മഴയിൽത്തെന്നി മെൽബണിലെ ആൽബർട്ട് പാർക്ക്; എന്നിട്ടും ഓസ്ട്രേലിയൻ ഗ്രാൻപ്രിയിൽ ലക്ഷ്യം തെറ്റാതെ ലാൻഡോ നോറിസ്

Mail This Article
മെൽബൺ∙ ഫോർമുല വൺ കാറോട്ട സീസണിന് തകർപ്പൻ തുടക്കം. മക്‌ലാരന്റെ ലാൻഡോ നോറിസ് പോളിൽ നിന്നു മത്സരം തുടങ്ങി ഒന്നാമനായി പോഡിയം കയറി. 2025 സീസൺ മക്‌ലാരൻ താരത്തിന്റേതാകുമെന്നു പ്രഖ്യാപിക്കുന്ന പ്രകടനമായിരുന്നു നോറിസിന്റേത്. നിലവിലെ ചാംപ്യൻ മാക്സ് വേർസ്റ്റപ്പൻ രണ്ടാമനായി. ഗ്രിഡിൽ രണ്ടാമതായി മത്സരം തുടങ്ങിയ രണ്ടാമത്തെ മക്‌ലാരൻ നാൽപത്തിനാലാം ലാപ്പിൽ സർക്യൂട്ടിൽ നിന്നു തെന്നിത്തെറിച്ചതോടെ വൺ - ടു വിജയപ്രതീക്ഷ കൈവിട്ടു.
മഴയിൽ കുതിർന്ന മെൽബൺ ആൽബർട്ട് പാർക്ക് സർക്യൂട്ടിൽ വൈകിത്തുടങ്ങിയ ഓസ്ട്രേലിയൻ ഗ്രാൻപ്രി മത്സരം പലവട്ടം സേഫ്റ്റി കാറിനു പിന്നിൽ ഇഴഞ്ഞു നീങ്ങി. 57 ലാപ് മത്സരത്തിൽ 23 ലാപ്പും സേഫ്റ്റി കാറിനു പിന്നിലായിരുന്നു മത്സരം. ആറ് അരങ്ങേറ്റ താരങ്ങളിൽ 4 പേർക്കും മത്സരം പൂർത്തിയാക്കാനായില്ല. പ്രതികൂല കാലാവസ്ഥയിലും അസാമാന്യ പാടവം പുറത്തെടുത്ത നോറിസ് ഒരിക്കൽപ്പോലും ലീഡ് കൈവിട്ടില്ല.
തുടക്കത്തിൽത്തന്നെ പിയാസ്ട്രിയുടെ മക്‌ലാരനെ മറികടന്ന വേർസ്റ്റപ്പൻ നോറിസിന് പിന്നാലെ കുതിച്ചെങ്കിലും പതിനെട്ടാം ലാപ്പിൽ പിഴച്ചു. നിയന്ത്രണം വിട്ടു ഗ്രാവലിൽ കയറിയ മാക്സിന്റെ കാർ തിരിച്ചു ട്രാക്കിൽ കയറിയത് പിയാസ്‌ട്രിക്ക് പിന്നിൽ മൂന്നാമതായാണ്. 44 ലാപ് വരെ രണ്ടാം സ്ഥാനം നിലനിർത്തിയ പിയാസ്ട്രിക്കും പിഴച്ചു. നിയന്ത്രണം വിട്ടു പുൽത്തകിടിയിൽ കയറിയ കാർ ട്രാക്കിൽ തിരിച്ചു കയറിയത് പതിനാലാം സ്ഥാനത്ത്. മത്സരം അവസാനിപ്പിച്ചത് ഒൻപതാമനായി.
മെഴ്സിഡീസ് ഡ്രൈവർമാരായ ജോർജ് റസ്സലും ആന്റനെല്ലിയും മൂന്നും നാലും സ്ഥാനത്തെത്തി. വില്യംസിന്റെ അലക്സാണ്ടർ ആൽബൺ, ആസ്റ്റൺ മാർട്ടിന്റെ ലാൻസ് സ്ട്രോൾ, കിക്ക് സേബറിന്റെ നിക്കോ ഹൽക്കൻബർഗ് തുടങ്ങിയവർ തുടർന്നുള്ള സ്ഥാനങ്ങളിലെത്തി. ഫെറാറിക്കു വേണ്ടി ചാൾസ് ലെക്ലെയർ എട്ടും ലൂയിസ് ഹാമിൽട്ടൻ പത്തും സ്ഥാനത്തെത്തി പോയിന്റ് പട്ടികയിൽ കയറിക്കൂടി.
∙ മഴയിൽത്തെന്നി അരങ്ങേറ്റക്കാർ
ആറു താരങ്ങളാണ് പുതിയ സീസണിൽ സർക്യൂട്ടിൽ ഇറങ്ങിയത്. ഇതിൽ നാല് പേരും മഴയിൽ കുതിർന്ന ട്രാക്കിൽ കാർ നിയന്ത്രിക്കാനാകാതെ പുറത്തായി. മത്സരം തുടങ്ങും മുൻപേ ട്രയൽ റണ്ണിൽത്തന്നെ ഹഡ്ജർ പുറത്തായി. ആദ്യ ലാപ്പിൽ ജാക്ക് ദൂഹനും (ആൽപിൻ) പുറത്ത്. റെഡ് ബുൾ റേസിംഗ് ടീമിൻ്റെ ലിയാം ലോസനും കിക്ക് സേബറിന്റെ ബർത്തലെറ്റോക്കും ഫിനിഷിങ് ലൈൻ കടക്കാനായില്ല.