ലൂക്ക മജീഷ്യൻ! കേരള ബ്ലാസ്റ്റേഴ്സ് നേരിട്ടത് ആശയക്കുഴപ്പവും തോൽവിയും
Mail This Article
കൊച്ചി ∙ ‘ഇവാൻ’ യുഗത്തിൽ നിന്നു ‘മികായേൽ’ യുഗത്തിലേക്കുള്ള പരിണാമ ഘട്ടത്തിന്റെ ആദ്യ പടിയിൽ കേരള ബ്ലാസ്റ്റേഴ്സ് നേരിട്ടത് ആശയക്കുഴപ്പവും തോൽവിയും. സീസണിലെ ആദ്യ ഐഎസ്എൽ ഫുട്ബോൾ മത്സരത്തിൽ പഞ്ചാബ് എഫ്സിക്കെതിരായ 2–1നാണ് ബ്ലാസ്റ്റേഴ്സ് തോൽവിയറിഞ്ഞത്. പുതിയ കോച്ച് മികായേൽ സ്റ്റാറെയുടെ ‘വെർട്ടിക്കൽ ഫുട്ബോൾ’ തന്ത്രവുമായി പൊരുത്തപ്പെടാൻ കളിക്കാർ പ്രയാസപ്പെട്ടതും പനി കാരണം ക്യാപ്റ്റൻ അഡ്രിയൻ ലൂണ കളിക്കാതിരുന്നതും ബ്ലാസ്റ്റേഴ്സിനു തിരിച്ചടിയായി. അവസാന 10 മിനിറ്റിലായിരുന്നു 3 ഗോളുകളും. പഞ്ചാബ് താരം ലൂക്ക മാജ്സനെ കെ.പി.രാഹുൽ കടുത്ത രീതിയിൽ ഫൗൾ ചെയ്തതിനു പിന്നാലെ ടീമുകൾ തമ്മിലുണ്ടായ വാക്കേറ്റവും കളി സംഘർഷാത്മകമാക്കി. കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ താരമായ പഞ്ചാബിന്റെ നിഹാൽ സുധീഷാണു പ്ലെയർ ഓഫ് ദ് മാച്ച്.
ലൂക്ക മാജ്സനും (86–ാം മിനിറ്റ്, പെനൽറ്റി), ഫിലിപ് മിർസ്‌ലാകും (90+5’) പഞ്ചാബിനായും െഹസൂസ് ഹിമെനെ (92’) ബ്ലാസ്റ്റേഴ്സിനായും ഗോൾ കുറിച്ചു. ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം 22ന് വൈകിട്ട് 7.30ന് കൊച്ചിയിൽ ഈസ്റ്റ് ബംഗാളിനെതിരെ.
മുൻ കോച്ച് ഇവാൻ വുക്കോമനോവിച്ച് സൃഷ്ടിച്ചെടുത്ത ബ്ലാസ്റ്റേഴ്സ് ശൈലി ആയിരുന്നില്ല ഇന്നലെ കളത്തിൽ. ഇവാന്റെ 4 – 4 – 2 ശൈലിക്കു പകരം 4 –2– 4 ശൈലി. പല താരങ്ങളെയും പതിവില്ലാത്ത പൊസിഷനുകളിൽ പരീക്ഷിച്ച സ്റ്റാറെ, പരിചയ സമ്പന്നരുണ്ടായിട്ടും െലഫ്റ്റ് ബാക്ക് സ്ഥാനത്തു യുവതാരം മുഹമ്മദ് സഹീഫിന് ഇടം നൽകി. ആദ്യ പകുതിയിൽ കളി പാളം തെറ്റി. ഒറ്റപ്പെട്ട അവസരങ്ങൾ മുതലെടുക്കാൻ മുഹമ്മദ് അയ്മനു കഴിഞ്ഞതുമില്ല.
രണ്ടാം പകുതിയിൽ മുഹമ്മദ് അയ്മനു പകരം വിബിൻ മോഹനനും പെപ്രയ്ക്കു പകരം ഹെസൂസ് ഹിമെനെയും കളത്തിലിറങ്ങിയതോടെ ബ്ലാസ്റ്റേഴ്സിനു വേഗമേറി. പക്ഷേ, ലൂക്ക മാജ്‌സെൻ കളത്തിലിറങ്ങിയതോടെ പഞ്ചാബ് സിംഹങ്ങൾക്കു ശൗര്യം കൂടി. കളിയുടെ പോക്കു സമനിലയിലേക്കെന്നു കാണികൾ ഉറപ്പിച്ച നേരത്താണു പഞ്ചാബിന്റെ ലിയോൺ അഗസ്റ്റിനെ മുഹമ്മദ് സഹീഫ് ഫൗൾ ചെയ്തതും റഫറി സ്പോട്ട് കിക്ക് വിധിച്ചതും. പെനൽറ്റികളിൽ രക്ഷകനായ ചരിത്രമുള്ള സച്ചിൻ സുരേഷിനു പക്ഷേ, ലൂക്ക അനങ്ങാൻ പോലും അവസരം നൽകിയില്ല. വലയുടെ വലതു മൂലയിലേക്ക് മിന്നൽ ഗോൾ! പിന്നാലെ ജഴ്സിയൂരി കോർണർഫ്ലാഗിൽ ചേർത്തുവച്ച് ആഘോഷിച്ചതിന് ലൂക്കയ്ക്കു മഞ്ഞക്കാർഡ്.
തിരിച്ചടിക്കായി ബ്ലാസ്റ്റേഴ്സിന്റെ ഇരമ്പിക്കയറ്റം. പ്രീതം കോട്ടാൽ നൽകിയ ക്രോസിൽ ചാടിയുയർന്നു ഹെസൂസ് ഹിമെനെയുടെ ഷാർപ് ഹെഡർ; സ്പാനിഷ് സ്ട്രൈക്കറുടെ ആദ്യ ഇന്ത്യൻ ഗോൾ!
സമനിലയിൽ കളി തീരുമെന്ന വിചാരിച്ച നേരത്തു വീണ്ടും ലൂക്ക മാജ്സന്റെ മികവ്. കോട്ടാലിനെ പിന്നിലാക്കി ബ്ലാസ്റ്റേഴ്സ് ബോക്സിനു പുറത്തു പന്തു പിടിച്ച മാജ്സൻ പന്തു തെന്നിച്ചു കൊടുത്തതു ബോക്സിനുള്ളിലേക്ക്. ഓടിക്കയറിയ ഫിലിപ് മിർസ്‌ലാക്കിനെ തടയാൻ സച്ചിൻ സുരേഷിനു കഴിഞ്ഞില്ല (2–1)