വീണ്ടും തീപാറിച്ച് സ്വർണം; ഇന്ന് ഒറ്റയടിക്ക് 960 രൂപ കൂടി; 54,000 രൂപ ഭേദിച്ച് പവൻ
Mail This Article
ആഭരണ പ്രിയർക്കും കല്യാണം ഉൾപ്പെടെയുള്ള വിശേഷാവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും കനത്ത നിരാശ സമ്മാനിച്ച് സ്വർണ വില ഇന്ന് കത്തിക്കയറി. ഗ്രാമിന് 120 രൂപ വർധിച്ച് 6,825 രൂപയായി. പവനും ഒറ്റയടിക്ക് 960 രൂപ ഉയർന്ന് വില 54,600 രൂപയിലെത്തി. കഴിഞ്ഞ രണ്ടര മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്. ജൂലൈ 23ന് കേന്ദ്ര സർക്കാർ ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചശേഷം സ്വർണ വിലയിലുണ്ടാകുന്ന ഏറ്റവും വലിയ വർധനയുമാണിത്. ചിങ്ങപ്പിറവി ദിനമായിരുന്ന ഓഗസ്റ്റ് 17ന് ഗ്രാമിന് 105 രൂപയും പവന് 840 രൂപയും കൂടിയിരുന്നു.
ഈ മാസം ഒന്നിന് പവന് 53,360 രൂപയും ഗ്രാമിന് 6,670 രൂപയുമായിരുന്നു വില. അതുമായി താരതമ്യം ചെയ്യുമ്പോൾ ഈ മാസം ഇതുവരെ പവന് 1,240 രൂപയും ഗ്രാമിന് 155 രൂപയും കൂടിയിട്ടുണ്ട്. കഴിഞ്ഞ മേയ് 20ലെ 55,120 രൂപയാണ് കേരളത്തിൽ പവന്റെ സർവകാല റെക്കോർഡ് വില. ഈ റെക്കോർഡ് തകർക്കാൻ വെറും 520 രൂപ മാത്രം അകലെയാണ് ഇന്നത്തെ വില.
18 കാരറ്റും വെള്ളിയും
18 കാരറ്റ് സ്വർണ വിലയും ഗ്രാമിന് ഇന്ന് ഒറ്റയടിക്ക് 100 രൂപ വർധിച്ച് 5,660 രൂപയിലെത്തി. 22 കാരറ്റ് സ്വർണവുമായി താരതമ്യം ചെയ്യുമ്പോൾ വില വൻതോതിൽ കുറവാണെന്നതിനാൽ സമീപകാലത്ത് 18 കാരറ്റ് ആഭരണങ്ങൾക്ക് വലിയ ഡിമാൻഡ് കേരളത്തിലുണ്ടായിരുന്നു. വെള്ളി വിലയും കൂടുകയാണ്. ഇന്ന് ഗ്രാമിന് 3 രൂപ ഉയർന്ന് 93 രൂപയിലാണ് വ്യാപാരം. വെള്ളി കൊണ്ടുള്ള പാദസരം, അരഞ്ഞാണം, വള, പൂജാസാമഗ്രികൾ, പാത്രങ്ങൾ തുടങ്ങിയവ വാങ്ങുന്നവർക്കും വ്യാവസായിക ആവശ്യത്തിന് വെള്ളി ഉപയോഗിക്കുന്നവർക്കും ഈ വില വർധന വൻ തിരിച്ചടിയാണ്. രാജ്യാന്തര വെള്ളി വില (സ്പോട്ട് സിൽവർ) രണ്ടര ശതമാനത്തോളം ഉയർന്ന് 30 ഡോളറിലേക്കെത്തി. പ്ലാറ്റിനം, പലേഡിയം തുടങ്ങിയവയ്ക്കും വില കൂടുകയാണ്.
