പ്രായമാകുന്നതിനൊപ്പം മുഖത്തെ ചുളിവുകളും കൂടുന്നുണ്ടോ? നാൽപ്പതുകളിലും ചർമം തിളങ്ങാൻ സ്പെഷൽ കൂട്ട്
Mail This Article
പ്രായം കൂടുന്നതോടെ മുഖത്ത് വല്ലാതെ ചുളിവു വരും. നാൽപ്പതുകളിലെത്തിയതോടെ പലരുടെയും പ്രശ്നം ചര്‍മത്തിലെ ചുളിവ് തന്നെയാണ്. അതൊന്നു മാറ്റിയെടുക്കാൻ പടിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഫലം കിട്ടാത്തവരും നമുക്ക് ചുറ്റുമുണ്ട്.
പ്രായമാകുന്നത് ആദ്യം പ്രകടമാകുന്നത് നമ്മുടെ മുഖത്ത് തന്നെ ആയിരിക്കും. കൊളാജന്‍ ഉല്‍പാദനം കുറയുമ്പോള്‍ ചര്‍മം അയഞ്ഞു തൂങ്ങും, മുഖത്ത് ചുളിവുകള്‍ പ്രത്യക്ഷപ്പെടും. ആകെ മൊത്തം മുഖം തന്നെ മാറും. എന്നാൽ പ്രായം കൂടുമ്പോഴും ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ചുളിവുകളില്ലാതെ ചർമത്തെ കാക്കാം. അടുക്കളയിൽ നിന്ന് എളുപ്പത്തിൽ കിട്ടുന്ന ഈ സ്പെഷൽ കൂട്ട് ചർമത്തിൽ അദ്ഭുതങ്ങൾ പ്രവർത്തിക്കും.
മുട്ടയുടെ വെള്ള
മുട്ടയുടെ വെള്ള കൊളാജന്‍ കൊണ്ട് സമ്പുഷ്ടമാണ്. ഇത് മുഖത്തിന് ഇറുക്കം നല്‍കാന്‍ സഹായിക്കുന്നു. കൂടാതെ ചര്‍മം അയഞ്ഞ് തൂങ്ങുന്നത് തടയാന്‍ ഏറെ നല്ലതുമാണ്. മുട്ട കഴിക്കുന്നതും അതിന്റെ വെള്ള മുഖത്ത് പുരട്ടുന്നതുമൊക്കെ ചർമത്തിന് ഗുണം ചെയ്യുന്ന കാര്യങ്ങളാണ്. ചർമത്തിന് മാത്രമല്ല മുടിക്കുമുണ്ട് മുട്ട കൊണ്ട് ഏറെ ഗുണങ്ങൾ. എന്നുകരുതി ഒത്തിരി മുട്ട ആഹാരത്തിൽ ഉൾപ്പെടുത്താനും പാടില്ല. കൃത്യമായ അളവിൽ മാത്രം ഇവ ഭക്ഷണത്തിൽ ചേർക്കുക. ഒപ്പം പച്ചമുട്ട മുഖത്ത് തേക്കുന്നത് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മാത്രം ചെയ്യുക.
അരിപ്പൊടി
അരിപ്പൊടി കൊണ്ട് പല വിധത്തിലാണ് ഉപയോഗങ്ങൾ. ഇത് ആരോഗ്യത്തിനൊപ്പം തന്നെ സൗന്ദര്യത്തിനും ഏറെ നല്ലതാണ്. ചർമത്തിന് പറ്റിയ മികച്ച സ്ക്രബറാണ് അരിപ്പൊടി. നിറം വർധിപ്പിക്കുക മാത്രമല്ല ഇത് മുഖത്തെ ചുളിവ് മാറ്റുന്നതിനും, കറുത്ത പാടുകൾ മാറ്റുന്നതിനും, കൊളാജന്റെ ഉത്പാദനത്തെ വർധിപ്പിച്ച് മുഖത്തെ തിളക്കം നില നിർത്തുന്നതിനും നമ്മെ സഹായിക്കുന്നു. അരിപ്പൊടിയില്‍ വൈറ്റമിനുകള്‍ ധാരാളമുണ്ട്.
ചെയ്യേണ്ടത് ഇത്ര മാത്രം
ആദ്യം മുട്ടയുടെ വെള്ള എടുക്കുക. അതിലേക്ക് അരിപ്പൊടി കൂടി ചേര്‍ത്തിളക്കി നല്ലൊരു സെമി തിക് മാസ്ക്കുണ്ടാക്കുക. വരണ്ട ചര്‍മമുള്ളവര്‍ക്ക് ഇതില്‍ കറ്റാര്‍വാഴ ജെല്ലോ വൈറ്റമിന്‍ ഇ ക്യാപ്‌സൂളോ ചേര്‍ക്കാം. ഇതെല്ലാം കൂടി ചേര്‍ത്തിളക്കി മുഖത്ത് പുരട്ടി നന്നായി മസാജ് ചെയ്യാം. 5 മിനിറ്റ് വരെ മസാജ് ചെയ്യുന്നത് നല്ല ഫലം ചെയ്യും. മാസ്ക് ഒരുവിധം ഉണങ്ങുമ്പോള്‍ ഇളം ചൂടുവെള്ളം കൊണ്ട് കഴുകാം. ഇത് ആഴ്ചയില്‍ രണ്ടു തവണ ചെയ്യുന്നത് നല്ലതാണ്. മുഖത്തിന് നല്ല ഇറുക്കം കിട്ടുന്നതിനൊപ്പം ചുളിവും വരയും മാറുകയും ചെയ്യും. ആദ്യ ആഴ്ചകളിൽ തന്നെ നിങ്ങൾക്ക് മാറ്റം കാണാൻ സാധിക്കും.
ഇതോടൊപ്പം തന്നെ നന്നായി വെള്ളം കുടിക്കുക, കൂടുതൽ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക, വ്യായാമം ചെയ്യുക എന്നിവയും നിങ്ങളുടെ ശരീരത്തിനും ചർമത്തിനും യുവത്വം നിലനിർത്താൻ സഹായിക്കും. ബ്യൂട്ടി ടിപ്സുകൾക്ക് ഒപ്പം തന്നെ നല്ല ആരോഗ്യകരമായ ജീവിതരീതി കൂടി സ്വീകരിച്ചാൽ നിങ്ങളെ പോലും ഞെട്ടിക്കുന്ന തരത്തിലുള്ള മാറ്റങ്ങൾ ശരീരത്തിൽ കാണാൻ സാധിക്കും.