പാക്കിസ്ഥാനോട് അത്ര ‘സൗഹൃദം’ വേണ്ട; ബൗണ്ടറി ലൈനിനു പുറത്തുമതിയെന്ന് ഗംഭീർ

Mail This Article
കാൻഡി∙ ഏഷ്യാ കപ്പ് ക്രിക്കറ്റിനിടെ പാക്കിസ്ഥാൻ താരങ്ങളുമായി ഇന്ത്യൻ താരങ്ങൾ സൗഹൃദം പുതുക്കിയതു രസിക്കാതെ മുന്‍ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഇത്തരം സൗഹൃദങ്ങൾ സ്റ്റേഡിയത്തിനു പുറത്തുമതിയെന്നാണു ഗംഭീറിന്റെ നിലപാട്. ഇന്ത്യൻ ഇന്നിങ്സിനു പിന്നാലെ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. ഇരു ടീമുകളും പോയിന്റു പങ്കുവയ്ക്കാനും തീരുമാനിച്ചു.
മത്സരത്തിനു മുൻപും ശേഷവും ഗ്രൗണ്ടിലും ഡ്രസിങ് റൂമിലും ഇന്ത്യ– പാക്കിസ്ഥാൻ താരങ്ങൾ പരസ്പരം സംസാരിക്കുകയും തമാശകൾ പറയുകയും ചെയ്തിരുന്നു. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇന്ത്യയിലെ 140 കോടി ജനങ്ങളെ പ്രതിനിധീകരിക്കുന്ന ടീം പാക്കിസ്ഥാനോട് ഗ്രൗണ്ടിൽ ഇത്ര സൗഹൃദത്തോടെ പെരുമാറേണ്ടതില്ലെന്ന് ഗംഭീർ ഒരു സ്പോർട്സ് മാധ്യമത്തിലെ ചർച്ചയിൽ പ്രതികരിച്ചു.
‘‘ദേശീയ ടീമിനായി ഗ്രൗണ്ടിൽ കളിക്കുമ്പോൾ, നിങ്ങളുടെ സൗഹൃദത്തെ ബൗണ്ടറി ലൈനിനു പുറത്തു നിർത്തണം. ഇന്ത്യ– പാക്കിസ്ഥാൻ താരങ്ങളുടെ കണ്ണുകളിൽ മത്സരത്തിന്റെ വാശിയാണു കാണേണ്ടത്. ക്രിക്കറ്റ് കഴിഞ്ഞുള്ള സമയത്ത് നിങ്ങൾക്കു സൗഹൃദം ആകാം. ക്രിക്കറ്റിനായുള്ള് ആറ്–ഏഴു മണിക്കൂറുകൾ വളരെ പ്രധാനപ്പെട്ടതാണ്. കാരണം നിങ്ങൾ രാജ്യത്തെയാണു പ്രതിനിധീകരിക്കുന്നത്.’’– ഗൗതം ഗംഭീർ ചർച്ചയിൽ പ്രതികരിച്ചു.
‘‘എതിരാളികൾ തമ്മിൽ ഗ്രൗണ്ടിൽ സൗഹൃദം കാണിക്കുന്നതു കൂടുതലായി ഇപ്പോഴാണു കണ്ടുവരുന്നത്. മുൻപ് അതില്ലായിരുന്നു. ഇതു സൗഹൃദ മത്സരങ്ങളല്ല. പാക്കിസ്ഥാന്റെ കമ്രാൻ അക്മലുമായി എനിക്കു നല്ല ബന്ധമാണുള്ളത്. ഞാൻ അദ്ദേഹത്തിന് ഒരു ബാറ്റ് സമ്മാനിച്ചിരുന്നു. അദ്ദേഹം തന്ന ബാറ്റുകൊണ്ടാണ് ഒരു സീസൺ മുഴുവൻ ഞാൻ കളിച്ചത്. ഞങ്ങൾ അടുത്തിടെ ഒരു മണിക്കൂറോളം സമയം സംസാരിച്ചിരുന്നു. ക്രിക്കറ്റിൽ സ്ലെഡ്ജിങ് ഒക്കെ ആകാം, എന്നാൽ അതൊന്നും വ്യക്തിപരമാകരുത്. താരങ്ങളുടെ കുടുംബാംഗങ്ങളെ അതിലേക്കു കൊണ്ടുവരരുത്.’’– ഗംഭീർ വ്യക്തമാക്കി.
English Summary: Gautam Gambhir On India-Pakistan Players' Camaraderie