ADVERTISEMENT

സഞ്ചാരികളെ ആകർഷിക്കുന്ന കാഴ്ചകള്‍ കൊണ്ട് സമ്പന്നമാണ് കേരളത്തിലെ മലപ്പുറം ജില്ല. പൗരാണിക കാഴ്ചകൾ‌ക്കൊപ്പം പ്രകൃതിയുടെ വശ്യസുന്ദരമായ കാഴ്ചകളും സഞ്ചാരിളെ ആകർഷണവലയിത്തിലാക്കും. മലകളും ചെറുകുന്നുകളും നിറഞ്ഞ ഭൂപ്രകൃതിയുള്ള  വടക്കന്‍ കേരളത്തിലെ ഈ ജില്ല കേരളത്തിന്‍െറ സാമൂഹിക, സാംസ്കാരിക,സാമ്പത്തിക മേഖലകള്‍ക്ക് നല്‍കുന്ന സംഭാവന ചെറുതൊന്നുമല്ല. ടൂറിസം രംഗത്തും മലപ്പുറം അതിന്‍േറതായ സംഭാവനകള്‍ നല്‍കുന്നുണ്ട്. മലപ്പുറത്തെ ചില കാഴ്ചകളിലേക്ക് യാത്ര തിരിക്കാം.

 

ചരിത്രത്തില്‍ ഇടംതേടിയിട്ടുള്ള പാലൂർക്കോട്ട വെള്ളച്ചാട്ടം മലപ്പുറം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്.

 

 

കോഴിക്കോട് – പാലക്കാട് പാതയിൽ രാമപുരത്ത് നിന്ന് കടുങ്ങപുരം റോഡിലൂടെ ചെന്നാൽ പുഴക്കാട്ടിരി പാലൂർക്കോട്ട വെള്ളച്ചാട്ടത്തിലെത്താം. 150 അടിയോളം ഉയരത്തിൽ നിന്നാണ് വെള്ളം ചാടുന്നത്. കുളിക്കാനുള്ള സൗകര്യമുണ്ട്. ടിപ്പു സുൽത്താന്റെ പട ഇവിടെ തമ്പടിച്ചിരുന്നതായി കരുതപ്പെടുന്നു.

 

ശ്രദ്ധിക്കുക: ചവിട്ടുവഴികളിൽ തെന്നി വീഴാൻ സാധ്യതയേറെ. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ സഞ്ചാരികൾ എത്തുന്നതിൽ പ്രദേശവാസികൾക്ക് ആശങ്കയുണ്ട്.

 

 

പന്തീരായിരം ഏക്കർ വനം

 

നിലമ്പൂരിൽ നിന്ന് കക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തിലേക്കുള്ള നായാടംപൊയിൽ റോഡ് ഇപ്പോൾ സഞ്ചാരികളുടെ ഇഷ്ടപാതയാണ്. കുറുവൻ പുഴയുടെ തീരംപറ്റി പന്തീരായിരം ഏക്കർ വനത്തിന്റെ ഭംഗി നുകർന്നുള്ള യാത്ര. ചെറുതും വലുതുമായി 14 വെള്ളച്ചാട്ടങ്ങളുണ്ടിവിടെ. പുഴക്കാഴ്ച അതിസുന്ദരവും. ശ്രദ്ധിക്കുക: ശക്തമായ ഒഴുക്കുള്ളതിനാൽ പുഴയിൽ ഇറങ്ങുന്നത് അപകടമാണ്. വിലക്കുണ്ട്.

 

കരിമ്പായിക്കോട്ട

 

സാഹസിക സഞ്ചാരികളുടെ പുതിയ താവളമാണ് കരിമ്പായിക്കോട്ട. നിലമ്പൂർ - നായാടംപൊയിൽ റോഡിൽ ഇടിവണ്ണയിലാണ് ഈ കരിമ്പാറക്കൂട്ടം. സമുദ്ര നിരപ്പിൽ നിന്ന് 1800 അടി ഉയരം. അകമ്പാടം ഇടിവണ്ണ അങ്ങാടിയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് റബർ തോട്ടത്തിലൂടെയാണ് ഇങ്ങോട്ടു പോകുന്നത്.ശ്രദ്ധിക്കുക: പാറ കയറാൻ ചങ്ങലയുണ്ടെങ്കിലും അപകടസാധ്യതയേറെ. മഴ സമയത്ത് വഴുക്കാനും സാധ്യതയുണ്ട്.

 

പൂത്തോട്ടം കടവ്

 

പൂക്കോട്ടുംപാടം ടികെ കോളനിയിൽ നിന്ന് 2 കിലോമീറ്റർ അകലെ. കോട്ടപ്പുഴയിലെ പാറക്കെട്ടുകൾ നിറഞ്ഞ സ്ഥലം. ഒരു വശം വനമാണ്.ശ്രദ്ധിക്കുക: വനംവകുപ്പിന്റെ നിരീക്ഷണമുണ്ട്. പ്രദേശവാസികളുടെ പ്രധാന ശുദ്ധജല സ്രോതസ്സായതിനാൽ വെള്ളം മലിനമാക്കരുത്. ഹരിത നിയമം കർശനമായി പാലിക്കണം.

