കര്‍ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ കഥകള്‍ മാധ്യമങ്ങളില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുള്ളതുമാണ്. ഇത്തരം വാര്‍ത്തകള്‍ കണ്ട് പേടിക്കേണ്ട കാര്യമില്ല. ശരിയായ അറിവും മുന്‍കരുതലും ഉണ്ടെങ്കില്‍ കുക്കര്‍ ആത്മവിശ്വാസത്തോടെ ഉപയോഗിക്കാം, അടുക്കളയിലെ പാചകം എളുപ്പമാക്കാം.
ശരിയായ പ്രഷർ കുക്കർ തിരഞ്ഞെടുക്കാം
അടുക്കളയിലെ ആവശ്യങ്ങൾക്ക് അനുയോജ്യമായ പ്രഷർ കുക്കർ തിരഞ്ഞെടുക്കുക എന്നത് അത്യാവശ്യമാണ്. സ്റ്റൗടോപ്പും ഇലക്ട്രിക് മോഡലുകളും ഉൾപ്പെടെ വിവിധ വലുപ്പത്തിലും തരത്തിലും പ്രഷർ കുക്കറുകൾ വരുന്നുണ്ട്. ഇവ തിരഞ്ഞെടുക്കുമ്പോള്‍ ആവശ്യമായ ശേഷി, ഈട്, ഉപയോഗിക്കാനുള്ള എളുപ്പം തുടങ്ങിയ ഘടകങ്ങൾ പരിഗണിക്കുക. കൂടാതെ, അപകടസാധ്യത കുറയ്ക്കുന്നതിന് പ്രഷർ റിലീസ് വാൽവുകളും ലോക്കിങ് മെക്കാനിസങ്ങളും പോലുള്ള സുരക്ഷാ സവിശേഷതകളുള്ള മോഡലുകൾ തിരഞ്ഞെടുക്കുക
മാനുവൽ വായിക്കുക
ഓരോ ഉപയോഗത്തിനും മുമ്പ്, പ്രഷർ കുക്കറില്‍ എന്തെങ്കിലും കേടുപാടുകളോ വിള്ളലുകളോ പോലുള്ള തകരാറുകൾ ഉണ്ടോ എന്ന് പരിശോധിക്കുക. സീലിംഗ് റിംഗും പ്രഷർ റിലീസ് വാൽവുകളും വൃത്തിയുള്ളതും കേടില്ലാത്തതുമാണെന്ന് ഉറപ്പാക്കുക. ഭക്ഷ്യ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടുന്നത് തടയാനും സുരക്ഷിതമായ പ്രവർത്തനം ഉറപ്പാക്കാനും നിര്‍ദ്ദേശക്കള്‍ക്കനുസരിച്ച് നിങ്ങളുടെ പ്രഷർ കുക്കർ പതിവായി വൃത്തിയാക്കുകയും പരിപാലിക്കുകയും ചെയ്യുക.
ശരിയായ പ്രവർത്തന നടപടിക്രമങ്ങൾ പാലിക്കുക: പ്രഷർ കുക്കർ ഉപയോഗിക്കുമ്പോൾ, അപകട സാധ്യത കുറയ്ക്കുന്നതിനും മികച്ച പാചക ഫലങ്ങൾ ഉറപ്പാക്കുന്നതിനും ശരിയായ പ്രവർത്തന നടപടിക്രമങ്ങൾ എല്ലായ്പ്പോഴും പാലിക്കുക.
∙ആവശ്യത്തിന് വെള്ളം ചേർക്കുക: മർദ്ദം ഉണ്ടാക്കാനും ഭക്ഷണം പാകം ചെയ്യുന്നതിനും പ്രഷർ കുക്കറുകൾ നീരാവിയെ ആശ്രയിക്കുന്നു. അതുകൊണ്ടുതന്നെ ആവശ്യത്തിന് വെള്ളം, പാചക എണ്ണ തുടങ്ങിയവ ആവശ്യത്തിന് ചേർക്കുന്നത് ഉറപ്പാക്കുക.
∙അമിതമായി നിറയ്ക്കുന്നത് ഒഴിവാക്കുക: പാചകം ചെയ്യുമ്പോൾ നീരാവി ഉണ്ടാകണമെങ്കില്‍ കുക്കറിന്റെ മുകളിൽ മതിയായ ഇടം വേണം. അതുകൊണ്ടുതന്നെ, കുക്കര്‍ പരമാവധി മുക്കാല്‍ ഭാഗത്തോളം മാത്രം നിറയ്ക്കുക.
∙ശരിയായ പാചക സമയവും പ്രഷർ ക്രമീകരണവും: ഓരോ വിഭവത്തിനും അനുയോജ്യമായ പാചക സമയവും പ്രഷർ ക്രമീകരണവും പ്രഷർ കുക്കറിന്റെ മാനുവൽ ഉപയോഗിച്ച് മനസിലാക്കുക. പാകം ചെയ്യുന്ന ഭക്ഷണത്തിന്റെ തരം അനുസരിച്ച് പാചക സമയവും മര്‍ദ്ദവും വ്യത്യാസപ്പെടാം.
∙പ്രഷര്‍ സുരക്ഷിതമായി റിലീസ് ചെയ്യുക: പാചകം ചെയ്ത ശേഷം, പൊള്ളൽ ഒഴിവാക്കാൻ, പ്രഷർ കുക്കറിൽ നിന്നുള്ള പ്രെഷര്‍ ശ്രദ്ധാപൂർവം വിടുക.
∙കുക്കറിന്റെ സേഫ്റ്റി വാൽവ് കൃത്യസമയത്തു തന്നെ മാറ്റുക അല്ലാത്തപക്ഷം അപകടങ്ങൾക്കു സാധ്യതയുണ്ട്. ഏതു കമ്പനിയുടെ പ്രഷർ കുക്കർ ആണോ ഉപയോഗിക്കുന്നത് അതേ കമ്പനിയുടെ തന്നെ സേഫ്റ്റി വാൽവ് വാങ്ങാൻ ശ്രദ്ധിക്കണം.