വനിത കെട്ടിയാടുന്ന തെയ്യം കാണണോ? പോരൂ ഇവിടേക്ക്

Mail This Article
തെയ്യം പ്രേമികൾക്ക് ഒരു അപൂർവ അവസരം. ദേവക്കൂത്ത് എന്ന വനിതാ തെയ്യത്തിന്റെ ചുവടുകൾ കാണാൻ കണ്ണൂർ തെക്കുമ്പാട് ദ്വീപിലെ ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിലാണ് എത്തേണ്ടത്. ഇൗ ബുധനാഴ്ച (ഡിസംബർ 21) ന് ദേവകന്യകയും നാരദനും ദ്വീപിലിറങ്ങും. ഏറെ പ്രത്യേകതകളുണ്ട് ദേവക്കൂത്ത് എന്ന വനിതാ തെയ്യത്തിന്. രസകരമാണ് ദേവക്കൂത്തിന്റെ കഥയും.

മറ്റുതെയ്യങ്ങളെപ്പോലെ ദൈവം മണ്ണിലിറങ്ങുന്നതിന്റെ ആവിഷ്കാരമല്ല ദേവക്കൂത്ത്. ഇതൊരു പുതുമയുള്ള കഥയാണ്. പണ്ടൊരിക്കൽ കുറേ ദേവകന്യകമാർ തെക്കുമ്പാട് ദ്വീപ് കാണാനെത്തി. അന്നു പൂക്കളായ പുക്കളൊക്കെ വിരിഞ്ഞുനിന്നിരുന്ന ഒരു മനോഹരമായ സ്ഥലമായിരുന്നു തെക്കുമ്പാട്.പൂക്കൾ പറിച്ചും ആസ്വദിച്ചും നടക്കുന്ന ദേവാംഗനമാരെയാണ് ചെണ്ടയുടെ താളത്തിനൊത്തു ചുവടുവച്ച് പാട്ടുപാടുന്ന ദേവക്കൂത്തിൽ ആദ്യം കാണുക. അതീവ ഹൃദ്യമാണ് ദേവക്കൂത്തിന്റെ പാട്ട്. വനിതകൾ തന്നെയാണ് ഈ സുന്ദരഗാനത്തിനു പിന്നിൽ… തെക്കുമ്പാട് ക്ഷേത്രമുറ്റത്തേക്ക് ചെണ്ടവാദ്യത്തിന്റെ അകമ്പടിയോടെ എത്തുന്ന വള്ളിയമ്മ തോഴിമാരോടൊത്ത് പൂപറിക്കുന്നതിന്റെ ദൃശ്യാവിഷ്കാരമാണ് ആദ്യം.
വരികൾ ശ്രദ്ധിക്കുക…
പിച്ചകമലയോ തോട്ടത്തിലെല്ലാം… പിച്ചക മലയോ കൊയ്യാമോ തോഴി… ഇങ്ങനെ ഓരോ പൂക്കളുടെയും കഥ പറഞ്ഞും കാഴ്ച കണ്ടും മുന്നേറുന്നതിനിടയിൽ വള്ളിയമ്മ എന്ന ദേവകന്യക ഭൂമിയിൽ ഒറ്റപ്പെടും. വൈകുന്നേരം തിരിച്ചുപോകുമ്പോൾ ഉടുക്കാൻ പുതുവസ്ത്രം ഉണ്ടാകില്ല വള്ളിയമ്മയ്ക്ക്. വള്ളിയമ്മ ദേവർഷിയായ നാരദനെ വിളിച്ചു പ്രാർഥിക്കും. നാരദൻ പുതുവസ്ത്രവുമായി ഭൂമിയിലേക്കിറങ്ങിവന്ന്, അതായത് തെക്കുമ്പാട്ടെ ദീപിലേക്ക് ഇറങ്ങിവന്ന് വള്ളിയമ്മയെ ദേവലോകത്തേക്കു കൊണ്ടുപോകും എന്നാണു ഐതിഹ്യം. രൗദ്രതയല്ല ദേവക്കൂത്തിന്റെ അടിസ്ഥാനഭാവം.

