നടിയാകരുതെന്ന് അമ്മ ആഗ്രഹിച്ചു, അഭിനയരംഗത്ത് 33 വർഷം: സീമാ ജി നായർ
Mail This Article
സീമകളില്ലാത്ത സ്നേഹത്തിന്റെ പേരിലാണ് അഭിനേത്രി സീമ ജി. നായരെ ഇപ്പോൾ പ്രേക്ഷകർ നെഞ്ചേറ്റുന്നത്. സഹപ്രവർത്തകയായ ശരണ്യയുടെ ചികിൽസയ്ക്കായി സഹായമഭ്യർഥിച്ചുകൊണ്ട് പോസ്റ്റ് ചെയ്ത ഫെയ്സ്ബുക്ക് വിഡിയോയിലൂടെയാണ് അടുത്തിടെ സീമ ജി. നായർ വാർത്തകളിൽ നിറഞ്ഞത്. സീമയിലൂടെ ശരണ്യയുടെ അവസ്ഥയറിഞ്ഞവർ അകമഴിഞ്ഞു സഹായിച്ചപ്പോൾ ശസ്ത്രക്രിയയിലൂടെ രോഗത്തെ ഒരിക്കൽക്കൂടി തോൽപ്പിച്ച് ജീവിതത്തിലേക്കു മടങ്ങി വന്നു ശരണ്യ.
17 ാം വയസ്സിൽ നാടകവേദിയിൽ അഭിനയം തുടങ്ങിയ സീമ ആയിരത്തിലേറെ അരങ്ങുകളിൽ നാടകമവതരിപ്പിച്ചു. ചേറപ്പായി കഥകളിലൂടെ സീരിയലിലും പാവം ക്രൂരനിലൂടെ സിനിമയിലും അരങ്ങേറ്റം നടത്തിയ സീമ മലയാളത്തിലെ മികച്ച അഭിനേത്രികളിലൊരാളായാണ് വിലയിരുത്തപ്പെടുന്നത്. മേക്ക് എ വിഷ് ഫൗണ്ടേഷന്റെ ഭാഗമായി ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ് സീമ. അഭിനയ ജീവിതത്തിൽ 33 വർഷം പിന്നിടുമ്പോൾ ജീവിതത്തെയും കരിയറിനെയും ജീവകാരുണ്യ പ്രവർത്തനങ്ങളെയും പറ്റി മനോരമ ഓൺലൈനോട് മനസ്സു തുറക്കുകയാണ് സീമ ജി. നായർ
സമൂഹമാധ്യമങ്ങളിൽ സജീവമല്ല, എന്നിട്ടും ആ വിഡിയോ വൈറലായി?
ശരണ്യയ്ക്ക് സഹായമഭ്യർഥിച്ച് സമൂഹമാധ്യമങ്ങളിൽ വിഡിയോ പോസ്റ്റ് ചെയ്യണമെന്ന് ഒരിക്കലും കരുതിയതല്ല. സാഹചര്യമാണ് അത് ചെയ്യിപ്പിച്ചത്. ചികിൽസയുടെ ഭാഗമായി 6 സർജറി കഴിഞ്ഞിരുന്നു. 7–ാമത്തെ സർജറി വേണ്ടിവന്നപ്പോൾ കുറച്ചുപേരോട് സഹായം ചോദിച്ചിരുന്നു. എങ്കിലും ആവശ്യമായ തുക ലഭിച്ചില്ല. അങ്ങനെ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നപ്പോൾ ഞാൻ മുന്നിട്ടിറങ്ങി. ആദ്യം ശരണ്യയെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് വിഡിയോ ചെയ്യണമെന്നു വിചാരിച്ചു. ഓപ്പറേഷനു കൊണ്ടു പോകുന്നതിനു തൊട്ടുമുമ്പുള്ള വിഡിയോ ആയതുകൊണ്ട് അവൾക്കത് ഷോക്കാകുമെന്നു കരുതി അവളെ ഉൾപ്പെടുത്താതെ ആ വിഡിയോ ചെയ്തു. ഇതുവരെ ഇങ്ങനെയൊരു വിഡിയോയുമായി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാത്തതുകൊണ്ട് അതിന് എത്രത്തോളം റീച്ച് കിട്ടുമെന്ന് അറിയില്ലായിരുന്നു. ഈ ഒരു പോസ്റ്റിൽ നിന്ന് 50000 രൂപയെങ്കിലും സാമ്പത്തിക സഹായം കിട്ടിയാൽ അതായല്ലോ എന്ന ചിന്തയിലാണ് അങ്ങനെയൊരു പോസ്റ്റിട്ടത്. സൂരജ് പാലാക്കാരനെ ഈ അവസരത്തിൽ ഞാൻ നന്ദിയോടെ ഓർക്കുകയാണ്. കാരണം അദ്ദേഹമാണ് ഈ വിഡിയോ ഇടാൻ ശ്രമിച്ചതും വൈറലാക്കിയതും.
