ദേശീയ ഗെയിംസിൽ വോളിബോൾ ഇല്ല, സംസ്ഥാന സർക്കാർ ഇടപെടണമെന്ന് ടോം ജോസഫ്
Mail This Article
കോട്ടയം∙ ദേശീയ ഗെയിംസിൽനിന്ന് വോളിബോളിനെ ഒഴിവാക്കിയ തീരുമാനം ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പിൻവലിക്കണമെന്ന് മുൻ ഇന്ത്യൻ താരം ടോം ജോസഫ്. വോളിബോളിനെ ഗെയിംസിലേക്ക് തിരികെക്കൊണ്ടുവരാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നും ടോം ജോസഫ് സമൂഹമാധ്യമത്തിലെ കുറിപ്പിൽ ആവശ്യപ്പെട്ടു. ‘‘ഗെയിംസിൽ പങ്കെടുക്കാൻ ഗോവയിലേക്കു പുറപ്പെടുന്നതിനായി ട്രെയിൻ ടിക്കറ്റുമെടുത്തു ഒരുങ്ങി നിൽക്കുമ്പോഴാണ് ഞങ്ങളെയെല്ലാം നിരാശയിലേക്കു തള്ളിവിട്ട ഈ വാർത്ത വരുന്നത്. ഇത്തവണത്തെ ദേശീയ ഗെയിംസില്‍ വോളിബോൾ ഒരു മത്സരയിനം അല്ലത്രേ. ഇന്ത്യൻ ഒളിംപിക് അസോസിയേഷനോ ഗെയിംസ് സംഘാടകരോ അറിയിച്ചതല്ല ഈ വിവരം.’’
‘‘സിലക്ഷൻ ട്രയൽസ് നടത്താൻ സമയം ലഭിച്ചില്ലെന്നും അതുകൊണ്ട് ഇത്തവണ വോളിബോൾ വേണ്ടെന്നുമുള്ള ഭാരവാഹികളുടെ വാദം ഒരു കാരണവശാലും അംഗീകരിക്കാൻ സാധിക്കില്ല. കേരളത്തിൽ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലെയും വോളി ബോൾ താരങ്ങൾ കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ദേശീയ ഗെയിംസിനുള്ള ഒരുക്കത്തിൽ ആയിരുന്നു അവരുടെയെല്ലാം കഠിനാധ്വാനത്തെയും പരിശ്രമങ്ങളെയും തീരെ വിലകുറച്ചു കാണരുത്. ഇന്ത്യൻ വോളിബോളിന്റെ വളർച്ചയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ കളിക്കാരെ മാനസികമായി തളർത്തുന്ന ഇത്തരം നടപടികൾ മേലിൽ ഉണ്ടാകരുത്.’’
ടോം ജോസഫിന്റെ കുറിപ്പിന്റെ പൂർണരൂപം.
കോഴിക്കോട്ടെ നടുവണ്ണൂരിൽ ദേശീയ ഗെയിംസിനായി കേരളത്തിന്റെ വനിതാ വോളിബോൾ ടീം കഴിഞ്ഞ 10 ദിവസമായി പരിശീലനം നടത്തിവരികയാണ്. ഒരുക്കങ്ങളിൽ സഹായിക്കാൻ ഞാനും ആ ടീമിനൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം അഹമ്മദാബാദിൽ നേടിയ സ്വർണം നിലനിർത്താൻ താരങ്ങളും പരിശീലകരും തയാറെടുപ്പുകൾ നടത്തി വരുമ്പോഴാണു തീർത്തും നിരാശാജനകമായ ആ വിവരം അറിയുന്നത് ; ഇത്തവണത്തെ ദേശീയ ഗെയിംസില്‍ വോളിബോൾ ഒരു മത്സരയിനം അല്ലത്രേ. ഇന്ത്യൻ ഒളിംപിക് അസോസിയേഷനോ ഗെയിംസ് സംഘാടകരോ അറിയിച്ചതല്ല ഈ വിവരം. പത്ര മാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞതാണ്. കാറ്റു പോയ പന്ത് പോലെ ഞങ്ങളെയെല്ലാം നിരാശയിലേക്കു തള്ളിവിട്ട ഈ വാർത്ത വരുന്നത് ഗോവയിലേക്ക് പുറപ്പെടാൻ ട്രെയിൻ ടിക്കറ്റുമെടുത്ത് ഒരുങ്ങി നിൽക്കുമ്പോഴാണ് .
