സൗഹൃദത്തിന്റെ അങ്ങേയറ്റം പ്രണയമാണ്! തുടർച്ചയായി അവഗണനകൾ നേരിട്ടു: വലിയ സന്തോഷം പങ്കുവച്ച് അഞ്ജു

Mail This Article
വർഷങ്ങൾക്കു മുൻപൊരു റിയാലിറ്റിഷോയിലൂടെയാണ് അഞ്ജു ജോസഫ് എന്ന കൗമാരക്കാരി സംഗീതപ്രേമികളുടെ മനസ്സിലേക്കു പാട്ടുംപാടിക്കയറിയത്. വർഷങ്ങൾക്കു ശേഷം സ്വന്തം മ്യൂസിക് ബാൻഡും കവർ സോങ്ങുകളുമൊക്കെയായി തിരക്കുള്ള കരിയർ സംഗീതലോകത്ത് കെട്ടിപ്പടുക്കുകയാണ് അഞ്ജു. അഞ്ജുവിന്റെ ജീവിതത്തിലെ ഉയർച്ചതാഴ്ചകളൊക്കെ അടുത്തു നിന്നു കണ്ടവരാണ് മലയാളികൾ. ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ, വീഴ്ചകളെക്കുറിച്ച് ഒളിച്ചുവയ്ക്കാതെ അഞ്ജു ബോൾഡ് ആയി ചിരിച്ചു നിന്നു. ഹൃദയത്തോടടുത്തുനിന്ന ഒരു കൂട്ടുകാരനെ അടുത്തിടെ ജീവിത പങ്കാളിയാക്കി പുതിയൊരു ജീവിതം തുടങ്ങിയ അഞ്ജു ഈ പ്രണയദിനത്തിൽ മനോരമ ഓൺലൈൻ വായനക്കാരോട് ജീവിതത്തിലെയും കരിയറിലെയും പുതിയ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
വിവാഹശേഷമുള്ള ആദ്യത്തെ വാലന്റൈൻസ് ഡേയാണിത്. പ്രണയത്തിന് ഒരു പ്രത്യേക ദിവസം വേണം എന്ന ആശയത്തോട് യോജിക്കുന്നുണ്ടോ?
എല്ലാ അർഥത്തിലും നമ്മോടു ചേർന്നു നിൽക്കുന്ന ഒരു പങ്കാളിയാണുള്ളതെങ്കിൽ എല്ലാ ദിവസവും നമുക്ക് ഒരുപോലെയാണ്. അങ്ങനെയുള്ളപ്പോൾ ഒരു പ്രത്യേക ദിവസം ആഘോഷിക്കാനവസരം കിട്ടുമ്പോൾ പങ്കാളിക്ക് ഏറെയിഷ്ടപ്പെട്ട ഒരു സമ്മാനം നൽകാം. അതൊരു കുഞ്ഞു പൂവ് ആണെങ്കിൽ പോലും, സർപ്രൈസ് ആയി അതു നൽകുമ്പോൾ അവരുടെ മുഖത്തു വിരിയുന്ന ഒരു പുഞ്ചിരി കാണുമ്പോൾ നമുക്ക് സന്തോഷം തോന്നില്ലേ. ഇങ്ങനെയൊക്കെ എപ്പോൾ വേണമെങ്കിലും ചെയ്യാമല്ലോ അതിനായി ഒരു പ്രത്യേക ദിവസം വേണോ എന്നൊക്കെ ചോദിക്കുന്നവരുമുണ്ടാകാം. പക്ഷേ ഇത്തരം ദിവസങ്ങളെ ഒരു ഭാരമായി കാണാതെ നമ്മുടെ പിറന്നാൾ ദിവസം പോലെ, വിവാഹ വാർഷികം പോലെ നമ്മുടെ പങ്കാളികൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്തു കൊടുക്കുന്ന ഒരു ദിവസമായി കണക്കാക്കിയാൽ വളരെ നന്നായിരുന്നു.
ജീവിത പങ്കാളിയായി തിരഞ്ഞെടുത്തതും ഒരു സുഹൃത്തിനെയാണല്ലോ. അഞ്ജു എങ്ങനെയാണ് പ്രണയത്തെ നിർവചിക്കുന്നത്?
