അന്ന് അച്ഛൻ പറഞ്ഞു: ഇനി നിങ്ങൾ ഉയരം വയ്ക്കില്ല, കലയിലൂടെ വളരണം

Mail This Article
രണ്ടിലോ മൂന്നിലോ പഠിക്കുന്ന സമയത്താണ് ഇനി ഉയരം വയ്ക്കില്ലെന്നു മനസ്സിലായതെന്നും അച്ഛനാണ് അക്കാര്യം തന്നോട് പറഞ്ഞതെന്നും നടനും മിമിക്രി താരവുമായ സൂരജ് തേലക്കാട്. ചേച്ചി സ്വാതിശ്രീയ്ക്കും ഉയരക്കുറവുണ്ട്. വളർച്ചാ ഹോർമോണിന്റെ പ്രശ്നമാണിത്. അച്ഛനും അമ്മയും രക്തബന്ധമുള്ളവരാണെന്നും സൂരജ് പറഞ്ഞു. മഴവിൽ മനോരയിലെ പണം തരും പടത്തിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു സൂരജിന്റെ വെളിപ്പെടുത്തൽ. അച്ഛനും അമ്മയും സൂരജിനൊപ്പം മത്സരത്തിന് എത്തിയിരുന്നു.
‘‘ഞാനും ചേച്ചിയും ഇതുപോലെ തന്നെയാണ്. വളർച്ചാ ഹോർമാണിന്റെ പ്രശ്നമാണ്. അച്ഛനും അമ്മയും രക്തബന്ധമുണ്ട്. അവരുടെ പ്രണയ വിവാഹമല്ല, അറേഞ്ചഡ് മാരേജ് ആയിരുന്നു. ഒരു ദിവസം അച്ഛൻ അടുത്ത് വിളിച്ച് ഇനി നിങ്ങള്‍ വളരില്ലെന്നും കലയിലൂടെയോ മറ്റെന്തെങ്കിലും കഴിവിലൂടെയോ ജീവിതത്തിൽ ഉയരണം എന്നും പറഞ്ഞു. കൂട്ടുകാർ നമ്മളേക്കാൾ ഉയരമുണ്ട്. അവരെയെല്ലാം കണ്ട് ഇതെല്ലാം മനസ്സിലായി വരുന്ന സമയത്താണ് അച്ഛൻ ഇക്കാര്യങ്ങൾ പറയുന്നത്. അച്ഛൻ മിമിക്രി ചെയ്യുമായിരുന്നു. ഞാനും ചെറുതായി ചെയ്യാൻ തുടങ്ങി. അച്ഛൻ ഓരോ കാര്യങ്ങൾ പഠിപ്പിച്ച് തരുമായിരുന്നു. അങ്ങനെയാണ് മിമിക്രിയിലേക്ക് കടന്നു വരുന്നത്’’– സൂരജ് പറഞ്ഞു.
ഉയരം കുറവായതുകൊണ്ട് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ചും അതിനെ മറികടന്നതിനെക്കുറിച്ചും സൂരജ് തുറന്നു പറഞ്ഞു.