അയോധ്യയിലെ, മെഴുകില്‍ തീര്‍ത്ത രാമായണ മ്യൂസിയം; പിന്നിൽ മലയാളി

Mail This Article
പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൂപ്പര്‍സ്റ്റാർ മോഹന്‍ലാലും രജനീകാന്തും വിരാട് കോലിയും, എന്തിന് അങ്ങ് ഹോളിവുഡില്‍നിന്നു പറന്നെത്തിയ പ്രശസ്ത നടി ആന്‍ ഹാത്തവേ വരെ തല കുനിച്ചിട്ടുണ്ട് ഈ മലയാളിക്കു മുന്‍പില്‍! ജീവന്‍ തുടിക്കുന്ന മെഴുകുപ്രതിമകള്‍ നിര്‍മിച്ച്, ഇന്ത്യയിലുട നീളം വാക്സ് മ്യൂസിയങ്ങള്‍ സ്ഥാപിച്ച കായംകുളത്തുകാരനായ സുനില്‍ കാണ്ടല്ലൂര്‍ എന്ന ശില്‍പി ഈയിടെയായി അല്‍പമേറെ തിരക്കിലാണ്. അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠ വാർത്തയാകുമ്പോൾ, സുനിലിന്‍റെ പേരും അതിനൊപ്പമുണ്ട്. രണ്ടര ഏക്കറില്‍ അയോധ്യയില്‍ ഒരുങ്ങുന്ന രാമായണ വാക്സ് മ്യൂസിയം ഒരുക്കുന്നത് സുനിലാണ്. കാല്‍നൂറ്റാണ്ടു കാലമായി, ആവേശമൊട്ടും ചോര്‍ന്നുപോകാതെ, മെഴുകുപ്രതിമകളുടെ അദ്ഭുതലോകത്തേക്കു കാഴ്ചക്കാരെ കൈപിടിച്ചു കൊണ്ടുപോകാന്‍ സുനില്‍ നടത്തുന്ന നിരന്തര പഠനങ്ങളും ഗവേഷണങ്ങളും പ്രചോദനപരമാണ്. മനോരമ ഓൺലൈനുമായി സുനില്‍ നടത്തിയ സംഭാഷണത്തിലേക്ക്...
കാള്‍ ലൂയിസിന്‍റെ പ്രതിമയും എട്ടുവര്‍ഷത്തെ ഉറക്കമില്ലാത്ത രാത്രികളും
ഇന്ത്യയിലെ ആദ്യത്തെ വാക്സ് മ്യൂസിയം സ്ഥാപിച്ചത് ഞാനാണ്. കന്യാകുമാരിയിൽ. പതിനെട്ടു വര്‍ഷമായി കന്യാകുമാരിയിലും പതിനഞ്ചു വര്‍ഷമായി മുംബൈയിലും വാക്സ് മ്യൂസിയം നടത്തി വരുന്നു.
ലോകത്തെവിടെയും ഒരു സ്ഥാപനത്തിലും സിലബസിന്‍റെ ഭാഗമായി വാക്സ് മ്യൂസിയം പഠിപ്പിക്കുന്നില്ല. ചെറുതിലേ വരയ്ക്കുമായിരുന്നു. പാരമ്പര്യമായിത്തന്നെ പപ്പയ്ക്കും മമ്മിക്കുമെല്ലാം വരയ്ക്കാനുള്ള കഴിവുണ്ടായിരുന്നു. കുടുംബത്തിലെ ആദ്യത്തെ പ്രഫഷനല്‍ ആര്‍ട്ടിസ്റ്റ് ഞാന്‍ ആണെന്നേ ഉള്ളൂ. എനിക്ക് ഫൈന്‍ ആര്‍ട്സില്‍ ഡിപ്ലോമ ഉണ്ട്. അതിനു ശേഷം ബെംഗളൂരുവില്‍ ഒരു അഡ്വര്‍ടൈസിങ് ഏജന്‍സിയില്‍ വര്‍ക്ക് ചെയ്യുകയായിരുന്നു. ആ ജോലി വിട്ട് നാട്ടില്‍ വന്ന സമയത്ത് എനിക്ക് ലണ്ടനില്‍ നിന്നുള്ള ഒരു മാഗസിന്‍ കിട്ടി. അതിന്‍റെ അവസാനപേജില്‍ അമേരിക്കന്‍ കായികതാരമായ കാൾ ലൂയിസിന്‍റെ ഒരു മെഴുകുപ്രതിമയുടെ ചിത്രമുണ്ടായിരുന്നു.

