ഗോവയുടെ സൗന്ദര്യം ആസ്വദിക്കാൻ മഴക്കാലത്ത് ഈ സ്ഥലങ്ങളിലേക്ക് പോകാം
Mail This Article
പെട്ടെന്ന് ഒരു അവധിക്കാല യാത്രയെക്കുറിച്ച് പ്ലാൻ ചെയ്യുമ്പോൾ മനസ്സിലേക്കു വരുന്ന പ്രധാന സ്ഥലങ്ങളിൽ ഒന്നാണ് ഗോവ. ഏത് കാലാവസ്ഥയിലും ധൈര്യമായി പോകാവുന്ന ഒരു ഇടം കൂടിയാണ് ഗോവ. വെള്ളച്ചാട്ടങ്ങളും പച്ചപ്പും ഒക്കെ ഇഷ്ടപ്പെടുന്നവരാണെങ്കിൽ മഴക്കാലമാണ് ഗോവ സന്ദർശിക്കാൻ പറ്റിയ സമയം. ദുത്സാഗർ വെള്ളച്ചാട്ടവും നിറഞ്ഞൊഴുകുന്ന പുഴയിലെ റാഫ്റ്റിംഗും തുടങ്ങി നിരവധി ആക്ടിവിറ്റികളാണ് മഴക്കാലത്ത് സഞ്ചാരികളെ ഗോവയിൽ കാത്തിരിക്കുന്നത്. വർഷം മുഴുവൻ ഗോവയിൽ നല്ല തിരക്ക് ആയിരിക്കും. എന്നാൽ, മറ്റ് സീസണുകളെ അപേക്ഷിച്ച് ജൂലൈ മാസത്തിൽ ഗോവയിൽ തിരക്ക് കുറവ് ആയിരിക്കും. ഹോട്ടലുകളാണെങ്കിൽ പോലും നേരത്തെ ബുക്ക് ചെയ്യേണ്ട കാര്യമില്ല. ആ സമയത്ത് എത്തിയാലും ഹോട്ടലുകൾ ബുക്ക് ചെയ്യാൻ കഴിയും തിരക്ക് കുറവാണെന്നതിനാൽ തന്നെ ഹോട്ടലുകളും കുറഞ്ഞ നിരക്കിൽ ലഭ്യമാകും. മഴക്കാലത്ത് എത്തിയാലും ഗോവയിൽ നിരവധി കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.
ദൂത്‌സാഗർ വെള്ളച്ചാട്ടം
മഴക്കാലമായാൽ ജലസമൃദ്ധിയാൽ നിറഞ്ഞൊഴുകുന്ന ദൂത്‌സാഗർ വെള്ളച്ചാട്ടം ആർക്കും ഇഷ്ടപ്പെടുന്ന ഒന്നാണ്. മണ്ഡോവി നദിയിൽ നിന്നാണ് ഈ വെള്ളച്ചാട്ടം ഉദ്ഭവിക്കുന്നത്. വെള്ളച്ചാട്ടത്തിലേക്ക് എത്താൻ മഹാവിർ വന്യജീവി സങ്കേതത്തിലൂടെ യാത്ര ചെയ്യണം. ഇതിലേ ഒരു റെയിൽവേ ട്രാക്കും ഉണ്ട്. വെള്ളച്ചാട്ടത്തിലേക്ക് നടക്കാൻ താൽപര്യമില്ലെങ്കിൽ ട്രെയിൻ യാത്ര നടത്തിയും ദൂത്‌സാഗർ വെള്ളച്ചാട്ടം കാണാവുന്നതാണ്. ട്രെക്കിങ് വെളളച്ചാട്ടത്തിന്റെ മനോഹരമായ കാഴ്ച സഞ്ചാരികൾക്ക് നൽകും. എന്നാൽ, വെള്ളച്ചാട്ടത്തിന് അടുത്തേക്ക് എത്താൻ അനുവദിക്കില്ല.
സുഗന്ധവ്യഞ്ജന തോട്ടങ്ങൾ
ഉഴിച്ചിലിന്റെ സമയത്ത് രോഗശമനത്തിനു വേണ്ടി സുഗന്ധമുള്ള എണ്ണകളും സസ്യങ്ങളുടെ നീരും പുരട്ടുന്ന ചികിത്സാരീതിയാണ് അരോമതെറാപ്പി. അത്തരമൊരു അരോമ തെറാപ്പി സുഖമാണ് മഴക്കാലത്ത് ഗോവയിലെ സുഗന്ധവ്യഞ്ജന തോട്ടങ്ങൾ സന്ദർശിക്കുമ്പോൾ ലഭിക്കുന്നത്. വ്യത്യസ്ത സുഗന്ധവ്യഞ്ജനങ്ങളുടെ വശ്യമായ സുഗന്ധമാണ് മഴക്കാലത്ത് ഗോവയിലേക്ക് എത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത്. നല്ല ഇളം കാറ്റും സുഗന്ധവ്യഞ്ജനങ്ങളുടെ സുഗന്ധവും മഴ മണ്ണിലേക്കു പെയ്യുമ്പോൾ ഉണ്ടാകുന്ന ഗന്ധവും പ്രകൃതിയെ സ്നേഹിക്കുന്ന ഏതൊരു സഞ്ചാരിയെയും ആകർഷിക്കുന്നതാണ്.
