റോംസി, ന്യൂ ഫോറസ്റ്റ്; ലോകത്തിന് മാതൃകയാകുന്ന ചെറു നഗരങ്ങൾ

Mail This Article
ചില യൂറോപ്യൻ നഗരങ്ങൾക്ക് പഴമയുടെ പ്രൗഢി മാത്രമല്ല, വിസ്മയാതീതമായ ഡിസൈൻ ഭംഗിയാണുള്ളത്. ഡിസൈൻ പോളിസി എന്താവണമെന്ന് ലോകത്തിന് മാതൃകയാകുന്ന ചെറു നഗരങ്ങൾ ! കെട്ടിടങ്ങളുടെ വാസ്തു ശില്പ ശൈലി, റോഡുകളുടെ ഡിസൈൻ തുടങ്ങി പല ഘടകങ്ങളിലൂടെ ഈ നഗരങ്ങൾ നമ്മുടെ പ്ലാനിങ് സങ്കല്പങ്ങളിൽ കുളിരു കോരിയിടും.

സ്വാദ് മുകുളങ്ങളെ തൃപ്തിയുടെ പരകോടിയിലെത്തിക്കുന്ന പുഴ മീനുകളുടെ കലവറയായ, ശരിക്കും പറഞ്ഞാൽ സാൽമൺ മത്സ്യങ്ങളുടെ കലവറയായ ടെസ്റ്റ് നദിയുടെ തീരത്ത് അത്തരത്തിൽ ഒരു പുരാതന ഇംഗ്ലീഷ് മാർക്കറ്റ് ടൗണുണ്ട്. ഹാംപ്ഷയർ കൗണ്ടിയിലെ ഈ ടൗണിന്റെ പേരാണ് റോംസി ( Romsey ) ! 20000 ൽ താഴെ ജനസംഖ്യയുള്ള ഒരു കൊച്ചു ടൗൺ. ടെസ്റ്റ് നദിക്ക് സമാന്തരമായി ചെറിയ മലനിരകളും.

ന്യൂ ഫോറസ്റ്റ്, സൗത്താംപ്ടൺ, വിഞ്ചസ്റ്റർ, സാലിസ്ബറി എന്നിവയാണ് സമീപനഗരങ്ങൾ.
റോംസിക്ക് പ്രൗഢി ചാർത്തുന്നത് 907 AD യുടെ കഥ പറയാനുള്ള, ഹാംപ്ഷയറിലെ ഏറ്റവും വലിയ പാരിഷ് ചർച്ചായ നോർമൻ ആബി അഥവാ റോംസി ആബിയാണ്. ആബി എന്നാൽ ലളിതമായി ക്രിസ്റ്റ്യൻ സന്യാസി മഠം എന്നു പറയാം. മധ്യകാല രാജാവായ കിങ് ജോൺസിന്റെ 750 വർഷത്തെ പഴക്കമുള്ള ഭവനവും പഴയ ഗൺ ഷോപ്പുമൊക്കെ ചേർന്നു റോംസിക്ക് ഒരു പൈതൃക നഗരത്തിന്റെ പരിവേഷവും ചാർത്തുന്നു.

റോംസിയുടെ മറ്റൊരു പ്രധാന ആകർഷണം സമീപത്തുള്ള, 18-ാം നൂറ്റാണ്ടിൽ പണിത, പാമസ്റ്റൺ പ്രഭുവിന്റെയും മൗണ്ട് ബാറ്റൺ പ്രഭുവിന്റെയും ഒക്കെ കൊട്ടാരമായിരുന്ന ബ്രോഡ്ലാൻഡ്സ് ആണ്. എലിസബത്ത് രാജ്ഞി (രണ്ട് ) തന്റെ മധുവിധുവിന്റെ ആദ്യ മൂന്നു ദിവസങ്ങൾ ചെലവഴിച്ചുവെന്ന നിലയിലും പ്രശസ്തമാണ് ബ്രോഡ്‌ലാൻഡ്സ്. പിന്നീട് ഫിലിപ്പ് രാജകുമാരനും വെയിൽസ് രാജകുമാരനും മധുവിധുവിന് തിരഞ്ഞെടുത്തതും ഇവിടം തന്നെയായിരുന്നു! അത്ര മനോഹരമാണ് ഈ സ്ഥലം. ജൂലൈയിലും ആഗസ്റ്റിലും ബ്രോഡ്ലാൻഡ്സിലേക്ക് പൊതു ജനങ്ങൾക്ക് പ്രവേശനം ഉണ്ട്. ആ സമയം ക്രാഫ്റ്റ് മേളയും സംഗീത പരിപാടികളും ഒക്കെയായി മാൻഷൻ മുഖരിതമായിരിക്കും.