 

പാറച്ചോല വെള്ളച്ചാട്ടം

 

കോട്ടയ്ക്കൽ വെസ്റ്റ് വില്ലൂരിലാണ് വെള്ളച്ചാട്ടം. നഗരസഭയുടെ കീഴിലുള്ള കുളം നിറഞ്ഞു കവിഞ്ഞ് പത്തടി താഴ്ചയിൽ പാറക്കെട്ടുകളിലേക്ക് വെള്ളം ചാടുന്ന കാഴ്ച സുന്ദരം. പുത്തൂർ - വെസ്റ്റ് വില്ലൂർ റോഡിൽ വട്ടപ്പാറയിൽനിന്നു അരക്കിലോമീറ്ററോളം സഞ്ചരിച്ചാൽ ഇങ്ങോട്ടെത്താം.ശ്രദ്ധിക്കുക: അപകടസാധ്യതയുണ്ട്. സ്വകാര്യ വ്യക്തിയുടെ ഭൂമിയിലൂടെയാണ് വഴി. കോവിഡ് സാഹചര്യത്തിൽ പ്രദേശവാസികളുടെ നിയന്ത്രണവുമുണ്ട്.

 

നാടുകാണി ചുരം

 

നാടുകാണിയിൽ തമിഴ്നാട് അതിർത്തി വരെ പാസില്ലാതെ പോകാം. കോടമഞ്ഞും മഴയും കാനനഭംഗിയും ആസ്വദിക്കാൻ സഞ്ചാരികൾ എത്താറുണ്ട്. ഭാഗ്യമുണ്ടെങ്കിൽ ആനക്കൂട്ടത്തെയും കാണാം. നീലഗിരി ജില്ലയിലെ ഊട്ടിയടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. തമിഴ്നാട് സർക്കാരിന്റെ ഇ–പാസ് മുഖേന ഈ കേന്ദ്രങ്ങളിലേക്കു പോകാം. എന്നാൽ വഴിയിൽ ഇറങ്ങാൻ അനുമതിയില്ല.

 

അയ്യപ്പനോവ്  വെള്ളച്ചാട്ടം

 

ആതവനാട് വെട്ടിച്ചിറ – കാട്ടിലങ്ങാടി റോഡിലാണ് വെള്ളച്ചാട്ടം. മാട്ടുമ്മൽ പാടത്തുനിന്ന് ഒഴുകി വെള്ളം പാറക്കെട്ടുകളിലൂടെ താഴേക്കു പതിക്കുന്ന കാഴ്ച മനം കുളിർപ്പിക്കും. ജൂൺ മുതൽ നവംബർ വരെയാണ് സജീവം. മനോഹരമായ താഴ്‌വരയുടെ കാഴ്ചയും ആകർഷകം.ശ്രദ്ധിക്കുക: വെള്ളച്ചാട്ടം കാണാനെത്തിയ കുട്ടി മുൻപ് പാറക്കല്ല് അടർന്നുവീണ് മരിച്ച സ്ഥലമാണ്. സുരക്ഷയ്ക്കായി കമ്പിവേലി കെട്ടിയിട്ടുണ്ടെങ്കിലും ജാഗ്രത വേണം.

 

ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ തുറന്നവയും ഇനിയും തുറക്കാനുള്ളവയും

 

തുറന്നവ

 

നിലമ്പൂരിൽ നിന്ന് എളഞ്ചീരി റിസർവ് വനത്തിലൂടെ കനോലി തേക്ക് തോട്ടത്തിലേക്കുള്ള ജീപ്പ് സഫാരി.

∙ നിലമ്പൂർ കനോലി പ്ലോട്ട് (ജീപ്പ് സഫാരി) ∙ കക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടം

 

തുറക്കാത്തവ

 

∙ കരിമ്പുഴ വന്യജീവി സങ്കേതം  ∙ നിലമ്പൂർ തേക്ക് മ്യൂസിയം ∙ കൊടികുത്തിമല ഇക്കോ ടൂറിസം പദ്ധതി ∙ കരുവാരകുണ്ട് കേരളാംകുണ്ട് വെള്ളച്ചാട്ടം∙ ചേറൂമ്പ് ഇക്കോ ടൂറിസം വില്ലേജ് ∙ ആഢ്യൻപാറ ഇക്കോ ടൂറിസം കേന്ദ്രം ∙ ആഢ്യൻപാറ ക്രീം കാസ്കേഡ് ഹൈഡൽ ടൂറിസം പദ്ധതി ∙ നിളയോരം പാർക്ക്, കുറ്റിപ്പുറം ∙ മിനി പമ്പ പൈതൃക ടൂറിസം പദ്ധതി ∙ കോട്ടക്കുന്ന് ഇക്കോ ടൂറിസം പദ്ധതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com