സ്വന്തം വംശത്തെ സൃഷ്ടിക്കുന്ന റോബട്ടുകൾ; ഒരിക്കൽ ഭൂമിയെയും നശിപ്പിക്കുമോ?
Mail This Article
ഒരേസമയം അദ്ഭുതത്തോടെയും ഭീതിയോടെയും മനുഷ്യൻ നോക്കിക്കാണുന്ന ടെക്‌നോളജി ശാഖയാണ് റോബോട്ടിക്‌സ്. സയന്‍സ് ഫിക്‌ഷന്‍ സിനിമകളില്‍ കാണുന്നതു പോലെ, ഭൂമിയിൽ മനുഷ്യരെ അപ്രസക്തരാക്കാനുള്ള ശേഷി എന്നെങ്കിലും ഇവ കൈവരിക്കുമോ എന്ന കാര്യത്തില്‍ ചര്‍ച്ചകളും നടക്കുന്നുണ്ട്. എന്തായാലും, റോബോട്ടിക്‌സ് ഇന്ന് സിനിമക്കഥകളിലും ശാസ്ത്ര നോവലുകളിലും മാത്രമല്ല ഉള്ളത്. ലോകമെമ്പാടുമുളള ലാബുകളില്‍ അതിന്റെ വളര്‍ച്ച അതിവേഗമാണ് നടക്കുന്നത്. ലോകത്തെ ചില സ്ഥലങ്ങളിലുള്ള റോബോട്ടിക്‌സ് പരീക്ഷണശാലകളില്‍ പുതു തലമുറയിലെ, ബുദ്ധിയുള്ള യന്ത്രങ്ങള്‍ പുതിയ ചില പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയാണ്. സ്വന്തം ക്ലോണുകളെ സൃഷ്ടിക്കാനും സ്വന്തം ‘വംശത്തെ’ നൂതന സാങ്കേതികവിദ്യകള്‍ ഉള്‍ക്കൊണ്ട് സ്വയം ‘രൂപപ്പെടുത്താനുമുള്ള’ കാര്യങ്ങള്‍ സ്വായത്തമാക്കുകയാണ് പുതിയ യന്ത്രങ്ങൾ.
പുതിയ കാലത്തെ അതിനൂതന റോബോട്ടുകൾക്ക് അവയുടെ പുതിയ വേര്‍ഷനുകള്‍ക്ക് ‘ജന്മംകൊടുക്കാന്‍’ കഴിയും. മുന്‍ തലമുറയെക്കാള്‍ ശേഷിയുള്ളതായിരിക്കും അവ. സ്മാര്‍ട് ഫോണുകളുടെ കാര്യത്തിലെന്ന പോലെ ഓരോ പുതിയ തലമുറയും പുതിയ സവിശേഷതകളോടെയാവും എത്തുക. റോബോട്ടിക്‌സ് ലാബുകളിൽ കൂടുതല്‍ കൃത്യതയും കാര്യശേഷിയും 'സര്‍ഗാത്മകതയും' ആര്‍ജ്ജിച്ചാണ് അവ ജനിക്കുക. ഇവയില്‍ പലതിനും ഭാവിയിൽ മനുഷ്യരാശിയെത്തന്നെ രക്ഷിക്കാനുള്ള കഴിവുകള്‍ ആര്‍ജിക്കാനായേക്കാമെന്നും പറയപ്പെടുന്നു.
∙ സ്വയം പകര്‍പ്പെടുക്കുന്ന യന്ത്രമോ? ഇതൊക്കെ സാധിക്കുമോ?
