ഗ്രീൻപീസ് പെട്ടെന്ന് കേടാകുന്നുണ്ടോ? ആറുമാസം വരെ ഫ്രെഷായി വയ്ക്കാൻ ഈ ട്രിക്ക് മതി

Mail This Article
വളരെയേറെ പോഷകഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഗ്രീൻപീസ് അഥവാ പച്ചപ്പട്ടാണി. 100 ഗ്രാം ഗ്രീൻ പീസിൽ 78 കാലറി മാത്രമാണുള്ളത്. മാത്രമല്ല, അന്നജം, ഭക്ഷ്യനാരുകൾ, വൈറ്റമിൻ സി, പ്രോട്ടീൻ എന്നിവയും ചെറിയ അളവിൽ കൊഴുപ്പും, വൈറ്റമിൻ എ, മഗ്നീഷ്യം എന്നിവയും ഗ്രീൻപീസിൽ ഉണ്ട്. സാധാരണയായി ഉണക്കിയ പട്ടാണിക്കടലയാണ് നമുക്ക് കടകളില്‍ കിട്ടുന്നത്. തണുപ്പുകാലത്ത് പച്ചപ്പയര്‍ വിപണിയില്‍ എത്താറുണ്ട്. ഇവ നടുവേ പിളര്‍ന്ന്, ഉള്ളിലെ കടല എടുത്താണ് വിവിധ വിഭവങ്ങള്‍ തയാറാക്കുന്നത്.

കുറഞ്ഞ വിലയ്ക്ക് കിട്ടുമ്പോള്‍ ഇവ കിലോ കണക്കിന് വാങ്ങിച്ച് സൂക്ഷിച്ചു വയ്ക്കാം. കടല കേടാകാതെ മാസങ്ങളോളം സൂക്ഷിക്കാനുള്ള ഒരു വിദ്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് സീമ അജയ് പട്ടാൽബൻസി എന്ന വീട്ടമ്മ. നാലു കിലോ പയര്‍ ആണ് ഇവര്‍ ഇങ്ങനെ സൂക്ഷിക്കുന്നത്.
അതിനായി ആദ്യം തന്നെ പയര്‍ തൊലിയുരിഞ്ഞ്, കടലമണികള്‍ മാറ്റിവയ്ക്കുക. കേടായ കടലകള്‍ ഒഴിവാക്കുക. ഇത് ഒരു അരിപ്പയില്‍ ഇട്ടു കഴുകി എടുക്കുക. ശേഷം, ഒരു 2–2.5 ലിറ്റർ വെള്ളം തിളപ്പിക്കുക , ഇതിലേക്ക് 1 ടേബിൾസ്പൂൺ പഞ്ചസാര, 1 ടേബിൾസ്പൂൺ ഉപ്പ് എന്നിവ ചേര്‍ക്കുക. കഴുകിയ കടല ഇതിലേക്ക് ഇട്ട് കൃത്യം രണ്ടു മിനിറ്റ് തിളപ്പിക്കുക.

