ശമ്പളമില്ല, ബംഗ്ലദേശ് പ്രീമിയർ ലീഗ് താരങ്ങളുടെ ക്രിക്കറ്റ് കിറ്റുകൾ പിടിച്ചെടുത്ത് ബസ് ഡ്രൈവർ

Mail This Article
ധാക്ക∙ ശമ്പളം കൊടുക്കാത്തതിന്റെ പേരിൽ ക്രിക്കറ്റ് താരങ്ങളുടെ കിറ്റുകൾ ബസിൽവച്ച് പൂട്ടി ഡ്രൈവര്‍. ബംഗ്ലദേശ് പ്രീമിയർ ലീഗിൽ കളിക്കുന്ന ധർബാർ രാജ്ഷാഹി ടീമിന്റെ താരങ്ങളുടെ കിറ്റുകളാണ് ബസ് ഡ്രൈവർ പിടിച്ചെടുത്തത്. തനിക്കു പ്രതിഫലം കിട്ടാതെ ഒരു കിറ്റും വിട്ടുനൽകില്ലെന്നാണു ഡ്രൈവറുടെ നിലപാട്. ഇതോടെ വിദേശ താരങ്ങളുൾപ്പടെയുള്ളവരുടെ ക്രിക്കറ്റ് പരിശീലനവും മുടങ്ങി.
‘‘നാണക്കേടുണ്ടാക്കുന്ന കാര്യമാണ് ഇത്. എന്റെ ശമ്പളം കിട്ടിയാൽ കിറ്റുകൾ താരങ്ങൾക്കു വിട്ടുനൽകാൻ ഞാന്‍ തയാറാണ്. കിട്ടാനുള്ള പണം മുഴുവൻ വാങ്ങിയിട്ടേ ഞങ്ങൾ പോകൂ. ബംഗ്ലദേശ് താരങ്ങളുടേയും വിദേശ താരങ്ങളുടേയും കിറ്റുകൾ ബസിൽ ഉണ്ട്. അതെല്ലാം സുരക്ഷിതമാണ്. പക്ഷേ പണം നൽകാതെ തിരിച്ചുകിട്ടാൻ പോകുന്നില്ല.’’– രാജ്ഷാഹി ടീമിന്റെ ബസ് ഡ്രൈവർ മാധ്യമങ്ങളോടു പറഞ്ഞു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ക്ലബ് ബുദ്ധിമുട്ടുന്നതിനിടെയാണ് ഡ്രൈവറുടെ വ്യത്യസ്തമായ പ്രതിഷേധം. വിദേശതാരങ്ങൾക്കുള്‍പ്പടെ പ്രതിഫലം നൽകാൻ ക്ലബ്ബിന് ഇതുവരെ സാധിച്ചിട്ടില്ല. മുഹമ്മദ് ഹാരിസ് (പാക്കിസ്ഥാൻ), അഫ്താബ് ആലം (അഫ്ഗാനിസ്ഥാൻ), മാർക് ഡെയാൽ (വെസ്റ്റിൻഡീസ്), റയാൻ ബേൾ (സിംബാബ്‍വെ), മിഗ്വൽ കമിൻസ് (വെസ്റ്റിൻഡീസ്) എന്നീ താരങ്ങൾക്ക് പ്രതിഫലമായി ഇതുവരെ തുകയൊന്നും കിട്ടിയിട്ടില്ല. ചില താരങ്ങൾക്കു മാത്രം വാഗ്ദാനം ചെയ്തതിന്റെ 25 ശതമാനം പ്രതിഫലം ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്.