എന്റെ അഭിപ്രായത്തിൽ ഹൈയസ്റ്റ് ഫോം ഓഫ് ഫ്രണ്ട്‌ഷിപ്പാണ് പ്രണയം. ഒരുപാടു വർഷമായി പരസ്പരം അറിയുന്ന സുഹൃത്തുക്കൾ ആയതുകൊണ്ട് അതിന്റെ ഒരുപാട് ഗുണങ്ങൾ ജീവിതത്തിലുണ്ട്. പ്രണയം എന്നത് ‘എക്സ്റ്റൻഷൻ ഓഫ് ഫ്രണ്ട്ഷിപ്’ ആണ്.
പ്രണയത്തിലായാലും സൗഹൃദത്തിലായാലും അതിവൈകാരികമായി പെരുമാറുന്നവരോട് എന്താണു പറയാനുള്ളത്?
പ്രണയം നിരസിച്ചതിന്റെ പേരിലും പ്രണയത്തിൽനിന്നു പിന്മാറിയതിന്റെ പേരിലും പലരും ക്രൂരമായി ആക്രമിക്കപ്പെടാറുണ്ട്. ചിലർ കൊല്ലപ്പെടാറുണ്ട്. ഇത്തരം വാർത്തകൾ സങ്കടകരമാണ്. ഇങ്ങനെയുള്ള കാര്യങ്ങൾ ആവർത്തിക്കാൻ കാരണം പരസ്പരമുള്ള ബഹുമാനമില്ലായ്മയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പ്രണയത്തിൽനിന്ന് പിന്മാറിയാൽ ആസിഡ് ഒഴിക്കുക, കൊലപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളൊക്കെ സംഭവിക്കുമ്പോൾ ഈ സമൂഹത്തിന് എന്താണ് യഥാർഥത്തിൽ സംഭവിക്കുന്നത് എന്ന് തോന്നാറുണ്ട്. ഒരുപക്ഷേ പല കാര്യങ്ങളും പെട്ടെന്നുള്ള ദേഷ്യത്തിൽ ചെയ്തു പോകുന്നതാണ്. പക്ഷേ അങ്ങനെ ചെയ്യുമ്പോൾ നമ്മുടെ മാത്രമല്ല, മറ്റൊരാളുടെ ജീവിതം കൂടിയാണ് അവിടെ തീർന്നു പോകുന്നത്. പ്രശ്നങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകുമ്പോൾ കയ്യാങ്കളിയിലേക്കു പോകാതെ സംസാരിച്ചു തീർക്കാൻ ശ്രമിക്കണം. നമുക്കനുകൂലമല്ലാത്ത കാര്യങ്ങൾ സംഭവിക്കുമ്പോൾ വൈകാരികമായി പ്രതികരിക്കരുതെന്ന് കുട്ടികളെ പഠിപ്പിക്കണം. നിർഭാഗ്യകരമെന്നു പറയട്ടെ, നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ അത്തരം കാര്യങ്ങൾ ഒന്നും പഠിപ്പിക്കുന്നില്ല. വികാരങ്ങളെ എങ്ങനെ നിയന്ത്രിച്ചു നിർത്തണമെന്നു പഠിച്ചിരിക്കേണ്ടത് അത്യാവശ്യമാണ്. സ്കൂളുകളിൽ ഭാഷയോ മറ്റു വിഷയങ്ങളോ പഠിക്കുന്നത് പോലെ വികാരങ്ങളെ നിയന്ത്രിച്ചു പെരുമാറാൻ കൂടി പഠിക്കേണ്ടതുണ്ട്. ശരിതെറ്റുകളെക്കുറിച്ചു ബോധ്യമുള്ള ആളുകൾ ഇത്തരത്തിൽ അക്രമാസക്തരാകാറില്ല. വികാരങ്ങളെ നമ്മളാണ് നിയന്ത്രിക്കേണ്ടത്, വികാരങ്ങളല്ല നമ്മളെ നിയന്ത്രിക്കേണ്ടത്. ഇത് ചെറിയ പ്രായത്തിൽത്തന്നെ കുട്ടികളെ പറഞ്ഞു പഠിപ്പിക്കേണ്ടതുണ്ട്. സ്കൂളിൽ പഠിക്കുന്ന എല്ലാ നല്ല കാര്യങ്ങളും കുട്ടികൾ ജീവിതത്തിൽ പകർത്താറില്ലെങ്കിലും വരും തലമുറയിലെങ്കിലും ഇത്തരം മോശം അനുഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സ്കൂൾതലത്തിൽ നടത്തുന്ന കൗൺസിലിങ് അല്ലെങ്കിൽ തെറപ്പികൾ സഹായിക്കുമെന്നാണ് എന്റെ അഭിപ്രായം.