വള്ളിയമ്മയായി തെക്കുമ്പാട്ടെ മുതിർന്ന സ്ത്രീ കെട്ടിയാടും. മറ്റു വനിതകൾ പാടുമ്പോൾ തെയ്യവും കൂടെപ്പാടും. മറ്റു തെയ്യങ്ങളിൽനിന്നു വ്യത്യസ്തമായ ദൃശ്യാനുഭവമാണ് ദേവക്കൂത്തിൽ. ദേവനോ ദേവിയോ അല്ല വള്ളിയമ്മ, മറിച്ച് ദേവകന്യക യാണ്. മറ്റു തെയ്യങ്ങളെപ്പോലെ ഭക്തർക്ക് അനുഗ്രഹം നൽകാറില്ല ദേവക്കൂത്തിൽ. നാൽപ്പത്തൊന്നു ദിവസം വ്രതം നോറ്റാണ് ആടുക.

തെയ്യത്തിന്റെ തലേദിവസം ദ്വീപിലെ അമ്പലമുറ്റത്തെത്തിയാൽ കൗതുകകരമായ ആചാരങ്ങൾ കാണാം. അതിലൊന്നാണ് മീനമൃത്.ദ്വീപിന്റെ ചുറ്റുവട്ടത്തുനിന്നും പിടിച്ച 64 മീനുകളെ ആളും ആരവവുമായി അമ്പലമുറ്റത്തെത്തിക്കും. എന്നിട്ട് അവ കോർത്തിടും. ശേഷം പല തറവാട്ടുകാർക്കായി അവ വീതിച്ചുനൽകും. രാത്രിയും പകലുംക്ഷേത്രമുറ്റത്തെത്തുന്നവരെ രസിപ്പിക്കാൻ കമുകിൻ പാള കൊണ്ടുള്ള മുഖം മൂടിയിട്ട കാവൽക്കാരുണ്ടാകും.
തെയ്യം തീരുവോളം കാണികളുമായി കളിച്ചും ചിരിച്ചും നടക്കും ഇവർ…
ഓലമെടഞ്ഞുണ്ടാക്കിയ ചെറു പുരകളിലാണ് തെയ്യത്തെ ഒരുക്കുക. പ്രായം ചെന്ന സ്ത്രീയാണ് ദേവക്കൂത്തിൽ ദേവകന്യകയായി ആടുക. പ്രകൃതിദത്തമായ ചായക്കൂട്ടുകളാണ് ചമയത്തിനുപയോഗിക്കുന്നത്. നാരദനെ മറ്റൊരു പുരയിൽ അണിയിച്ചൊരുക്കും…അതിസൂക്ഷ്മമായിട്ടാണ്ഓരോ വരയും…. കറുപ്പുപൂശിയ കണ്ണുകളും ചെഞ്ചായമുഖവും ഉണ്ടെങ്കിലുംദേവകന്യകയുടെ മുഖത്തിന് ലാസ്യഭാവമാണു കൂടുതൽ…

പകലാണു ദേവക്കൂത്തു നടക്കുക. അതിനു മുൻപായി ബിന്ദൂർ ഭൂതത്തെ ദഹിപ്പിക്കൽ ചടങ്ങുനടക്കും. വൈക്കോൽ കൊണ്ടുള്ള രൂപമാണു ബിന്ദൂർ ഭൂതം. കാവൽക്കാർ ബിന്ദൂർ ഭൂതത്തെ കൊണ്ടുവന്നു തീയിടും.ഇതു വിളവെടുപ്പിന്റെയും നമ്മുടെ പഴയ കാല ജീവിതരീതിയുടെയും ആവിഷ്കാരമാണ്. പാടങ്ങളിലെ നടീലും കൊയ്ത്തും ജീവിതരീതിയുമൊക്കെ കാവൽക്കാർഅഭിനയിച്ചു കാണിക്കും. രണ്ടുവർഷം കൂടുമ്പോഴാണ് ദേവക്കൂത്ത് അരങ്ങേറുക. അത്യപൂർവമായ തെയ്യം കാണാനായിവിദേശികൾ വരെ എത്താറുണ്ട്. വൈവിധ്യങ്ങൾ നിറഞ്ഞ ഐതിഹ്യങ്ങളുടെയും കൗതുകകരമായ കഥകളുടെയും ലോകം കാണികൾക്കു നൽകിയാണ് ദേവക്കൂത്ത് അവസാനിക്കുന്നത്. അക്കഥ അനുഭവിക്കാൻ തെക്കുമ്പാട്ടേക്കെത്താം.
റൂട്ട്
കണ്ണൂർ-പാപ്പിനിശ്ശേരി- തെക്കുമ്പാട്- 19 കിമീ. കണ്ണൂരിൽ താമസിച്ച് തെക്കുമ്പാട് പോയി വരുകയാണുചിതം.
English Summary: Devakooth Theyyam-The Only Woman Theyyam in Kerala