ADVERTISEMENT

റോഡ് ട്രിപ്പ് എന്നുപറഞ്ഞാൽ ഒരു വികാരമാണ്. സുഹൃത്തുക്കൾക്കൊപ്പമോ അല്ലെങ്കിൽ കുടുംബത്തിനൊപ്പമോ ഒരു ചെറിയ റോഡ് ട്രിപ്പെങ്കിലും നടത്താത്തവരായി ഉണ്ടാകില്ല. കാറിലോ ബൈക്കിലോ ആകട്ടെ ആ യാത്രകൾ സമ്മാനിക്കുന്നത് അവിശ്വസീയമായ പല അനുഭവങ്ങളുമായിരിക്കും. കേരളത്തിനു പുറത്തേക്കിറങ്ങിയാൽ ഒരു റോഡ് ട്രിപ്പിൽ ഏറ്റവും കൂടുതൽ നമ്മൾ സമയം ചെലവഴിക്കുന്നത് ചിലപ്പോൾ ഹൈവേകളിലായിരിക്കും. നോക്കെത്താ ദൂരത്തോളം നീണ്ടുകിടക്കുന്ന വഴിയിലൂടെ നിർത്താതെ ഓടിച്ചങ്ങനെ പോകുമ്പോൾ ബോറടിക്കും സ്വാഭാവികമാണ്. പക്ഷേ ഇനി പറയാൻ പോകുന്ന ഹൈവേകളിലൂടെയാണ് നിങ്ങളുടെ യാത്രയെങ്കിൽ വേറെ ഡെസ്റ്റിനേഷനുകളൊന്നും തേടിപ്പൊകേണ്ടിവരില്ല, കാരണം ഈ വഴികൾ തന്നെ കാഴ്ചകളുടെ ലോകമാണ്. ഇന്ത്യയിലെ ഏറ്റവും മനോഹരമായ കാഴ്ചകൾ വാഗ്ദാനം ചെയ്യുന്ന ചില ഹൈവേകൾ ഇതാ.. 

Kalpa Roghi Highway (File Photo)

റോഗി കൽപ്പ സംസ്ഥാന പാത 

ഏഷ്യയിലെ ഏറ്റവും അപകടം പിടിച്ചൊരു റോഡ്, സമൃദ്ധമായ ഭൂപ്രകൃതികളിലൂടെയും ആപ്പിൾത്തോട്ടങ്ങളിലൂടെയും ചുറ്റിക്കറങ്ങി ഹിമാലയത്തിന്റെ അതിമനോഹരമായ കാഴ്ചകൾ കണ്ടു പോകാവുന്ന ഒരു റോഡാണ് റോഗി കൽപ്പ സ്റ്റേറ്റ് ഹൈവേ. കൽപയിൽ നിന്നു റോഗിയിലേക്കുള്ള റോഡ് അൽപ്പം അപകടം നിറഞ്ഞതാണ്. കാരണം കൽപയിൽ നിന്നുള്ള വൺവേ റോഡിൽ ഒരു പാറയുണ്ട്, അത് പല വിനോദ സഞ്ചാരികൾക്കും അസാധ്യമാണെന്ന് തോന്നിപ്പിക്കുമെങ്കിലും  ഈ വഴി ഇഷ്ടപ്പെടുന്നവരേറെയാണ്, അവർ ഇവിടെ നിന്ന് കാണാവുന്ന കിന്നൗർ കൈലാഷ് പർവ്വതനിരയുടെ മനോഹരമായ കാഴ്ച ആസ്വദിക്കാൻ മാത്രമാണ് റോഗിയിലേക്ക് ഇറങ്ങുന്നത്. പർവ്വതത്തിന്റെ ചരിവിലാണ് റോഗി ഗ്രാമം. ആപ്പിൾ, ആപ്രിക്കോട്ട്, ചില്ഗോസ മരങ്ങൾ എന്നിവയാൽ മൂടപ്പെട്ടിരിക്കുന്ന ആ ഗ്രാമക്കാഴ്ചയടക്കം അതിമനോഹരമായ അനുഭവമാണ് ഈ വൺവേ പാതയിൽ കാത്തിരിക്കുന്നത്. ഷിംലയിൽ നിന്നു 113 കിലോമീറ്റർ അകലെയാണ് റോഗി. സംസ്ഥാനപാതയാണ് ഇവിടുത്തെ പ്രധാന യാത്രാമാർഗം. 