സ്റ്റേജ് ഷോകളിൽ അണിയുന്ന വസ്ത്രങ്ങളും ശ്രദ്ധേയമാണ്. ഗായികയുടെ ഉള്ളിൽ ഒരു ഫാഷൻ ഡിസൈനറുമുണ്ടോ?
എന്റെ അമ്മയ്ക്ക് നല്ല ഫാഷൻ സെൻസ് ഉണ്ട്. അമ്മയ്ക്ക് ഒരു ബൊട്ടീക്കും ടെയ്‌ലറിങ് ഷോപ്പും ഉണ്ട്. കുട്ടിക്കാലം മുതൽ എന്റെ വസ്ത്രങ്ങളൊക്കെ തയ്ക്കുന്നത് അമ്മയാണ്. വിവാഹവസ്ത്രങ്ങൾ ഡിസൈൻ ചെയ്തത് എന്റെ സുഹൃത്തുക്കളാണ്. പക്ഷേ അതു തയ്ച്ചത് അമ്മ തന്നെയാണ്. സിംപിൾ ആയ വസ്ത്രങ്ങൾ ഇഷ്ടപ്പെടുന്നയാളാണ് ഞാൻ. കംഫർട്ടബിളും അതേസമയം എന്റെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നതുമായ വസ്ത്രങ്ങൾ ധരിക്കാനാണ് ഇഷ്ടം. വിവാഹത്തിനു മോടി കൂടിയ വസ്ത്രങ്ങൾ വേണം എന്ന തരത്തിലൊക്കെ അഭിപ്രായങ്ങളുണ്ടായെങ്കിലും ഒരു സ്വകാര്യ ചടങ്ങായതിനാൽ സിംപിളും അതേസമയം എലഗന്റും ആയ കോസ്റ്റ്യൂം മതിയെന്ന് തീരുമാനിക്കുകയായിരുന്നു. ഷോകളിലും മറ്റും വൈബ്രന്റ് കളറുകളിലുള്ള വസ്ത്രങ്ങൾ ഉപയോഗിക്കേണ്ടി വരും. പ്രോഗ്രാമുകൾക്ക് നിങ്ങൾ കാണുന്ന വസ്ത്രങ്ങൾ അധികവും അമ്മ തയ്ച്ചു തന്നതാണ്. ഞാനത് മിസ് ആൻഡ് മാച്ച് ചെയ്ത് ഇടുന്നെന്നേയുള്ളൂ. അമ്മയിൽ നിന്നായിരിക്കും എനിക്കു ഫാഷൻ സെൻസ് കിട്ടിയത്.
ഏതുതരത്തിലുള്ള വസ്ത്രങ്ങളാണ് ചേരുകയെന്ന് എനിക്കു നന്നായി അറിയാം. വസ്ത്രധാരണത്തിന്റെ കാര്യത്തിൽ ഞാൻ സ്വയം കുറച്ചു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എന്റെ ശരീരം എങ്ങനെയാണെന്നും ഏതൊക്കെ വസ്ത്രങ്ങൾ ചേരുമെന്നും നല്ല ബോധ്യമുണ്ട് അതനുസരിച്ചുള്ള കോസ്റ്റ്യൂംസാണ് ഞാൻ തിരഞ്ഞെടുക്കാറുള്ളത്. പൊതുവേ ഡ്രസിനെപ്പറ്റിയുള്ള നെഗറ്റിവ് കമന്റുകൾ ഒന്നും എന്റെ ശ്രദ്ധയിൽപ്പെടാറില്ല. വസ്ത്രത്തിന് ഇറക്കം കുറഞ്ഞു, ഇങ്ങനെയുള്ള വസ്ത്രങ്ങളിൽ പ്രതീക്ഷിച്ചില്ല എന്നൊക്കെയുള്ള കമന്റുകൾ സമൂഹമാധ്യമങ്ങളിൽ വരുമ്പോൾ സുഹൃത്തുക്കൾ അയച്ചു തരാറുണ്ട്. ഇതൊന്നും കണ്ട് വിഷമിക്കരുത്, ഞങ്ങൾ ഒപ്പമുണ്ട് എന്ന രീതിയിൽ അവർ പിന്തുണ അറിയിക്കാറുണ്ട്. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടല്ലോ. അവർ അഭിപ്രായം പറയട്ടെ, നമുക്ക് യോജിക്കുന്ന വസ്ത്രങ്ങൾ ധരിക്കുക എന്ന നിലപാടാണ് ഇക്കാര്യത്തിലെനിക്ക്.
