മഞ്ഞിൽ പൊതിഞ്ഞ് മൂന്നാർ

Mail This Article
വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളിലൊന്നാണ് മൂന്നാർ. എതു കാലാവസ്ഥയിലും മൂന്നാറിലേക്ക് പോകാൻ മിക്കവരും തയാറാണ്. മഞ്ഞും കുളിരും തേയിലത്തോട്ടങ്ങളുടെ സൗന്ദര്യവുമെക്കെയായി ആരെയും വശീകരിക്കുവാനുള്ള കഴിവുണ്ട് മൂന്നാറിന്. മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടളി എന്നീ മൂന്ന് ‘ആറുകൾ’ ചേരുന്ന സ്ഥലം എന്ന വിശേഷണത്തിൽ നിന്നാണ് മൂന്നാർ എന്ന പേരുണ്ടായത്. പള്ളിവാസൽ, ദേവികുളം, മളയൂർ, മാങ്കുളം, കുട്ടമ്പുഴ പഞ്ചായത്തുകൾക്കു നടുവിലാണ് മൂന്നാർ. ടാറ്റയുടെ ഉടമസ്ഥതയിലുള്ള തേയിലത്തോട്ടങ്ങളാണ് മൂന്നാറിന്റെ ഭൂപ്രകൃതിക്ക് അടുക്കും ചിട്ടയുമുണ്ടാക്കിയത്. നയനങ്ങളെ അവിസ്മരണീയമാക്കുന്ന കാഴ്ചകൾക്ക് പോകാം മൂന്നാറിലേക്ക്. തണുപ്പിന്റ ലഹരിയും കാഴ്ചയുടെ കൗതുകവും നിറഞ്ഞ യാത്ര. മൂന്നാറിലിപ്പോൾ കൊടും തണുപ്പാണ്.
കാലം തെറ്റിയ കാലാവസ്ഥയിൽ വൈകിയാണെങ്കിലും മൂന്നാറിൽ പിടിമുറുക്കി അതിശൈത്യം. സാധാരണ നവംബറിൽ കൊടുംതണുപ്പു തുടങ്ങിയിരുന്ന മൂന്നാറിൽ കഴിഞ്ഞ 2 വർഷമായി ജനുവരിയിലാണു താപനില മൈനസിൽ എത്തുന്നത്. ശനി, ഞായർ ദിവസങ്ങളിൽ മൂന്നാറിലും ദേവികുളത്തും മൈനസ് താപനില രേഖപ്പെടുത്തുകയും മഞ്ഞു പെയ്യുകയും ചെയ്തു. തിങ്കളാഴ്ച 2 ഡിഗ്രി ആയിരുന്നു കുറഞ്ഞ താപനില.
മഞ്ഞുവീഴ്ച ശക്തമായതോടെ ഇവിടത്തെ പുൽമേടുകളുടെ പച്ചപ്പു നഷ്ടപ്പെട്ടു. പുലർച്ചെ മഞ്ഞിൽ കുളിക്കുന്ന പുൽമേടുകൾ സൂര്യപ്രകാശത്തിൽ കരിഞ്ഞുണങ്ങുന്നതാണു കാരണം. തേയിലച്ചെടികളെയും മഞ്ഞുവീഴ്ച പ്രതികൂലമായി ബാധിക്കുന്നു. ഒറ്റ ദിവസം കൊണ്ടു തേയിലക്കൊളുന്തു കരിഞ്ഞുണങ്ങും. കുളിര് ആസ്വദിക്കാൻ ഒട്ടേറെ സന്ദർശകരാണ് എത്തുന്നത്. വിദേശികളാണ് ഈ സീസണിൽ കൂടുതൽ.