യന്ത്രങ്ങള്‍ക്ക് സ്വന്തം പകർപ്പു സൃഷ്ടിക്കാനാകുമെന്ന ചിന്ത സയന്‍സ് ഫിക്‌ഷന്റെ സ്വാധീനമാണെന്നു കരുതുന്നവരുണ്ടാകാം. എന്നാല്‍, ഗണിതശാസ്ത്രകാരനായിരുന്ന ജോണ്‍ വോണ്‍ ന്യൂമന്‍ 1949 ല്‍ത്തന്നെ, ഒരു യന്ത്രത്തിന് സ്വന്തം പകര്‍പ്പെടുക്കാനാകുമെന്ന ആശയം തെളിയിച്ചിരുന്നതാണ്. ഇപ്പോഴിതാ യോര്‍ക്ക്, എഡിന്‍ബറോ നേപിയര്‍, വെസ്റ്റ് ഓഫ് ഇംഗ്ലണ്ട്, ആംസ്റ്റര്‍ഡാമിലെ വ്രിജെ എന്നീ സർവകലാശാലകളിലെ ഗവേഷകര്‍ അതു പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയാണ്. കഴിഞ്ഞ നാലു വര്‍ഷമായി അവര്‍ ഇതു യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിലാണ്. ഇതിനായി അവര്‍ 20 ലക്ഷം പൗണ്ടും സർക്കാരില്‍നിന്നു സ്വീകരിച്ചു കഴിഞ്ഞു. ലോകത്തെ ആദ്യത്തെ പരിപൂര്‍ണ സ്വയംപ്രവര്‍ത്തന (ഓട്ടോണമസ്) യന്ത്രങ്ങളാണ് അവര്‍ നിര്‍മിക്കുന്നത്. റോബോട്ട് കോളനികള്‍ ഉണ്ടാക്കാനാണ് അവരുടെ ശ്രമം.
∙ മനുഷ്യരുടെ ജോലി ‘അവര്‍’ ഏറ്റെടുക്കും
മനുഷ്യന് എളുപ്പം സാധ്യമല്ലാത്ത ചില കാര്യങ്ങള്‍ ഈ റോബോട്ടുകളെക്കൊണ്ട് ചെയ്യിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. മനുഷ്യര്‍ ഭൂമിയില്‍ മാത്രമേ വസിക്കൂ എന്നത് തീര്‍ത്തും ശാസ്ത്രാവബോധം ഇല്ലാത്തവര്‍ മാത്രം ചിന്തിക്കുന്ന കാര്യമാണെന്നു വാദിക്കുന്നവരുണ്ട്. ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് പ്രവചിച്ചിരിക്കുന്നത് വസിക്കാന്‍ പുതിയ ഗ്രഹം കണ്ടെത്തിയില്ലെങ്കില്‍ മനുഷ്യരാശി നിലനിൽക്കില്ലെന്നാണ്. 2100 ആണ് അദ്ദേഹം മനുഷ്യരാശിക്ക് സ്വയം രക്ഷിക്കാന്‍ നല്‍കിയിരിക്കുന്ന സമയപരിധി എന്നും കാണാം. (പുതിയ ഗ്രഹം അന്വേഷിക്കുന്നതിനു പകരം ഉള്ള ഗ്രഹത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമോ എന്നു നോക്കുന്നതല്ലേ നല്ലതെന്ന് അദ്ദേഹത്തിന്റെ വിമര്‍ശകര്‍ ചോദിക്കുന്നു). എന്തായാലും, നൂറ്റാണ്ടുകള്‍ക്കു മുൻപ് മനുഷ്യർ ഭൂഖണ്ഡങ്ങള്‍ വിട്ട് സഞ്ചരിച്ചതു പോലെ അന്യഗ്രഹങ്ങളിലെ വാസ സാധ്യതകള്‍ ആരായാന്‍ ഒരുങ്ങുകയാണ് ശാസ്ത്രജ്ഞർ. എന്നാല്‍, ഇത്തരം ദൗത്യങ്ങള്‍ക്ക് മനുഷ്യരെത്തന്നെ അയയ്ക്കുന്നത് നിലവിൽ അത്ര എളുപ്പമല്ല. എന്നാല്‍, അതല്ല റോബോട്ടുകളുടെ കാര്യം.
∙ മനുഷ്യര്‍ക്കായി അന്യഗ്രഹങ്ങള്‍ ഒരുക്കാന്‍ റോബോട്ടുകള്‍ പോകുമോ?