ഗോവയിലെ കോട്ടകൾ സന്ദർശിക്കാം
വേനൽക്കാലത്തും മഞ്ഞുകാലത്തും കാണുന്നതു പോലെയായിരിക്കില്ല മഴക്കാലത്ത് ഗോവയിലെ കോട്ടകൾ. മൺസൂൺ ആരംഭിക്കുന്നതോടെ കോട്ടകൾക്കു ചെറിയൊരു പച്ചപ്പ് വരും. ഫൊട്ടോഗ്രഫി ഇഷ്ടപ്പെടുന്നവർക്കും ആ സമയത്ത് കോട്ട കൂടുതൽ മനോഹരമായി അനുഭവപ്പെടും. അഗ്വാദ കോട്ട സമ്പന്നമായ കൊളോണിയൽ കാലഘട്ടത്തിന്റെ ഒരു സ്മാരകമാണ്. പതിനേഴാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരാണ് ഈ കോട്ട പണി കഴിപ്പിച്ചത്. തീരദേശത്തിന്റെ ഒരു പനോരമിക് കാഴ്ചയാണ് ഇവിടെ നിന്നാൽ സഞ്ചാരികൾക്കു ലഭിക്കുന്നത്. ചപോറ കോട്ടയും സമാനമായ രീതിയിൽ ഗോവൻ കടൽത്തീരത്തിന്റെ വിശാലമായ കാഴ്ച സഞ്ചാരികൾക്കു നൽകുന്നു.
പ്രശസ്തമായ സാവോ ജോവോ ഫെസ്റ്റിവൽ
മഴക്കാലത്ത് ഗോവയിൽ പോയാൽ അടിപൊളിയാക്കാൻ ഒന്നുമില്ലെന്ന് ഓർത്ത് നിരാശരായി ഇരിക്കുകയാണോ. എന്നാൽ ഒന്ന് മാറി ചിന്തിച്ചോളൂ. കാരണം പ്രസിദ്ധമായ സാവോ ജോവോ ഫെസ്റ്റിവൽ ഈ സമയത്താണ്. പ്രത്യേകിച്ച് വടക്കൻ ഗോവയിൽ ബോട്ടുകളിലും മറ്റും വർണാഭമായ അലങ്കാരം ആയിരിക്കും. ഒരു കാർണിവൽ മോഡിലാണ് എല്ലാം. ജോർദാൻ നദിയിൽ യേശുവിനെ സ്നാനം ചെയ്ത സ്നാപക യോഹന്നാന്റെ ഓർമയെ ആദരിക്കുകയാണ് സാവോ ജോവോ ഫെസ്റ്റിവൽ. ജൂൺ 24നാണ് ഇത് ആഘോഷിക്കുന്നത്. വടക്കൻ ഗോവയിലെ ജോൺ ദ ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ കുർബാനയോടു കൂടിയാണ് ആഘോഷങ്ങൾ ആരംഭിക്കുന്നത്.
അതേസമയം, മഴക്കാലത്ത് ഗോവ സന്ദർശിക്കുമ്പോൾ ചില നഷ്ടങ്ങളും സഹിക്കേണ്ടി വരും. ബീച്ചുകളിൽ തയ്യാറാക്കിയിട്ടുള്ള താൽക്കാലിക ഷെഡ്ഡുകൾ ആ സമയത്ത് ഉണ്ടാകില്ല. ശക്തമായ മഴയെ തുടർന്ന് മിക്കതും അടച്ചിട്ടിരിക്കുക ആയിരിക്കും. എന്നാൽ കലാൻഗുട്ടി ബീച്ചിൽ ബീച്ച് ഷെഡ്ഡുകൾ പ്രവർത്തനസജ്ജമായിരിക്കും. മഴക്കാലമായിൽ വാട്ടർ സ്പോർട്സുകൾ നിർത്തിയിരിക്കും. അതുപോലെ തന്നെ ഫ്ലീ മാർക്കറ്റുകളും അടച്ചിട്ടിരിക്കുക ആയിരിക്കും. മഴക്കാലത്ത് ഗോവയിലേക്കു പോകുമ്പോൾ റെയിൻ കോട്ട് എടുക്കാനും ബാഗുകൾക്ക് വാട്ടർപ്രൂഫ് കവർ എടുക്കാനും മറക്കരുത്. മഴക്കാലമായതിനാൽ തന്നെ സ്ട്രീറ്റ് ഫുഡ് ഒഴിവാക്കുന്നതായിരിക്കും നല്ലത്.