ഐഫോണിന്റെ വില 2 ലക്ഷമാകും! ട്രംപിന്റെ പകരച്ചുങ്കം പൊള്ളിക്കും; ഇന്ത്യ നിര്‍മാണ കേന്ദ്രമാകും?

Mail This Article
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ പുതിയ നികുതികള്‍ ഏല്‍പ്പിച്ചേക്കാവുന്ന ആഘാതങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ നടക്കുകയാണിപ്പോള്‍. 'ട്രംപ് താരിഫ്' എന്നു വിളിക്കുന്ന പുതിയ നികുതി സംവിധാനം അമേരിക്കയുടെ വാണിജ്യ നയത്തെ മാറ്റിമറിക്കുകയാണ്. ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് 44 ശതമാനമെന്ന പുതുക്കിയ തീരുവ പ്രഖ്യാപനത്തോടെ ഐഫോണ്‍ വില 2,300 ഡോളര്‍(ഏകദേശം 2 ലക്ഷം രൂപ) വരെ ഉയര്‍ന്നേക്കാമെന്ന് റിപ്പോർട്ടുക
ഐഫോണുകളിലേറെയും ചൈനയിലാണ് നിര്‍മിച്ചെടുക്കുന്നത് എന്നതിനാല്‍ അവയുടെ വില 2,300 ഡോളര്‍ വരെ ഉയര്‍ന്നേക്കാമെന്നാണ് റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ചൈനയുടെ ട്രംപ് താരിഫ്, അല്ലെങ്കില്‍ പകരച്ചുങ്കം 54 ശതമാനമാണ്. ആപ്പിളിനു മുന്നില്‍ ഇനി രണ്ടു വഴികളേയുള്ളു എന്നാണ് റോയിട്ടേഴ്‌സ് പറയുന്നത്-ഒന്നുകില്‍ ആ നഷ്ടം സ്വയം സഹിക്കുക, അല്ലെങ്കില്‍ അതും ചേര്‍ത്ത് ഐഫോണിന് വിലയിട്ട് ട്രംപ് താരിഫ് ഉപയോക്താവിന് സമ്മാനിക്കുക.

ഒരു വര്‍ഷം 220 ദശലക്ഷത്തിലേറെ ഐഫോണുകൾ
എന്തായാലും, പുതിയ സാഹചര്യത്തിൽ, ആപ്പിളിന്റെ ഓഹരി വില 9.3 ശതമാനമാണ് കൂപ്പുകുത്തിയതത്രെ. 2020നു ശേഷം ഇത്ര വലിയ പതനം ഉണ്ടായിട്ടില്ല. ആപ്പിള്‍ ഒരു വര്‍ഷം 220 ദശലക്ഷത്തിലേറെ ഐഫോണുകളാണ് ഒരു വര്‍ഷം വില്‍ക്കുന്നത്. കമ്പനിയുടെ പ്രധാന മാര്‍ക്കറ്റുകള്‍ അമേരിക്ക, ചൈന, യൂറോപ്പ് എന്നിവയാണ്.
പ്രീമിയം സീരിസിലെ ഏറ്റവും വില കുറഞ്ഞ ഐഫോണ്‍ 16 അമേരിക്കയില്‍ വില്‍ക്കുന്നത് 799 ഡോളറിനാണ്. അത് ഒറ്റയടിക്ക് 1,142 ഡോളറായി ഉയര്‍ന്നേക്കാമെന്നാണ് വിശകലന കമ്പനിയായ റോസന്‍ബ്ലാറ്റ് സെക്യുരിറ്റിസിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് പറയുന്നത്. ട്രംപ് താരിഫ് മൂലം ഉയരാന്‍ പോകുന്ന 43 ശതമാനം വിലയും ഉപയോക്താവിന്റെ തലയിലേക്ക് വച്ചുകൊടുത്തേക്കാമെന്ന് ആപ്പിള്‍ തീരുമാനിച്ചാല്‍ ആയിരിക്കും വില ഇത്രയും ഉയരുക.
