ഇങ്ങനെയും ഓംലറ്റ് ഉണ്ടാക്കാമോ? ഇത് വെറൈറ്റി തന്നെ!
Mail This Article
സ്പാനിഷ് ഓംലറ്റ്, ഫ്രഞ്ച് ഓംലറ്റ്, ചീസ് ഓംലറ്റ്, മഷ്റൂം ഓംലെറ്റ്, മസാല ഓംലെറ്റ് തുടങ്ങി ഓംലറ്റിന് ഒട്ടേറെ വകഭേദങ്ങളുണ്ട്. ലോകമെങ്ങും എല്ലാവരും ഒരേപോലെ ഇഷ്ടപ്പെടുന്നതും പെട്ടെന്ന് തയാറാക്കാവുന്നതുമായ ഒരു വിഭവമാണ് ഓംലറ്റ്. മുട്ടയ്ക്കൊപ്പം മിക്കവാറും എല്ലാ പച്ചക്കറികളും ചേര്‍ന്നു പോകും എന്നതാണ് ഓംലറ്റ് വിഭവങ്ങള്‍ക്ക് ഇത്രയും വൈവിധ്യമുണ്ടാകാന്‍ കാരണം.
ചൈനയില്‍ ഉണ്ടാക്കുന്ന ഒണിയന്‍ റിംഗ് ഓംലറ്റ് ഇക്കൂട്ടത്തില്‍ പെട്ട ഒന്നാണ്. നിറയെ പച്ചക്കറികള്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന വളരെ പോഷകസമൃദ്ധവും ആരോഗ്യകരവുമായ ഒരു വിഭവമാണിത്. കാണാന്‍ വളരെ ഭംഗിയുള്ള ഈ ഓംലറ്റ് വിഭവം എങ്ങനെയാണ് തയാറാക്കുന്നതെന്ന് നോക്കാം.
ചേരുവകൾ
മുട്ട - 3
സവാള - 2
അരിഞ്ഞ ആപ്പിള്‍ - 40 ഗ്രാം
അരിഞ്ഞ കാരറ്റ് - 40 ഗ്രാം
അരിഞ്ഞ പച്ച ക്യാപ്സിക്കം - 40 ഗ്രാം
ഉപ്പ് - ആവശ്യത്തിന്
കുരുമുളക് പൊടി - അര ടീസ്പൂണ്‍
ലൈറ്റ് സോയ് സോസ് - 3 ടീസ്പൂണ്‍
മൈദ - 30 ഗ്രാം
കോണ്‍സ്റ്റാര്‍ച്ച് - 30 ഗ്രാം
തയാറാക്കാം
- ഒരു സവാള വളരെ ചെറുതായി അരിയുക
- രണ്ടാമത്തെ സവാള വട്ടത്തില്‍ അറിഞ്ഞ് റിംഗുകള്‍ ആയി മാറ്റി വയ്ക്കുക
- ഒരു പാത്രത്തിലേക്ക് മുട്ട പൊട്ടിച്ച് ഒഴിച്ച് നന്നായി അടിക്കുക
- ഇതിലേക്ക് അരിഞ്ഞ ആപ്പിള്‍, അരിഞ്ഞ കാരറ്റ്, അരിഞ്ഞ പച്ച ക്യാപ്സിക്കം, ആവശ്യത്തിന് ഉപ്പ്, കുരുമുളക് പൊടി, ലൈറ്റ് സോയ് സോസ്, മൈദ, കോണ്‍സ്റ്റാര്‍ച്ച് എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക.
- ഒരു പാന്‍ അടുപ്പത്ത് വച്ച് അതിലേക്ക് ഒണിയന്‍ റിംഗ്സ് ഓരോന്നായി വയ്ക്കുക.
- ഇതിലേക്ക് ഓംലറ്റ് മിക്സ് അല്‍പ്പാല്‍പ്പമായി ഒഴിക്കുക. ഇത് തിരിച്ചും മറിച്ചും ഇട്ടു വേവിച്ചെടുക്കാം.