മനുഷ്യര്‍ക്ക് അന്യഗ്രഹ വാസസ്ഥലങ്ങള്‍ ഒരുക്കാന്‍ റോബോട്ടുകളെ വിടാനാകുമോ എന്നാണ് പരിശോധിക്കുന്ന കാര്യം. ഈ റോബോട്ടുകള്‍ക്ക് സ്വയം പുതുക്കാനുമാകുമെങ്കില്‍ അത് എത്ര ഉപകാരപ്രദമായിരിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ ആലോചിക്കുന്നത്. ഇവിടെയാണ് ‘ജന്മം കൊടുക്കാനാകുന്ന’ റോബോട്ട് എന്ന ആശയത്തിന്റെ പ്രസക്തിയെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ദ് വെസ്റ്റ് ഓഫ് ഇംഗ്ലണ്ടിലെ റോബോട്ട് എത്തിക്‌സ് പ്രഫസര്‍ അലന്‍ വിന്‍ഫീല്‍ഡ് പറയുന്നത്.
∙ റോബോട്ടുകളുടെ ശേഷികള്‍ സംയോജിപ്പിക്കും
സാധാരണഗതിയില്‍ റോബോട്ടുകളെ നിർമിക്കുന്നത് ഏതെങ്കിലും ജോലി ചെയ്യാനാണ്. ഉദാഹരണത്തിന് രക്ഷാപ്രവര്‍ത്തനം. എന്നാല്‍, ഇനി ഒരേ പരിസ്ഥിതിയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു റോബോട്ടുകളുടെ ശേഷികൾ ഒരുമിപ്പിക്കാനും ആ ശേഷികളുള്ള ഒരു പുതിയ റോബോട്ടിനെ 3ഡി പ്രിന്റു ചെയ്‌തെടുക്കാനുമാണ് ശാസ്ത്രജ്ഞര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത, ഇക്കാര്യങ്ങളിലൊന്നും ഒരു മനുഷ്യ ഇടപെടലും ഉണ്ടാകില്ലെന്നാണെന്ന് എഡിന്‍ബറോ നെയ്പിയര്‍ സർവകലാശാലയിലെ നാചുറല്‍ കംപ്യൂട്ടേഷൻ വിഭാഗത്തിന്റെ ചെയര്‍വുമണായ പ്രഫ. എമ ഹാര്‍ട് വിശദീകരിക്കുന്നു. ഈ പദ്ധതിയുടെ പേരാണ് ഓട്ടോണമസ് റോബോട്ട് എവലൂഷന്‍. ഈ ടീം റോബോഫാബ് എന്ന പേരില്‍ ഒരു പുതിയ സിസ്റ്റം തന്നെ ഉണ്ടാക്കിക്കഴിഞ്ഞു. മേല്‍വിവരിച്ച കാര്യങ്ങൾ പ്രാവര്‍ത്തികമാക്കാന്‍ കെല്‍പുള്ളതാണ് റോബോഫാബ്.
റോബോഫാബ് ഉണ്ടാക്കുന്ന ഓരോ റോബോട്ടിനും ഒരു ഡിജിറ്റല്‍ ക്ലോണും ഉണ്ടായിരിക്കും. ഇത് അതിവേഗം വെർച്വൽ ലോകത്ത് പരിവര്‍ത്തനം നടത്തിക്കൊണ്ടിരിക്കും. യഥാര്‍ഥ റോബോട്ട് അതിന്റെ ശേഷി പുറംലോകത്ത് പരീക്ഷിച്ചുകൊണ്ടുമിരിക്കും. പുതിയ റോബോട്ടുകളെ നിർമിക്കുന്നത് വെര്‍ച്വല്‍ ക്ലോണായ ‘മാതാവി’ന്റെയും ‘പിതാവി’ന്റെയും ശേഷികള്‍ ഉള്‍പ്പെടുത്തിയായിരിക്കും. ഈ കാര്യങ്ങള്‍ ഒരു ഫാക്ടറിയിലെന്നവണ്ണം നടക്കുന്നത് ഭാവനയില്‍ കാണാനാകുമെന്ന് എമ പറയുന്നു. ഈ ഫാക്ടറിയെത്തന്നെ ബഹിരാകാശത്തേക്ക് അയയ്ക്കാനാണ് ശാസ്ത്രജ്ഞര്‍ ഉദ്ദേശിക്കുന്നത്. ഒരു റോബോട്ടിനെ നിർമിച്ച് ബഹിരാകാശത്തേക്ക് അയച്ചാല്‍ അതിന്റെ ശേഷി കാലഹരണപ്പെടാം. എന്നാല്‍, പകരം ഒരു ഫാക്ടറി തന്നെ അയച്ചാല്‍ നിരന്തരം നടക്കുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പുതിയ റോബോട്ടിനെ സൃഷ്ടിക്കാം.
