മരിച്ചാലും ജീവനുള്ള മൃതദേഹങ്ങൾ, ക്യാമറ പകര്‍ത്തിയത് വിസ്മയിപ്പിക്കും കാഴ്ചകൾ

Mail This Article
മൃതദേഹങ്ങള്‍ അനങ്ങില്ലെന്ന ധാരണ തെറ്റിദ്ധാരണയാണെന്നാണ് ഓസ്‌ട്രേലിയയില്‍ നിന്നുള്ള പഠനങ്ങള്‍ പറയുന്നത്. മൃതദേഹങ്ങള്‍ ഒരു വര്‍ഷം വരെ പലവിധത്തില്‍ അനങ്ങുമെന്നാണ് ഇവര്‍ തെളിവു നിരത്തി പറയുന്നത്. ടൈംലാപ്‌സ് ക്യാമറ ഉപയോഗിച്ച് നിശ്ചിത ഇടവേളകളിലെടുത്ത ചിത്രങ്ങള്‍ നിരത്തിയാണ് മൃതദേഹങ്ങളുടെ അനക്കങ്ങളെക്കുറിച്ച് ഗവേഷകര്‍ വാദിക്കുന്നത്.
ഓസ്‌ട്രേലിയയിലെ ഓസ്‌ട്രേലിയൻ ഫെസിലിറ്റി ഫോർ ടഫോണോമിക് എക്സ്പെരിമെന്റൽ റിസേർച്ച് (AFTER)ല്‍ 17 മാസം നടത്തിയ പരീക്ഷണമാണ് മൃതദേഹങ്ങളുടെ അനക്കം തിരിച്ചറിഞ്ഞത്. പകല്‍ സമയത്ത് ഓരോ അര മണിക്കൂറിലുമാണ് ഇവര്‍ മൃതദേഹങ്ങളുടെ ചിത്രമെടുത്തത്. ഏകദേശം ഒന്നര വര്‍ഷത്തോളം നീണ്ട പരീക്ഷണ കാലം മുഴുവനായി തന്നെ മൃതദേഹങ്ങള്‍ ചലിക്കുന്നുണ്ടെന്നാണ് ഇവര്‍ക്ക് ലഭിച്ച ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്.
മൃതദേഹങ്ങളില്‍ പ്രധാനമായും ചലിക്കുന്ന ഭാഗം കൈകളാണെന്നാണ് സെന്‍ട്രല്‍ ക്യൂൻസ്‌ലാന്‍ഡ് സര്‍വ്വകലാശാലയിലെ അലിസണ്‍ വില്‍സണ്‍ ഓസ്‌ട്രേലിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. മൃതദേഹത്തിന് മുകളിലായി വച്ചിരുന്ന കൈകള്‍ വശങ്ങളിലേക്ക് ചലിക്കുന്നതായാണ് പ്രധാനമായും തിരിച്ചറിഞ്ഞിരിക്കുന്നത്.
ജീവന്‍ നഷ്ടമായി തൊട്ടടുത്ത മണിക്കൂറുകളില്‍ ശരീര ഭാഗങ്ങള്‍ ചെറുതായി ചലിക്കുന്നത് നേരത്തെയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെങ്കിലും ഇത്രയും ദീര്‍ഘമായ കാലയളവില്‍ മൃതദേഹങ്ങള്‍ ചലിക്കുമെന്നത് പുതിയ അറിവാണ്. ഇത് പോസ്റ്റ്‌മോര്‍ട്ടത്തിന്റെ സമയത്ത് കൂടുതല്‍ കൃത്യമായ അനുമാനങ്ങളിലെത്താന്‍ ഡോക്ടര്‍മാരെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രത്യേകിച്ചും മരണകാരണം ദുരൂഹമായവയില്‍.
നിലവില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുമ്പോള്‍ ജീവന്‍ നഷ്ടമായ ശേഷമുള്ള അതേ അവസ്ഥയില്‍ ശരീരം തുടരുമെന്ന അനുമാനത്തിലൂടെയാണ് ഡോക്ടര്‍മാര്‍ നിഗമനങ്ങളിലെത്താറ്. എന്നാല്‍ ഇതാണ് മാറ്റം വരാന്‍ പോകുന്നത്. മൃതദേഹങ്ങളുടെ ഈ ചലനരഹസ്യം വെളിവാക്കുന്ന ഗവേഷണഫലം ഫോറന്‍സിക് സയന്‍സ് ഇന്റര്‍നാഷണലിലാണ് പ്രസിദ്ധീകരിച്ചത്.