'റോക്കറ്റിലേറി' രാജ്യാന്തര വില
രാജ്യാന്തര വില കുതിച്ചുകയറുന്നതാണ് കേരളത്തിലെ വിലയെയും സ്വാധീനിക്കുന്നത്. ഇന്നലെ ഔൺസിന് 2,509-2,517 ഡോളർ നിലവാരത്തിലായിരുന്ന വില (സ്പോട്ട് ഗോൾഡ്) ഇന്നലെ ഇന്ത്യൻ സമയം രാത്രിയോടെ 2,568 ഡോളറിലേക്ക് കത്തിക്കയറി. ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത് 2,567 ഡോളറിൽ. കഴിഞ്ഞമാസം കുറിച്ച 2,532 ഡോളർ എന്ന റെക്കോർഡ് പഴങ്കഥയായി.
രാജ്യാന്തര വില പറക്കുന്നത് എന്തുകൊണ്ട്?
ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്കയിലെ ചലനങ്ങളാണ് സ്വർണ വിലയെ ഉഷാറാക്കുന്നത്. അമേരിക്കയിൽ റീറ്റെയ്ൽ പണപ്പെരുപ്പം 2 ശതമാനമായി നിയന്ത്രിക്കുകയാണ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ലക്ഷ്യം. ഇത് കഴിഞ്ഞ ഏതാനും മാസങ്ങളായി ആശ്വാസതലത്തിലേക്ക് താഴുകയാണ്. മുൻമാസങ്ങളിൽ 4 ശതമാനത്തിനും മുകളിലായിരുന്ന പണപ്പെരുപ്പം കഴിഞ്ഞ രണ്ടുമാസമായി 3 ശതമാനത്തിന് താഴെയാണ്; ഓഗസ്റ്റിൽ 2.5 ശതമാനവും.
അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാൻ പണപ്പെരുപ്പം രണ്ട് ശതമാനത്തിലെത്തുംവരെ കാത്തിരിക്കില്ലെന്ന് ഫെഡറൽ റിസർവ് വ്യക്തമാക്കിയിട്ടുണ്ട്. പണപ്പെരുപ്പം കുറഞ്ഞുതുടങ്ങിയതിനാൽ പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യതയും വർധിച്ചു. പലിശയിൽ ചെറിയ കുറവുണ്ടായാൽ പോലും രാജ്യാന്തര സ്വർണ വില കുതിച്ചുയരും. ഈ പ്രതീക്ഷകളാണ് സ്വർണ വിലയെ മുന്നോട്ടുയർത്തുന്നത്.
പലിശ കുറഞ്ഞാൽ സ്വർണത്തിന് എന്ത് സംഭവിക്കും?
അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ നിർണായക പണനയ നിർണയ സമിതിയുടെ യോഗം ഈമാസം 17, 18 തീയതികളിലാണ്. 18ന് പണനയം പ്രഖ്യാപിക്കും. അടിസ്ഥാന പലിശനിരക്ക് നിലവിൽ 5.25%-5.50% എന്ന പതിറ്റാണ്ടിലെ ഏറ്റവും ഉയരത്തിലാണുള്ളത്. ഇതിൽ 0.25% ഇളവ് വരുത്താൻ 87% സാധ്യതയുണ്ടെന്ന് പല സർവേകളും വിലയിരുത്തുന്നു. 13% സർവേകളുടെ പ്രതീക്ഷ 0.50% ഇളവാണ്.
പലിശനിരക്ക് കുറഞ്ഞാൽ ഡോളറും യുഎസ് സർക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്കും (യുഎസ് ട്രഷറി ബോണ്ട് യീൽഡ്) ദുർബലമാകും. ഇവയിൽ നിന്ന് കാര്യമായ നേട്ടം (റിട്ടേൺ) കിട്ടില്ലെന്നതിനാൽ നിക്ഷേപകർ പണം തിരിച്ചെടുത്ത് ഗോൾഡ് ഇടിഎഫ് പോലുള്ള മികച്ച റിട്ടേൺ കിട്ടുന്ന പദ്ധതികളിലേക്ക് മാറ്റും. ഇത് സ്വർണ വില കൂടാനും ഇടയാക്കും.
