‘ഇത് സ്വപ്ന സാഫല്യം’: ഷൂട്ടിങ്ങിൽ ഇരട്ട മെഡൽ നേടിയ മനു ഭാക്കർ സംസാരിക്കുന്നു
Mail This Article
പാരിസ് ∙ ‘രാത്രിയിൽ കുറച്ചുനേരം വായിച്ചു. എത്ര വൈകി കിടന്നാലും പുലർച്ചെ 5.30ന് എഴുന്നേൽക്കുന്നതാണു പതിവ്. എഴുന്നേറ്റാൽ കുറച്ചുനേരം യോഗ ചെയ്യും. പിന്നീടു പ്രഭാത ഭക്ഷണം... അതുതന്നെ ഇന്നലെയും ഞാൻ ചെയ്തു’ – ചരിത്രനേട്ടത്തിലേക്കു നിറയൊഴിക്കുന്നതിന്റെ തലേന്നു രാത്രിയിൽ പ്രത്യേകമായി ഒരുങ്ങിയോ എന്ന ചോദ്യത്തിനുത്തരമായി മനു ഭാക്കർ പറഞ്ഞു. നിശ്ചയദാർഢ്യം തുളുമ്പുന്ന വാക്കുകളാണ് ഇരുപത്തിരണ്ടുകാരിയായ ഈ ഹരിയാനക്കാരിയുടേത്. മനു സംസാരിക്കുന്നു...
∙ മൂന്നാം മെഡൽ പ്രതീക്ഷകൾ?
വലിയ പ്രതീക്ഷകളുടെ സമ്മർദമുണ്ടെന്നത് ശരിയാണ്. പക്ഷേ, മത്സരമല്ലേ? പൂർണമായും സമ്മർദമില്ലാതെ ഇറങ്ങാൻ കഴിയുമോ? ഇന്ത്യ മുഴുവൻ എന്റെ മത്സരം കാണുമല്ലോ. അവരെല്ലാം പ്രതീക്ഷയോടെ കാത്തിരിക്കുന്നതു ഞാൻ മെഡൽ നേടുന്നതു കാണാനായിരിക്കും. അവരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ ശ്രമിക്കും.
∙ ചരിത്രനേട്ടത്തെ എങ്ങനെ കാണുന്നു?
സ്വപ്നസാഫല്യമാണ്. ഇവിടെ ഞാനൊരിക്കലും 2 മെഡൽ നേടുമെന്നു ചിന്തിച്ചിട്ടു പോലുമില്ല. പക്ഷേ, എനിക്കതിനു കഴിഞ്ഞു. ഇനിയും ഒരു മത്സരം കൂടി ബാക്കിയുമാണ്. എന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കണമെന്നാണു ലക്ഷ്യം.
∙ ടോക്കിയോയിലെ സങ്കടത്തെ പാരിസിൽ തുടച്ചുമാറ്റാനായല്ലോ?
ടോക്കിയോ എനിക്കു വലിയ ദുഃഖമാണു സമ്മാനിച്ചത്. അതിൽനിന്നു കരകയറാൻ എന്നെ ഒട്ടേറെപ്പേർ സഹായിച്ചു. അവരോടെല്ലാം നന്ദിയുണ്ട്. ഈ 2 മെഡൽ നേടിയതോടെ എന്റെ ദൗത്യം അവസാനിച്ചു എന്നു കരുതുന്നില്ല. ഇനിയും കരുത്തോടെ മുന്നോട്ടുപോകും. ഇന്ത്യയുടെ അഭിമാനതാരമായി മാറാനുള്ള ശ്രമം ഇനിയുമിനിയും തുടരും.