മൂന്നാറിന്റെ കാഴ്ച തോൽക്കും; 6 ഡാമുകൾ നിറഞ്ഞ ഹിൽസ്റ്റേഷൻ
Mail This Article
തമിഴ് ഭാഷയില്‍ പച്ച കൊടുമുടികള്‍ എന്ന് വിളിപ്പേരുള്ള മനോഹരമായ ഒരു ഹില്‍സ്റ്റേഷനുണ്ട്. സഞ്ചാരികളുടെ പ്രിയയിടം. കമ്പം-തേനി വരെ പോകുന്ന യാത്രക്കാര്‍ ഒരല്‍പ്പം കൂടി മുന്നോട്ട് പോയാൽ കാത്തിരിക്കുന്നത് അവര്‍ണ്ണനീയമായ കാഴ്ചകള്‍ കൊണ്ട് നിറഞ്ഞ ഒരു മലയോര ഗ്രാമമാണ് മേഘമല. ചെറിയ മലയോര പ്രദേശമാണെന്ന് പറഞ്ഞ് ചെറുതായി കാണേണ്ട, ആറ് ഡാമുകളാണ് ഇവിടെയുള്ളത്.
മേഘങ്ങള്‍ ചുംബിക്കുന്ന മലയിലേക്ക്
കേരളത്തിനോട് ഏറ്റവും അടുത്തായി തമിഴ്നാട്ടിലെ തേനിയില്‍ സ്ഥിതിചെയ്യുന്ന മേഘമലയുടെ വിശേഷങ്ങള്‍ എത്രപറഞ്ഞാലും മതിവരില്ല. മേഘമല പശ്ചിമഘട്ടത്തിലെ പറുദീസയാണ്. സൗന്ദര്യം ആസ്വദിക്കുവാനായി നിരവധിപേരാണ് അവിടേയ്ക്ക് യാത്ര തിരിക്കുന്നത്.
പ്രാദേശിക തമിഴ് ഭാഷയില്‍ 'പച്ച കൊടുമുടികള്‍' എന്നര്‍ഥമുള്ള 'പച്ച കുമാച്ചി' എന്നും മേഘമല അറിയപ്പെടുന്നുണ്ട്. ബ്രിട്ടീഷ് കാലഘട്ടത്തില്‍ ഈ പ്രദേശത്തെ ഹൈ വേവിസ് എന്നാണ് വിളിച്ചിരുന്നത്. സദാസമയവും മേഘത്താല്‍ ആവരണം ചെയ്യപ്പെട്ട കൊടുമുടിയെ പില്ക്കാലത്ത് നാട്ടുകാര്‍ തന്നെയാണ് മേഘമലൈ എന്നുവിളിക്കാന്‍ ആരംഭിച്ചത്.1,500 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ചെറിയ ഹില്‍ സ്റ്റേഷന് ഏലയ്ക്ക,കാപ്പി,തേയിലത്തോട്ടങ്ങളാല്‍ നിറഞ്ഞതാണ്. നല്ല കാലാവസ്ഥയായതിനാല്‍ പ്രകൃതിയോട് ചേര്‍ന്ന് കുറച്ച് സമയം ചെലവഴിക്കാനും പറ്റിയ സ്ഥലമാണിത്.
ഡാമുകളുടെ നാട്
ചെറിയ മലയോര ഗ്രാമമാണ് മേഘമലയെങ്കിലും അവിടെ 6 ഡാമുകളും എണ്ണമറ്റ വെള്ളച്ചാട്ടങ്ങളുമുണ്ട്. മേഘമലൈ ടൈഗര്‍ റിസേര്‍വ്, ഹൈവേവി ഡാം, മേഘമല വ്യൂപോയിന്റ്, മനലാര്‍ ഡാം, സുരുലി വെള്ളച്ചാട്ടം, ഇരവംഗലാര്‍ ഡാം, മഹാരാജ മേട്ടു എന്നിവയെല്ലാം ഇവിടെയെത്തിയാല്‍ ചുറ്റിക്കറങ്ങി ആസ്വദിക്കാം. തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെയുള്ള ഒരു ഡ്രൈവ് ആരെയും ആകർഷിക്കുന്നതാണ്.