ഇപ്പോള്‍ ഏറ്റവുമധികം വിലയുളള, 6.9-ഇഞ്ച് സ്‌ക്രീനുള്ള, ഐഫോണ്‍ 16 പ്രോ മാക്‌സിന്റെ 1 ടെറാബൈറ്റ് വേരിയന്റിന് നല്‍കേണ്ടത് 1599 ഡോളറാണ്. ഇതിന് 43 ശതമാനം അധിക വില വരുമ്പോള്‍ ഏകദേശം 2300 ഡോളറാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഐഫോണുകളുടെ വില ഉയര്‍ന്നു തന്നെ നിന്നേക്കും
ചൈനയില്‍ നിന്നു നിര്‍മ്മിച്ചു കൊണ്ടുവരുന്ന ഫോണുകള്‍ക്ക് ഉയര്‍ന്ന ചുങ്കം ചുമത്തുക വഴി ട്രംപ് ഉദ്ദേശിക്കുന്നത്, നിര്‍മാണം അമേരിക്കയിലേക്ക് മാറ്റാന്‍ കൂടെയാണ്. ട്രംപ് ആദ്യമായി പ്രസിഡന്റായപ്പോഴും നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് അധിക ചുങ്കം ഏര്‍പ്പെടുത്തിയിരുന്നു. നിര്‍മ്മാണം അമേരക്കിയിലേക്കു തന്നെ തിരിച്ചു കൊണ്ടുവരികയോ, മെക്‌സിക്കോ പോലെയുള്ള അയല്‍ രാജ്യങ്ങളില്‍ ആരംഭിക്കുകയോ വേണമെന്നായിരുന്നു അന്നത്തെ അമേരിക്കന്‍ ഭരണകൂടം കൈക്കൊണ്ട നിലപാട്.

പല ഉല്‍പ്പന്നങ്ങളുടെ കാര്യത്തിലും ഗവണ്‍മെന്റില്‍ നിന്ന് ആപ്പിള്‍ ഇളവ് നേടുകയായിരുന്നു അന്ന്. എന്തായാലും ഇത്തവണ ഇതുവരെ ആപ്പിളിന് ഒരു ഇളവും നല്‍കിയിട്ടില്ല. അണിയറയില്‍ ഗവണ്‍മെന്റുമായുള്ള ചര്‍ച്ചകള്‍ ആപ്പിള്‍ തകൃതിയായി നടത്തുന്നുണ്ടാകാം. കഴിഞ്ഞ തവണത്തെ പോലെ അമേരിക്കയുടെ ഐക്കോണിക് കമ്പനിയായ ആപ്പിളിനോടു മാത്രം കനിവ് കാട്ടുമോയെന്ന് എന്ന് ചില വിശകലന വിദഗ്ധര്‍ സംശയിക്കുന്നു.
പുതിയ സാഹചര്യത്തെക്കുറിച്ച് ആപ്പിള്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു എന്ന് റോയിട്ടേഴ്‌സ് പറയുന്നു. അമേരിക്കയിലെ തന്നെ ഒട്ടനവധി ഉപയോക്താക്കള്‍ അവരുടെ ഐഫോണിന് രണ്ടോ മൂന്നോ വര്‍ഷമെടുത്താണ് പേമെന്റ് നടത്തുന്നത്. മൊബൈല്‍ സേവനദാതാക്കളുമായുള്ള എഗ്രിമെന്റ് വഴിയാണ് ഇത്തരം തവണ വ്യവസ്ഥകള്‍ നടപ്പാക്കുന്നത്.

കൂനിന്മേല്‍ കുരുവാകുമോ പകരച്ചുങ്കം?
