ആരോഗ്യ ഇൻഷുറൻസ് ജിഎസ്ടി കുറയുമോ? സാധാരണക്കാർക്ക് താങ്ങാനാകുമോ
Mail This Article
ആരോഗ്യ ഇൻഷുറൻസ് പോളിസിയുടെ പ്രീമിയത്തിന് 18 ശതമാനം ജി എസ് ടി ആണ് ഇപ്പോൾ ചുമത്തുന്നത്. ഇത് കുറയ്ക്കണമെന്ന് കേന്ദ്ര സർക്കാരിന് പല നിവേദനകളും ലഭിച്ചിട്ടുണ്ട്. GST കൗൺസിൽ സെപ്റ്റംബർ 9ന് ന്യൂഡൽഹിയിൽ ചേരുന്ന യോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകും. എന്നാൽ പ്രീമിയങ്ങളിൽ പൂർണമായും ജിഎസ്ടി ഇളവ് നൽകുന്നതിനെ ഫിറ്റ്മെന്റ് കമ്മിറ്റി (എഫ്എസ്) അനുകൂലിക്കുന്നില്ല.
ജി എസ് ടി ഒഴിവാക്കുകയാണെങ്കിൽ അത് സാധാരണക്കാർക്ക് കൈത്താങ്ങാകും. പണപ്പെരുപ്പം കൂടുന്ന കാലത്ത് അവശ്യ സേവനമായ ഇൻഷുറൻസ് ആർക്കും ഒഴിവാക്കാനാകില്ല. 18 ശതമാനം ജി എസ് ടി ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിനു മുകളിൽ വരുന്നത് സാധാരണക്കാരന് താങ്ങാനാകില്ല. കേന്ദ്ര സർക്കാർ അത് കുറയ്ക്കുകയോ അല്ലെങ്കിൽ നിർത്തലാക്കുകയോ ചെയ്യുന്നത് അവർക്ക് ആശ്വാസമാകും. മുതിർന്ന പൗരന്മാർ അടയ്ക്കുന്ന പ്രീമിയങ്ങളും 5 ലക്ഷം രൂപ വരെ കവറേജുള്ള പ്രീമിയങ്ങളും ഒഴിവാക്കുക, അല്ലെങ്കിൽ മുതിർന്ന പൗരന്മാരുടെപ്രീമിയങ്ങൾ മാത്രം ജി എസ് ടി പരിധിയിൽ നിന്ന് ഒഴിവാക്കുക തുടങ്ങിയ സാധ്യതകള്‍ പരിഗണിച്ചേക്കാം. എന്നാൽ ഖജനാവിന് 650 കോടി രൂപ മുതൽ 3,500 കോടി രൂപ വരെ ചിലവ് കൂട്ടാൻ സാധ്യതയുള്ളതിനാലിത് കേന്ദ്ര സർക്കാർ പരിഗണിക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.
ലൈഫ്, മെഡിക്കൽ ഇൻഷുറൻസ് പ്രീമിയങ്ങളുടെ 18 ശതമാനം ചരക്ക് സേവന നികുതി (ജിഎസ്ടി) പിൻവലിക്കണമെന്ന് ഒരു മാസം മുമ്പ് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ധനമന്ത്രി നിർമല സീതാരാമനോട് അഭ്യർത്ഥിച്ചിരുന്നു. ധനമന്ത്രിക്ക് അയച്ച കത്തിൽ, നാഗ്പൂർ ഡിവിഷൻ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ എംപ്ലോയീസ് യൂണിയന്റെ ആശങ്കകൾ ഗഡ്കരി ഉന്നയിച്ചു.
എല്ലാ ആരോഗ്യ ഇൻഷുറൻസ് പ്രീമിയങ്ങൾക്കും, റീഇൻഷുറൻസിനും പൂർണമായ ഇളവ്, അല്ലെങ്കിൽ ആരോഗ്യ ഇൻഷുറൻസ് സേവനങ്ങളുടെ ജിഎസ്ടി നിരക്ക് 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്ക്കൽ എന്നിവ ഉൾപ്പെടുന്ന റിപ്പോർട്ട് ഫിറ്റ്‌മെന്റ് പാനൽ കൗൺസിലിന് മുമ്പാകെ സമർപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.