അതിനടിയില്‍ പ്രതിമയുടെ നിർമാണത്തെക്കുറിച്ച് എഴുതിയത് എനിക്ക് വളരെ കൗതുകമുണ്ടാക്കി. അദ്ദേഹത്തിന്‍റെ ശരീരത്തിന്‍റെ അളവുകള്‍ എടുത്ത്, കൃത്യമായി അതേ അളവിലാണ് പ്രതിമ നിര്‍മിച്ചിട്ടുള്ളത്. മാത്രമല്ല, അതില്‍ ഉപയോഗിച്ച മുടി ഒറിജിനല്‍ ആണ്! അദ്ദേഹത്തിന്‍റെ സ്വന്തം വസ്ത്രങ്ങളാണ് പ്രതിമയെ അണിയിച്ചത്. കണ്ണില്‍ വെറ്റ് ഇഫക്റ്റ് ഉപയോഗിച്ചിട്ടുണ്ട്. ആ പ്രതിമ എന്‍റെ മനസ്സിലേക്കു കയറി. പിന്നീട് അങ്ങോട്ട് എനിക്ക് ഉറക്കമില്ലാത്ത രാത്രികളായിരുന്നു. അന്നൊക്കെ ഇത്തരം പ്രതിമകള്‍ കാണണമെങ്കില്‍ ലണ്ടനില്‍ പോകണം. ഇന്നത്തെപ്പോലെയല്ലല്ലോ, അന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.

പിന്നീട് ഞാന്‍ മനുഷ്യന്‍റെ അനാട്ടമി സ്വന്തമായി പഠിക്കാന്‍ തീരുമാനിച്ചു. എന്നെത്തന്നെ പഠിക്കാന്‍ ആരംഭിച്ചു. എന്‍റെ കണ്ണ് എങ്ങനെ, മുടി എങ്ങനെ എന്നൊക്കെ പഠിക്കാനും അത് പ്രതിമയാക്കി മാറ്റാനുമുള്ള ടെക്നിക്കുകളെക്കുറിച്ച് എട്ടു വര്‍ഷത്തോളം ഗവേഷണമായിരുന്നു.

ഗുരുവായൂരിലെ ആ കൃഷ്ണപ്രതിമയുടെ കഥ
എട്ടു വര്‍ഷം നീണ്ട ഗവേഷണത്തിന് ശേഷം, ഞാന്‍ ആദ്യത്തെ പ്രതിമ ഉണ്ടാക്കി. അതൊരു കൃഷ്ണപ്രതിമയായിരുന്നു. ഗുരുവായൂര്‍ അമ്പലത്തില്‍നിന്നു കിട്ടിയ ഒരു പോസ്റ്ററിലെ കൃഷ്ണനെ മോഡലാക്കിയാണ് ആ പ്രതിമ ഉണ്ടാക്കിയത്. മനോഹരമായ കണ്ണുകള്‍ ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ഒരു പ്രതിമയുടെ സൗന്ദര്യം പകുതിയും കണ്ണുകളിലാണ്. സ്ത്രീകളെപ്പോലെ മനോഹരമായ കണ്ണുകള്‍ ആയിരുന്നു ആ പ്രതിമയ്ക്ക് വേണ്ടത്.
പക്ഷേ സ്ത്രീപ്രതിമകള്‍ നിര്‍മ്മിക്കുന്നത് അത്ര എളുപ്പമല്ല. വളരെ സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയാണ് അത്. ഇപ്പോഴും അത്തരം ഒരു പ്രതിമ പൂര്‍ത്തിയാക്കാന്‍ ഒരു മാസത്തോളം സമയമെടുക്കും. ആ പ്രതിമ ഇന്നും ഗുരുവായൂരിലെ ഗണപതി ക്ഷേത്രത്തോട് ചേര്‍ന്നുള്ള മ്യൂസിയത്തില്‍ ഉണ്ട്.
