മേക്കപ് കൂടിപ്പോയോ? വിവാഹത്തിനൊരുങ്ങുമ്പോൾ ഇനി ആ ചോദ്യം കേൾക്കണ്ട, ഒരുങ്ങാം സ്റ്റൈലിഷായി
Mail This Article
‘മേക്കപ് കൂടിപ്പോയോ ചേട്ടാ’, നിവിൻ പോളി നായകനായ 1983 എന്ന സിനിമയിൽ വിവാഹദിവസത്തിൽ ശ്രിന്ദ ചോദിക്കുന്ന ഈ ചോദ്യം പല നാളായി വിവാഹവീടുകളിൽ കേട്ടു കൊണ്ടിരിക്കുന്നതാണ്. വെളുപ്പിച്ച് നല്ല ഡാർക്ക് ഷെയ്ഡ് ലിപ്സ്റ്റിക്കൊക്കെയിട്ട് മൊത്തത്തിൽ ലുക്ക് മാറ്റുന്ന ഒരു കല്യാണ മേക്കപ് നമ്മൾക്കും മുമ്പുണ്ടായിരുന്നു. എന്നാൽ ഇന്ന് കാലം മാറി. അത്തരത്തിലുള്ള മേക്കപ്പിനെയൊക്കെ പലരും പടിക്ക് പുറത്ത് നിർത്തിയിരിക്കുകയാണ്. സിംപിളായി ഒരുങ്ങണം, എന്നാൽ നല്ല എലഗന്റ് ലുക്കുണ്ടാവണം. ഇതാണ് ഇന്നത്തെ കാലത്തെ എല്ലാ ബ്രൈഡ്സിന്റെയും ആഗ്രഹം. പുതിയ കാലത്തെ ബ്രൈഡൽ മേക്കോവറിനെ പറ്റി മനോരമ ഓൺലൈനിനോട് വിശദമാക്കുകയാണ് മേക്കപ്പ് ആർട്ടിസ്റ്റ് വികാസ് വികെഎസ്.
Read More: ഗർഭിണികൾ സൺസ്ക്രീൻ ഉപയോഗിക്കാമോ? ചർമ സംരക്ഷണത്തിൽ സ്വീകരിക്കേണ്ടതും ഒഴിവാക്കേണ്ടതും
സ്കിന്നും ഹെയറുമാണ് ബ്രൈഡൽ മേക്കപ്പിൽ ഏറ്റവും പ്രധാനം. ഓരോരുത്തരുടെയും സ്കിൻ ടൈപ്പും അവരുടെ ഹെയർടൈപ്പുമെല്ലാം മനസ്സിലാക്കിയാണ് മേക്കപ് ചെയ്യാറുള്ളത്. എപ്പോഴും കമ്യൂണിക്കേഷനാണ് വേണ്ടത്. ബ്രൈഡിന്റെ ഇഷ്ടവും ഇഷ്ടക്കേടും കൃത്യമായി മനസ്സിലാക്കിയാലേ അവർക്ക് ആവശ്യമുള്ള പെർഫെക്റ്റ് ലുക്ക് കിട്ടു. ബ്രൈഡൽ മേക്കപ് എന്നു പറയുമ്പോൾ അത് വെറും മേക്കപ്പല്ല. അതിൽ സ്റ്റൈലിങ്ങും ഉൾപ്പെടുന്നുണ്ട്. ഒരു ഫുൾ ലുക്കാണ് ക്രിയേറ്റ് ചെയ്യുന്നത്.
പണ്ടൊക്കെ ഒരേടൈപ്പ് ആഭരണങ്ങളാണ് പലരും ഉപയോഗിച്ചത്. എന്നാൽ ഇന്ന് അങ്ങനെയല്ല, വ്യത്യസ്തമായ ഒരുപാട് കലക്ഷനുണ്ട്. അതുകൊണ്ട് എപ്പോഴും ആഭരണവും വസ്ത്രവുമെല്ലാം നോക്കി മനസ്സിലാക്കിയതിന് ശേഷമാണ് മേക്കപ്പ് ഫൈനലൈസ് ചെയ്യാറുള്ളത്. ഒരിക്കലും മേക്കപ്പിന് വേണ്ടി ആഭരണങ്ങളും സാരിയും എടുക്കരുത്. ആഭരണത്തിനും സാരിക്കും അനുയോജ്യമായി വേണം മേക്കപ്പ് ടൈപ്പ് തിരഞ്ഞെടുക്കാൻ.
ഡ്രമാറ്റിക്ക് ഹെയർ, ബൗൺസിങ് ഹെയർ ഒന്നും ഇന്നില്ല. മിതമായ തോതിലാണ് ഇന്നത്തെ മേക്കപ്. ഇന്ന് എല്ലാവർക്കും വേണ്ടത് അവരുടെ സ്കിൻ ടോൺ നിലനിർത്തണം എന്നതാണ്. വെളുപ്പിക്കരുത് എന്നാണ് പലരും പറയുന്നത്. എച്ച്ഡി മേക്കപ്പ്, എയർ ബ്രഷ് മേക്കപ്പ് എന്നിങ്ങനെ പല ടൈപ്പ് മേക്കപ്പുണ്ട്. അത് ബ്രൈഡിന്റെ സ്കിൻ ടൈപ്പ് നോക്കിയാണ് പലപ്പോഴും തിരഞ്ഞെടുക്കാറുള്ളത്.