ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

യാത്രകൾ സമ്മാനിക്കുന്ന ആനന്ദത്തിലാണ് നടി റായ് ലക്ഷ്മി. ഒരുകാലത്ത് തെന്നിന്ത്യൻ സിനിമകളിൽ നിറസാന്നിധ്യമായിരുന്ന താര സുന്ദരി ഇറ്റലിയുടെ പൊലിമയാർന്ന കാഴ്ചകളിൽ മതിമറന്നിരിക്കുകയാണ്. വസ്തുക്കളല്ല, ജീവിതത്തിൽ അനുഭവങ്ങൾ നിറയ്‌ക്കൂ... പറയാൻ ധാരാളം കഥകൾ സമ്പാദിക്കൂ എന്നർഥമാക്കുന്ന വരികൾ കുറിച്ചുകൊണ്ടാണ് റായ് ലക്ഷ്മി ഇറ്റലിയിൽ നിന്നുമുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. കടലും വലിയ മലഞ്ചെരിവുകളുമൊക്കെ നിറഞ്ഞ മനോഹരമായ പ്രകൃതി ഭംഗിയാണ് താരത്തിന്റെ ചിത്രങ്ങൾക്ക് പശ്ചാത്തലം.  കൂടാതെ രുചികരമായ വിഭവങ്ങളും ഇറ്റലിയുടെ നഗരകാഴ്ചകളുമൊക്കെ റായ് ലക്ഷ്മി പങ്കുവച്ചിട്ടുണ്ട്.

സഞ്ചാരികളുടെ സ്വപ്ന രാജ്യങ്ങളിൽ ഒന്നാണ് ഇറ്റലി. പഴമയും പുതുമയും ഒന്നുചേരുന്ന കാഴ്ചകളാണ് ഈ രാജ്യത്തിന്റെ സൗന്ദര്യത്തിനു മാറ്റുകൂട്ടുന്നത്. പ്രകൃതിയൊരുക്കിയിരിക്കുന്ന അതിസുന്ദര കാഴ്ചകളും കലാസാംസ്കാരിക പൈതൃകം വെളിപ്പെടുത്തുന്ന അനേകം നിർമിതികളും ഈ രാജ്യത്തു കാണുവാൻ കഴിയും. 

ഇറ്റാലിയൻ നവോത്‌ഥാനത്തിന്റെ ജന്മസ്ഥലമെന്നു അറിയപ്പെടുന്നയിടമാണ് ടസ്കനി. ഫ്ലോറൻസ്, കാസ്റ്റിഗ്ലിയോൺ ഡെല്ല പെസ്കായ, പിസ, സാൻ ഗിമിഗ്നാനോ, ലൂക്ക, ഗ്രോസെറ്റോ, സിയീന എന്നിവയാണ് ഇവിടുത്തെ പ്രധാന നഗരങ്ങൾ. ടസ്കനിയിൽ ഏറ്റവുമധികം ആളുകൾ അധിവസിക്കുന്ന പ്രദേശമാണ് ഫ്ലോറെൻസ്. പത്തൊമ്പതാം നൂറ്റാണ്ടിൽ അഞ്ചു വർഷത്തോളം ഇറ്റലിയുടെ തലസ്ഥാനമായിരുന്നു ഈ നഗരം. ഇപ്പോളിത് ടസ്കനിയുടെയും ഫ്ലോറെൻസ് പ്രവിശ്യയുടേയും തലസ്ഥാനമാണ്. അർനോ നദിയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഫ്ലോറെൻസ് ''മധ്യകാലഘട്ടത്തിലെ ഏഥൻസ്'' എന്ന പേരിലും അറിയപ്പെടുന്നു. 1982 ൽ ഇവിടുത്തെ ചരിത്ര കേന്ദ്രം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ചു.

ലോകാദ്ഭുതങ്ങളിൽ ഒന്നായ പിസയിലെ ചരിഞ്ഞ ഗോപുരമാണ് ഇറ്റലിയിലെ മറ്റൊരു പ്രധാന കാഴ്ച. നിർമാണ പിഴവ് കൊണ്ട് ചരിഞ്ഞു പോയി എന്ന് കരുതപ്പെടുന്ന ഈ നിർമിതി ലോകത്തിലെ ശ്രദ്ധേയമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. ശക്തിയേറിയ നാല് ഭൂകമ്പങ്ങളെ അതിജീവിച്ച ഈ ഗോപുരം 1173 ലാണ് നിർമാണം ആരംഭിച്ചത്. ആഭ്യന്തര യുദ്ധങ്ങളെ തുടർന്ന് ഒരു നൂറ്റാണ്ടോളം നിർമാണം നിലച്ചു. 1272ൽ നിർമാണം പുനരാരംഭിച്ചു. ഏഴാമത്തെ നില 1372 ൽ പൂർത്തിയായി. മണിമേടയാണ് അവസാനമായി നിർമിച്ചത്. ഗോഥിക് ശൈലിയിൽ സപ്തസ്വരങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഏഴ് മണികളാണ് ഇവിടെ പ്രതിഷ്ഠിച്ചത്. പിസ നഗരത്തിൽ വേറെയുമുണ്ട് കാഴ്ചകൾ. ചരിത്രപരമായ പ്രാധാന്യം പേറുന്ന ദേവാലയങ്ങൾ, പാലങ്ങൾ, മധ്യകാല നിർമിതികളായ കൊട്ടാരങ്ങൾ, പന്ത്രണ്ടാം നൂറ്റാണ്ടിൽ സ്ഥാപിതമായ സർവകലാശാല എന്നിവയും ഈ നഗരത്തിന്റെ പ്രൗഢമായ മുഖമാണ്.

