നിയന്ത്രണംവിട്ട റോക്കറ്റ് താഴെ വീണു, പതിച്ചത് മാലദ്വീപിനു സമീപമെന്ന് ചൈനീസ് റിപ്പോർട്ട്

Mail This Article
നിയന്ത്രണം വിട്ട് ഭൗമാന്തരീക്ഷത്തിലേക്കു കടന്ന റോക്കറ്റ് ഭൂമിയിൽ പതിച്ചെന്ന് ചൈനയിൽ നിന്ന് റിപ്പോർട്ട്. ലഭ്യമായ വിവരങ്ങൾ പ്രകാരം ഇന്ത്യയ്ക്ക് സമീപപ്രദേശമായ മാലദ്വീപിനു സമീപമാണ് റോക്കറ്റ് പതിച്ചതെന്നാണ് അറിയുന്നത്. എന്നാൽ, ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് കാത്തിരിക്കുകയാണ്. കൃത്യമായ സ്ഥലത്തെ കുറിച്ചും വിവരങ്ങൾ ലഭ്യമായിട്ടില്ല.
ചൈനീസ് സമൂഹ മാധ്യമമായ വെയ്ബോയിലാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് വന്നിരിക്കുന്നത്. പുലർച്ചെ 02.24 ന് (UTC) 72.47E 2.65N ഭാഗത്തേക്ക് റോക്കറ്റ് തിരിച്ചെത്തിയെന്നാണ് റിപ്പോർട്ട്. ഇത് മാലിദ്വീപിനു മുകളിലാണ് കാണിക്കുന്നത്. റിപ്പോർട്ട് ശരിയാണെങ്കിൽ അവിടെ നിന്ന് വൈകാതെ തന്നെ വിശദമായ റിപ്പോർട്ടുകൾ ലഭിച്ചേക്കുമെന്നാണ് കരുതുന്നത്.
നിയന്ത്രണം വിട്ട് ഭൗമാന്തരീക്ഷത്തിലേക്കു കടന്ന് പതിക്കാനൊരുങ്ങുന്ന ചൈനീസ് റോക്കറ്റ് ലോങ് മാർച്ച് 5 ബിയുടെ കോർ സ്റ്റേജ് ഇന്ത്യൻ സമുദ്രത്തിൽ പതിക്കുമെന്ന് യുഎസ് സൈന്യത്തിന്റെ 18 സ്പേസ് കൺട്രോൾ സ്ക്വാഡ്രൻ വിഭാഗം നേരത്തെ തന്നെ പ്രവചിച്ചിരുന്നു. ഇവർ നിയന്ത്രിക്കുന്ന സ്പേസ് ട്രാക്ക് ട്വിറ്റർ ഹാൻഡിലിലൂടെയാണ് പതനമേഖലയുടെ വിവരങ്ങൾ പുറത്തുവിട്ടിരുന്നത്.
ഇന്നലെ രാത്രി 7.58 ന് പ്രസിദ്ധീകരിച്ച അറിയിപ്പ് പ്രകാരം അക്ഷാംശം 3.9 ഡിഗ്രിക്കും രേഖാംശം 79.4 ഡിഗ്രിക്കും ഇടയിലാണ് പതനമേഖല. ഇത് ഇന്ത്യയിൽ നിന്ന് 1327 കിലോമീറ്റർ തെക്ക് ഇന്ത്യൻ സമുദ്രത്തിലാണ്. മാലദ്വീപിന് തെക്കുകിഴക്കായും ഡീഗോ ഗാർസിയയിൽ നിന്നു വടക്കുപടിഞ്ഞാറായുമാണ് ഈ മേഖല.
English Summary: Chinese rocket debris re-entry