തകർച്ചയുടെ വക്കിൽനിന്ന് തിരിച്ചടിച്ച് കേരളം; സൽമാൻ നിസാറിന്റെ സെഞ്ചറി രക്ഷിച്ചു, 172 പന്തിൽ 111 റൺസ്

Mail This Article
തിരുവനന്തപുരം∙ രഞ്ജി ട്രോഫിയിൽ ബിഹാറിനെതിരെ തകർച്ചയുടെ വക്കിൽനിന്ന് കേരളത്തെ കരകയറ്റി സൽമാൻ നിസാര്‍. ആദ്യ ദിവസം കളി നിർത്തുമ്പോൾ ഒൻപതു വിക്കറ്റ് നഷ്ടത്തില്‍ 302 റൺസെന്ന നിലയിലാണു കേരളം. സെഞ്ചറിയുമായി സൽമാൻ നിസാറും (172 പന്തിൽ 111), വൈശാഖ് ചന്ദ്രനുമാണു (14 പന്തിൽ 1 റൺ) പുറത്താകാതെ നിൽക്കുന്നത്. രഞ്ജി ട്രോഫിയിൽ സൽമാൻ നിസാറിന്റെ ആദ്യ സെഞ്ചറിയാണിത്.
തിരുവനന്തപുരം കാര്യവട്ടത്തെ സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന്, 189 റൺസ് എടുക്കുമ്പോഴേയ്ക്കും ഏഴു വിക്കറ്റ് നഷ്ടമായിരുന്നു. ഷോണ്‍ റോജർ 119 പന്തിൽ ഒൻപതു ഫോറുകളോടെ 59 റൺസെടുത്തു. 77 പന്തിൽ ആറു ഫോറുകളോടെ 38 റൺസെടുത്ത അക്ഷയ് ചന്ദ്രനും മികച്ച പ്രകടനം കാഴ്ചവച്ചു.
അതേസമയം, ഓപ്പണർ രോഹൻ കുന്നുമ്മൽ (ആറു പന്തിൽ മൂന്ന്), ആനന്ദ് കൃഷ്ണൻ (27 പന്തിൽ 11), ക്യാപ്റ്റൻ സച്ചിൻ ബേബി (11 പന്തിൽ നാല്), മുഹമ്മദ് അസ്ഹറുദ്ദീൻ (15 പന്തിൽ ഒൻപത്), ജലജ് സക്സേന (എട്ടു പന്തിൽ അഞ്ച്) എന്നിവർ നിരാശപ്പെടുത്തി. ഒരു ഘട്ടത്തിൽ നാലിന് 81 റൺസ് എന്ന നിലയിൽ തകർന്ന കേരളത്തിന്, അഞ്ചാം വിക്കറ്റിൽ സൽമാൻ നിസാർ – ഷോൺ റോജർ സഖ്യം പടുത്തുയർത്തി അർധസെഞ്ചറി കൂട്ടുകെട്ടാണ് കരുത്തായത്. 140 പന്തിൽ ഇരുവരും കൂട്ടിച്ചേർത്തത് 89 റൺസ്.
43 പന്തിൽ 30 റൺസെടുത്ത എം.ഡി. നിധീഷും വാലറ്റത്ത് കേരളത്തിനു കരുത്തായി.ബിഹാറിന് വേണ്ടി ഹർഷ് വിക്രം സിങ്ങും സച്ചിൻ കുമാർ സിങ്ങും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. നിലവിൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തുള്ള കേരളത്തിനു സമനില കൊണ്ടു ക്വാർട്ടറിലെത്താനാകും. പക്ഷേ അത് ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു കഴിഞ്ഞ ഹരിയാനയും മൂന്നാം സ്ഥാനത്തുള്ള കർണാടകയും തമ്മിലുള്ള മത്സരത്തെ ആശ്രയിച്ചിരിക്കും. എന്നാൽ ബിഹാറിനെ തോൽപിച്ചാൽ ക്വാർട്ടർ ഉറപ്പിക്കാം. ആറിൽ 5 കളികളിലും തോറ്റ് ഗ്രൂപ്പിൽ അവസാന സ്ഥാനത്തുള്ള ബിഹാറിനെ കീഴടക്കാം എന്ന പ്രതീക്ഷയാണ് കേരളത്തിന്.