പുനരുദ്ധാരണം നടത്തിയെടുത്ത റോംസി റെയിൽവേ സിഗ്നൽ ബോക്സിൽ ലിവറുകൾ വലിച്ചും മണിയടിച്ചും സന്ദർശകർക്ക് സിഗ്നൽ ഓപ്പറേറ്റ് ചെയ്ത് ശരിക്കും ഒരു ട്രെയിൻ പോകുന്ന അനുഭവത്തിലൂടെ കടന്നുപോകാം! ശരിക്കും ഒരു റെയിൽവേ മ്യൂസിയം തന്നെയാണ് റോംസി സിഗ്നൽ ബോക്സ്. വാർ മെമ്മോറിയൽ പാർക്ക്, ടൗൺ ഹാൾ, മൗണ്ട് ബാറ്റൺ ഗാലറി അങ്ങനെ പോകുന്നു മറ്റാകർഷണങ്ങൾ.
എന്നാൽ റോംസിക്ക് തൊട്ടടുത്ത ഏറ്റവും വലിയ ആകർഷണം 219 സ്ക്വയർ മൈലിൽ പരന്നു കിടക്കുന്ന ന്യൂ ഫോറസ്റ്റ് നാഷണൽ പാർക്ക് ആണ്. 1019 ൽ വില്യം ( William the Conqueror) നായാട്ടിനായി പണിത ഈ പ്രദേശത്തിന് 'നോവ ഫോറസ്റ്റ ' എന്ന് പേരിടുകയും പിന്നീടത് 'ന്യൂ ഫോറസ്റ്റ്' ആയി മാറുകയും ചെയ്തു!