നിലവിൽ 10-വർഷ ട്രഷറി ബോണ്ട് യീൽഡ് 3.651 ശതമാനത്തിലേക്കും യൂറോ, യെൻ, പൗണ്ട് തുടങ്ങിയ ആറ് പ്രമുഖ കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡെക്സ് 101.08ലേക്കും ഇടിഞ്ഞിട്ടുണ്ട്. ഇക്കഴിഞ്ഞ ഏപ്രിലിൽ 4.7 ശതമാനമായിരുന്നു 10-വർഷ ട്രഷറി ബോണ്ട് യീൽഡ്. യുഎസ് ഡോളർ ഇൻഡെക്സ് കഴിഞ്ഞ ജൂണിൽ 106.05 എന്ന ശക്തമായ നിലയിലുമായിരുന്നു. ഇതിൽ നിന്നാണ് പലിശ കുറയുമെന്ന ഭീതിമൂലം ഇപ്പോൾ ഇവ ദുർബലമായതും നിക്ഷേപകർ കൈവിടുന്നതും.
സ്വർണ വില എങ്ങോട്ട്?
2024 ജനുവരി ഒന്നിന് ഔൺസിന് 1,848 ഡോളറായിരുന്ന വിലയാണ് ഇപ്പോൾ 2,570 ഡോളറിന് അടുത്തെത്തി നിൽക്കുന്നത്. നിലവിലെ ട്രെൻഡ് തുടർന്നാൽ വില ഏറെവൈകാതെ 2,600 ഡോളർ ഭേദിച്ചേക്കുമെന്നാണ് വിലയിരുത്തലുകൾ. ഇക്കഴിഞ്ഞ മേയ് 20ന് രേഖപ്പെടുത്തി ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും ഉയർന്ന സ്വർണ വില. രാജ്യാന്തര വില 2,600 ഡോളറിലേക്ക് കടന്നാൽ, കേരളത്തിലെ വിലയും ആനുപാതികമായി കുതിച്ചുകയറും.
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്കിൽ 2024ൽ മാത്രം 0.98 മുതൽ ഒരു ശതമാനം വരെ കുറവ് വരുത്തിയേക്കുമെന്നാണ് സൂചനകൾ. അതായത്, സ്വർണ വില വൻതോതിൽ ഈ വർഷം കൂടാനുള്ള സാധ്യതാണ് നിരീക്ഷകർ കാണുന്നത്.
സ്വർണ വിലയുടെ സഞ്ചാരം
(പവൻ വില)
- ജൂലൈ 17 - 55,000
- ജൂലൈ 23* - 51,960
- ജൂലൈ 26 – 50,400
- ഓഗസ്റ്റ് 7 - 50,800
- ഓഗസ്റ്റ് 28 - 53,720
- സെപ്റ്റംബർ 5 – 53,360
- സെപ്റ്റംബർ 6 - 53,760
- സെപ്റ്റബർ 12 - 53,640
- സെപ്റ്റംബർ 13 – 54,600
(*കേന്ദ്ര ബജറ്റ് ദിനം. അന്ന് സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചത് വില കുത്തനെ കുറയാൻ ഇടവരുത്തിയിരുന്നു)
ഇന്നൊരു പവൻ ആഭരണത്തിന് ഇന്നലത്തേക്കാൾ 1,129 രൂപ അധികം
54,600 രൂപയാണ് ഇന്നൊരു പവന് വില. ഇതോടൊപ്പം 3% ജിഎസ്ടി, 53.10 ഹോൾമാർക്ക് ഫീസ്, പണിക്കൂലി എന്നിവയും ചേരുമ്പോഴേ ആഭരണ വിലയാകൂ. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഇത് പൂജ്യം മുതൽ 30 ശതമാനം വരെയൊക്കെയാകാം.
മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ ഇന്ന് 59,105 രൂപ കൊടുത്താലേ കേരളത്തിൽ ഒരു പവൻ ആഭരണം കിട്ടൂ. ഒരു ഗ്രാം സ്വർണാഭരണത്തിന് 7,388 രൂപയും കൊടുക്കണം. ഇന്നലത്തെ വിലയേക്കാൾ പവന് 1,129 രൂപയും ഗ്രാമിന് 141 രൂപയും അധികം. വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് വലിയ അളവിൽ സ്വർണാഭരണങ്ങൾ വാങ്ങുന്നവർക്ക് ഈ വില വർധന കനത്ത തിരിച്ചടിയാണ്.