∙ കേംബ്രിജ് യൂണിവേഴ്‌സിറ്റിയും
കേംബ്രിജ് യൂണിവേഴ്‌സിറ്റിയും ഈ സമീപനം സ്വീകരിക്കുകയാണ്. അവര്‍ ഒരു ‘അമ്മ’ റോബോട്ടിനെ സൃഷ്ടിക്കുകയാണ്. ഈ ‘അമ്മ’യ്ക്ക് സ്വന്തം ‘കുട്ടികളെ’ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ഈ കുട്ടി റോബോട്ടുകളിൽ ആരാണു മികച്ചതെന്നു കണ്ടുപിടിക്കാനും അതനുസരിച്ച് മാറ്റങ്ങള്‍ വരുത്താനും ശേഷിയുള്ളതായിരിക്കും അമ്മ റോബോട്ട്. ഇവയെല്ലാം ചൊവ്വയില്‍ വാസസ്ഥലം ഒരുക്കാന്‍ മുതല്‍ ഛിന്നഗ്രഹത്തിലെ ഖനനത്തിനു വരെ ഉപയോഗിക്കാമെന്നാണ് കരുതുന്നത്.
∙ എന്തുകൊണ്ടു ഭൂമിയില്‍ പ്രയോജനപ്പെടുത്തിക്കൂടാ?
ഇവയെ ബഹിരാകാശത്തേക്ക് അയയ്ക്കാന്‍ മാത്രം ഉദ്ദേശിച്ചു വികസിപ്പിക്കുന്നവയാണെന്ന് തെറ്റിദ്ധരിക്കണ്ട. ഭൂമിയിലെ ആവശ്യങ്ങൾക്കും ഉപയോഗിക്കാം. ബ്രിട്ടനിലെ ആണവ മാലിന്യം വൃത്തിയാക്കിയെടുക്കാന്‍ ഇത്തരം റോബോട്ടുകളെ ഉപയോഗിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. സ്വയം പരിണമിക്കാന്‍ കഴിവുള്ള റോബോട്ടുകളെ രക്ഷാപ്രവര്‍ത്തനങ്ങളിലും ആഴക്കടല്‍ പ്രവര്‍ത്തനങ്ങളിലും പ്രയോജനപ്പെടുത്താനുള്ള നീക്കങ്ങളും സജീവമാണ്.