ന്യൂ ഫോറസ്റ്റിലൂടെ ഡ്രൈവ് ചെയ്താൽ അലഞ്ഞു നടക്കുന്ന നൂറുകണക്കിന് പോണികളെയും (കുതിര തന്നെ) മാനുകളെയും പശുക്കളെയും കാണാം. 5000 ഓളം പോണികൾ ഉണ്ടിവിടെ! കോമണേഴ്സ് എന്നറിയപ്പെടുന്ന ഗ്രാമീണരുടെ സ്വന്തമാണ് ഈ പോണികളെല്ലാം തന്നെ. കന്നുകാലികളുടെയും കഴുതകളുടെയും കാര്യവും അതുപോലെതന്നെ. ഇവയെ എല്ലാം തന്നെ വന്യമൃഗങ്ങളായി കണക്കാക്കുന്നു എന്നതാണ് പ്രത്യേകത. ന്യൂ ഫോറസ്റ്റിനുള്ളിൽ ധാരാളം ചെറിയ നഗരങ്ങളും ഗ്രാമങ്ങളുമുണ്ട്. ശരിക്കും ഒരു സിനിമാറ്റിക്ക് കാഴ്ചയാണ് ന്യൂ ഫോറസ്റ്റിൽ അനുഭവപ്പെടുക. വല്ലാത്തൊരു അനുഭൂതി പകരുന്ന പ്രദേശം! ഒരു മാതൃകാ കൃത്രിമ വനം!
നൂറോളം വിവിധ ജാതി പക്ഷികൾ, പന്നി, മുയൽ,കുറുക്കൻ തുടങ്ങി ധാരാളം ജീവജാലങ്ങൾ ന്യൂ ഫോറസ്റ്റിൽ ഉണ്ട്.
ന്യൂ ഫോറസ്റ്റിലെ ക്യാംപ് സൈറ്റുകളിൽ നമുക്ക് രാത്രി ക്യാംപ് ചെയ്യാം. അതുമല്ലെങ്കിൽ അവാർഡ് വരെ വാങ്ങിയിട്ടുള്ള ഹോട്ടലുകളും ബെഡ് ആൻഡ് ബ്രേക്ക് ഫാസ്റ്റും ഒക്കെ ഇതിനുള്ളിൽ ഉണ്ട്.ലോക്കൽ ഷോപ്പുകൾ, പബ്ബുകൾ, കഫേ തുടങ്ങി എന്തില്ല ന്യൂ ഫോറസ്റ്റിൽ എന്ന് ചോദിച്ചാൽ മതി ! 26 മൈൽ നീളമുള്ള ബീച്ചുകൾ പോലും ഉണ്ട് ന്യൂ ഫോറസ്റ്റിന്റെ തീരഭാഗത്ത്!
വെറും ഒന്നര മണിക്കൂർ കൊണ്ട് ലണ്ടൻ വാട്ടർലൂവിൽ നിന്ന് ന്യൂ ഫോറസ്റ്റിലെ ബ്രോക്കൻഹസ്റ്റ് റെയിൽവേ സ്റ്റേഷനിൽ എത്താം. സെൻട്രൽ ലണ്ടനിൽ നിന്നും കാറോടിച്ചാൽ 85 മൈൽ താണ്ടി ഫോറസ്റ്റ് മെയിൻ ഗേറ്റിൽ എത്താം.
ലോകത്തിലെ ആദ്യ വനിത കഥകളി ചുട്ടി ആർട്ടിസ്റ്റും ഇന്ന് ജീവിച്ചിരിപ്പുള്ള ഏറ്റവും സീനിയർ കഥകളി ചുട്ടി ആർട്ടിസ്റ്റും ആയ കലാമണ്ഡലം ബാർബറ വിജയകുമാറും സ്ത്രീ വേഷങ്ങളിലൂടെ ലോക പ്രശസ്തനായ കലാമണ്ഡലം വിജയകുമാറുമൊത്താണ് ഇരുൾ വീഴുന്നതിന് തൊട്ടുമുമ്പുള്ള ഒരു ശരത്കാല ദിനത്തിൽ ന്യൂ ഫോറസ്റ്റിലൂടെ കാറോടിച്ചത്. അപ്പോൾ ബാർബറ ഒരു കഥ പറഞ്ഞു. വടക്കൻ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ നിന്ന് വിഞ്ചസ്റ്ററിൽ പഠിക്കാൻ എത്തിയ ബാർബറ കുറച്ചുനാൾ കഴിഞ്ഞ് തന്റെ പ്രിയപ്പെട്ട കുതിര ഷെമ്മിനെ ( Shem) കൂടെ കൂട്ടി. കറുത്ത് ശക്തനായിരുന്നു ഷെം. ജീവിതത്തിൽ ഭയമെന്തെന്ന് അറിഞ്ഞിട്ടില്ലാത്ത ബാർബറ അവനെയും കൂട്ടി പത്ത് ദിവസം ഈ ന്യൂ ഫോറസ്റ്റ് കാടിനുള്ളിൽ കറങ്ങിയത്രെ! രാത്രികളിൽ മരങ്ങൾക്ക് താഴെ അന്തിയുറങ്ങി! പശിയടക്കാൻ ഇടയ്ക്ക് കണ്ട ഗ്രാമങ്ങളിൽ നിന്ന് ബ്രഡും പഴവും വാങ്ങി. അതും 1970 - 71 കാലഘട്ടത്തിൽ തൻറെ പതിനാറാം വയസ്സിൽ ! എന്തിനായിരുന്നു ആ സാഹസം എന്ന ചോദിച്ചത് "to enjoy" എന്നായിരുന്നു മറുപടി !
റോംസിയും ന്യൂ ഫോറസ്റ്റും ഒരിക്കലും മനസ്സിൽ നിന്നും മായില്ല.