പൊതുവേ ആഭരണങ്ങളോട് അത്ര പ്രിയമില്ല. സ്റ്റേജ് പ്രോഗ്രാമുകൾക്കാണ് ആഭരണങ്ങൾ കൂടുതലായും ഉപയോഗിക്കുന്നത്. ചില തരം ഇയർ റിങ്ങുകളൊക്കെ ചിലർ ധരിച്ചു കാണുമ്പോൾ ഭംഗി തോന്നാറുണ്ട്. ഒരുപാട് വിലയുള്ള ആഭരണങ്ങളൊന്നും വാങ്ങാറില്ല. ഒരുപാട് ഇഷ്ടം തോന്നിയാൽ, അഫോഡബിൾ ആണെങ്കിൽ മാത്രം വാങ്ങും.
ചർമം കണ്ടാൽ പ്രായം തോന്നില്ല എന്ന തരത്തിലുള്ള കോംപ്ലിമെന്റുകൾ കിട്ടാറില്ലേ. എന്താണ് ബ്യൂട്ടി സീക്രട്ട്?
സൗന്ദര്യ സംരക്ഷണത്തിനായി പ്രത്യേകമായൊന്നും ചെയ്യാറില്ല. എല്ലാവരും ചെയ്യുന്നതുപോലെ അടിസ്ഥാന സ്കിൻ കെയർ കാര്യങ്ങൾ ചെയ്യാറുണ്ട്. മോയ്സ്ചറൈസിങ് ക്രീം, സൺസ്ക്രീം ഇവ ഉപയോഗിക്കാറുണ്ട്. രാത്രി ഫെയ്സ് സിറം ഉപയോഗിക്കാറുണ്ട്. വളരെ സെൻസിറ്റീവ് സ്കിൻ ആയതുകൊണ്ട് ഡോക്ടർമാരുടെ നിർദേശമനുസരിച്ച് മെഡിക്കേറ്റഡ് ഉൽപന്നങ്ങളാണ് ഉപയോഗിക്കാറുള്ളത്.
ധാരാളം കരിക്കിൻ വെള്ളം കുടിക്കാറുണ്ട്. അതുകൊണ്ട് ചർമത്തിന് എന്തെങ്കിലും ഗുണം കിട്ടുമോ എന്നൊന്നും അറിയില്ല. മുഖക്കുരു വല്ലാതെ കൂടുമ്പോൾ രാത്രി വെള്ളത്തിലിട്ടു വച്ച ഉണക്കമുന്തിരി ഞെരടിയ വെള്ളം രാവിലെ കുടിക്കാറുണ്ട്. ചർമത്തിന് ഉണ്ടാകുന്ന മാറ്റങ്ങൾ കുടലിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പറയാറുണ്ടല്ലോ. അതുകൊണ്ട് അങ്ങനെ ചെയ്യുമ്പോൾ മുഖക്കുരു കുറയാറുണ്ട്.
കൂട്ടുകാർക്കൊപ്പം ചിൽ ചെയ്യാൻ ഏറെയിഷ്ടമുള്ള അഞ്ജു അവരിൽ തേടുന്ന ഗുണങ്ങൾ എന്തൊക്കെയാണ്?
പൊതുവേ എല്ലാവരോടും സൗഹൃദത്തോടെ പെരുമാറുന്ന ആളാണ് ഞാൻ. പക്ഷേ ഉറ്റ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ കുറച്ച് ചൂസിയാണ്. സത്യസന്ധത, വിശ്വസ്തത, പരസ്പര ബഹുമാനം എന്നിങ്ങനെയുള്ള ഗുണങ്ങളാണ് ഞാനവരിൽനിന്നു പ്രതീക്ഷിക്കുന്നത്. തിരക്കുള്ള ജീവിതത്തിൽ ഓരോരുത്തരുടെ സമയത്തിനും വിലയുണ്ട്. പരസ്പരം നൽകുന്ന സമയത്തെ വിലമതിക്കുന്നവരാകണം സുഹൃത്തുക്കൾ. ബഹുമാനം വിട്ടിട്ടുള്ള കാര്യങ്ങൾ സംസാരിക്കാതിരിക്കുക, മുൻവിധികൾ ഇല്ലാതെ പെരുമാറുക ഇതൊക്കെയാണ് സുഹൃത്തുക്കളിൽ ഞാൻ തേടുന്ന ഗുണങ്ങൾ. സുഹൃത്തുക്കളുടെ കാര്യത്തിൽ ഞാൻ ശരിക്കും അനുഗൃഹീതയാണ്. കാരണം ഞാൻ ആഗ്രഹിക്കുന്ന ഗുണങ്ങളുള്ള സുഹൃത്തുക്കളാണ് ഇപ്പോൾ എനിക്കുള്ളത്.