Hindustan Tibet Highway. Image Credit: AAmit kg/shutterstock
Hindustan Tibet Highway. Image Credit: AAmit kg/shutterstock

ഹിന്ദുസ്ഥാൻ ടിബറ്റ് ഹൈവേ

ഇന്ത്യയേയും ടിബറ്റിനേയും ബന്ധിപ്പിക്കുന്ന, അതിമനോഹരമായ പർവ്വതകാഴ്ചകളും താഴ്​വരകളുംകൊണ്ടു നിറഞ്ഞ മാസ്മരിക പാതയാണിത്. ഏറ്റവും അപകടകരമായ പാതകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഹിന്ദുസ്ഥാൻ-ടിബറ്റ് റോഡ് 1850-ൽ അന്നത്തെ ബ്രിട്ടീഷ് ഇന്ത്യയുടെ ഗവർണർ ജനറലായിരുന്ന ഡൽഹൗസി പ്രഭു, ഇന്ത്യയും ടിബറ്റും തമ്മിൽ വ്യാപാരബന്ധം സൃഷ്ടിക്കുന്നതിനായിട്ടാണ് ഈ റോഡ് നിർമിച്ചത്. അന്നുമുതൽ രണ്ടു രാജ്യങ്ങൾക്കിടയിലെ വ്യാപാരത്തിനും ആശയവിനിമയത്തിനുമുള്ള പ്രധാന പാതയാണ് ഈ റോഡ്. ഹിന്ദുസ്ഥാൻ-ടിബറ്റ് റോഡ് യാത്ര ഷിംലയിൽ നിന്ന് കിന്നൗർ താഴ്‌വരയിലൂടെ ആരംഭിച്ച് നാക്കോ വഴി വളരെ മനോഹരമായ സ്പിതി താഴ്‌വരയിലൂടെ കടന്ന് ഒടുവിൽ ടിബറ്റ് അതിർത്തിയിലെ ഖാബിൽ അവസാനിക്കുന്നു. സ്പിതി താഴ്|വരയിലേക്ക് എത്താനുള്ള വഴികൂടിയാണിത്. 

Haridwar, Badrinath. Image Credit: madhu2824/shutterstock
Haridwar, Badrinath. Image Credit: madhu2824/shutterstock

ഋഷികേശ്-ബദരിനാഥ് സംസ്ഥാന പാത 

പുണ്യനദികളും മഞ്ഞുമൂടിയ മലനിരകളുമുള്ള ഗംഭീരമായ ഗർവാൾ മേഖലയിലൂടെയുള്ള യാത്രയാണിത്. ഋഷികേശും ബദരീനാഥും തമ്മിലുള്ള ദൂരം റോഡ് മാർഗ്ഗം 298 കിലോമീറ്ററാണ്. ഹിമാലയൻ പർവ്വതനിരകളുടേയും അളകനന്ദ നദിയുടേയും അതിശയകരമായ കാഴ്ച്ചകളാണ് റോഡിന്റെ ഇരുവശങ്ങളിലും. ഈ പാത ഗർവാൾ മേഖലയിലെ മനോഹരമായ പട്ടണങ്ങളിലൂടെയും ഗ്രാമങ്ങളിലൂടേയും കടന്നുപോകുന്നു. ദേവപ്രയാഗ്, രുദ്രപ്രയാഗ്, നന്ദപ്രയാഗ് തുടങ്ങിയ പുണ്യനദികളുടെ സാന്നിധ്യത്തിലാണ് ഈ യാത്ര. 

