ADVERTISEMENT

സൗരയൂഥത്തിലെ ഒരു വിചിത്രഗ്രഹം കണ്ടെത്തിയിരിക്കുകയാണ് നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ടെലിസ്‌കോപ്. വാസ്പ് 107 ബി എന്നു പേരുള്ള ഈ ഗ്രഹത്തിന്‌റെ മേഘങ്ങൾ മണലുകളാൽ നിർമിതമാണ്. ഭൂമിയിൽ നിന്ന് 200 പ്രകാശവർഷം അകലെ വിർഗോ എന്ന താരാപഥത്തിലാണ് വാസ്പ് 107 ബി സ്ഥിതി ചെയ്യുന്നത്. വ്യാഴഗ്രഹത്തിന്‌റെ വലുപ്പമുള്ള ഈ ഗ്രഹത്തിന് സാന്ദ്രത വളരെക്കുറവുമാണ്. അതിനാൽ ഇതിന്‌റെ ഭാരം വ്യാഴത്തിന്‌റെ അത്രയില്ല.

ജയിംസ് വെബ്ബിന്‌റെ മിഡ് ഇൻഫ്രാറെഡ് ഇൻസ്ട്രുമെന്‌റ് അഥവാ മിറി ഉപയോഗിച്ചാണ് ഗ്രഹത്തിൽ നിരീക്ഷണവും വിലയിരുത്തലും നടത്തിയത്. നീരാവി, സൾഫർ ഡയോക്‌സൈഡ്, സിലിക്കേറ്റ് മേഘങ്ങൾ എന്നിവ ഗ്രഹത്തിന്‌റെ സജീവമായ അന്തരീക്ഷത്തിൽ കണ്ടെത്തി. പഠനം നേച്ചർ എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു.

സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങളെ എക്‌സോപ്ലാനറ്റുകൾ എന്നാണു വിളിക്കുന്നത്. എക്‌സോപ്ലാനറ്റുകൾ അഥവാ പുറംഗ്രഹങ്ങളിൽ നേരത്തെയും മേഘങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇവയുടെ അന്തരീക്ഷത്തിന്‌റെ രാസഘടന വിലയിരുത്തുന്നത്.

ഭൂമിയുടെ അന്തരീക്ഷപ്രവർത്തനങ്ങൾ പോലെയാണ് ഈ ഗ്രഹത്തിന്‌റെ പ്രവർത്തനങ്ങളും. ഭൂമിയിൽ വെള്ളത്തിനു പകരം ഈ ഗ്രഹത്തിൽ സിലിക്കേറ്റാണെന്ന വ്യത്യാസമുണ്ട്. സിലിക്കേറ്റ് വാതകങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിൽ നിന്നുയർന്ന് അന്തരീക്ഷത്തിലെത്തും. ഇതു തണുത്തശേഷം മണൽത്തരികളാകുകയും തിരിച്ച് ഭൂമിയിലേക്ക് എത്തുകയും ചെയ്യും.

സൗരയൂഥത്തിന്റെയും അതിലെ ഗ്രഹങ്ങളുടെയും ഉത്പത്തിയെക്കുറിച്ചുള്ള പഠനസാധ്യത, ജീവൻ ഉണ്ടാകാനുള്ള സാധ്യത എന്നിവ മൂലം എക്സോപ്ലാനറ്റുകൾ ശാസ്ത്രജ്ഞർക്ക് വലിയ താത്പര്യമുള്ള പഠനമേഖലയാണ്. 1990 ലാണ് ആദ്യ എക്സോപ്ലാനറ്റിനെ ശാസ്ത്രജ്ഞർ കണ്ടെത്തിയത്. തുടർന്ന് ഇതുവരെ അയ്യായിരത്തോളം എക്സോപ്ലാനറ്റുകളെ ശാസ്ത്രജ്ഞർ കണ്ടെത്തി സ്ഥിരീകരിച്ചിട്ടുണ്ട്.