∙ സ്വയം പരിണമിക്കുന്ന റോബോട്ട് ഇപ്പോഴും ഒരു സ്വപ്നം
സ്വയം പരിവര്‍ത്തനം നടത്തി മുന്നോട്ടുപോകാനാകുന്ന റോബോട്ട് എന്നത് ഇപ്പോഴും പൂർണമായും യാഥാര്‍ഥ്യമായിട്ടില്ല. അവയെ സൃഷ്ടിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുതന്നെ ഏതാനും വര്‍ഷങ്ങളേ ആയിട്ടുള്ളൂ. നിലവില്‍ ഏകദേശം ആറു റോബോട്ടുകൾ മാത്രമാണ് ഒരു ദിവസം 3ഡി പ്രിന്റ് ചെയ്ത് എടുക്കാന്‍ സാധിക്കുന്നത്. നേരത്തേ ഉണ്ടാക്കിവച്ച സെന്‍സറുകള്‍ ഇവയ്ക്കായി പ്രയോജനപ്പെടുത്തുന്നുമുണ്ട്. എന്നാൽ സെന്‍സറുകളും വയറുകളും ബാറ്ററികളും എല്ലാം പ്രവര്‍ത്തനക്ഷമമായ രീതിയില്‍ ഒരുമിച്ചു ചേര്‍ക്കാന്‍ മനുഷ്യ സഹായവും വേണ്ടിവരുന്നു. എന്നാല്‍, 3ഡി പ്രിന്റിങ്ങിലും ബാറ്ററി-സെന്‍സര്‍ ടെക്‌നോളജികളിലും വരുന്ന ദ്രുത മാറ്റങ്ങള്‍ ഇവയെല്ലാം പഴങ്കഥയാക്കുമെന്നാണ് ഗവേഷകര്‍ കരുതുന്നത്.
∙ ഇതെല്ലാം സുരക്ഷിതമോ?
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകളെക്കുറിച്ച് ഇപ്പോള്‍ ലഭ്യമായ വിവരങ്ങള്‍ തന്നെ ഭയപ്പെടുത്തുന്നതാണ്. മനുഷ്യര്‍ എന്താണ് ഉണ്ടാക്കുന്നതെന്നത് അവര്‍ സ്വയം തീരുമാനിക്കുന്നില്ലെങ്കില്‍, അതിന്റെ പരിപൂര്‍ണ നിയന്ത്രണം ഏറ്റെടുത്തില്ലെങ്കില്‍, ഇത്തരം പുതിയ ടെക്‌നോളജികള്‍ മനുഷ്യരാശിയെ എവിടെക്കൊണ്ടു ചെന്നെത്തിക്കുമെന്നു ഭയക്കുന്നവരും ഉണ്ട്. എന്നാല്‍, സ്വയം പുതുക്കുന്ന റോബോട്ട് എന്ന ആശയമില്ലെങ്കിൽ പുരോഗതി കൈവരിക്കാനാവില്ലെന്നു കരുതുന്നവരും ഉണ്ട്. മനുഷ്യനിയന്ത്രണത്തിലല്ലാത്ത റോബോട്ടുകള്‍ എന്നത് നൈതികമായി പല ചോദ്യങ്ങളും ഉയര്‍ത്തുന്നു. നമ്മള്‍ ഛിന്നഗ്രഹപര്യവേക്ഷണത്തിന് അയയ്ക്കുന്ന ഇത്തരം റോബോട്ടുകള്‍ തങ്ങളുടെ ജോലി എളുപ്പമാക്കാനുള്ള മാര്‍ഗം ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് ഒരു ഛിന്നഗ്രഹത്തെ എറിയുകയാണെന്നു കണ്ടെത്തിയാല്‍, മനുഷ്യർ എന്തു ചെയ്യുമെന്ന് ഒരു എഐ എൻജിനീയര്‍ ചോദിക്കുന്നു.
∙ രണ്ടിലൊന്ന്
റോബോട്ടിക്‌സിന്റെ പരമാവധി ശേഷി ചൂഷണം ചെയ്യണമെങ്കില്‍ അവയെ സ്വന്തമായി ഉരുത്തിരിയാന്‍ അനുവദിക്കണം. അതേസമയം, പേടിക്കാതെ ജീവിക്കണമെങ്കില്‍ അവയെ നിയന്ത്രണത്തില്‍ നിർത്തുകയും വേണം. എന്തായാലും ഭൂമിയല്ലാതെ ഏതെങ്കിലും ഗ്രഹത്തില്‍ മനുഷ്യര്‍ ജീവിക്കാന്‍ ഇടവന്നാല്‍ അതിന് റോബോട്ടുകളുടെ സഹായം കൂടിയേ തീരൂ എന്നാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ പറയുന്നത്.
English Summary: New chapter in robotics