അയൽപക്കത്തെ കുട്ടി എന്ന ഇമേജ് മാറി ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ലേഡി എന്ന ഇമേജിലേക്ക് അഞ്ജു മാറിയില്ലേ?
ആ മാറ്റത്തെ ഏറെ സന്തോഷത്തോടെയാണ് ഞാൻ കാണുന്നത്. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ, ചില കാര്യങ്ങളിൽ തീരുമാനങ്ങളെടുക്കുമ്പോഴൊക്കെ അയൽപക്കത്തെ കുട്ടി എന്ന ഇമേജ് ചില സമയത്തൊക്കെ ഒരു ഭാരമായി തോന്നിയിരുന്നു. പക്ഷേ ആ ഇമേജിനെ ബ്രേക്ക് ചെയ്യാൻ ഞാനായി ശ്രമിക്കേണ്ടി വന്നില്ല. സാഹചര്യങ്ങളുടെ സമ്മർദം കൊണ്ട് ആ ഇമേജ് തനിയെ ബ്രേക്ക് ആയി. അടിസ്ഥാനപരമായി ഞാൻ എന്താണ് അല്ലെങ്കിൽ എന്റെ മനസ്സിൽ എന്താണ് തോന്നുന്നത് അതുപോലെ തന്നെയാണ് സാധാരണ ഞാൻ സംസാരിക്കുന്നത്. മാനസികാരോഗ്യത്തെ കുറിച്ചും തെറാപ്പികളെ കുറിച്ചും ഒക്കെ ഒരുപാട് പേർ ഇപ്പോൾ തുറന്നു സംസാരിക്കുന്നുണ്ട്. ആശങ്ക, ഒസിപിഡി, ഡിപ്രഷൻ തുടങ്ങിയ പ്രശ്നങ്ങൾ വന്നപ്പോൾ തെറപ്പിയിലൂടെയാണ് ഞാനതിനെ മറികടന്നത്. തെറപ്പികളെടുക്കുമ്പോൾ വികാരങ്ങളെ നിയന്ത്രിച്ചു പെരുമാറാനുള്ള കെൽപ് കൂടിയാണ് നമുക്ക് കിട്ടുന്നത്. എന്നെ പരിചയമില്ലാത്തവർ പോലും സമൂഹമാധ്യമങ്ങൾ വഴി എന്റെ പക്കൽനിന്നു തെറപ്പിസ്റ്റിന്റെ നമ്പർ വാങ്ങി ചികിൽസയെടുക്കാറുണ്ട്. അതിൽ വേർപിരിയലിന്റെ വക്കിലെത്തിയ ദമ്പതികൾ വരെയുണ്ടായിരുന്നു. കൗൺസിലിങ്ങിനു ശേഷം അവർ ഒരുമിച്ചു ജീവിക്കാൻ തുടങ്ങി. അതൊക്കെ എനിക്കേറെ സന്തോഷം നൽകിയ കാര്യങ്ങളാണ്.
മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും എന്റെ മാനസികാവസ്ഥയെക്കുറിച്ചുമൊക്കെ ഞാൻ അഭിമുഖങ്ങളിൽ സംസാരിക്കുന്നതിന് ഒരൊറ്റ ലക്ഷ്യമേയുള്ളൂ. സമ്മർദവും വിഷാദവും ആശങ്കയുമൊക്കെക്കൊണ്ട് ബുദ്ധിമുട്ടുന്ന ആരെങ്കിലുമൊരാൾ ഇതൊക്കെ കേട്ട് തെറപ്പി സ്വീകരിക്കാൻ മുന്നോട്ടുവരട്ടെ. അതിലൂടെ അവരുടെ ജീവിതം സുഗമമാകട്ടെ. എന്റെ തെറപ്പിസ്റ്റും ഞാനും ഇതേക്കുറിച്ച് സംസാരിക്കാറുണ്ട്. അപ്പോഴൊക്കെ അവർ പറയുന്നത്, മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒരു ദിവസം കൊണ്ട് പരിഹരിക്കപ്പെടുമെന്ന ധാരണ പലർക്കുമുണ്ടെന്നാണ്. അത് തെറ്റാണ്. എന്റെ കാര്യം പറയുകയാണെങ്കിൽ, രണ്ടോ മൂന്നോ വർഷം കൊണ്ടാണ് ഇപ്പോഴുള്ള സമാധാനപരമായ അവസ്ഥയിലേക്ക് എന്റെ മനസ്സ് എത്തിയത്. ദിവസം മുഴുവൻ കരഞ്ഞു കൊണ്ടിരുന്ന ഒരാളിൽനിന്ന് ഇന്ന് കാണുന്ന സമാധാനപരമായ അവസ്ഥയിലേക്ക് എന്റെ മാനസികാവസ്ഥയെ എത്തിക്കാൻ ഞാനും എന്റെ തെറപ്പിസ്റ്റും നിരന്തരമായി പരിശ്രമിച്ചിരുന്നു. തെറപ്പി എന്നത് തുടർച്ചയായി സംഭവിക്കേണ്ട ഒന്നാണ് നിരന്തര വിശകലനങ്ങളും ഫോളോഅപ്പും ഉണ്ടെങ്കിൽ മാത്രമേ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കൂ. അടിസ്ഥാനപരമായി എല്ലാ മനുഷ്യരുടെയും ആഗ്രഹം സന്തോഷവും സമാധാനവും ആണ്. അങ്ങനെ ആരുടെയെങ്കിലും സന്തോഷത്തിനും സമാധാനത്തിനും നമ്മൾ അറിയാതെയെങ്കിലും കാരണമാകുന്നുണ്ടെങ്കിൽ അതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം.
മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് പൊതുവേദികളിൽ സംസാരിക്കുന്നതിനെ ആദ്യമൊന്നും കുടുംബം പിന്തുണച്ചിരുന്നില്ല. പക്ഷേ ഇങ്ങനെ സംസാരിക്കുന്നതിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് മനസ്സിലായപ്പോൾ കുടുംബം പിന്തുണയ്ക്കുന്നുണ്ട്. അവരുടെ മനോഭാവത്തിൽ വന്ന മാറ്റവും സന്തോഷം നൽകുന്നതാണ്. ഇതിനോടനുബന്ധമായി ഒരു കാര്യം കൂടി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. പൊതുവേ മാനസികാരോഗ്യ ചികിത്സ കുറച്ച് ചെലവേറിയതാണെന്ന് ആളുകൾ പറയാറുണ്ട്. പലരും ചികിത്സ തേടാൻ മടിക്കുന്നതിന് അതും കാരണമാകുന്നുണ്ട്. സാധാരണയാളുകൾക്ക് താങ്ങാൻ കഴിയുന്ന നിരക്കിൽ തെറപ്പിസ്റ്റുകൾ ചികിത്സ നൽകാൻ തയാറായാൽ കൂടുതൽ ആളുകൾക്ക് അവരുടെ സേവനം പ്രയോജനപ്പെടുത്താനാവും.
ജീവിതാനുഭവങ്ങളിൽനിന്ന് അഞ്ജുവിന് പറയാനുള്ളതെന്താണ്?
നമ്മൾ എത്രയധികം പരിശ്രമിച്ചാലും ഓരോ കാര്യവും നടക്കേണ്ട സമയത്തേ നടക്കൂ. നല്ലതായാലും മോശമായാലും നടക്കാനുള്ള സമയത്ത് അത് സംഭവിച്ചിരിക്കും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഒരു സ്വപ്നം നിറവേറുന്നതിനായി ദീർഘകാലം കാത്തിരിക്കേണ്ടി വരുന്നത് അത്ര സുഖകരമല്ല. പക്ഷേ ആ സമയത്തും നമുക്ക് ചിലത് ചെയ്യാൻ സാധിക്കും. പ്രതീക്ഷ കൈവിടാതെ, നമ്മൾ എന്തിനു വേണ്ടിയാണോ ആഗ്രഹിക്കുന്നത് ആ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ നിരന്തരമായി പരിശ്രമിക്കാൻ ആ സമയം ഉപയോഗിക്കണം. എന്റെ വ്യക്തിപരമായ അനുഭവം പറയുകയാണെങ്കിൽ, ഞാൻ സംഗീത മേഖലയിൽ നിൽക്കുന്നയാളായതുകൊണ്ട് നിരന്തരം സംഗീത പരിശീലനം നടത്തുന്നതിലും ആ മേഖലയിൽ എന്നെ മെച്ചപ്പെടുത്താനുള്ള കാര്യങ്ങൾ ചെയ്യുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. നമ്മൾ ആഗ്രഹിക്കുന്ന കാര്യം എന്നെങ്കിലും ഒരു ദിവസം നടക്കും എന്ന പ്രതീക്ഷയിലങ്ങനെ മുന്നോട്ടു പോവുകയായിരുന്നു.
