വിസ്മയിപ്പിക്കുന്ന രൂപങ്ങൾ തലയിൽ, ഹെയർ ടാറ്റൂ തരംഗം കൊച്ചിയിൽ; മടിക്കാതെ സ്ത്രീകളും
Mail This Article
ടാറ്റൂ പുതിയ സംഭവമല്ലെങ്കിലും ഹെയർ ടാറ്റൂ ഒന്നൊന്നര സംഭവമാണ്. ഹെയർ ടാറ്റൂ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന സ്കാൾപ് മൈക്രോപിഗ്‌മെന്റേഷൻ ഇന്നു ചെറുപ്പക്കാർക്കിടയിലെ താരമായതും ടാറ്റൂവിലെ പുതുമ കൊണ്ടാണ്. വിസ്മയിപ്പിക്കുന്ന രൂപങ്ങളാണ് ഹെയർ ടാറ്റൂ വിദഗ്ധർ മുടിയിൽ വരഞ്ഞെടുക്കുന്നത്. വിദേശ രാജ്യങ്ങളിലും സിനിമാതാരങ്ങൾക്കിടയിലും കുറേ നാളുകൾക്കു മുൻപു തന്നെ ഹെയർ ടാറ്റൂ ഉണ്ടായിരുന്നെങ്കിലും അടുത്ത കാലത്താണു മുടിയിലെ പരീക്ഷണങ്ങൾ സാധാരണക്കാർക്കിടയിലേക്ക് എത്തുന്നത്. പുരുഷന്മാരുടെ കുത്തകയായിരുന്ന ഹെയർ ടാറ്റൂ ഇപ്പോൾ സ്ത്രീകളും അന്വേഷിച്ചെത്തുന്നു.
മുടിയുടെ മാറുന്ന സൗന്ദര്യ സങ്കൽപങ്ങളെക്കുറിച്ച്...
കുറച്ചു മുടി, കൂടുതൽ ഭംഗി
മുട്ടോളം നീളമുള്ള മുടി. സ്ത്രീയുടെ സൗന്ദര്യ സങ്കൽപങ്ങളിൽ മുടിക്ക് ഒന്നാമതാണു സ്ഥാനം. മുടി മുറിക്കുന്നതിനു പോലും എതിരുള്ള സമയത്താണ് ബോബ് ചെയ്തും ബോയ്കട്ട് അടിച്ചും സൗന്ദര്യ സങ്കൽപങ്ങൾക്കു സ്ത്രീകൾ തന്നെ മാറ്റം കുറിച്ചത്. അതിന്റെ വകഭേദമായി വരും ഇപ്പോഴത്തെ ട്രെൻഡായ ഹെയർ ടാറ്റൂവും.
ആദ്യമൊക്കെ പുരുഷന്മാരായിരുന്നു ഹെയർ ടാറ്റൂ തേടിയെത്തിയതെങ്കിൽ ഇന്നു കഥ മാറി. സ്ത്രീകളും മുടിക്കു നിറം നൽകാനും ഹെയർ ടാറ്റൂ ചെയ്യാനും സലൂണുകളിലേക്കു എത്തുന്നു. പോണി ടെയിൽ കെട്ടുന്നവർക്കോ ഇല്ലെങ്കിൽ മുടി ഉയർത്തിക്കെട്ടുന്ന ശീലമുള്ളവർക്കോ ഹെയർ ടാറ്റൂ അലങ്കാരം തന്നെയാണ്. കോളജ് പെൺകുട്ടികളാണ് ഹെയർ ടാറ്റൂ അന്വേഷിച്ചെത്തുന്നവരിൽ കൂടുതൽ.
ടാറ്റൂ പലവിധം
വിദേശ രാജ്യങ്ങളിൽ മുടി കുറവുള്ളവർ മുടിയുടെ അഭാവം മറയ്ക്കുന്നതിനു വേണ്ടിയാണ് ഹെയർ ടാറ്റൂ ചെയ്യുന്നതെങ്കിൽ കേരളത്തിലെ സ്ഥിതി മറ്റൊന്നാണ്. മുടിയുടെ അഴകു കൂട്ടാനാണു കേരളത്തിൽ ടാറ്റൂ ചെയ്യുന്നത്. അതുകൊണ്ടുതന്നെ മുടിയുടെ നീളം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കു ഏറ്റവും നന്നായി പരീക്ഷിക്കാവുന്ന ഒന്നാണ് ഹെയർ ടാറ്റൂ.
