ഇൻഷുറൻസ് പരിരക്ഷ വേണ്ട സമയത്ത് ഉപകരിച്ചില്ലെങ്കിൽ പിന്നെ എന്ത് ചെയ്യും?
Mail This Article
തങ്ങളില്ലെങ്കിലും പ്രിയപ്പെട്ടവർക്ക് സാമ്പത്തിക സുരക്ഷയേകാൻ ലൈഫ് ഇൻഷുറൻസ് പോളിസിയുറപ്പാക്കുന്നവരാണേറെയും. എന്നാൽ ചിലപ്പോഴെങ്കിലും നിർണായക ഘട്ടങ്ങളിൽ ഈ പോളിസി നിരസിക്കപ്പെട്ടേക്കും എന്നത് വേദനാജനകമാണ്. ചിലകാര്യങ്ങള്‍ പാലിച്ചാല്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ പോളിസി ക്ലെയിം ലഭിക്കാൻ സഹായിക്കും
∙സുതാര്യമായിരിക്കുക. എല്ലാ വിവരങ്ങളും സത്യസന്ധമായി ഇന്‍ഷുററെ അറിയിക്കുക. നിങ്ങള്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ സത്യവും ശരിയായതുമാണെങ്കില്‍ ഒരു ക്ലെയിമും നിരസിക്കാനാവില്ല.
∙ഇന്‍ഷുറന്‍സ് പ്രീമിയം കൃത്യമായി അടയ്ക്കുക. പ്രീമിയം സമയത്ത് അടച്ചിട്ടില്ലെങ്കില്‍ പോളിസി ആക്റ്റീവ് ആയിരിക്കില്ല, ആക്റ്റീവ് അല്ലാത്ത പോളിസിയില്‍ ക്ലെയിം ഉന്നയിക്കാനുമാകില്ല.
∙ഉയര്‍ന്ന ക്ലെയിം സെറ്റില്‍മെന്റ് അനുപാതം ഉളള ഇന്‍ഷുററെ തെരഞ്ഞെടുക്കുക.
ഇന്‍ഷുറന്‍സ് ക്ലെയിം നിരസിച്ചു,എന്ത് ചെയ്യും?
മിക്ക കമ്പനികള്‍ക്കും ഒന്നിലധികം മാര്‍ഗങ്ങളുണ്ട്.
∙ആദ്യം ചെയ്യേണ്ടത് കമ്പനിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കസ്റ്റമര്‍ സേവനം അല്ലെങ്കില്‍ ക്ലെയിം വിഭാഗം തിരഞ്ഞെടുക്കുക. അവിടെ കമ്പനിയുമായി ബന്ധപ്പെടുന്നതിനുള്ള നിരവധി മാര്‍ഗങ്ങളുടെ വിവരങ്ങളുണ്ട്. വാട്സാപ്പ് നമ്പര്‍, ഇമെയില്‍, ചാറ്റ്‌ബോട്ട്, ടോള്‍ ഫ്രീ നമ്പര്‍ തുടങ്ങിയവ ഇതില്‍പ്പെടുന്നു. ചില കേസുകളില്‍ ഏറ്റവും അടുത്തുള്ള ബ്രാഞ്ച് വിവരങ്ങള്‍ വരെ ലഭ്യമായിരിക്കും. ഏജന്റ് വഴിയാണ് നിങ്ങള്‍ പോളിസി എടുത്തതെങ്കിലും ഈ സേവനങ്ങള്‍ ലഭ്യമായിരിക്കും.
∙ആവശ്യമെങ്കില്‍ ഒരു പരാതി പരിഹാര ഓഫീസറുമായി (ജിആര്‍ഒ) ബന്ധപ്പെട്ട് ഉന്നത തലത്തില്‍ പരാതി റജിസ്റ്റര്‍ ചെയ്യാം. പരാതി പരിഹാരത്തിനായി ഐആര്‍ഡിഎഐയില്‍ ഒരു പ്രത്യേക സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. '' ഭീമാ ഭറോസ സിസ്റ്റത്തി''ലൂടെ റെഗുലേറ്ററുടെ പക്കലും പരാതി റജിസ്റ്റര്‍ ചെയ്യാം. ഇമെയിലിലൂടെ അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറിലൂടെ അല്ലെങ്കില്‍ ഐആര്‍ഡിഎഐ വിലാസത്തില്‍ കത്തിലൂടെയും പരാതിപ്പെടാം. ഈ സെല്‍ പരാതി ബന്ധപ്പെട്ട ഇന്‍ഷുററുടെ പക്കല്‍ എത്തിച്ച് പരിഹാരത്തിന് ശ്രമിക്കും.
ഇന്‍ഷുറന്‍സ് ഏതു തരത്തിലുള്ളതായാലും എത്ര തുകയുടെ കവറേജ് ആയാലും അപേക്ഷ നല്‍കുമ്പോള്‍ നിങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ സത്യസന്ധവും സുതാര്യവുമായിരിക്കണം എന്നതാണ് പ്രധാനം. അല്ലെങ്കിൽ പോളിസി നിരസിക്കും. ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.
തട്ടിപ്പ്
മാരകമായ അസുഖമുള്ള ഒരാള്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എടുത്തു നല്‍കുന്ന തട്ടിപ്പുകാരുണ്ട്. അല്ലെങ്കില്‍ ചില സന്ദര്‍ഭങ്ങളില്‍ ലൈഫ് കവര്‍ പ്രയോജനപ്പെടുത്തുന്നതിനായി ഇതിനകം മരിച്ചവരിച്ചവരുടെ പേരില്‍ ആള്‍മാറാട്ടം നടത്തുന്നു.
തെറ്റായ വെളിപ്പെടുത്തലുകള്‍
ടേം ഇന്‍ഷുറന്‍സ് പോളിസി എടുക്കുമ്പോള്‍ നിങ്ങളുടെ വരുമാനം, ആരോഗ്യ നില, മെഡിക്കല്‍ ചരിത്രം, ലൈഫ് സ്റ്റൈല്‍ തുടങ്ങിയവയെ കുറിച്ച് സത്യസന്ധമായി തന്നെ പൂര്‍ണമായ വിവരങ്ങള്‍ നല്‍കണം. വിവരങ്ങള്‍ വെളിപ്പെടുത്താതിരിക്കുകയോ അല്ലെങ്കില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ചെയ്യുന്നത് ക്ലെയിം നിരസിക്കാന്‍ ന്യായമായ കാരണമാണ്. ഇത് ഒഴിവാക്കിയാല്‍ ടെന്‍ഷനില്ലാത്ത അനുഭവം ആസ്വദിക്കാം.
ലേഖകൻ എയ്ഗോണ്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമാണ്
English Summary : Insurance Policy and Claim Settlement