തുടക്കം മോശമായാലെന്താ, ഒടുക്കം ഗംഭീരം; ദുബെയുടെ കൺകഷൻ ‘അനുഗ്രഹമായി’, ഇന്ത്യയ്ക്ക് 15 റൺസ് ജയം, പരമ്പര– വിഡിയോ

Mail This Article
പുണെ ∙ ബാറ്റിങ്ങിൽ തുടക്കം തകർന്നിട്ടും തിരിച്ചടിച്ച് ഇംഗ്ലണ്ടിനു മുന്നിൽ 182 റൺസ് വിജയലക്ഷ്യം ഉയർത്തിയ ഇന്ത്യ. ഓപ്പണർമാർ അർധസെഞ്ചറി കൂട്ടുകെട്ടുമായി മികച്ച തുടക്കം സമ്മാനിച്ചിട്ടും അതു മുതലാക്കാനാകാതെ തകർന്നു പോയ ഇംഗ്ലണ്ട്. പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ വിരുദ്ധ ധ്രുവങ്ങളിലൂടെ സഞ്ചരിച്ച രണ്ടു ടീമുകളിൽ, ഒടുവിൽ വിജയതീരമണഞ്ഞ് ഇന്ത്യ. ആവേശം അവസാന ഓവർ വരെ കൂട്ടിനെത്തിയ മത്സരത്തിൽ 15 റൺസിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തകർത്തത്. ഇതോടെ ഒരു മത്സരം ബാക്കിനിൽക്കെ, അഞ്ച് മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയും ഇന്ത്യ ഉറപ്പാക്കി. അർധസെഞ്ചറിയുമായി ഇന്ത്യയുടെ തിരിച്ചടിക്ക് നേതൃത്വം നൽകിയ ശിവം ദുബെയാണ് കളിയിലെ താരം. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ 3–1ന് പരമ്പരയിൽ മുന്നിലെത്തി.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇന്ത്യ നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 181 റൺസ്. ഇംഗ്ലണ്ടിന്റെ മറുപടി 19.4 ഓവറിൽ 166 റൺസിൽ അവസാനിച്ചു. പരമ്പരയിൽ ആദ്യമായി അർധസെഞ്ചറി നേടിയ ഹാരി ബ്രൂക്കാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ബ്രൂക്ക് 26 പന്തിൽ 51 റൺസെടുത്തു. ഇന്ത്യയ്ക്കായി ശിവം ദുബെയുടെ കൺകഷൻ സബ്ബായി കളത്തിലിറങ്ങിയ ഹർഷിത് റാണയും രവി ബിഷ്ണോയിയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. വരുൺ ചക്രവർത്തിക്ക് രണ്ടും അക്ഷർ പട്ടേൽ, അർഷ്ദീപ് സിങ് എന്നിവർക്ക് ഓരോ വിക്കറ്റും ലഭിച്ചു. അർധസെഞ്ചറി നേടിയ ദുബെയ്ക്ക് ബാറ്റിങ്ങിനിടെ ഹെൽമറ്റിൽ പന്തു കൊണ്ടതോടെയാണ് കൺകഷൻ സബ്ബായി ഹർഷിത് റാണയ്ക്ക് അവസരം ലഭിച്ചത്. താരത്തിന്റെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്. മൂന്നു വിക്കറ്റെടുത്ത റാണയുടെ പ്രകടനം ഇന്ത്യൻ വിജയത്തിൽ നിർണായകമാകുകയും ചെയ്തു.
ഇംഗ്ലണ്ട് നിരയിൽ ഹാരി ബ്രൂക്കിനു പുറമേ രണ്ടക്കം കണ്ടത് ഓപ്പണർമാരും ജെയ്മി ഓവർട്ടനും ആദിൽ റഷീദും മാത്രം. ഓപ്പണർ ബെൻ ഡക്കറ്റ് 19 പന്തിൽ 39 റൺസെടുത്തും ഫിലിപ് സോൾട്ട് 21 പന്തിൽ 23 റൺസെടുത്തും ഓവർട്ടൻ 15 പന്തിൽ 19 റൺസെടുത്തും പുറത്തായി. റഷീദ് ആറു പന്തിൽ ഒരു സിക്സ് സഹിതം 10 റൺസുമായി പുറത്താകാതെ നിന്നു. ജോസ് ബട്‌ലർ (2), ലിയാം ലിവിങ്സ്റ്റൺ (9), ജേക്കബ് ബെത്തൽ (6), ബ്രൈഡൻ കാഴ്സ് (0), ജോഫ്ര ആർച്ചർ (0), സാഖിബ് മഹ്മൂദ് (ഒന്ന്) എന്നിവർ നിരാശപ്പെടുത്തി.