തലയുടെ പിന്നിലോ അല്ലെങ്കിൽ ചെവിയുടെ വശങ്ങളിലോ ടാറ്റൂ ചെയ്യാം. മുടിയിഴകളുടെ അകലം കുറയുന്നതിനനുസരിച്ച് ടാറ്റൂവിന്റെ ഭംഗിയും കൂടും. കറുപ്പ്, ബ്രൗൺ തുടങ്ങിയ നിറങ്ങളും ഫിനിഷിങ്ങിനായി ഉപയോഗിക്കാം. ധൈര്യം കുറച്ചുകൂടിയുണ്ടെങ്കിൽ നീല, പിങ്ക് തുടങ്ങിയ നിറങ്ങളും ഉപയോഗിക്കാം.
ഡിസൈനിൽ ശ്രദ്ധിക്കാം
കാണാൻ ഭംഗി തോന്നുന്ന എല്ലാ ഡിസൈനും നമുക്കു യോജിക്കണമെന്നില്ല. അതുകൊണ്ടുതന്നെ ടാറ്റൂ ചെയ്യുന്നവരുടെ അഭിപ്രായം കൂടി തേടുന്നതു നന്നായിരിക്കും.
മാറ്റം വരുത്താൻ എളുപ്പം
ഒരു മാസമാണ് ഹെയർ ടാറ്റൂവിന്റെ കാലാവധിയെങ്കിലും നിരാശപ്പെടേണ്ടതില്ല. മുടി നീളം കൂടിയാൽ വീണ്ടും അതേ ഡിസൈനിലേക്കു വെട്ടിയൊരുക്കാം. ചെറിയ മാറ്റങ്ങളും വരുത്താൻ സാധിക്കും. ചെലവും അധികമാകില്ല. ഇനി ടാറ്റൂ വേണ്ട എന്നാണെങ്കിൽ മുടി വലുതാകുന്നതുവരെ കാത്തിരുന്നാൽ മതിയാകുമല്ലോ. ‘‘ഉപയോക്താക്കളോടു ഞാൻ നേരിട്ടു സംസാരിക്കാറുണ്ട്. പ്രത്യേകിച്ചും പ്രഫഷനൽ ചെറുപ്പക്കാരോട്. ടാറ്റൂ ചെയ്തു കഴിഞ്ഞാൽ പിന്നെ പെട്ടെന്നു മാറ്റം വരുത്താൻ സാധിക്കില്ലല്ലോ. മുടി വലുതാകുന്നതുവരെ കാത്തിരിക്കേണ്ടി വരും. അതു ചെറിയ കാലയളവു തന്നെ. എന്നിരുന്നാലും ആർക്കും ടാറ്റൂ പിന്നീടു ബുദ്ധിമുട്ടായി തോന്നരുതല്ലോ’’, ഹെയർ സ്റ്റൈലിസ്റ്റ് ജോമോൻ വിൻസന്റ് (മിറർ മാജിക് സലൂൺ മാനേജിങ് പാർട്നർ) പറഞ്ഞു.
പണി അത്ര കുറവല്ല
ചിത്രം വരയ്ക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണു ഹെയർ ടാറ്റൂ ചെയ്യുവാൻ. ആദ്യം മുടി മുറിക്കണം. പിന്നെ ബ്ലേഡർ ഉപയോഗിച്ച് ഡിസൈൻ ചെയ്യണം. ചില ഡിസൈൻ ചെയ്യുമ്പോൾ മുടിക്കു നിറം കൂടി നൽകേണ്ടതായി വരും. എന്നാലേ ടാറ്റൂവിന്റെ ഭംഗി പൂർണമായി പുറത്തുവരൂ. ചെറിയ ലൈനിങ് ആണു നൽകേണ്ടതെങ്കിൽ സമയം കുറച്ചു മതി. അല്ലെങ്കിൽ രണ്ടു മണിക്കൂർ വരെയെടുക്കും. 1000 രൂപ മുതലാണ് ഹെയർ ടാറ്റൂ റേറ്റ് തുടങ്ങുന്നത്.
English Summary : Hair tattoo trending in Kochi