ജീവിതത്തിലെ മോശം കാലത്തെയും നല്ലകാലത്തെയും വ്യക്തി എന്ന നിലയിലും ആർട്ടിസ്റ്റ് എന്ന നിലയിലും എങ്ങനെയാണ് നോക്കിക്കാണുന്നത്?
കരിയറിന്റെ തുടക്കകാലത്ത്, എന്റെ ശബ്ദം കൊള്ളില്ല എന്ന തരത്തിൽ വിമർശനങ്ങൾ നേരിടേണ്ടി വരികയും അവസരങ്ങൾ നിഷേധിക്കപ്പെടുകയുമൊക്കെ ചെയ്തിട്ടുണ്ട്. ആ സമയത്ത് വല്ലാതെ സങ്കടപ്പെട്ടിരുന്നു. സംഗീതം ഉപേക്ഷിച്ചാലോ എന്നു വരെ ചിന്തിച്ചിരുന്നു. രണ്ടുവർഷം മുൻപു പോലും അത്തരം വിമർശനങ്ങൾ ഞാൻ നേരിട്ടിട്ടുണ്ട്. ഞാൻ സുഹൃത്തുക്കൾ എന്നു വിശ്വസിച്ചിരുന്ന സഹപ്രവർത്തകർ തന്നെയാണ് എന്റെ ശബ്ദം കൊള്ളില്ല, സ്റ്റേജ് പെർഫോമൻസ് നടത്താൻ അറിയില്ല എന്നൊക്ക പറഞ്ഞിരുന്നതെന്ന് ഞാൻ പിന്നീടറിഞ്ഞു. അന്നാണ് ഞാൻ ഒരു കാര്യം തിരിച്ചറിഞ്ഞത്. സുഹൃത്തുക്കളെന്ന് നമ്മൾ വിശ്വസിക്കുന്നവരെല്ലാം സുഹൃത്തുക്കളല്ലെന്നും അവരൊക്കെ സഹപ്രവർത്തകർ മാത്രമാണെന്നും. പിന്നിൽനിന്നു കുത്താൻ ഇത്തരക്കാർ ഉള്ളിടത്തോളം നമുക്ക് ഇത്തരം കമന്റുകൾ കേൾക്കേണ്ടി വരും. പ്രായവും ജീവിതാനുഭവങ്ങളും കൂടുന്നതനുസരിച്ച് സെൽഫ് ലൗ, സെൽഫ് റെസ്പെക്റ്റ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകുമല്ലോ. അത്തരംബോധ്യങ്ങൾ വന്നതോടെ ഇത്തരം നെഗറ്റിവ് കമന്റുകൾ മനസ്സിലേക്കെടുക്കാതിരിക്കാനുള്ള മാനസികാവസ്ഥയിലേക്ക് എത്തി.
കരിയറിന്റെ തുടക്കകാലത്ത് അത്തരം അവഗണനകൾ ഉണ്ടായിരുന്നില്ലെങ്കിൽ ഞാൻ ഒരിക്കലും സംഗീതത്തിനു വേണ്ടി ഇത്രമാത്രം കഷ്ടപ്പെടുമായിരുന്നില്ല. തുടർച്ചയായി അവഗണനകൾ നേരിടേണ്ടി വന്നതുകൊണ്ട് ഓരോ ദിവസവും എന്നെയും എന്റെ സംഗീതത്തെയും എത്രമാത്രം മെച്ചപ്പെടുത്താമെന്നതിലായിരുന്നു എന്റെ മുഴുവൻ ശ്രദ്ധയും പരിശ്രമവും. സംഗീതം അല്ലാതെ മറ്റൊരു മേഖലയിൽ ജോലി ചെയ്യുന്നതിനെക്കുറിച്ച് ഞാൻ അന്നൊന്നും ചിന്തിച്ചിരുന്നില്ല. എന്നെ ഒരു വ്യക്തിയെന്ന നിലയിലും കലാകാരി എന്ന നിലയിലും മെച്ചപ്പെടുത്താൻ ഉപകരിച്ചു എന്ന നിലയിലാണ് പണ്ടുണ്ടായ തിരസ്കാരങ്ങളെ ഞാൻ സ്വീകരിച്ചത്. എല്ലാവരുടെയും ജീവിതത്തിൽ നല്ല കാലവും കെട്ടകാലവുമുണ്ടാകാറുണ്ട് അതിനെയൊക്കെ ഒരു ലേണിങ് എക്സ്പീരിയൻസ് ആയി കണ്ടാൽത്തന്നെ ജീവിതത്തിൽ സന്തോഷം നിറയും.