ഭൂമി, ചൊവ്വ, ശുക്രൻ തുടങ്ങിയ ഗ്രഹങ്ങളെപ്പോലെ ഉറച്ച പുറംഘടനയുള്ളവയും വ്യാഴം, ശനി തുടങ്ങിയവയെപ്പോലെ വായുഘടന ഉള്ളവയും ഇക്കൂട്ടത്തിലുണ്ട്. സൂര്യനെ ഭ്രമണം ചെയ്യുന്ന ഭൂമിയെപ്പോലെ ഏതെങ്കിലും നക്ഷത്രത്തെ പ്രദക്ഷിണം ചെയ്യുന്നവയാണ് ഇവയിൽ കൂടുതൽ. എന്നാൽ രണ്ടു നക്ഷത്രങ്ങളെ ഭ്രമണം ചെയ്യുന്ന എക്സോപ്ലാനറ്റുകളെയും കണ്ടെത്തിയിട്ടുണ്ട്. നക്ഷത്രങ്ങളെയൊന്നും ഭ്രമണം ചെയ്യാതെ സ്വതന്ത്രരായി നടക്കുന്ന എക്സോപ്ലാനറ്റുകളും പ്രപഞ്ചത്തിലുണ്ട്.

സൗരയൂഥത്തിന്റെ ഏറ്റവും അടുത്തുള്ള എക്സോപ്ലാനറ്റിന്റെ പേര് എപ്സിലോൺ എറിഡാനിയെന്നാണ്. ഭൂമിയിൽ നിന്നു 10.5 പ്രകാശവർഷം അകലെയാണ് ഇതു സ്ഥിതി ചെയ്യുന്നത്. 3 പതിറ്റാണ്ടു നീണ്ട ഗവേഷണത്തിനൊടുവിൽ നിർമിച്ച, ഇൻഫ്രാറെഡ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന , ലോകത്തെ ഏറ്റവും വലിയ ബഹിരാകാശ ടെലിസ്കോപ്പാണ് ജയിംസ് വെബ്.

 460 കോടി വർഷം മുൻപുള്ള നക്ഷത്രസമൂഹങ്ങളുടെ ദൃശ്യങ്ങൾ വരെ ഇതു പകർത്തി. ജയിംസ് വെബ്ബിനു മുൻപു ബഹിരാകാശത്തുണ്ടായിരുന്ന ഹബിൾ ടെലിസ്കോപ് നൽകിയതിനേക്കാൾ വ്യക്തവും മിഴിവേറിയതുമായിരുന്നു ചിത്രങ്ങൾ. ‌ജയിംസ് വെബ് ടെലിസ്‌കോപ് പുറത്തുവിട്ട ചിത്രങ്ങളിൽ ഒന്ന് ആകാശത്തെ ഏറ്റവും തിളക്കമേറിയതും വലുപ്പമുള്ളതുമായ കാരിന നെബുലയായിരുന്നു. ഭൂമിയിൽ നിന്ന് 7600 പ്രകാശവർഷങ്ങൾ അകലെയാണ് കാരിന. 1752 ജനുവരി 25നാണ് ഇത് ആദ്യമായി കണ്ടെത്തിയത്.

ഒരുപാടുവർഷക്കാലം മുൻപ് പ്രപഞ്ചത്തിൽ നടന്ന പ്രക്രിയകളെ ചിത്രരൂപത്തിലാക്കുന്നതിനാൽ പ്രപഞ്ചത്തിന്റെ ടൈം മെഷീനെന്നും ജയിംസ് വെബ്ബിനു വിളിപ്പേരുണ്ട്. നാസയോടൊപ്പം കനേഡിയൻ സ്പേസ് ഏജൻസി, യൂറോപ്യൻ സ്പേസ് ഏജൻസി എന്നിവർ സഹകരിച്ചാണ് ജയിംസ് വെബ്ബിന്റെ നിയന്ത്രണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com