കേരളത്തിൽ വോഡഫോൺ ഐഡിയ 5ജി രണ്ടുമാസത്തിനകം; 5ജി പരീക്ഷണവുമായി ബിഎസ്എൻഎല്ലും
Mail This Article
സ്വകാര്യ ടെലികോം കമ്പനിയായ വോഡഫോൺ ഐഡിയ (Vodafone Idea/Vi) 5ജി സേവനത്തിന് രണ്ടുമാസത്തിനകം കേരളത്തിൽ തുടക്കമിടും. നിലവിൽ കൊച്ചി ഉൾപ്പെടെ കേരളത്തിൽ നിരവധി പ്രദേശങ്ങളിൽ 5ജി സേവനം ലഭ്യമാക്കി കഴിഞ്ഞെന്നും ഈ മാസം അവസാനമോ അടുത്തമാസമോ ഔദ്യോഗികമായി വാണിജ്യാടിസ്ഥാനത്തിലുള്ള സേവനം കേരളമെമ്പാടും ആരംഭിക്കുമെന്നും വോഡഫോൺ ഐഡിയ കേരള അധികൃതർ 'മനോരമ ഓൺലൈനോട്' പറഞ്ഞു.
5ജി സേവനം ലഭ്യമാക്കാനുള്ള നിയമാനുസൃത നടപടികൾ രാജ്യത്തെ എല്ലാ സർക്കിളുകളിലും വോഡഫോൺ ഐഡിയ പൂർത്തിയാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് എറണാകുളം ജില്ലയിലെ കാക്കനാട്, പനമ്പിള്ളി നഗർ എന്നിവിടങ്ങളിലായിരുന്നു കമ്പനിയുടെ ആദ്യഘട്ട 5ജി പരീക്ഷണം. വരുമാനം, ഉപയോക്താക്കളുടെ എണ്ണം എന്നിവയുടെ വിഹിതം കണക്കാക്കിയാൽ നിലവിൽ കേരളത്തിലെ ഏറ്റവും വലിയ ടെലികോം കമ്പനിയാണ് വോഡഫോൺ ഐഡിയ. വിപണിയിലെ ഈ മുൻതൂക്കം നിലനിർത്താനും വരിക്കാരെ നിലനിർത്താനും 5ജി സേവനം ഉടൻ ലഭ്യമാക്കേണ്ടത് വോഡഫോൺ ഐഡിയയ്ക്ക് അനിവാര്യവുമാണ്.
മറ്റ് സ്വകാര്യ ടെലികോം കമ്പനികളായ റിലയൻസ് ജിയോയും ഭാരതി എയർടെല്ലും രാജ്യവ്യാപകമായി 5ജി ലഭ്യമാക്കിത്തുടങ്ങിയിട്ട് ഒരു വർഷത്തിലേറെയായി. വോഡഫോൺ ഐഡിയ ഇപ്പോഴും 4ജിയിൽ തന്നെ തുടരുന്നത് വൻതോതിൽ ഉപയോക്താക്കളെ നഷ്ടപ്പെടുന്നതിനും വഴിവച്ചിരുന്നു.
5ജിയിലേക്ക് അതിവേഗം ബിഎസ്എൻഎല്ലും
പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎല്ലും 5ജിയിലേക്ക് അതിവേഗം കടക്കാനുള്ള ശ്രമത്തിലാണ്. തദ്ദേശീയമായി നിർമിച്ച സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ 5ജി സേവനങ്ങൾക്ക് അടുത്തിടെ ഡൽഹിയിലെ നെഹ്റു പ്ലെയ്സ്, ചാണക്യപുരി, മിന്റോ റോഡ് എന്നിവിടങ്ങളിൽ ബിഎസ്എൻഎൽ തുടക്കമിട്ടിരുന്നു.
ഉപയോക്താക്കൾക്ക് നിലവിലെ സിം മാറ്റാതെ തന്നെ 4ജിയും പിന്നീട് 5ജി സേവനവും നേടാവുന്ന യൂണിവേഴ്സൽ സിം പ്ലാറ്റ്ഫോം അടുത്തിടെ ബിഎസ്എൻഎൽ അവതരിപ്പിച്ചിരുന്നു. ഉപയോക്താക്കൾക്ക് ബിഎസ്എൻഎൽ ഓഫീസ് സന്ദർശിക്കാതെയും നിലവിലെ സിം കാർഡ് മാറ്റാതെയും 4ജിയിലേക്കും പിന്നീട് 5ജിയിലേക്കും മാറാവുന്ന ഓവർ-ദ-എയർ സാങ്കേതികവിദ്യയും ബിഎസ്എൻഎൽ അവതരിപ്പിച്ചിരുന്നു.
കേരളത്തിൽ 1,000 4ജി ടവറുകൾ
കേരളത്തിൽ ആയിരം 4ജി ടവറുകൾ എന്ന നാഴികക്കല്ല് ബിഎസ്എൻഎൽ കൈവരിച്ചുകഴിഞ്ഞു. കമ്പനിയുടെ ഏറ്റവും ശക്തമായ വിപണികളിലൊന്നുമാണ് കേരളം. 4ജി സേവനം അതിവേഗത്തിലാക്കാനായി ബിഎസ്എൻഎല്ലിന് കേന്ദ്രം 6,000 കോടി രൂപ നൽകുമെന്ന് അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു. നിലവിൽ രാജ്യമെമ്പാടുമായി 25,000ഓളം 4ജി ടവറുകൾ ബിഎസ്എൻഎൽ സ്ഥാപിച്ചിട്ടുണ്ട്. ഈ വർഷാവസാനത്തോടെ ഇത് ഒരുലക്ഷമായി ഉയർത്തുകയാണ് ലക്ഷ്യം.
കേരളത്തിൽ കടുത്ത മത്സരം
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) കണക്കുപ്രകാരം കേരളത്തിൽ നിലവിൽ ഏറ്റവുമധികം മൊബൈൽഫോൺ വരിക്കാരുള്ള കമ്പനി വോഡഫോൺ ഐഡിയയാണ്. കഴിഞ്ഞ ജൂണിലെ കണക്കുപ്രകാരം 1.34 കോടിയാണ് കേരളത്തിൽ വോഡഫോൺ ഐഡിയ ഉപയോക്താക്കൾ. 1.11 കോടിപ്പേരുമായി റിലയൻസ് ജിയോ രണ്ടാമതും 88.06 ലക്ഷം പേരുമായി എയർടെൽ മൂന്നാമതുമാണ്. 85.86 ലക്ഷം പേരാണ് ബിഎസ്എൻഎല്ലിനുള്ളത്.