അയോധ്യയിലെ മ്യൂസിയം ഒരു മലയാളിയുടെ കൈകളില്‍ എത്തിയ വഴി
ഈയൊരു മേഖലയില്‍ വളരെ പാഷനേറ്റായി ജോലി ചെയ്യുന്ന ആളാണ് ഞാന്‍. മെഴുകുപ്രതിമ നിര്‍മിക്കാന്‍ ലോകത്തെവിടെ അവസരം കിട്ടിയാലും അത് ചെയ്യണം എന്നാണ് എന്‍റെ ചിന്ത. അയോധ്യ ശരിക്കും എന്‍റെ രണ്ടാമത്തെ പ്രോജക്റ്റ് ആണ്. ഏകതാ പ്രതിമയ്ക്കരികില്‍ രണ്ടര എക്കറിന്‍റെ വാക്സ് മ്യൂസിയം നിര്‍മിക്കാനുള്ള ഒരു പ്രോജക്റ്റ് മുന്നേ കിട്ടിയിരുന്നു. ലോക്ഡൗൺ ആയതോടെ ആ പ്രോജക്റ്റ് കുറച്ചു വൈകി. ഇതിനു ശേഷം അത് വീണ്ടും തുടങ്ങും.
അയോധ്യയില്‍ രാമായണ വാക്സ് മ്യൂസിയം ചെയ്യാനായി യുപി സർക്കാർ ടെൻഡർ വിളിച്ചിരുന്നു. അതിനു ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകാരണം, അവര്‍ രണ്ടാമതും ടെൻഡർ വിളിച്ചു. അതിലും ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെയാണ് എനിക്ക് ഈ വര്‍ക്ക് കിട്ടിയത്.

പ്രതിമ നിര്‍മാണത്തിലെ തൊഴിലവസരങ്ങള്‍
എന്‍റെ കൂടെ ജോലി ചെയ്യാന്‍ കുറെയേറെ പേരുണ്ട്. തിരുവനന്തപുരം, ഗോവ, പുണെ എന്നിവിടങ്ങളിലായി എന്‍റെ കൂടെ ഇപ്പോള്‍ നാല്‍പത്തഞ്ച് പേരോളം ജോലി ചെയ്യുന്നുണ്ട്. അയോധ്യ കൂടി കൂട്ടുമ്പോള്‍ ഇത് മൊത്തം നൂറു പേരോളം വരും. ഇരുപത്തി അയ്യായിരം മുതല്‍ മുകളിലേക്കാണ് ഇവര്‍ക്ക് സാലറി കൊടുക്കുന്നത്. ഇത്രയും പേര്‍ക്ക് തൊഴില്‍ നൽകാന്‍ സാധിച്ചത് വലിയ ഭാഗ്യമായി ഞാന്‍ കാണുന്നു.
അയോധ്യയില്‍ ഒരുങ്ങുന്നത് ലോകനിലവാരമുള്ള സൗകര്യങ്ങള്‍
പൊതു– സ്വകാര്യ പങ്കാളിത്തത്തിലാണ് അയോധ്യ മ്യൂസിയം. വാക്സ് മ്യൂസിയത്തില്‍ മാത്രം നിലവില്‍ ഇരുപത്തഞ്ചു പേരോളം ജോലി ചെയ്യുന്നുണ്ട്. മ്യൂസിയത്തിന്‍റെ പണി തീരുമ്പോള്‍, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതോടൊപ്പം സന്ദര്‍ശകര്‍ക്ക് ലോകോത്തര നിലവാരമുള്ള സൗകര്യങ്ങളും ഇവിടെ ഉണ്ടാകും. എയര്‍പോര്‍ട്ടിലേതു പോലെയുള്ള ടോയ്ലറ്റ് സൗകര്യങ്ങളും സ്റ്റാന്‍ഡേഡ് റസ്റ്ററന്റുകളും കുട്ടികള്‍ക്കായി പ്രത്യേക പ്ലേ ഏരിയയും പാര്‍ക്കിങ്ങും സന്ദര്‍ശകര്‍ക്കു താമസ സൗകര്യവുമെല്ലാം ഇവിടെ ഉണ്ടാകും.
ടെൻഡര്‍ കിട്ടിയിട്ട് നാലുമാസമായി. മൂന്നു മാസമായി പണി തുടങ്ങിയിട്ട്. ഫൗണ്ടേഷന്‍റെ പണികള്‍ ഏകദേശം തീര്‍ന്നു. ഏപ്രിലോടെ പണി പൂര്‍ത്തിയാക്കാനാണ് പ്ലാന്‍ ചെയ്യുന്നത്. പണി പൂര്‍ത്തിയാകുമ്പോള്‍, സന്ദര്‍ശകര്‍ക്ക് ഏതാണ്ട് ഒരു മണിക്കൂര്‍ നടന്നു കാണാനുള്ള കാഴ്ചകള്‍ മ്യൂസിയത്തില്‍ ഉണ്ടാകും. വനവാസം, സീതാസ്വയംവരം, അശോകവനത്തിലെ ഹനുമാന്‍റെ സന്ദര്‍ശനം, ജടായുവുമായുള്ള യുദ്ധം, സീതാപഹരണം, ലങ്കാദഹനം തുടങ്ങി രാമായണത്തിലെ വളരെ പ്രധാനപ്പെട്ട നാല്‍പതോളം രംഗങ്ങളും നൂറോളം പ്രതിമകളും ഇവിടെ ഉണ്ടാകും.