∙ തുടക്കം തകർത്ത് ഇംഗ്ലണ്ട്
പരമ്പരയിൽ ഇതുവരെ ഇംഗ്ലണ്ടിനു ലഭിച്ചതിൽ വച്ച് ഏറ്റവും മികച്ച തുടക്കമായിരുന്നു ഈ മത്സരത്തിലേത്. ഒരു മത്സരത്തിന്റെ ഇടവേളയ്ക്കു ശേഷം ടീമിൽ തിരിച്ചെത്തിയ അർഷ്ദീപ് സിങ്ങിനെ ഇംഗ്ലണ്ട് ഓപ്പണർമാർ മികച്ച രീതിയിൽ കൈകാര്യം ചെയ്തത് നിർണായകമായി. ഓപ്പണിങ് വിക്കറ്റിൽ അർധസെഞ്ചറി കൂട്ടുകെട്ട് തീർത്ത ബെൻ ഡക്കറ്റ് – ഫിൽ സോൾട്ട് സഖ്യം വേർപിരിഞ്ഞത് പവർപ്ലേയിലെ അവസാന പന്തിൽ. 19 പന്തിൽ 39 റൺസെടുത്ത ബെൻ ഡക്കറ്റിനെ പുറത്താക്കി രവി ബിഷ്ണോയിയാണ് കൂട്ടുകെട്ട് പൊളിച്ചത്. 36 പന്തിൽ ഇരുവരും അടിച്ചുകൂട്ടിയത് 62 റൺസ്. ആദ്യ വിക്കറ്റ് നഷ്ടമായതിനു പിന്നാലെ ഇംഗ്ലണ്ടിന് തുടർച്ചയായി നഷ്ടമായത് രണ്ടു വിക്കറ്റ്. 21 പന്തിൽ 23 റൺസെടുത്ത ഫിൽ സോൾട്ടിനെ അക്ഷർ പട്ടേൽ പുറത്താക്കി. പിന്നാലെ ജോസ് ബട്‍ലറിനെയും രവി ബിഷ്ണോയ് പുറത്താക്കിയതോടെ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടം കൂടാതെ 62 റൺസ് എന്ന നിലയിൽനിന്ന് മൂന്നിന് 67 റൺസ് എന്ന നിലയിലേക്ക് പതിച്ചു.
ട്വന്റി20യിൽ ആദ്യമായി കൺകഷൻ സബ്ബായി എത്തിയ ഹർഷിത് റാണ രണ്ടാം പന്തിൽ ലിയാം ലിവിങ്സ്റ്റനെ പുറത്താക്കി ഇംഗ്ലണ്ടിന് അടുത്ത പ്രഹരമേൽപ്പിച്ചു. സമ്പാദ്യം 13 പന്തിൽ ഒൻപതു റൺസ്. പരമ്പരയിലാദ്യമായി ഫോം കണ്ടെത്തിയ ഹാരി ബ്രൂക്ക് ഒരറ്റത്ത് തകർത്തടിച്ച് അർധസെഞ്ചറി നേടിയതോടെ ഇംഗ്ലണ്ടിന് പ്രതീക്ഷയായി. 26 പന്തിൽ അഞ്ച് ഫോറും രണ്ടു സിക്സും സഹിതം 52 റൺസെടുത്ത ബ്രൂക്കിനെ, വരുൺ ചക്രവർത്തി പുറത്താക്കിയത് നിർണായകമായി. ജേക്കബ് ബെത്തൽ (ഒൻപതു പന്തിൽ ആറ്), ബ്രൈഡൻ കാഴ്സ് (0), ജോഫ്ര ആർച്ചർ (0) എന്നിവരും നിരാശപ്പെടുത്തിയതോടെ ഇംഗ്ലണ്ട് വീണ്ടും തകർന്നു. ജെയ്മി ഓവർട്ടൻ 15 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 19 റൺസും ആദിൽ റഷീദ് ആറു പന്തിൽ ഒരു സിക്സ് സഹിതം പുറത്താകാതെ 10 റൺസും നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. പത്താമനായി സാഖിബ് മഹ്മൂദും (ഒന്ന്) വീണതോടെ ഇന്ത്യൻ വിജയം പൂർണം.
∙ തിരിച്ചടിച്ച് മികച്ച സ്കോറിൽ ഇന്ത്യ
നേരത്തെ, സാഖിബ് മഹ്മൂദ് എന്ന ‘തുടക്കക്കാരനു’ മുന്നിൽ തുടക്കം തകർന്ന ഇന്ത്യയെ, ഹാർദിക് പാണ്ഡ്യയ്‌ക്കൊപ്പം ‘തുടക്കക്കാരായ’ ശിവം ദുബെയും റിങ്കു സിങ്ങും ചേർന്നാണ് മിക്ച സ്കോറിൽ എത്തിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ അടിച്ചുകൂട്ടിയത് 181 റൺസ്. ഒരു ഘട്ടത്തിൽ മൂന്നിന് 12 റൺസ് എന്ന നിലയിൽ തകർന്ന ശേഷമായിരുന്നു ഇന്ത്യയുടെ തകർപ്പൻ തിരിച്ചുവരവ്. തകർത്തടിച്ച് അർധസെഞ്ചറി നേടിയ ഹാർദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവരാണ് ഇന്ത്യയുടെ ടോപ് സ്കോറർമാർ. പാണ്ഡ്യ 30 പന്തിൽ നാലു വീതം സിക്സും ഫോറും സഹിതം 53 റൺസെടുത്തു. ദുബെ 34 പന്തിൽ ഏഴു ഫോറും രണ്ടു സിക്സും സഹിതം 53 റൺസെടുത്ത് അവസാന പന്തിൽ റണ്ണൗട്ടായി.
