കുട്ടനാട്ടുകാരനായിപ്പോയില്ലേ സർ, വള്ളംകളിവന്നാൽ എങ്ങനെ വീട്ടിലിരിക്കും ; യുബിസി കൈനകിരിയുടെ ആരാധകൻ ബില്ലി

Mail This Article
ജലോത്സവം എന്നതു കുട്ടനാട്ടുകാരുടെ ഒരു വികാരമാണ്.ദൂരെ ദേശങ്ങളിൽ ജോലി ചെയ്യുന്നവർ വരെ നാട്ടിൽ എത്തുന്ന സമയം. തിങ്കളാഴ്ച നടന്ന ചമ്പക്കുളം മൂലം വള്ളംകളി കാണാനും പങ്കെടുക്കാനും പെരുമഴയിലും ആവേശം ചോരാതെ കാണികൾ അണിനിരന്നു. പ്രഛന്ന വേഷത്തിലുൾപ്പെടെ വള്ളംകളി പ്രേമികൾ ബോട്ടുകളിലും ചെറുവള്ളങ്ങളിലും സഞ്ചരിച്ചതു കൗതുകമുണർത്തി. ജലോത്സവം കാണാൻ വള്ളം തുഴഞ്ഞ് എത്തിയ കൈനകരിക്കാരൻ ജോപ്പൻ ചെമ്മങ്ങാടിന്റെ ഒപ്പം എത്തിയ ബില്ലിയെന്ന വളർത്തു നായയുടെ കാഴ്ച സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ആർമി ജാക്കറ്റ് അണിഞ്ഞു അതിന്റെ മുകളിൽ റെയിൻകോട്ടും ഇട്ട്, തല ഉയർത്തി പിടിച്ചുള്ള അവന്റെ നോട്ടം ആരുടെയും ഹൃദയം കവരും. ‘കുട്ടനാട്ടുകാരനായിപ്പോയില്ലേ സർ... വള്ളംകളിവന്നാൽ എങ്ങനെ വീട്ടിലിരിക്കും’ എന്ന കുറിപ്പോടെ പ്രചരിച്ച ബില്ലിയുടെ ചിത്രം ജലോത്സവ പ്രേമികൾ നെഞ്ചിലേറ്റി. ലാബ് ഇനത്തിൽ പെട്ട നായ്ക്കുട്ടിയാണു ബില്ലി.

ശരിക്കും ബില്ലിയൊരു വള്ളം കളി പ്രേമിയാണോ? ജോപ്പൻ ചേട്ടന്റെ രണ്ടു മക്കളും ജോലിക്കായി പോയപ്പോൾ വീട്ടിൽ ഒരു അനക്കവുമില്ലെന്നുള്ള സങ്കടം കേട്ട് മകൻ ജോമോനാണു 2018 ൽ ബില്ലിയെ വീട്ടിൽ എത്തിച്ചത്. ആർമിയിലെ ജോലിസ്ഥലത്തു കൂട്ടുകൂടിയ ബില്ലി പൂച്ചയുടെ ഓർമയ്ക്കായിട്ടാണ് ഇവനു ബില്ലിയെന്നു പേരിട്ടത്. വീട്ടുകാരോടൊപ്പം വെള്ളത്തിൽ ചാടാനും ഇവൻ മുൻപിലാണ്. വള്ളംകളിയിൽ യുബിസി കൈനകിരിയുടെ ആരാധകനാണു ബില്ലി. വീട്ടിലെ ഒരു അംഗത്തെപോലെ തന്നെ, ജോപ്പൻ ചേട്ടനോടും വീട്ടിൽ ആരൊടെങ്കിലും ആരെങ്കിലും വഴക്കിനു വന്നാൽ മാത്രം ബില്ലി ഒച്ച ഉയർത്തും. അല്ലെങ്കിൽ ഒരു പാവം. ജോപ്പൻ ചേട്ടനും മക്കളുടെയും ഒപ്പം വെള്ളത്തിൽ ചാടാനാണ് ഏറ്റവും ഇഷ്ടം, വെള്ളത്തിൽ നിന്നും കയറാൻ അൽപം മടിയാണ്. വീട്ടുകാർ പോകുന്ന എല്ലാ യാത്രകളിലും ബില്ലിയേയും കൂട്ടാറുണ്ട്.ഇപ്പോൾ കൂടുതൽ കരുതൽ കൊടുക്കുന്നതു ജോമോന്റെയും റീനുവിന്റെയും മകനായ എഡ്രിയൽ എന്ന ലൂക്കാച്ചനെ നോക്കുന്നതിലാണ്.

6 ചുണ്ടൻവള്ളങ്ങൾ മത്സരിച്ചതിൽ നിന്നാണു നടുഭാഗം ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ രാജപ്രമുഖൻ ട്രോഫി നേടിയത്. തലവടി ബോട്ട് ക്ലബ് തുഴഞ്ഞ ചെറുതന ചുണ്ടൻ രണ്ടാം സ്ഥാനം നേടി. ഈ വർഷം പുതുതായി രൂപീകരിച്ച തലവടി ബോട്ട് ക്ലബ് തങ്ങളുടെ ആദ്യ മത്സരത്തിൽ തന്നെ രണ്ടാം സ്ഥാനം നേടി കരുത്തറിയിക്കുകയായിരുന്നു. പ്രമുഖ ക്ലബ്ബുകളെ അട്ടിമറിച്ചാണു നേട്ടം. വലിയദിവാൻജി ബോട്ട് ക്ലബ്ബിനായി, പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ ആയാപറമ്പ് വലിയദിവാൻജി മൂന്നാം സ്ഥാനം നേടി.