രക്തത്തിൽ ഗ്ലൂക്കോസിന്റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. ആയുഷ്ക്കാലം നീണ്ടു നിൽക്കുന്ന ഒരു രോഗമാണ്. ഇതിനെ നിയന്ത്രിച്ചു നിർത്തുവാനല്ലാതെ പൂർണമായും മാറ്റുവാൻ സാധിക്കുകയില്ല. പ്രാരംഭദശയിൽ അധികം ലക്ഷണങ്ങൾ പ്രകടമാകാത്തതിനാൽത്തന്നെ ആദ്യഘട്ടത്തിൽ കണ്ടെത്തുക പ്രയാസമാണ്. ഇതൊരു ജീവിതശൈലീ രോഗമായതിനാൽത്തന്നെ ജീവിതശൈലി ക്രമീകരിക്കുന്നതിലൂടെ രോഗത്തെ നിയന്ത്രിച്ചു നിർത്താൻ സാധിക്കും.
അന്ധത, വൃക്കതകരാറ്, പാദരോഗം, പക്ഷാഘാതം, ഹൃദയാഘാതം, തീവ്ര അണുബാധ തുടങ്ങിയ ഒട്ടേറെ ഗുരുതര രോഗാവസ്ഥകളാണു പ്രമേഹം നിയന്ത്രിച്ചു നിർത്തിയില്ലെങ്കിൽ ഉണ്ടാകുന്നത്. രക്തത്തിലെ ഗ്ലൂക്കോസ് ഭക്ഷണത്തിനു മുൻപ് 100ൽ താഴെയാണു നോർമൽ അളവ്. പ്രമേഹമുള്ളവർക്ക് ഇത് നൂറ്റിയിരുപത്തിയാറോ അതിൽ കൂടുതലോ ആകാം. പ്രീ ഡയബറ്റിസ് അഥവാ പ്രമേഹ സാധ്യതയുള്ളവരിൽ ഇത് 100നും 125നും ഇടയ്ക്കാകും. ഭക്ഷണശേഷമുള്ള നോർമൽ ഗ്ലൂക്കോസ് അളവ് 140ൽ താഴെയാണ്. പ്രമേഹമുള്ളവരിൽ ഇത് ഇരുനൂറോ അതിൽ കൂടുതലോ ആകാം. പ്രീ ഡയബറ്റിസുകാരിൽ 140–199 എന്ന അളവിലും.