ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

ഐഫോണ്‍ എസ്ഇ 5ജിയെക്കുറിച്ച് കേട്ട ഹാര്‍ഡ്‌വെയര്‍ ഫീച്ചറുകള്‍ പലതും ശരിയായിരുന്നു, എങ്കിലും വിലയെക്കുറിച്ചു പ്രചരിച്ച ഊഹാപോഹങ്ങള്‍ മുഴുവന്‍ തെറ്റായിരുന്നു. ഐഫോണ്‍ എസ്ഇ 5ജി മോഡലിന് ഏകദേശം രണ്ടു വര്‍ഷം മുൻപിറക്കിയ എസ്ഇ (2020) മോഡലിനേക്കാള്‍ വില കുറവായിരിക്കും എന്നായിരുന്നു പറഞ്ഞു കേട്ടിരുന്നത്. രണ്ടു വര്‍ഷം മുൻപിറക്കിയ മോഡലിന്റെ തുടക്ക വേരിയന്റിന് 399 ഡോളറായിരുന്നു വില. എന്നാല്‍, പുതിയ എസ്ഇ5ജിക്ക് 428 ഡോളറായി വില വര്‍ധിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത് എന്നത് പലര്‍ക്കും നിരാശ സമ്മാനിച്ചേക്കും. 

 

∙ ഇന്ത്യയില്‍ കാര്യമായ വില വ്യത്യാസമില്ല

 

അതേസമയം, ഇന്ത്യയില്‍ പുതിയ മോഡലിന്റെ 64 ജിബി സ്റ്റോറേജ് ശേഷിയുള്ള വേരിയന്റിന് 43,900 രൂപയാണ് വില എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. പ്രധാനമായും ഇന്ത്യ പോലത്തെ രാജ്യങ്ങളെ ഉദ്ദേശിച്ചു തന്നെ പുറത്തിറക്കിയിരിക്കുന്ന ഈ മോഡലിന്റെ ഹാര്‍ഡ്‌വെയര്‍ ഫീച്ചറുകള്‍ ശ്രദ്ധിച്ചു പരിശോധിക്കാം.

 

∙ അപ്‌ഗ്രേഡ്

 

മുന്‍ എസ്ഇ വേര്‍ഷനെ അപേക്ഷിച്ച് രണ്ടു പ്രധാന അപ്‌ഗ്രേഡുകളാണ് പുതിയ ഫോണിന് ലഭിച്ചിരിക്കുന്നത്. ഒന്നാമതായി ഏറ്റവും പുതിയ ഐഫോണ്‍ പ്രീമിയം സീരീസിന് ശക്തി പകരുന്ന എ15 ബയോണിക് പ്രോസസറായിരിക്കും പുതിയ ഫോണിന്റെയും കേന്ദ്രസ്ഥാനത്ത്. രണ്ടാമതായി 5ജി ആന്റിനകളും എത്തുന്നു. ഫോണിന്റെ മുന്നിലും പിന്നിലും ഉപയോഗിച്ചിരിക്കുന്ന ഗ്ലാസ് സ്മാര്‍ട് ഫോണുകളില്‍ ഉപയോഗിച്ചിരിക്കുന്നതില്‍ വച്ച് ഏറ്റവും ദൃഢമായതാണെന്ന് ആപ്പിള്‍ അവകാശപ്പെടുന്നു. ഐഫോണ്‍ 13ല്‍ ഉപയോഗിച്ചിരിക്കുന്ന തരം ഗ്ലാസാണത്രെ ഇതിലുള്ളതും. ഐപി67 വാട്ടര്‍, ഡസ്റ്റ് റെസിസ്റ്റന്‍സും ഉണ്ട്. അങ്ങനെ നോക്കിയാല്‍ ഒരു പക്ഷേ, ഈ ഫോണ്‍ ഐഫോണ്‍ പ്രേമികള്‍ക്ക് പരിഗണിക്കാമെന്നു തോന്നും. പക്ഷെ...

iPhone-SE-5G-

 

∙ ഏറ്റവും മോശം ഫീച്ചറുകള്‍

 

പക്ഷേ, ഐഫോണ്‍ 8, ഐഫോണ്‍ എസ്ഇ 2020 എന്നിവയില്‍ കണ്ട അതേ ഡിസൈനാണ് ഫോണിനു നല്‍കിയിരിക്കുന്നത്. കേവലം 4.7-ഇഞ്ച് വലുപ്പമുളള റെറ്റിനാ എച്ഡി ഡിസ്‌പ്ലേ, താരതമ്യേന കനത്ത ബെസല്‍, ഹോം ബട്ടണ്‍, ടച്ച് ഐഡി, പിന്നില്‍ ഒറ്റ ക്യാമറ തുടങ്ങിയ ഫീച്ചര്‍ സെറ്റ് നിലനിര്‍ത്തിയിരിക്കുന്നത് നിരാശാജനകമാണ്. വരുന്ന 3-4 വര്‍ഷമെങ്കിലും കൈയ്യില്‍ വച്ചേക്കാന്‍ പോകുന്ന ഫോണാണിത് എന്നും ഓര്‍ത്താല്‍ ആവേശം വീണ്ടും ചോര്‍ന്നേക്കും. 