പല പ്രധാന മാര്‍ക്കറ്റുകളിലും ഐഫോണ്‍ വില്‍പ്പന ഇടിയുന്നു എന്ന യാഥാര്‍ത്ഥ്യം ഒളിപ്പിക്കാനാവില്ല. അതിനു പുറമെയാണ് കമ്പനിക്ക് നിര്‍മിത ബുദ്ധി (എഐ) മേഖലയില്‍ ഒരു നേട്ടവുമില്ലെന്നുള്ള കാര്യം. ചാറ്റ്ജിപിറ്റി പോലെയൊരു തേഡ്പാര്‍ട്ടി സംവിധാനം തങ്ങളുടെ ഉപകരണങ്ങളിലേക്ക് പ്രവേശിപ്പിക്കുക എന്നതാണ് ആപ്പിള്‍ മുഖം രക്ഷിക്കാനായി ചെയതത്.
ഗൂഗിള്‍, ബെയ്ദു തുടങ്ങിയ തേഡ്പാര്‍ട്ടി സേവനങ്ങളെയും ആപ്പിള്‍ സ്വാഗതം ചെയ്‌തേക്കും. എന്നാല്‍, കൊട്ടിഘോഷിച്ചെത്തിയ ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചര്‍ കമ്പനിയുടെ കട്ട ഫാന്‍സിനു പോലും ഒരു ഉന്മേഷവും പകര്‍ന്നില്ലെന്നാണ് അമേരിക്കയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇങ്ങനെ, പിടിവിട്ടു നില്‍ക്കുന്ന സമയത്താണ് ട്രംപ് താരിഫുകള്‍ ആപ്പിളിന് നേരിടേണ്ടി വരുന്നത്.
ആപ്പിളിന് എഐ മന്ദത
ആപ്പിള്‍ 3 ട്രില്ല്യന്‍ ഡോളറിലേറെ മൂല്യമുള്ള അജയമായ ടെക്‌നോളജി കമ്പനിയാണ് എന്നു ഭാവിച്ചു നടക്കുമ്പോഴും അവര്‍ക്ക് സ്വന്തമായി ഇപ്പോഴത്തെ ഏറ്റവും ആധൂനിക ഫീച്ചര്‍ വികസിപ്പിക്കാന്‍ സാധിച്ചിട്ടില്ല എന്നുള്ളത് വളരെ ശ്രദ്ധിക്കപ്പെടുക തന്നെ ചെയ്തു. പ്രമുഖ യൂട്യൂബര്‍ മാര്‍ക്കസ് ബ്രൗണ്‍ലി മാര്‍ച്ച് അവസാനം പുറത്തിറക്കിയ വിഡിയോയില്‍ പറയുന്നതു പോലെ, പലപ്പോഴും പല നൂതന ഫീച്ചറുകളും ആപ്പിള്‍ പുറത്തെടുക്കുക താമസിച്ചായിരിക്കും.
ഓലെഡ് സ്‌ക്രീനുകളുടെ കാര്യത്തിലും മറ്റും ഇത് കാണാം. അങ്ങനെ സ്വന്തമായി എഐ പാകപ്പെടുത്തിയെടുക്കാനുള്ള ശ്രമത്തിലായിരിക്കാം കമ്പനി ഇപ്പോള്‍ എന്ന് ആശ്വാസംകൊള്ളുകയാണ് ആപ്പിള്‍ ഫാന്‍സിലേറെയും. എന്നാല്‍, കലോചിതമായ പരിഷ്‌കരണം അധികം താമസിയാതെ കൊണ്ടുവന്നില്ലെങ്കില്‍ ആപ്പിള്‍ ആരാധകര്‍ പോലും മറുകണ്ടം ചാടിയേക്കാം.
ആപ്പിള്‍ ഉപകരണങ്ങളുടെ വില കുത്തനെ ഉയരുമോ?
