സെയ്‌ലിങ്ങിൽ ഇന്ത്യൻ പതാകവാഹകരായി കെ.സി.ഗണപതി– വരുൺ താക്കർ സഖ്യം
![PTI07_27_2021_000237B സെയ്‌ലിങ്ങിൽ മത്സരിക്കുന്ന വരുൺ താക്കറും കെ.സി. ഗണപതിയും (വലത്ത്).](https://img-mm.manoramaonline.com/content/dam/mm/mo/sports/other-sports/images/2021/7/31/sailing-india-1248.jpg?w=1120&h=583)
Mail This Article
ടോക്കിയോ ∙ നാട്ടുപാരമ്പര്യം വച്ച് ഹോക്കി താരമാവേണ്ടയാളാണ് കേളപ്പണ്ട ചെങ്കപ്പ ഗണപതി എന്ന കെ.സി ഗണപതി. പക്ഷേ ആറാം വയസ്സിൽ കടൽകണ്ടു കമ്പം കയറിയ ഈ കൂർഗുകാരൻ പിന്നെ കരയ്ക്കു കയറിയിട്ടില്ല. ഇപ്പോൾ ടോക്കിയോ ഒളിംപിക്സിൽ ചെന്നൈക്കാരൻ വരുൺ താക്കറിനൊപ്പം പായ്‌വഞ്ചിയോട്ടത്തിൽ മത്സരിക്കുകയാണ് ഗണപതി.
വിദേശത്തെ വൻതാരങ്ങൾ മത്സരിക്കുന്ന ഇനമാണു പായ്‌വഞ്ചിയോട്ടം. അവിടെയാണ് ദക്ഷിണേന്ത്യക്കാരായ രണ്ടുപേർ ഇന്ത്യൻ പതാകയുള്ള പായുയർത്തി തിരക്കൈകളിൽ പോരാട്ടം തുടരുന്നത്. പുരുഷ സെയ്‌ലിങ്ങിലെ 49ഇആർ വിഭാഗത്തിലെ 6–ാം റേസിൽ അഞ്ചാമതായാണ് ഇരുവരും ഫിനിഷ് ചെയ്തത്. 3 റേസുകളും ഒരു മെഡൽ റൗണ്ടും ബാക്കി നിൽക്കെ 17–ാം സ്ഥാനത്ത്. ആദ്യ റേസുകളിലെ തിരിച്ചടി മറികടന്നാണ് ഇരുവരും 6–ാം റേസിൽ മികച്ച പ്രകടനം കാഴ്ച വച്ചത്. 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിലെ വെങ്കല മെഡൽ ജേതാക്കളാണ് ഗണപതി–വരുൺ സഖ്യം.
പാരമ്പര്യമായി ഹോക്കിയിൽ മികവു കാണിക്കുന്ന കൂർഗിലെ കൊഡവ വംശത്തിൽ പെട്ടയാളാണ് ഗണപതി. എന്നാൽ അച്ഛൻ ചെങ്കപ്പയ്ക്കും അമ്മ രേഷ്മയ്ക്കുമൊപ്പം ചെന്നൈയിലാണ് ഗണപതി ജനിച്ചു വളർന്നത്. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ സെയ്‌ലിങ്ങിലായി കമ്പം. 12–ാം വയസ്സിൽ ദേശീയ ജൂനിയർ ചാംപ്യനായ ശേഷം തിരിഞ്ഞു നോക്കേണ്ടി വന്നില്ല. പ്രഫഷനൽ സെയ്‌ലറായതോടെ സ്കൂളിൽ പോകുന്നതു നിർത്തി വിദൂരവിദ്യാഭ്യാസം വഴിയായി പഠനം. ഓക്ക്‌ലൻഡ് മുതൽ പോളണ്ട് വരെ രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുത്തു. ഈ വർഷമാദ്യം ഒമാനിൽ നടന്ന ഏഷ്യ–ആഫ്രിക്ക ഒളിംപിക് യോഗ്യതാ മത്സരത്തിൽ ഒന്നാമതെത്തിയാണ് ഒളിംപിക്സ് യോഗ്യത സ്വന്തമാക്കിയത്.
ഇരുപത്തിയഞ്ചുകാരനായ ഗണപതിക്ക് 5 വർഷം മുൻപാണ് പിതാവ് ചെങ്കപ്പയെ നഷ്ടമായത്. ഇപ്പോൾ അമ്മ രേഷ്മയാണ് ചെന്നൈയിലെ ഫർണിച്ചർ ബിസിനസ് നോക്കി നടത്തുന്നത്. അമ്മൂമ്മ പദ്മ കൂർഗിൽ തന്നെ. സെയ്‌ലിങ് മത്സരങ്ങൾ അധികം സംപ്രേഷണം ചെയ്യാത്തതിനാൽ ഫോണിലൂടെയാണ് ഗണപതിയുടെ പ്രിയ്യപ്പെട്ട ‘അവ്വയ്യ’ മത്സരവിവരങ്ങൾ അറിയുന്നത്.
ലേസർ വിഭാഗത്തിൽ വിഷ്ണു ശരവണൻ, വനിതകളുടെ ലേസർ റേഡിയൽ വിഭാഗത്തിൽ നേത്ര കുമനൻ എന്നിവരും ഇനോഷമയിലെ യോട്ട് ഹാർബറിൽ ഇന്ത്യയ്ക്കു വേണ്ടി മത്സരിക്കുന്നു. 20–ാം സ്ഥാനത്താണ് വിഷ്ണു ഫിനിഷ് ചെയ്തത്. നേത്ര 33–ാം സ്ഥാനത്തും.
പോയിന്റ് കുറയണം!
ലോ പോയിന്റ് സംവിധാനമാണ് ഒളിംപിക് സെയ്‌ലിങ്ങിൽ പിന്തുടരുന്നത്. അതായത് റേസിൽ ഒന്നാമതെത്തുന്ന ടീമിന് ഒരു പോയിന്റ്, രണ്ടാമതെത്തുന്നവർക്ക് 2 പോയിന്റ് എന്നിങ്ങനെ.12 റേസുകൾക്കു ശേഷം ഏറ്റവും കുറവ് പോയിന്റ് നേടുന്ന 10 ടീമുകൾ മെഡൽ റേസിലേക്കു യോഗ്യത നേടും. ഓരോ ടീമിനും ഏതെങ്കിലും ഒരു റേസിലെ പോയിന്റ് ഒഴിവാക്കാം. മെഡൽ റേസിലെ പോയിന്റ് ഇരട്ടിയായിട്ടാണ് പരിഗണിക്കുക. ഇത് ഒഴിവാക്കാനും പാടില്ല. മെഡൽ റേസിനു ശേഷം ഏറ്റവും കുറവ് പോയിന്റുള്ളവർക്ക് സ്വർണം.