ഇതുവരെ ആഘോഷിച്ചതില്‍ ഏറ്റവും നല്ല പിറന്നാൾ; വിഡിയോ പങ്കുവച്ച് സാനിയ അയ്യപ്പന്‍
![saniya saniya](https://img-mm.manoramaonline.com/content/dam/mm/mo/travel/world-escapes/images/2021/5/26/saniya.jpg?w=1120&h=583)
Mail This Article
മാലദ്വീപ് വെക്കേഷന്‍റെ വ്ലോഗുമായി സാനിയ അയ്യപ്പന്‍. പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏപ്രിലിലായിരുന്നു സാനിയയുടെ മാലദ്വീപ് യാത്ര. ദ്വീപില്‍ നിന്നുമുള്ള മനോഹരമായ വെക്കേഷന്‍ ചിത്രങ്ങള്‍ സാനിയ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്നു യാത്ര പുറപ്പെടുന്നതു മുതലുള്ള വിശേഷങ്ങള്‍ സാനിയയുടെ യുട്യൂബ് വ്ലോഗിലുണ്ട്. മാലദ്വീപിലെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഡബ്ല്യു മാല്‍ദീവ്സ് റിസോര്‍ട്ടിലാണ് സാനിയ വെക്കേഷന്‍ ചിലവഴിച്ചത്. നാലുദിവസത്തെ യാത്രയായിരുന്നു.
സാനിയയുടെ പേരെഴുതിയ ബെഡും വിശാലമായ സൗകര്യങ്ങളും മറ്റുമായി മനോഹരമായി അലങ്കരിച്ച മുറിയിലേക്കാണ് വിഡിയോയിലൂടെ സാനിയ കാഴ്ചക്കാരെ കൂട്ടിക്കൊണ്ടു പോകുന്നത്. ഇതുവരെ ആഘോഷിച്ചതില്‍ വച്ച് ഏറ്റവും അടിപൊളി പിറന്നാൾ എന്നാണു സാനിയ ഇൗ യാത്രയെ വിശേഷിപ്പിക്കുന്നത്. സാനിയയുടെ ഇഷ്ട നിറമായ ആകാശനീല എങ്ങും കാണാനാകുന്നതും സന്തോഷം ഇരട്ടിയാക്കുന്നതായും താരം പറയുന്നു. കുട്ടികളെപ്പോലെ തുള്ളിച്ചാടി റിസോര്‍ട്ടിന്‍റെ വുഡന്‍ ഡെക്കിലൂടെ നടക്കുന്ന സാനിയയെയും വിഡിയോയില്‍ കാണാം.
അടിച്ചുപൊളിച്ച് പിറന്നാൾ
ആദ്യത്തെ ദിവസം ഡിന്നര്‍ കഴിക്കാന്‍ പോകുന്ന രാത്രി ദൃശ്യങ്ങളാണ് സാനിയ കാണിക്കുന്നത്. രണ്ടാമത്തെ ദിവസമാകട്ടെ, ഇന്‍സ്റ്റഗ്രാമില്‍ മുമ്പ് പങ്കുവച്ച ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങള്‍ കാണാം. ബീച്ചില്‍ ഇറങ്ങി നടക്കുന്ന സാനിയയെ ഇതില്‍ കാണാം. സാനിയയുടെ പിറന്നാള്‍ ആഘോഷവും കുടുംബാംഗങ്ങളും കൂട്ടുകാരും ഫോണിലൂടെ പിറന്നാള്‍ ആശംസകള്‍ നേരുന്നതും വിഡിയോയിലുണ്ട്. കൂടാതെ കൂട്ടുകാര്‍ ഒരുക്കിയ ബര്‍ത്ത്ഡേ ആഘോഷ പാര്‍ട്ടിയും കാണാം.
മാലെ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് സീപ്ലെയിൻ വഴി 25 മിനിറ്റ് യാത്ര ചെയ്താണ് നോർത്ത് അരി അറ്റോളിൽ സ്ഥിതിചെയ്യുന്ന ഡബ്ല്യു മാല്‍ദീവ്സ് റിസോര്‍ട്ടില്‍ എത്തുന്നത്. വെളുത്ത മണൽ വിതറിയ ബീച്ചുകളും മയില്‍പ്പച്ച നിറമുള്ള വെള്ളം നിറഞ്ഞ ലഗൂണുകളും മനോഹരമായ പവിഴപ്പുറ്റുകളും നിറഞ്ഞ ഇവിടം അതിസുന്ദരമായ ഒരു ലക്ഷ്വറി വെക്കേഷന്‍ സ്പോട്ടാണ്. ബോട്ടുകൾ, കാനോ, വാട്ടർസ്‌പോർട്സ് ഉപകരണങ്ങൾ, വിൻഡ് സർഫിങ്, സ്‌നോർക്കെലിങ് എന്നിവ ഉൾപ്പെടെയുള്ള ധാരാളം വിനോദ സൗകര്യങ്ങള്‍ ഇവിടെ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
English Summary: Saniya Iyappan Celebrated her Birthday in Maldives