ഇറ്റലിയുടെ വടക്കു കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന നഗരമാണ് വെനീസ്. കനാലുകളുടെ നഗരമെന്നും ഇവിടം അറിയപ്പെടുന്നു. ചരിതപ്രാധ്യാന്യമുള്ള നിർമിതികൾ നഗരത്തിനു ക്യാൻവാസിൽ പകർത്തിയ ചിത്രത്തിനു സമാനമായ മുഖം നൽകും. 118 ചെറുദ്വീപുകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനായി നാനൂറോളം പാലങ്ങൾ ഇവിടെയുണ്ട്. ഗൊണ്ടോല റൈഡ്, കനാലുകൾ, വിസ്മയിപ്പിക്കുന്ന നിർമാണ ചാതുര്യം വെളിപ്പെടുത്തുന്ന നിർമിതികൾ തുടങ്ങിയവയാണ് ഈ നഗരത്തിലെ പ്രധാന കാഴ്ചകൾ.

പഴമയും പുതുമയും ഒരുമിച്ചു ചേരുന്ന നഗരമാണ് മിലാൻ. ഗോഥിക് നിർമാണ ശൈലിയിൽ 600 വർഷങ്ങൾ കൊണ്ട് പണിപൂർത്തീകരിച്ച മിലാൻ ദേവാലയമാണ് ഇവിടുത്തെ പ്രധാന കാഴ്ച. ഫാഷൻറെയും ഡിസൈന്റെയും തലസ്ഥാനമെന്നാണ് ഈ നഗരം അറിയപ്പെടുന്നത്. ചരിത്രപ്രാധാന്യമുള്ള നിരവധി നിർമിതികൾ മിലാനിലെത്തുന്ന സന്ദർശകർക്ക് കാണുവാൻ കഴിയും. മോണുമെന്റൽ സെമിട്രി, സാൻ സിറോ, റോയൽ പാലസ്, യൂണിക്രെഡിറ്റ് ടവർ തുടങ്ങിയവയാണ് ഇവിടെയെത്തുന്ന അതിഥികളെ സ്വാഗതം ചെയ്യുക.

ഇറ്റലിയുടെ തലസ്ഥാനവും ഏറെ പ്രാധാന്യമുള്ളതുമായ നഗരമാണ് റോം. ചരിത്രവും സംസ്കാരവും ഇത്രയധികം ഇഴപിരിഞ്ഞു കിടക്കുന്ന മറ്റൊരു നഗരം ലോകത്തില്ല എന്നുതന്നെ പറയാം. 2500 വർഷം നീളുന്ന വളരെ സമ്പന്നമായ പൈതൃകമുള്ളതു കൊണ്ടുതന്നെ അനശ്വരമായ നഗരം എന്നൊരു പേര് കൂടിയിതിനുണ്ട്. കൊളോസിയവും റോമൻ ഫോറവുമെല്ലാം നഗരത്തിന്റെ നീണ്ടകാലത്തിന്റെ ശേഷിപ്പുകളാണ്. പിയാസ നവോന, ക്യാപിറ്റോലൈൻ മ്യൂസിയം, ബോർഗീസ് ഗാലറിയും മ്യൂസിയവും, ട്രെവി ഫൗണ്ടൈൻ, പന്തേൺ, സിസ്റ്റൈൻ ചാപ്പൽ തുടങ്ങിയവയാണ് റോമിലെത്തുന്നവരെ കാത്തിരിക്കുന്നത്.

ഇറ്റലിയിലെ മറ്റുനഗരങ്ങളെ പോലെ തന്നെ ധാരാളം കാഴ്ചകളുമായി അതിഥികളെ സ്വീകരിക്കുന്നയിടമാണ് നേപ്പിൾസ്. സജീവമായ തെരുവുകളും അതിസുന്ദരമായ നിർമിതികളും രുചികരമായ ഭക്ഷണവും വിളമ്പുന്ന നാട് എന്ന് നേപ്പിൾസിനെ വിശേഷിപ്പിക്കാം. മനോഹരമായ മലനിരകളും പ്രകൃതിയുമൊക്കെ ഈ നഗരത്തിന്റെ ശോഭ വർധിപ്പിക്കുന്നു. നാഷണൽ ആർക്കിയോളജിക്കൽ മ്യൂസിയം, ഗലേറിയ ബോർബോണിക, സൺസെവെരോ ചാപ്പൽ മ്യൂസിയം, കറ്റകോംബ്സ് ഓഫ് ഗെന്നാരോ, സാൻ കാർലോ തിയേറ്റർ, റോയൽ പാലസ് എന്നിങ്ങനെ കാഴ്ചകൾ നിരവധിയുണ്ട് നേപ്പിൾസിലും.     

English Summary:

Ray Lakshmi's Italian adventure showcases breathtaking scenery, delicious food, and iconic landmarks. Her journey emphasizes experiences over possessions, inspiring viewers to explore Italy's rich history and culture.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com