ഗുജറാത്തിന്റെ ടൂറിസം ഭൂപടത്തില്‍ ഇടം നേടിയിട്ടുള്ള രാജ്യാന്തര പട്ടംപറത്തല്‍ ഉത്സവം
Mail This Article
ഗുജറാത്തിന്റെ ടൂറിസം ഭൂപടത്തില്‍ സവിശേഷ ഇടം നേടിയിട്ടുള്ള രാജ്യാന്തര പട്ടംപറത്തല്‍ ഉത്സവം ജനുവരി എട്ടിന് അഹമ്മദാബാദില്‍ ആരംഭിച്ചു. ജനുവരി 14 വരെ കൈറ്റ് ഫെസ്റ്റിവെല്‍ തുടരും. മലേഷ്യ, ആസ്‌ട്രേലിയ, ഇറാഖ്, കാനഡ, ബഹ്‌റിന്‍, ഫ്രാന്‍സ്, ബെല്‍ജിയം, റഷ്യ, ദക്ഷിണാഫ്രിക്ക, ജര്‍മനി, മെക്‌സിക്കോ, ഗ്രീസ്, ഇറ്റലി, ഇസ്രായേല്‍, ഈജിപ്ത്, ന്യൂസീലന്‍ഡ്, കൊളംബിയ, ഡെന്മാര്‍ക്ക്, ഇന്തൊനീഷ്യ എന്നു തുടങ്ങി 65ഓളം രാജ്യങ്ങളില്‍ നിന്നുള്ള 125 വിദേശ പ്രതിനിധികളാണ് ഇക്കുറി ഈ കൈറ്റ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നുണ്ട്. ഇവര്‍ക്ക് പുറമേ സ്വദേശി പട്ടം പറത്തലുകാരും നിരവധിയുണ്ട്.
'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്ന ജി20യുടെ പ്രമേയമാണ് ഈ വര്‍ഷം കൈറ്റ് ഫെസ്റ്റിവെലും സ്വീകരിച്ചിരിക്കുന്നത്. 2022 ഡിസംബര്‍ ഒന്നു മുതല്‍ 2023നവംബര്‍ 30 വരെ 15 തവണ ജി20 യോഗങ്ങള്‍ക്ക് ഗുജറാത്ത് വേദിയാവുന്നുണ്ട്. ഗുജറാത്തില്‍ സോംനാഥ്, വഡോദര, ദോര്‍ദോ, രാജ്‌കോട്ട്, വട്‌നഗര്‍ എന്നിവിടങ്ങളിലും വിപുലമായ തോതില്‍ കൈറ്റ് ഫെസ്റ്റിവല്‍ നടക്കുന്നുണ്ട്. നിരവധി പേരാണ് വിവിധ രൂപങ്ങളിലുള്ള പട്ടങ്ങളെ കാണുന്നതിനും കൈറ്റ് ഫെസ്റ്റിവല്‍ ആസ്വദിക്കുന്നതിനുമായി ഇവിടങ്ങളിലേക്ക് എത്തുന്നത്. ആകാശത്തിലൂടെ വ്യാളിയും പൂവുകളും തീവണ്ടികളുമൊക്കെ പറന്നു നടക്കുന്നത് ആവേശമുണ്ടാക്കുന്ന കാഴ്ചാണ്. അതുപോലെ നിരവധി അപകട സാധ്യതകളും പട്ടം പറത്തുന്നവര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളുമുുണ്ട്. കൈറ്റ് ഫെസ്റ്റിവലില്‍ മാത്രമല്ല എവിടെയാണെങ്കിലും പട്ടം പറത്തുമ്പോള്‍ ചെയ്യരുതാത്തതും ചെയ്യേണ്ടതുമായ കാര്യങ്ങളെന്തൊക്കെയെന്ന് നോക്കാം.
ചെയ്യരുതാത്ത കാര്യങ്ങള്‍
∙ വൈദ്യുതി ലൈനുകള്‍ക്ക് സമീപത്തു കൂടെ പട്ടം പറത്തരുത്. പല വൈദ്യുതി ലൈനുകളിലും വളരെ ഉയര്‍ന്ന അളവില്‍ വൈദ്യുതി പ്രവഹിക്കുന്നുണ്ടാവും. പട്ടത്തിന്റെ നൂലും പട്ടവുമെല്ലാം വൈദ്യുതി കടത്തിവിടുന്ന വസ്തുക്കള്‍കൊണ്ടാണ് നിര്‍മിച്ചിട്ടുള്ളതെങ്കില്‍ വലിയ അപകടം സംഭവിക്കും.
∙ പട്ടം വേഗത്തില്‍ താഴേക്ക് കൊണ്ടുവരാന്‍ ശ്രമിക്കരുത്.
∙മഴയുള്ളപ്പോള്‍ പട്ടം പറത്തരുത്. നനഞ്ഞ നൂല്‍ വേഗത്തില്‍ വൈദ്യുതി കടത്തിവിടും.
∙ വിമാനത്താവളങ്ങള്‍ പോലുള്ള ഇടങ്ങളോട് ചേര്‍ന്ന് പട്ടം പറത്തരുത്.
∙പട്ടത്തില്‍ ബ്ലേഡുകള്‍ പോലുള്ള മൂര്‍ച്ചയേറിയ വസ്തുക്കള്‍ വെക്കരുത്.
∙ പറക്കുന്ന പട്ടത്തിനു നേരെ കല്ലോ മറ്റെന്തെങ്കിലും വസ്തുക്കളോ എറിയാന്‍ പാടില്ല.
ചെയ്യേണ്ട കാര്യങ്ങള്‍
∙മകരസംക്രാന്തി പോലുള്ള ഉത്സവങ്ങളുടെ ഭാഗമായി പക്ഷികള്‍ക്ക് പലയിടങ്ങളിലും ഭക്ഷണം വിതരണം ചെയ്യാറുണ്ട്. ഇത് കഴിക്കാനായി എത്തുമ്പോഴോ അല്ലാത്തപ്പോഴോ പക്ഷികള്‍ക്ക് പട്ടം തട്ടി മുറിവേല്‍ക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ പട്ടം പറത്തുന്നവര്‍ മൃഗഡോക്ടര്‍മാരുടേയും നമ്പറുകളും മറ്റു വിവരങ്ങളും നേരത്തെ എടുത്തിരിക്കണം.
∙ പട്ടം പറത്തുന്നതിന് പ്രാദേശികമായുള്ള നിയന്ത്രണങ്ങളും സുരക്ഷാ നിര്‍ദേശങ്ങളും പാലിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും വേണം.
∙ പട്ടം പറത്തുമ്പോള്‍ കൈകളില്‍ ഗ്ലൗസ് ധരിക്കണം. ഇത് വിരലുകള്‍ മുറിയുന്നത് തടയാന്‍ സഹായിക്കും.
English Summary: International Kite Festival in Gujarat