 

∙ പക്ഷേ, ആന്തരികമായി മാറ്റങ്ങള്‍ പലതുണ്ട്

 

ഡിസൈന്‍ സഹിക്കാമെങ്കില്‍ ആന്തരികമായി പല മാറ്റങ്ങളും കാണാന്‍ സാധിക്കും. ഏറ്റവും പുതിയ ഐഫോണ്‍ 13 സീരീസിന്റേതിനോപ്പമോ, അടുത്തോ പ്രകടന മികവ് ഐഫോണ്‍ എസ്ഇ 5ജിയില്‍ കാണാനായേക്കും. എസ്ഇ 5ജി മോഡലിന് 6-കോറുള്ള സിപിയു, 4-കോര്‍ ജിപിയു, 16-കോര്‍ ന്യൂറല്‍ എൻജിന്‍, ലൈവ് ടെക്‌സ്റ്റ് തുടങ്ങിയ ഫീച്ചറുകളും ഉണ്ട്. കൂടാതെ, ഐഫോണ്‍ 2020യോട് സദൃശ്യമായ രൂപകല്‍പന ആണെങ്കിലും അതിനേക്കാള്‍ മികച്ച ബാറ്ററി പ്രകടനവും ലഭിക്കുമെന്നും ആപ്പിള്‍ പറയുന്നു. കൂടുതല്‍ മികവുറ്റ എ15 പ്രോസസറിന്റെ സാന്നിധ്യമാണ് ബാറ്ററി പ്രകടനം മെച്ചപ്പെടുത്തുന്നത്. 

iPhone-SE-5G-

 

∙ ഉപയോഗിച്ചിരിക്കുന്നത് റീസൈക്കിൾ ചെയ്ത പദാര്‍ഥങ്ങള്‍

 

ഐഫോണ്‍ 13 സീരീസിലെന്നവണ്ണം ഐഫോണ്‍ എസ്ഇ 5ജിക്കും ചില ഭാഗങ്ങള്‍ 100 ശതമാനം പുനഃചംക്രമണം ചെയ്ത വസ്തുക്കള്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നതെന്ന് ആപ്പിള്‍ പറയുന്നു. ടാപ്ടിക് എൻജിനിലുള്ള ടങ്സ്റ്റണ്‍, ലോജിക് ബോര്‍ഡ് സോള്‍ഡര്‍ ചെയ്യാന്‍ ഉപയോഗിച്ചിരിക്കുന്നടിന്‍ തുടങ്ങിയവ ഇത്തരം മെറ്റിരിയലാണ്.

 

∙ ക്യാമറ

 

ഒറ്റ പിന്‍ ക്യാമറയാണ് ഉള്ളതെങ്കിലും ഉറപ്പായും അത് എസ്ഇ (2020) മോഡലിനെ അപേക്ഷിച്ച് മികച്ച പ്രകടനം നടത്തിയേക്കും. റെസലൂഷന്‍ 12 എംപി തന്നെയാണ്. അപേര്‍ച്ചര്‍ എഫ്/1.8. എന്നാല്‍, മികച്ച കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രഫി ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചാണ് ഇത് പുറത്തെത്തിച്ചിരിക്കുന്നത്. സ്മാര്‍ട് എചിഡിആര്‍4, ഫൊട്ടോഗ്രഫിക് സ്റ്റൈല്‍സ്, ഡീപ് ഫ്യൂഷന്‍, ഐഫോണ്‍ 13 സീരീസിനൊപ്പം അവതരിപ്പിച്ച പോര്‍ട്രെയ്റ്റ് മോഡ് 4 തുടങ്ങിയവ ലഭ്യമാക്കിയിട്ടുണ്ട്. സ്മാര്‍ട് എച്ഡിആര്‍ 4 ഇന്റലിജന്റ് സെഗ്മന്റേഷന്‍ പ്രയോജനപ്പെടുത്തുന്നു. ഇതുവഴി, കളര്‍, കോണ്‍ട്രാസ്റ്റ്, നോയിസ് തുടങ്ങിയവ സബ്ജക്ടിന്റെ കാര്യത്തിലും പശ്ചാത്തലത്തിന്റെ കാര്യത്തിലും വ്യത്യസ്തമായി കൊണ്ടുവരാന്‍ ക്യമറയ്ക്കാകുന്നു. പിന്നില്‍ അധിക പ്രകാശമുള്ള അവസരങ്ങളില്‍ പോലും ഒരാളുടെ ഫോട്ടോ പകര്‍ത്തിയാല്‍ മുഖം തിരിച്ചറിഞ്ഞ് അത് ഇരുണ്ടു പോകാതെ ചിത്രീകരിക്കുമെന്നാണ് അവകാശവാദം. 

