പാക്കിസ്ഥാന്‍ സൂപ്പർ ലീഗ് ക്രിക്കറ്റ് ടീം ഉടമ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയില്‍
Mail This Article
ഇസ്‍ലാമബാദ്∙ പാക്കിസ്ഥാന്‍ സൂപ്പർ ലീഗ് ടീം ഉടമ അലംഗീർ തരീനെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പിഎസ്എൽ ടീം മുൾട്ടാൻ സുൽത്താൻസിന്റെ ഉടമയാണ്. 63 വയസ്സുകാരനായ അലംഗീര്‍ സൗത്ത് പഞ്ചാബിലെ പ്രധാന വ്യവസായികളില്‍ ഒരാളാണ്. പാക്കിസ്ഥാനിലെ ഏറ്റവും വലിയ ജലശുദ്ധീകരണ പ്ലാന്റിന്റെ ഉടമ കൂടിയാണ് അലംഗീർ. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്നു പാക്കിസ്ഥാനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
മുൾട്ടാൻ സുൽത്താൻസ് ടീം സിഇഒ ഹൈദർ അസർ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. അലംഗീർ തരീന്റെ മരണത്തിൽ ദുഃഖമുണ്ടെന്നും കുടുംബത്തെ അനുശോചനം അറിയിക്കുകയാണെന്നും ഹൈദർ അസർ പ്രതികരിച്ചു. പിഎസ്എൽ ടീം ലഹോർ ക്വാലാൻഡേഴ്സും അലംഗീറിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി.
2021 പാക്കിസ്ഥാൻ സൂപ്പർ ലീഗിലെ കിരീട ജേതാക്കളാണ് മുൾട്ടാൻ സുൽത്താൻസ്. ഫൈനലിൽ പെഷവാർ സൽമിയെ തോൽപിച്ചാണ് മുൾട്ടാൻ കിരീടം നേടിയത്. പാക്കിസ്ഥാൻ ക്രിക്കറ്റ് താരം മുഹമ്മദ് റിസ്വാനാണ് മുൾട്ടാൻ ടീമിന്റെ ക്യാപ്റ്റൻ.
English Summary: Alamgir Tareen, Owner Of Pakistan Super League Franchise Multan Sultans, Dies By Suicide