ട്രെക്കിങ്,മലകയറ്റം, പക്ഷി നിരീക്ഷണം, വന്യജീവി സങ്കേതത്തിലെ സന്ദര്‍ശനം എന്നിവയെല്ലാം മേഘമലയുടെ കാഴ്ചാലിസ്റ്റില് ഉള്ളതാണ്. തേയില, കോഫി തോട്ടങ്ങളാല്‍ ചുറ്റപ്പെട്ട ഹൈവേവി ഡാം കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊപ്പം സന്ദര്‍ശിക്കാന്‍ പറ്റിയ മനോഹരമായ സ്ഥലമാണ്. ഏകാന്തത ചെലവഴിക്കാന്‍ മേഘമലയിലെ ഏറ്റവും മികച്ച സ്ഥലങ്ങളില്‍ ഒന്നാണ് ഈ ഡാമിന് ചുറ്റുമുള്ള ശാന്തമായ തടാകവും പര്‍വതനിരകളും. മഴക്കാലത്ത്,നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഗംഭീരമായ ജലപ്രവാഹത്തിന് ഇവിടെ സാക്ഷ്യം വഹിക്കാം. കൂടാതെ, ഡാമിലേക്ക് നയിക്കുന്ന റോഡിന്റെ ഇരുകരകളിലുമുള്ള മനോഹരമായ പര്‍വതങ്ങള്‍ ആരുടേയും മനസ്സ് കവര്‍ന്നെടുക്കും.
മേഘമല ടൈഗ്രര് റിസേര്‍വ്
വന്യജീവി സങ്കേതമായിരുന്ന ഇവിടം കഴിഞ്ഞ വര്‍ഷമാണ് ടൈഗര്‍ റിസേര്‍വായി പ്രഖ്യാപിച്ചത്. പെരിയാര്‍ കടുവ സങ്കേതത്തോട് ചേര്‍ന്ന് കിടക്കുന്ന ഇവിടെ വിവിധ തരത്തിലുള്ള വന്യജീവികളുടെ ആവാസകേന്ദ്രമാണ്. മേഘമല വന്യജീവിസങ്കേതവും ശ്രീവില്ലിപുത്തൂര്‍ ചാമ്പല്‍മലയണ്ണാന്‍ സങ്കേതവും സംയോജിപ്പിച്ചതാണ് പുതിയ കടുവാ സങ്കേതം. ഈ മേഖലയില്‍ 14 കടുവകളുടെ സാന്നിധ്യം വനംവകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
മേഘമല വ്യൂ പോയിന്റ്
മേഘമലയിലെത്തിയാല്‍ നിശ്ചയമായും സന്ദര്‍ശിക്കേണ്ട ഏറ്റവും മനോഹരമായ സ്ഥലമാണിത്. കുറച്ച് സാഹസീകത കൂടി ഈ യാത്രയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മേഘമല വ്യൂപോയിന്റിലേയ്ക്ക് പോകാം.ഒരു ചെറിയ ട്രെക്കിംഗിലൂടെയാണ് നമ്മള് ഇവിടെയെത്തുക.ഇവിടെ നിന്നാല്‍ ചുറ്റുമുള്ള തേയിലത്തോട്ടങ്ങളും പച്ചവിരിച്ച കൃഷിയിടങ്ങളും,തടാകങ്ങളും മൂടല്‍മഞ്ഞ് മൂടിയ പര്‍വതങ്ങളും എല്ലാം ഏറ്റവും അവിസ്മരണീയമായി കണ്ടാസ്വദിക്കാം.രാത്രിയില്‍ തണുപ്പിന്റെ കൂട്ടുപിടിച്ച് നല്ലൊരു ക്യാമ്പിംഗിനും തരപ്പെടുത്താം.
ചിന്ന സുരുലി വെള്ളച്ചാട്ടം
മേഘമലയ്ക്കും തേനിക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന മധുരയ്ക്കടുത്തുള്ള മനോഹരമായ വെള്ളച്ചാട്ടങ്ങളിലൊന്നാണിത്.മേഘമലൈ പര്‍വതനിരയുടെ താഴ്വരയില് ഇടതൂര്‍ന്ന വനങ്ങള്‍ക്കിടയിലാണ് ചിന്ന സുരുലി വെള്ളച്ചാട്ടം.ഇത് ക്ലൗഡ് ലാന്‍ഡ് വെള്ളച്ചാട്ടം എന്നും അറിയപ്പെടുന്നു.190 അടി ഉയരത്തില്‍ നിന്ന് താഴേയ്ക്ക് പതിയ്ക്കുന്ന ഈ വെള്ളച്ചാട്ടം രണ്ട് തലങ്ങളുള്ളതാണ്.തിരക്കേറിയ സീസണില്‍, വെള്ളി നിറത്തിലുള്ള മേഘങ്ങള്‍ക്കിടയിലെ അതിമനോഹരമായി കാണുന്ന ഈ വെള്ളച്ചാട്ടം നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
ഏറ്റവും അനുയോജ്യമായ സീസണ്
ഒക്ടോബര്‍ മുതല്‍ മെയ് വരെയുള്ള ശൈത്യകാലവും വേനല്‍ക്കാലവുമാണ് മേഘമല സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. മണ്ണിടിച്ചിലും റോഡ് തടസ്സവും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മഴക്കാലത്ത് ഇവിടം സന്ദര്‍ശിക്കുന്നത് ഒഴിവാക്കുക.
English Summary: Meghamala a Complete Travel Guide