സിഎഫ്ആര്‍എ റീസേര്‍ച്ചിലെ വിശകലന വിഭാഗത്തിലെ ആഞ്ചലോ സിനോ പറയുന്നത് അധികമായി വരുന്ന ചെലവില്‍ 5-10 ശതമാനത്തിലേറെ ആപ്പിള്‍ ഉപയോക്താക്കളുടെ തലയില്‍ വച്ചേക്കില്ലെന്നാണ്. എന്തായാലും, അത്തരം ഒരു നടപടി ആപ്പിള്‍ സ്വീകരിച്ചേക്കില്ലെന്നാണ് കരുതുന്നതെന്നും, വില വര്‍ദ്ധനവ് ഐഫോണ്‍ 17 സീരിസിനൊപ്പം ഉണ്ടായേക്കാമെന്നും ആഞ്ചലോ പറയുന്നു. ഈ സമയത്താണ് പൊതുവെ ആപ്പിള്‍ വില വര്‍ദ്ധന നടത്തുന്നത്.
ഇന്ത്യയും വിയറ്റ്‌നാമും തുണയാകുമോ?
ബഹുഭൂരിപക്ഷം ഐഫോണും നിര്‍മ്മിച്ചെടുക്കുന്നത് ചൈനയിലാണ്. അടുത്തിടെയായി കുറച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിയറ്റ്‌നാമിലേക്കും ഇന്ത്യയിലേക്കും മാറ്റിയിട്ടുണ്ട്, റോയിട്ടേഴ്‌സ് പറയുന്നു. ട്രംപ് താരിഫിന് വെളിയിലല്ല ഇരു രാജ്യങ്ങളും. വിയറ്റ്‌നാമിന് 46 ശതമാനം പകരച്ചുങ്കമാണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കില്‍, ഇന്ത്യയ്ക്ക് 36 ശതമാനമാണ്.
എങ്ങനെ വന്നാലും ആപ്പിളിന് വില 30 ശതമാനമെങ്കിലും വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്ന അഭിപ്രായമാണ് കൗണ്ടര്‍പോയിന്റ് റീസേര്‍ച്ചിന്റെ സഹസ്ഥാപകനായ നീല്‍ ഷായ്ക്ക്. വില കുത്തനെ ഉയര്‍ത്തിയാല്‍ അത് ഐഫോണ്‍ വില്‍പ്പന ഇടിയാന്‍ ഇടവരുത്തും.
കൂടാതെ, അത് ആപ്പിളിന്റെ ദക്ഷിണ കൊറിയന്‍ എതിരാളി സാംസങിന്റെ വളര്‍ച്ചയ്ക്കും വഴിവച്ചേക്കാം. കാരണം ദക്ഷിണ കൊറിയയ്ക്ക് ചൈനയെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ ചുങ്കമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലുൾപ്പെടെ നിർമാണം വർദ്ധിപ്പിച്ചാൽ ആപ്പിളിന് നേട്ടമായേക്കാം
ആപ്പിളിന് കനത്ത പ്രഹരം
ട്രംപ് താരിഫ് ആപ്പിളിന് കനത്ത പ്രഹരം തന്നെയാണെന്ന് റോസന്‍ബ്ലാറ്റ് സെക്യുരിറ്റിസ് പറയുന്നു. കമ്പനിക്ക് 40 ബില്ല്യന്‍ ഡോളര്‍ വരെ പ്രതിവര്‍ഷം നഷ്ടമുണ്ടായേക്കാം.
അവസാന പ്രതീക്ഷ ചര്‍ച്ചയില്‍
ഇക്കാര്യത്തില്‍ വൈറ്റ് ഹൗസും, ചൈനയും, ആപ്പിളും തമ്മില്‍ ചര്‍ച്ച നടത്താനുള്ള സാധ്യത ഉണ്ടെന്നും, അതിലാണ് ഇനി പ്രതീക്ഷയെന്നും റോസന്‍ബ്ലാറ്റ് സെക്യുരിറ്റിസ് നിരീക്ഷിക്കുന്നു. അമേരിക്കയുടെ ഒരു അഭിമാന സ്ഥാപനമായ ആപ്പിളിനെ തകർക്കുന്ന ഒരു നടപടി ട്രംപില്‍ നിന്ന് ഉണ്ടാകുമെന്ന് വിശ്വസിക്കാന്‍ പാടാണെന്നും, റോസന്‍ബ്ലാറ്റ് സെക്യുരിറ്റിസ് പറയുന്നു.