ജീവിതത്തിലെ അനിശ്ചിതത്വങ്ങളെ പോസിറ്റിവായി നേരിടാൻ എങ്ങനെയാണ് മനസ്സൊരുക്കുന്നത്?
എല്ലാ മനുഷ്യരെയും പോലെ സ്വഭാവത്തിലും പെരുമാറ്റത്തിലുമൊക്കെ ശക്തിയും ദൗർബല്യവുമൊക്കെ എനിക്കുമുണ്ട്.എന്നോട് ഏറ്റവും അടുത്ത് നിൽക്കുന്നവർക്ക് അത് നന്നായി മനസ്സിലാവാറുണ്ട്. പക്ഷേ പ്രഫഷനൽ ലൈഫിൽ എപ്പോഴും സന്തോഷം ഉള്ള കാര്യങ്ങൾ പങ്കുവയ്ക്കുന്നത് കൊണ്ടായിരിക്കാം എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്ന ആൾ എന്നൊക്കെ ആളുകൾക്ക് തോന്നുന്നത്. ജീവിതത്തിൽ തീർച്ചയായും അനിശ്ചിതത്വങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷേ സന്തോഷമായാലും സങ്കടമായാലും ദീർഘകാലം നിലനിൽക്കാറില്ലല്ലോ. അതിങ്ങനെ മാറിക്കൊണ്ടിരിക്കും. അതു തിരിച്ചറിയാനും ഉൾക്കൊള്ളാനും കുറച്ചു സമയമെടുത്തുവെന്ന് മാത്രം. ഇപ്പോൾ ജീവിതത്തിൽ എന്തു തന്നെ സംഭവിച്ചാലും അതിനെ ചങ്കൂറ്റത്തോടെ നേരിടാമെന്ന മനസ്സുറപ്പു വന്നിട്ടുണ്ട് എന്നതാണ് ഏറ്റവും വലിയ മാറ്റം. തിരക്കുകൾ ചിലപ്പോഴൊക്കെ സമ്മർദം ഉണ്ടാക്കുമെങ്കിലും ആ സമയത്ത് അതിനെയൊക്കെ അതിജീവിക്കാൻ മെഡിറ്റേഷനും ക്ലിനിക്കൽ തെറപ്പികളും നന്നായി സഹായിച്ചിട്ടുണ്ട്. തിരക്കുകൾ വല്ലാതെ കൂടുന്ന സാഹചര്യം വരുമ്പോൾ സ്ലോ ലിവിങ് ലൈഫ് സ്റ്റൈൽ ഞാൻ പരീക്ഷിക്കാറുണ്ട്. പുതിയ വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടാൻ ഈ രീതി എന്നെ സഹായിക്കാറുമുണ്ട്.
ജീവിതത്തിലെ പുതിയ വിശേഷങ്ങൾ എന്തൊക്കെയാണ്?
സംഗീതവുമായി ബന്ധപ്പെട്ടുതന്നെയാണ് പുതിയ വിശേഷങ്ങൾ. അഞ്ജു ജോസഫ് ലൈവ് എന്ന ബാൻഡ് അത്യാവശ്യം നന്നായി പൊയ്ക്കൊണ്ടിരിക്കുന്നു. അതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ സന്തോഷം. പ്രോഗ്രാംസൊക്കെ വന്നുകൊണ്ടിരിക്കുന്നു. ഈ വർഷം ഒന്നുരണ്ട് ഒറിജിനൽ പാട്ടുകൾ റിലീസിനുണ്ട്. പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട തിരക്കിലായതുകൊണ്ടാണ് അതിന്റെ റിലീസിങ് വൈകുന്നത്. ഒറിജിനൽ സോങ്ങുകൾ ഈ വർഷം തന്നെ റിലീസ് ചെയ്യണം എന്ന് ആഗ്രഹമുണ്ട്. ഇതൊക്കെയാണ് ജീവിതത്തിലെ പുതിയ വിശേഷങ്ങൾ.