കൊച്ചിയിൽ രണ്ടാഴ്ചയായി പരിശീലനം നടത്തിവരുന്ന കേരള പുരുഷ വോളിബോൾ ടീമിന്റെ അവസ്ഥയും ഇതുതന്നെ. അവരും കഴിഞ്ഞ ഗെയിംസിലെ സ്വർണ ജേതാക്കൾ ആയിരുന്നു എന്നതും ഓർക്കണം. അവഗണനകളും തഴയപ്പെടലുകളും വോളിബോൾ താരങ്ങളുടെ കൂടെപ്പിറപ്പാണ്. ദേശീയ ഫെഡറേഷനിലെയും സംസ്ഥാന അസോസിയേഷനിലെയും അഴിമതിയുടെയും തമ്മിലടിയുടെയും ദുരിതം മുഴുവൻ ഏറ്റുവാങ്ങേണ്ടിവരുന്നത് പലപ്പോഴും ഇതിന്റെ ഒന്നു ഭാഗമല്ലാത്ത പാവം കളിക്കാരാണ്. സുപ്രീംകോടതി വരെ നീണ്ട നിയമ പോരാട്ടത്തിന് ഒടുവിലാണ് കഴിഞ്ഞ ദേശീയ ഗെയിംസിൽ കേരളത്തിന്റെ വോളിബോൾ താരങ്ങൾക്ക് മത്സരിക്കാൻ കഴിഞ്ഞത്. പ്രൈം വോളിയുടെ പേരിൽ മികച്ച കളിക്കാർക്ക് അവസരം നിഷേധിക്കാൻ അന്ന് സംസ്ഥാന ദേശീയ ഭാരവാഹികൾ കിണഞ്ഞു പരിശ്രമിച്ചിരുന്നു. മാധ്യമങ്ങളുടെ കോടതിയുടെയും പിന്തുണയോടെ കളത്തിൽ ഇറങ്ങിയാണ് അഹമ്മദാബാദിൽ കേരള ടീമുകൾ ചരിത്ര നേട്ടം കൈവരിച്ചത്. വോളിബോളിലെ ദേശീയ ഫെഡറേഷനെ പിരിച്ചുവിട്ട് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അഡ്ഹോക്ക് കമ്മിറ്റിയെ നിയമിച്ചപ്പോൾ ഞങ്ങളെല്ലാം വലിയ പ്രതീക്ഷയിലായിരുന്നു. പുതിയ നേതൃത്വത്തിന് കീഴിൽ രാജ്യത്തെ വോളിബോളിന് പുത്തനുണർവ് ഉണ്ടാകുമെന്ന് സ്വപ്നം കണ്ടിരുന്നു.
കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ പുരുഷ ടീം കൈവരിച്ച ഉജ്ജ്വല വിജയങ്ങൾക്ക് പിന്നിലെ പ്രചോദനവും അതുതന്നെയായിരുന്നു. ഇപ്പോഴിതാ അതേ അഡ്ഹോക്ക് കമ്മിറ്റി തന്നെയാണ് ദേശീയ ഗെയിംസിൽ നിന്ന് വോളിബോൾ എന്ന മത്സരയിനം തഴയപ്പെടാൻ കാരണമായതും. സിലക്ഷൻ ട്രയൽസ് നടത്താൻ സമയം ലഭിച്ചില്ലെന്നും അതുകൊണ്ട് ഇത്തവണ വോളിബോൾ വേണ്ടെന്നുമുള്ള ഭാരവാഹികളുടെ വാദം ഒരു കാരണവശാലും അംഗീകരിക്കാൻ സാധിക്കില്ല. കേരളത്തിൽ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലെയും വോളി ബോൾ താരങ്ങൾ കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ദേശീയ ഗെയിംസിനുള്ള ഒരുക്കത്തിൽ ആയിരുന്നു അവരുടെയെല്ലാം കഠിനാധ്വാനത്തെയും പരിശ്രമങ്ങളെയും തീരെ വിലകുറച്ചു കാണരുത്. ഇന്ത്യൻ വോളിബോളിന്റെ വളർച്ചയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ കളിക്കാരെ മാനസികമായി തളർത്തുന്ന ഇത്തരം നടപടികൾ മേലിൽ ഉണ്ടാകരുത്. വോളി ബോളിനെ ഇഷ്ടപ്പെടുന്ന, ഈ രംഗത്തേക്ക് വരാൻ ആഗ്രഹിക്കുന്ന നമ്മുടെ കുട്ടികളും യുവ തലമുറയും ഇതൊക്കെ കാണുന്നുണ്ട് എന്നത് ഓർമിക്കണം. വോളിബോളിന്റെ ഭാവിയെക്കരുതി ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ ഈ തീരുമാനം പിൻവലിക്കണമെന്നും സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്ന് ഇതിനായി സമ്മർദം ചെലുത്തണമെന്നും അഭ്യർഥിക്കുന്നു.