ഇനി ഒരു വലിയ പാത്രത്തില്‍ അല്‍പ്പം വെള്ളം ഒഴിച്ച് അതിലേക്ക് നിറയെ ഐസ് ക്യൂബ്സ് ഇടുക. അടുപ്പത്ത് നിന്നും കോരിയെടുത്ത കടല ഇതിലേക്ക് ഇടുക. ഇത് അവയുടെ ഘടനയും നിറവും നിലനിർത്തുന്നു.
ശേഷം, ഒരു കോട്ടന്‍ തുണിയില്‍ ഈ കടല കോരിയിട്ട്, ഫാനിനടിയില്‍ ഉണക്കുക. ഒരിക്കലും ഉണക്കാന്‍ വെയിലത്ത് പാടില്ല.
നന്നായി ഉണങ്ങിയ കടല, വിവിധ വലിപ്പങ്ങളില്‍ ഉള്ള സിപ്പ്-ലോക്ക് ബാഗുകളിലാക്കി ഫ്രീസറില്‍ വയ്ക്കുക. ഇത് 6–8 മാസം വരെ ഉപയോഗിക്കാം.
ഫ്രീസറില്‍ വച്ച ഗ്രീന്‍പീസിന് പച്ച ഗ്രീന്‍പീസിനേക്കാള്‍ ഗുണമുണ്ടോ?
ശരിയായി സൂക്ഷിച്ചാല്‍, ശീതീകരിച്ച് സൂക്ഷിക്കുന്ന ഗ്രീന്‍പീസിന്, കാലങ്ങളോളം പോഷകഗുണങ്ങള്‍ നിലനിര്‍ത്താന്‍ കഴിയുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു. മാത്രമല്ല, ശീതീകരിച്ച പയർ ദഹിക്കാനും എളുപ്പമാണ്. പച്ച പയര്‍ 3-4 ദിവസം മാത്രമേ സൂക്ഷിക്കാൻ കഴിയൂ, അതേസമയം ശീതീകരിച്ച പയർ ശരിയായി സൂക്ഷിച്ചാൽ 6-8 മാസം വരെ നിലനിൽക്കും.
പെട്ടെന്നുണ്ടാക്കാം, ഒരു അടിപൊളി ഗ്രീന്‍പീസ് കറി
തേങ്ങ അരയ്ക്കാതെ തന്നെ, പുട്ട്, അപ്പം, ദോശ എന്നിവയുടെ കൂടെ കൂട്ടി കഴിക്കാവുന്ന ഒരു ഉഗ്രൻ ഗ്രീന്‍ പീസ് കറി ഉണ്ടാക്കാം.
ചേരുവകൾ
1. ഗ്രീൻ പീസ് - 1കപ്പ്
2. കാരറ്റ് - 1 കപ്പ്
3. ഉരുളക്കിഴങ്ങ് - 1 കപ്പ്
4. പച്ചമുളക് - 3 എണ്ണം
5. സവാള - 1 എണ്ണം
6. ഇഞ്ചി പൊടിയായി അരിഞ്ഞത് - 1 ടീസ്പൂൺ
7. പട്ട - ചെറിയ കഷ്ണം
8. ഗ്രാമ്പൂ - 3 എണ്ണം
9. ഏലയ്ക്ക - 3 എണ്ണം
10. മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
11. കുരുമുളക് പൊടി - 1/2 ടീസ്പൂൺ
12. ഗരം മസാല - 1/2 ടീസ്പൂൺ
13. പെരുംജീരകപ്പൊടി - 1/4 ടീസ്പൂൺ
14. കറിവേപ്പില
15. വെളിച്ചെണ്ണ - 4 ടീസ്പൂൺ
16. ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഗ്രീൻ പീസ് ഒരു 8 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. അതിനുശേഷം നന്നായി കഴുകി ഒരു പ്രഷർ കുക്കറിൽ പീസ്, കാരറ്റ്, ഉരുളക്കിഴങ്ങ്, കറിവേപ്പില, ഒരു ടീസ്പൂൺ വെളിച്ചെണ്ണ എന്നിവ ഇട്ട് കഷ്ണത്തിന് ഒപ്പം വെള്ളവും ഒഴിച്ച് മൂന്നോ നാലോ വിസിൽ വരുന്നത് വരെ വേവിക്കുക.
ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കറുവാപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക എന്നിവ വഴറ്റുക. അതിലേക്ക് അരിഞ്ഞ ഇഞ്ചി ഇട്ട് ഒന്ന് വഴറ്റുക. അതിനുശേഷം സവാള, പച്ചമുളക് എന്നിവ കുറച്ച് ഉപ്പും ചേർത്ത് ഗോൾഡൻ കളർ ആകുന്നതു വരെ വഴറ്റുക. അതിലേക്ക് മഞ്ഞൾപ്പൊടി, കുരുമുളകുപൊടി എന്നിവ ഇട്ട് ഇളക്കിയ ശേഷം വേവിച്ച പീസ് ഇട്ട് കൊടുക്കുക. അതിലേക്ക് ഗരം മസാല, പെരുംജീരകം പൊടിച്ചത് ആവശ്യത്തിന് ഉപ്പ് എന്നിവ ഇട്ട് നന്നായി തിളപ്പിക്കുക. ഒന്ന് കുറുകി വന്നാൽ കറിവേപ്പിലയും ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ഒഴിച്ച് ഇളക്കുക.