Pollachi and Valparai in Tamil Nadu. Image Credit: pjhpix/shutterstock
Pollachi and Valparai in Tamil Nadu. Image Credit: pjhpix/shutterstock

പൊള്ളാച്ചി-കോയമ്പത്തൂർ ഹൈവേ

തമിഴ്നാട്ടിലെ പച്ചപുതച്ച വയലുകൾക്കും തെങ്ങിൻതോപ്പുകൾക്കും മനോഹരമായ തമിഴ് ഗ്രാമങ്ങൾക്കും ഇടയിലൂടെ ഒരു കിടിലൻ ഡ്രൈവ്. കണ്ണിന് കുളിർമയേകുന്ന അനേകം കാഴ്ചകളിലൂടെയാണ് ഈ ഹൈവേ കടന്നുപോകുന്നത്. നാഷണൽ ഹൈവേ 83 എന്നാണ് ഇത് അറിയപ്പെടുന്നത്. ആളിയാർ ഡാം അടക്കം നിരവധി സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന ഈ ഹൈവേയിലുടെ ഒരിക്കലെങ്കിലും ഒരു ഡ്രൈവ് പോകണം.  ചെറിയ തമിഴ്ഗ്രാമങ്ങളാണ് ഹൈവേയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. അവിടെയൊക്കെ നിർത്തി കുറച്ച് ഗ്രാമീണകാഴ്ചകളും ജീവിതങ്ങളുമെല്ലാം കണ്ട് മെല്ലെ മെല്ലെയൊരു യാത്ര. 

Puri Konark Marine Drive. Image Credit: Sasmita Gupta/shutterstock
Puri Konark Marine Drive. Image Credit: Sasmita Gupta/shutterstock

പുരി-കൊണാർക്ക് ബീച്ച് ഹൈവേ

പുരി കൊണാർക്ക് മറൈൻ ഡ്രൈവ് റോഡ്  പുരിക്കടുത്തുള്ള അതിമനോഹരമായ ബീച്ചുകളിലൂടെ സഞ്ചരിച്ചുകൊണ്ടു പല  ക്ഷേത്രങ്ങളിലൂടെ കടന്നുപോകുന്നു.  പുരിയും കൊണാർക്കുമായി ചേരുന്ന 35 കി.മീ. ഡ്രൈവ്‌ വേയുടെ ഇരുവശങ്ങളിലും മനോഹരമായ തീരദേശ വനങ്ങളാണ്. ഈ മറൈൻ ഡ്രൈവിൽ നിരവധി ബീച്ച് റിസോർട്ടുകളുമുണ്ട്. വഴിയിൽ രാംചാണ്ഡി ക്ഷേത്രം, പഞ്ച് മുഖി ഹനുമാൻ ക്ഷേത്രം, ഗുപ്തേശ്വര് ക്ഷേത്രം എന്നിവിടങ്ങളിൽ വാഹനം നിർത്തി സന്ദർശനം നടത്താം. ഈ ഡ്രൈവിലെ ഏറ്റവും മനോഹരമായ വിനോദസഞ്ചാര കേന്ദ്രം ചന്ദ്രഭാഗ ബീച്ചാണ്, മുൻകൂട്ടി ബുക്ക് ചെയ്താൽ ബോട്ടിങ് സൗകര്യം ലഭിക്കുന്നതാണ്. 

വിജനവീഥി: ലോക്‌ഡൗണിനെത്തുടർന്ന് വിജനമായ കന്യാകുമാരി നാലുവരിപാത
കന്യാകുമാരി നാലുവരിപാത

തിരുനെൽവേലി-കന്യാകുമാരി ഹൈവേ

കന്യാകുമാരി ഹൈവേ എന്നും അറിയപ്പെടുന്ന ഈ ഇത് തമിഴ്നാടിന്റെ ഹൃദയഭൂമിയിൽ നിന്ന് തെക്കേ അറ്റത്തുള്ള കന്യാകുമാരിയെന്ന സ്വർഘഭൂമിയിലേയ്ക്ക് നയിക്കുന്ന സുന്ദരമായൊരു പാതയാണ്. ഈ റോഡിലൂടെ പോകുമ്പോൾ പശ്ചിമഘട്ടം ആസ്വദിച്ചുകൊണ്ട് യാത്ര ചെയ്യാം. പ്രത്യേകിച്ച് കന്യാകുമാരിയോട് അടുക്കുമ്പോൾ ഇരുവശവും പച്ചനിറഞ്ഞ മരങ്ങളാൽ ചുറ്റപ്പെട്ടിരിക്കും. ഇന്ത്യയിലെ ഏറ്റവും മികച്ച റോഡ് റൂട്ടുകളിലൊന്നാണിത്. 

English Summary:

Discover India's most scenic road trips! From the Himalayas to the coast, explore breathtaking highways with stunning views on your next adventure.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com