മുൻനിര താരങ്ങൾ കൂട്ടത്തോടെ നിരാശപ്പെടുത്തിയതോടെ കൂട്ടത്തകർച്ചയിലേക്കു നീങ്ങിയ ഇന്ത്യയ്ക്ക്, ഹാർദിക് പാണ്ഡ്യയുടെ അർധസെഞ്ചറിക്കു പുറമേ പരമ്പരയിലാദ്യമായി അവസരം ലഭിച്ച റിങ്കു സിങ്, ശിവം ദുബെ എന്നിവരുടെ ഇന്നിങ്സുകളുമാണ് കരുത്തായത്. അതിൽത്തന്നെ, പിരിയാത്ത ആറാം വിക്കറ്റിൽ പാണ്ഡ്യ – ദുബെ സഖ്യം കൂട്ടിച്ചേർത്ത അർധസെഞ്ചറി കൂട്ടുകെട്ട് നിർണായകമായി. 44 പന്തുകൾ നേരിട്ട ഇരുവരും ഇന്ത്യൻ സ്കോർബോർഡിൽ എത്തിച്ചത് 87 റൺസാണ്. ശിവം ദുബെ 30 പന്തിൽ ആറു ഫോറും മൂന്നു സിക്സും സഹിതം 49 റൺസോടെയും പുറത്താകാതെ നിന്നു. കൂട്ടത്തകർച്ചയ്‌ക്കിടെ ക്രീസിലെത്തിയ റിങ്കു സിങ് 26 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 30 റൺസെടുത്തു. 19 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 29 റൺസെടുത്ത അഭിഷേക് ശർമയുടെ പ്രകടനവും നിർണായകമായി.
മാർക്ക് വുഡിനു പകരക്കാരനായി ഇംഗ്ലണ്ട് ടീമിൽ ഉൾപ്പെടുത്തിയ സാഖിബ് മഹ്‌മൂദിന്റെ ആദ്യ ഓവറാണ് ഇന്ത്യൻ മുൻനിരയുടെ നടുവൊടിച്ചത്. ഈ ഓവറിലെ ആദ്യ പന്തിൽ സഞ്ജു സാംസണിനെയും (മൂന്നു പന്തിൽ ഒന്ന്), രണ്ടാം പന്തിൽ തിലക് വർമയേയും (0), അവസാന പന്തിൽ സൂര്യകുമാർ യാദവിനെയും (0) പുറത്താക്കിയാണ് സാഖിബ് ഇംഗ്ലണ്ടിന് മികച്ച തുടക്കം സമ്മാനിച്ചത്. ജോഫ്ര ആർച്ചറിന്റെ ആദ്യ ഓവറിൽ അഭിഷേക് ശർമ ഒരു സിക്സും ഫോറും സഹിതം 12 റൺസടിച്ചതിനു പിന്നാലെയായിരുന്നു മഹ്മൂദിന്റെ ‘മയമില്ലാത്ത’ ഓവർ.
അവസാന ഓവറുകളിൽ അക്ഷർ പട്ടേൽ (നാലു പന്തിൽ അഞ്ച്), അർഷ്ദീപ് സിങ് (0) എന്നിവരും പുറത്തായി. ജെയ്മി ഓവർട്ടൻ ബോൾ ചെയ്ത അവസാന ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടമാക്കിയ ഇന്ത്യയ്ക്ക് നേടാനായത് 3 റൺസ് മാത്രം. ഇംഗ്ലണ്ടിനായി സാഖിബ് നാല് ഓവറിൽ 35 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ബ്രൈഡൻ കാഴ്സ്, ജെയ്മി ഓവർട്ടൻ, ആദിൽ റഷീദ് എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
∙ ടോസ് ഇംഗ്ലണ്ടിനൊപ്പം
ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ ഇത്തവണ ടോസ് ഭാഗ്യം അനുഗ്രഹിച്ച ഇംഗ്ലണ്ട് നായകൻ ജോസ് ബട്‌ലർ ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ ഇന്ത്യ മൂന്നു മാറ്റങ്ങൾ വരുത്തി. പരുക്കു ഭേദമായ റിങ്കു സിങ്, അർഷ്ദീപ് സിങ്, ശിവം ദുബെ എന്നിവർ അന്തിമ ഇലവനിൽ ഇടംപിടിച്ചു. യുവതാരം ധ്രുവ് ജുറേൽ, വാഷിങ്ടൻ സുന്ദർ, മുഹമ്മദ് ഷമി എന്നിവർ പുറത്തായി. ഇംഗ്ലണ്ട് നിരയിൽ രണ്ടു മാറ്റങ്ങളുണ്ടായിരുന്നു. കാലിനു പരുക്കേറ്റ ജെയ്മി സ്മിത്തിനു പകരം ജേക്കബ് ബെത്തലും മാർക്ക് വുഡിനു പകരം സാഖ്വിബ് മഹ്മൂദും ടീമിലെത്തി.