സഞ്ജുവിന് ഷോർട്ട് ബോളുകൾ കളിക്കാൻ അറിയില്ലെന്നോ? വിമർശകർക്ക് മറുപടിയുമായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റൻ

Mail This Article
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണെതിരായ വിമർശനങ്ങളെ തള്ളി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സൻ. കുറച്ചു മത്സരങ്ങളിൽ ചെറിയ സ്കോറിനു പുറത്തായതിന്റെ പേരിൽ സഞ്ജുവിനെ എഴുതിത്തള്ളാൻ സാധിക്കില്ലെന്നാണു പീറ്റേഴ്സന്റെ നിലപാട്. സഞ്ജുവിന് ഷോർട്ട് ബോളുകൾ കളിക്കാൻ അറിയില്ലെന്ന വിമര്‍ശനവും അടിസ്ഥാനമില്ലാത്തതാണെന്നും പീറ്റേഴ്സൻ ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങളിലും പേസ് ബോളർ ജോഫ്ര ആർച്ചറുടെ പന്തുകൾ നേരിടാൻ സാധിക്കാതെയാണ് സഞ്ജു പുറത്തായത്. ആദ്യ മത്സരത്തിൽ 26 റൺസെടുത്തെങ്കിലും, പിന്നീടുള്ള കളികളിൽ രണ്ടക്കം കടക്കാൻ മലയാളി താരത്തിനു സാധിച്ചിരുന്നില്ല. 5,3 എന്നിങ്ങനെയായിരുന്നു രണ്ടും മൂന്നും മത്സരങ്ങളിൽ സഞ്ജുവിന്റെ സ്കോറുകൾ. നാലാം മത്സരത്തിലും സഞ്ജു തന്നെ വിക്കറ്റ് കീപ്പറായി കളിക്കും.
‘‘മാനസികമായി സഞ്ജുവിന് ആധിപത്യമുണ്ട്. ഒരു ബാറ്ററെന്ന നിലയിൽ ഞാൻ വളരെയേറെ ഇഷ്ടപ്പെടുന്ന താരമാണ് സഞ്ജു. കുറച്ചു വർഷങ്ങളായി അദ്ദേഹത്തിനു തുടര്‍ച്ചയായി അവസരമില്ലാത്തതിൽ എനിക്ക് അദ്ഭുതം തോന്നിയിട്ടുണ്ട്. കുറച്ചു കളികളിൽ സഞ്ജു ടോപ് ഓർഡറിൽ കളിച്ചെന്നതു ശരിയാണ്. എന്നാൽ ചിലപ്പോഴൊക്കെ ഇങ്ങനെയും സംഭവിക്കാം. ട്വന്റി20 ക്രിക്കറ്റിൽ ഇതൊക്കെ സാധാരണ കാര്യമാണ്.’’
‘‘അടുത്ത മാസങ്ങളിലും സഞ്ജു ഇങ്ങനെ തന്നെ പുറത്തായാൽ ഞാൻ അദ്ദേഹത്തിന്റെ ടെക്നിക്കിനെ ചോദ്യം ചെയ്യും. പക്ഷേ ഇപ്പോൾ അതിനുള്ള സമയമല്ല. ഷോർട്ട് ബോളുകൾ ഏറ്റവും നന്നായി കളിക്കുന്ന താരമാണു സഞ്ജു. അതിന്റെ പേരിൽ സഞ്ജുവിനെ വിമർശിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.’’– കെവിൻ പീറ്റേഴ്സൻ വ്യക്തമാക്കി.