എളുപ്പത്തിൽ വ്യാജമുറിവുണ്ടാക്കി അവധിയെടുക്കാമെന്ന് യുവതി; ഈ വിദ്യ കൊള്ളാമല്ലോ; മാനേജർമാർ കാണരുത്!

Mail This Article
ആവശ്യത്തിന് അവധി ലഭിക്കുന്നില്ല എന്നത് കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർ നേരിടുന്ന പ്രശ്നമാണ്. എന്നാലിപ്പോൾ അതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് പൂനെ സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റ്. ശരീരത്തിൽ വ്യാജമുറിവുണ്ടാക്കി നിങ്ങൾക്ക് ആവശ്യത്തിന് അവധിയെടുക്കാമെന്നാണ് പ്രീതം ജുസാർ കോത്തവാല എന്ന മേക്കപ്പ് ആർട്ടിസ്റ്റ് സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നത്.
വ്യത്യസ്തമായ മേക്കപ്പിലൂടെ കണ്ടാൽ യഥാർഥമെന്നു തോന്നുന്ന മുറിവുകൾ സൃഷ്ടിക്കാമെന്നാണ് പൂനം പറയുന്നത്. ഇത്തരത്തിലുള്ള മുറിവുകള്‍ എങ്ങനെയുണ്ടാക്കാമെന്നും പൂനം പങ്കുവച്ച വിഡിയോയിൽ വിശദീകരിക്കുന്നുണ്ട്. ‘ഐടി കമ്പനിയിലെ മാനേജർമാർ ഇത് കാണരുത്.’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. ഈ വിഡിയോയിലെ ഉള്ളടക്കം തമാശയാണ്. കൂടുതൽ ഗൗരവമായി കാണരുതെന്നും യുവതി വിശദീകരിക്കുന്നു.
സമൂഹമാധ്യമത്തിലെത്തി നിമിഷങ്ങൾക്കകം തന്നെ വിഡിയോ ശ്രദ്ധനേടി. ഇത്തരത്തിൽ മുറിവുകളുണ്ടാക്കിയാൽ പിന്നീട് ഓഫിസില്‍ ചെല്ലുമ്പോൾ പിടിക്കപ്പെടില്ലേ എന്നാണ് പലരുടെയും ചോദ്യം. എന്നാൽ ഇതിനു മറുപടിയായി പ്രീതം മറ്റൊരു വിഡിയോയും പങ്കുവച്ചു. പാതി ഉണങ്ങിയ മുറിവുകൾ എങ്ങനെ മേക്കപ്പിലൂടെ വ്യാജമായി ഉണ്ടാക്കാം എന്നാണ് പിന്നീട് പങ്കുവച്ച വിഡിയോയിൽ പ്രീതം വിശദീകരിച്ചത്. ഈ വിഡിയോ കൂടി ശ്രദ്ധനേടിയതോടെ സമൂഹമാധ്യമത്തിൽ പ്രീതത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളും എത്തി.
ഇത് വളരെ രസകരമായി തോന്നുമെങ്കിലും ഇത്തരം വിദ്യകൾ മനസ്സിലാക്കുന്നതോടെ ആളുകൾ കൂടുതൽ മടിയന്മാരാകുമെന്നാണ് വിഡിയോയ്ക്കു താഴെ പലരും കമന്റ് ചെയ്തത്. നന്നായി ജോലിചെയ്ത് ജീവിക്കുന്നവരെ പോലും ഇത്തരം വിഡിയോകൾ വഴിതെറ്റിക്കുമെന്നും പലരും കമന്റ് ചെയ്തു. അതേസമയം കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ അവധി ലഭിക്കാതെ മാനസിക സമ്മർദ്ദത്തിലൂടെ കടന്നുപോകുന്നവരും നിരവധിയാണെന്ന രീതിയിലുള്ള കമന്റുകളും എത്തി.