മുംബൈയിലെ ആകാശപ്പാത, മരങ്ങള്‍ക്ക് മുകളിലൂടെ നടക്കാം: ഒരു സമയം 200 പേർക്ക് പ്രവേശനം

Mail This Article
കാടിനുള്ളിലൂടെ നടക്കുന്നത് എല്ലാവര്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. എന്നാല്‍, കാടിന് മുകളിലൂടെ നടക്കാന്‍ പറ്റിയാലോ? ഏകദേശം നാലു വര്‍ഷം നീണ്ട നിര്‍മ്മാണ ജോലികള്‍ക്കു ശേഷം, മുംബൈയിലെ ആദ്യത്തെ എലിവേറ്റഡ് നേച്ചർ ട്രെയിൽ മലബാർ ഹില്‍സില്‍ സന്ദര്‍ശകര്‍ക്കായി തുറന്നു. കാടിനു മുകളില്‍ നിര്‍മ്മിച്ച, 705 മീറ്റർ നീളവും 2.2 മീറ്റർ വീതിയുമുള്ള ഈ നടപ്പാത, കമല നെഹ്‌റു പാർക്കിനെ ഡൂംഗർവാടി വുഡ്‌സുമായി ബന്ധിപ്പിക്കുന്നു.
മാർച്ച് അവസാനത്തോടെ ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) വാക്ക്‌വേ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. മലബാർ ഹില്ലിൽ നിന്നുള്ള പ്രാദേശിക നിയമസഭാംഗം കൂടിയായ കാബിനറ്റ് മന്ത്രി മംഗൾ പ്രഭാത് ലോധ പദ്ധതി ഉദ്ഘാടനം ചെയ്തു.
ഈ എലിവേറ്റഡ് നടപ്പാതയിലൂടെ, മലബാര്‍ ഹില്‍സിന്‍റെ മനോഹരമായ പച്ചപ്പും നഗരദൃശ്യങ്ങളും ഗിർഗാവ് ചൗപ്പാത്തിയുടെ കാഴ്ചയുമെല്ലാം ആസ്വദിച്ചുകൊണ്ട് നടക്കാം. സന്ദർശകർക്ക് നേരിട്ട് കാടിന്‍റെ അടിത്തട്ടിലേക്ക് നോക്കാൻ കഴിയുന്ന ഒരു ഗ്ലാസ് ബോട്ടം ഡെക്ക്, പക്ഷികളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ നിരീക്ഷിക്കുന്നതിനുള്ള പ്രത്യേക മേഖല എന്നിവയുമുണ്ട്.
ഗുൽമോഹർ, ബദാം, ഞാവല്‍, ആല്‍ എന്നിവയുൾപ്പെടെ നൂറിലധികം ഇനം മരങ്ങളാൽ ചുറ്റപ്പെട്ട ഈ പാത, മരംകൊത്തി, ബുൾബുളുകൾ, തത്തകള്‍ തുടങ്ങിയ വിവിധതരം പക്ഷികളുടെ ആവാസ കേന്ദ്രമാണ്. പല്ലികൾ, പെരുമ്പാമ്പുകൾ തുടങ്ങിയ ചെറിയ ഉരഗങ്ങളെയും അവയുടെ സ്വാഭാവിക ചുറ്റുപാടുകളിൽ സന്ദർശകർക്ക് കാണാൻ കഴിയും.
വിനോദസഞ്ചാരികളുടെ അമിതമായ ഒഴുക്കും തിരക്കും നിയന്ത്രിക്കുന്നതിനായി ഒരു സമയം നടപ്പാതയിലൂടെ സഞ്ചരിക്കാവുന്ന ആളുകളുടെ എണ്ണം 200 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഓൺലൈൻ പോർട്ടൽ വഴി സന്ദർശകർക്ക് ഒരു മണിക്കൂർ സ്ലോട്ടുകൾ ബുക്ക് ചെയ്യാൻ കഴിയുമെന്ന് ബിഎംസി അറിയിച്ചു. പ്രവേശനം സൗജന്യമല്ല. ഇന്ത്യന്‍ സന്ദർശകരിൽ നിന്ന് 25 രൂപയും വിദേശ പൗരന്മാരിൽ നിന്ന് 100 രൂപയും പ്രവേശന ഫീസ് ഈടാക്കും. ടിക്കറ്റ് ബുക്ക് ചെയ്യാനായി naturetrail എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.
രജിസ്ട്രേഷന് ശേഷം, ഓൺലൈൻ ടിക്കറ്റിലെ ബാർകോഡ് ഉപയോഗിച്ചാണ് പ്രവേശനവും പുറത്തുകടക്കലും നിയന്ത്രിക്കുന്നത്. കൂടാതെ, വിനോദസഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി ഒരു ആക്‌സസ് കൺട്രോൾ സംവിധാനവും അവതരിപ്പിച്ചിട്ടുണ്ട്.
പൊതുജനങ്ങൾക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന തരത്തിൽ, കമലാ നെഹ്‌റു പാർക്കിന് പിന്നിലുള്ള സിരി റോഡിലാണ് പ്രവേശന, എക്സിറ്റ് പോയിന്റുകൾ സ്ഥിതി ചെയ്യുന്നത്. കുരങ്ങുകള്‍ ധാരാളമുള്ള മേഖലയായതിനാല്‍ ഉള്ളിലേക്ക് പോകുമ്പോള്‍ ഭക്ഷണം കൊണ്ടുപോകുന്നത് അനുവദനീയമല്ല. എന്നിരുന്നാലും സന്ദർശകർക്ക് വാട്ടർ ബോട്ടിലുകൾ കൊണ്ടുപോകാം. ദിവസവും രാവിലെ 5 മണി മുതൽ രാത്രി 8 മണി വരെ ഇവിടം തുറന്നിരിക്കും.
പ്രചോദനം സിംഗപ്പൂരില്‍ നിന്ന്
സിംഗപ്പൂരിന്‍റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സെൻട്രൽ കാച്ച്‌മെന്‍റ് നേച്ചർ റിസർവിലെ ട്രീ ടോപ്പ് വാക്ക് വേ പോലുള്ള നടപ്പാതകളില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മലബാര്‍ ഹില്‍സില്‍ ഈ നടപ്പാത വികസിപ്പിച്ചിട്ടുള്ളത്. മാക്‌റിച്ചി റിസർവോയർ പാർക്കിന്‍റെ ഭാഗമായ ട്രീ ടോപ്പ് വാക്ക് സഞ്ചാരികള്‍ക്കിടയില്‍ വളരെയധികം ജനപ്രിയമാണ്. പാർക്കിലെ ഏറ്റവും ഉയർന്ന രണ്ട് സ്ഥലങ്ങളായ ബുക്കിറ്റ് പിയേഴ്‌സിനെയും ബുക്കിറ്റ് കലാംഗിനെയും ബന്ധിപ്പിക്കുന്ന 250 മീറ്റർ നീളമുള്ള ഒരു സ്വതന്ത്ര സസ്പെൻഷൻ പാലമാണ് ഇത്. വനത്തിന്‍റെ അടിത്തട്ടിൽ നിന്ന് 25 മീറ്റർ വരെ ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്.