മറ്റു മ്യൂസിയങ്ങളിലേക്ക് യാത്രയില്ല
മറ്റു വാക്സ് മ്യൂസിയങ്ങള്‍ സന്ദര്‍ശിക്കില്ല എന്ന തീരുമാനം മുന്‍പേ എടുത്തിരുന്നു. എന്‍റെ സ്റ്റൈല്‍ എന്റേത് മാത്രമാണ്. അവരുടെ രീതികളും മറ്റും കോപ്പിയടിച്ചാണ് ഞാന്‍ ഇത് ചെയ്യുന്നതെന്ന് എനിക്കു പിന്നീട് തോന്നാന്‍ പാടില്ല. പക്ഷേ, സിംഗപ്പൂരിലെ ഹോങ്കോങ് മ്യൂസിയം ഞാന്‍ അടുത്തകാലത്തു പോയി കണ്ടിരുന്നു. എന്‍റെ മ്യൂസിയങ്ങളില്‍ എത്തിയ കുറെയധികം സന്ദര്‍ശകര്‍, ആ മ്യൂസിയത്തെക്കാള്‍ മികച്ചതാണ് ഇവിടെയുള്ളത് എന്ന് പറയുന്നതു കേട്ടിട്ട് പോയതാണ്.
വാക്സ് പ്രതിമകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കള്‍
ഫൈബര്‍ ഗ്ലാസ് വാക്സ്, സിലിക്കണ്‍ എന്നിവയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ബോഡി ഉണ്ടാക്കാനും മെഴുകിന് ശക്തി കൊടുക്കാനുമാണ് ഫൈബര്‍ ഗ്ലാസ് ഉപയോഗിക്കുന്നത്. നേരത്തേ ജർമനി, ചൈന എന്നിവിടങ്ങളില്‍ നിന്നായിരുന്നു ഇവ എത്തിച്ചുകൊണ്ടിരുന്നത്. ഇപ്പോള്‍ മുംബൈയില്‍ത്തന്നെ എല്ലാം കിട്ടുന്നുണ്ട്.
തിരക്കുകള്‍ക്കിടയിലും മുടങ്ങാത്ത യാത്രകള്‍
സമയം കിട്ടുമ്പോഴെല്ലാം ഡ്രൈവ് ചെയ്ത് യാത്ര പോകുന്ന ആളാണ്. ഈയടുത്ത് കശ്മീര്‍ വരെ കുടുംബവുമൊന്നിച്ച് കാറില്‍ യാത്ര പോയത് മറക്കാനാവാത്ത അനുഭവമായിരുന്നു. ഡ്രൈവ് ചെയ്ത് പോകാന്‍ പറ്റുന്ന രീതിയിലേക്ക് കശ്മീര്‍ മാറി എന്നത് വളരെ സന്തോഷം നല്‍കുന്ന കാര്യമാണ്.
അമ്മയാണ് ഹീറോ!
എന്‍റെ അച്ഛന്‍ സൈന്യത്തിലായിരുന്നു. പതിനാറു വയസ്സുള്ളപ്പോള്‍ അദ്ദേഹം മരിച്ചു. അധ്വാനിച്ച് കുടുംബം നോക്കേണ്ട മൂത്ത മകന്‍, പാഷന് പിന്നാലെ പോയപ്പോള്‍ എല്ലാ വിധ പിൻതുണയും തന്ന അമ്മ സരസ്വതി സുകുമാരനാണ് ഇന്നും എന്‍റെ ഹീറോ.
ഭാര്യ പൂജയും ആറിലും ഒന്‍പതിലും പഠിക്കുന്ന തേജി, ചെറി എന്നിങ്ങനെ രണ്ടു പെണ്‍കുട്ടികളും അടങ്ങുന്നതാണ് കുടുംബം. സഹോദരന്മാരായ സുഭാഷ്, സുജിത് എന്നിവരാണ് മ്യൂസിയത്തിന്‍റെ ഫിനാന്‍സ്, അഡ്മിനിസ്ട്രേഷന്‍ എന്നിവ കൈകാര്യം ചെയ്യുന്നത്.