 

∙ സ്‌കിന്‍ ടോണിന് പരിഗണന

 

വിവിധ തരം ത്വക്കുകള്‍ ഉള്ളവരുടെ ഫോട്ടോയാണ് പകര്‍ത്തുന്നതെങ്കിലും ഒരോരുത്തരുടെയും ചര്‍മത്തിന്റെ സവിശേഷത പരിഗണിക്കാനുള്ള ശേഷിയുമുണ്ടെന്നും കമ്പനി പറയുന്നു. ഫോട്ടോ എടുക്കുന്നിടത്തുള്ള പ്രകാശവും വിവിധ ചര്‍മങ്ങളും ഫോണിന് തിരിച്ചറിയാനാകും. ക്യാമറയ്ക്ക് 5എക്‌സ് ഡിജിറ്റല്‍ സൂം ഉണ്ട്. അഡ്വാന്‍സ്ഡ് ബോ-കെ, ഡെപ്ത് കണ്ട്രോള്‍, ഒപ്ടിക്കല്‍ ഇമേജ് സ്റ്റബിലൈസേഷന്‍, 6 എലമെന്റ് ഉള്ള ലെന്‍സ്, എല്‍ഇഡി ട്രൂ ടോണ്‍ ഫ്‌ളാഷ്, 63എംപി വരെയുള്ള പാനറാമാ ഷോട്ട്, ഓട്ടോഫോക്കസ് വിത് ഫോക്കസ് പിക്‌സല്‍സ് തുടങ്ങി പല ഫീച്ചറുകളും ഉണ്ട്. വിഡിയോ സെക്കന്‍ഡഡില്‍ 4കെ 24, 25, 30, 60 ഫ്രെയിം വരെ റെക്കോഡു ചെയ്യാം.

 

∙ സെല്‍ഫി ക്യാമറയ്ക്ക് 7 എംപി റെസലൂഷന്‍

 

എഫ്/2.2 അപേര്‍ച്ചറുള്ള സെല്‍ഫി ക്യാമറയ്ക്ക് 7എംപി റെസലൂഷനാണ് ഉള്ളത്. അതേസമയം, ഡീപ് ഫ്യൂഷന്‍ അടക്കമുളള പല ഫീച്ചറുകളും ഈ ക്യാമറയ്ക്കും ലഭിക്കും. പരമാവധി വിഡിയോ ക്വാളിറ്റി 1080പി ആണ്. 

 

∙ അപ്പോള്‍ ആര്‍ക്കാണ് ഈ എസ്ഇ 5ജി ഫോണ്‍?

 

ആപ്പിളിന്റെ സോഫ്റ്റ്‌വെയര്‍ പരിസ്ഥിതിയിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പിരഗണിക്കാം. ഡിസൈനെക്കുറിച്ച് അധികം ചിന്തിക്കുന്നില്ലാത്തവര്‍ക്കും പരിഗണിക്കാം. വളരെ ഒതുക്കമുള്ള ഒരു ഹാന്‍ഡ്‌സെറ്റ് മതി എന്നു കരുതുന്നവര്‍ക്കും ഇതു വാങ്ങുന്ന കാര്യം ആലോചിക്കാം. പക്ഷേ, 4.7-ഇഞ്ച് മാത്രം വലുപ്പമുള്ള എല്‍സിഡി സ്‌ക്രീന്‍ പലര്‍ക്കും അല്‍പം വലുപ്പക്കുറവു തോന്നിപ്പിച്ചേക്കും. ബ്രൗസിങ്ങിനും വിഡിയോ കാണലിനുമൊക്കെ ഇതു ബാധകമായിരിക്കും. അതേസമയം, ആപ്പിളിന്റെ സോഫ്റ്റ്‌വെയര്‍ പരിസ്ഥിതിക്ക് അത്ര പരിഗണന നല്‍കുന്നില്ലെങ്കില്‍ നിശ്ചയമായും ഇതിനേക്കാള്‍ നിര്‍മാണത്തികവും വലിയ ഓലെഡ് ഡിസ്‌പ്ലേയും ഒന്നിലേറെ ക്യാമറകളുള്ള പിന്‍ ക്യാമറാ സിസ്റ്റവും ഉള്ള ഫോണുകള്‍ വാങ്ങാന്‍ ലഭിക്കും. ഐഫോണ്‍ എസ്ഇ 5ജി മാര്‍ച്ച് 18 മുതല്‍ ഇന്ത്യയിലും വില്‍പനയ്‌ക്കെത്തുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

 

English Summary: New iPhone SE 5G with A15 Bionic, 4.7-inch display announced; price starts at Rs 43,900 in India

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com