പ്രശസ്തിക്കല്ല, കാൻസർ വാർഡിലെ ഓർമ മായാതിരിക്കാൻ
അമ്മയോടൊപ്പം കാൻസർ വാർഡുകളിൽ ചെലവഴിച്ച ദിവസങ്ങളുടെ ഓർമകളിൽ നിന്നാണ് കാരുണ്യപ്രവർത്തനങ്ങളുടെ തുടക്കം. സഹായം നൽകുന്നത് പബ്ലിസിറ്റിക്കുവേണ്ടിയല്ല. അതുകൊണ്ടു തന്നെ അത്തരം ചിത്രങ്ങളൊന്നും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറില്ല. തിരുവനന്തപുരം ആർസിസിയിലെ കാൻസർ വാർഡിലെ കാഴ്ചകൾ മനസ്സിൽ പതിഞ്ഞപ്പോഴാണ് വരുമാനത്തിൽ ഒരു പങ്ക് ചാരിറ്റിക്കായി നീക്കി വയ്ക്കാൻ തീരുമാനിച്ചത്.
സ്വന്തമായി ട്രസ്റ്റ് ഒന്നുമില്ല. ഇവിടെ ജീവിച്ചിരിക്കുമ്പോൾ നമ്മളെ എല്ലാവരും ഓർക്കും. നമ്മൾ മരിച്ചു കഴിഞ്ഞാലും നന്മകളിലൂടെ മറ്റുള്ളവർ നമ്മളെ ഓർക്കണം എന്നാഗ്രഹിക്കുന്ന ആളാണ് ഞാൻ. ഞാൻ ചെയ്ത നന്മകളുടെ ഫലം എന്റെ മകനു കിട്ടും എന്നൊക്കെ ആളുകൾ പറയാറുണ്ട്. ഫലം ഇച്ഛിച്ചല്ല ഒന്നും ചെയ്യുന്നതെങ്കിലും അതു കേൾക്കുമ്പോൾ സന്തോഷം തോന്നാറുണ്ട്.
നാടകം, സീരിയൽ, സിനിമ– കംഫർട്ട് സോൺ?
ഒരു അഭിനേത്രി എന്ന നിലയിൽ അഭിനയകലയിലെ എല്ലാ മാധ്യമങ്ങളെയും ഒരുപോലെയിഷ്ടമാണ്. നാടകവും സീരിയലും സിനിമയും വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ്. നൂറും നൂറ്റിയിരുപതും ദിവസം ഷൂട്ട് ചെയ്യുന്ന കാര്യങ്ങൾ രണ്ടര മണിക്കൂറു കൊണ്ട് സിനിമ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നു. സിനിമയിലും സീരിയലിലും ഷൂട്ട് സമയത്ത് നമ്മുടെ പെർഫോമൻസ് മെച്ചപ്പെടുത്താൻ എത്ര ടേക്കുകൾ വരെയും പോകാം. കരയാൻ ഗ്ലിസറിൻ ഉപയോഗിക്കാം. എന്നാൽ നാടകം തുടങ്ങി തീരുന്നതുവരെയുള്ള മണിക്കൂറുകളിൽ സ്റ്റേജിൽ നമ്മൾ ആ കഥാപാത്രമായി ജീവിക്കുകയാണ്. റീ ടേക്കുകളില്ലാത്ത നാടകവും നാടകാഭിനയത്തിനുവേണ്ടിയുള്ള ബുദ്ധിമുട്ടുകളും എന്നും എനിക്ക് സംതൃപ്തി മാത്രമേ നൽകിയിട്ടുള്ളൂ.
ഓഫിസ് ജോലി പോലെയാണ് സീരിയൽ അഭിനയം തോന്നിയിട്ടുള്ളത്. ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ എല്ലാവരും ഒരുമിച്ചു വരുന്നു, വൈകുന്നേരം ജോലി കഴിഞ്ഞു മടങ്ങുന്നു. അങ്ങനെ ഒരു ദിനചര്യപോലെ സീരിയൽ ജീവിതം പൊയ്ക്കൊണ്ടിരിക്കുന്നു. കുറച്ച് ആർട്ടിസ്റ്റുകളിൽ കണ്ടുവരുന്ന ഒരു പ്രവണതയുണ്ട്. സീരിയലിലെത്തിയ ശേഷം സിനിമയിൽ ഒരു ചാൻസ് കിട്ടിയാൽ സീരിയലിനെ തള്ളിപ്പറയും. ആ പ്രവണത ശരിയല്ല. ഈ കലകൊണ്ട് ജീവിക്കുന്ന ആർട്ടിസ്റ്റുകൾ ഒരിക്കലും ഒന്നിനെയും തള്ളിപ്പറയരുത് എന്നാണ് എന്റെ അഭിപ്രായം.
അഭിനയം കൊണ്ടാണ് ജീവിക്കുന്നതെങ്കിൽ നാടകത്തെയും സീരിയലിനെയും സിനിമയെയുമെല്ലാം തുല്യമായി കാണാൻ കഴിയണം. ചിലർക്ക് സിനിമയിൽ കുറേ വേഷങ്ങൾ കിട്ടുന്നു, ചിലർക്ക് അതിൽ നിന്നും കുറേ വരുമാനം കിട്ടുന്നു, ചിലർ ഉയരങ്ങിലെത്തുന്നു. അതൊക്കെ അവരുടെ ഭാഗ്യം മാത്രമാണ്. അങ്ങനെയൊക്കെ ജീവിതത്തിൽ സംഭവിക്കുമ്പോൾ ഇനി ഞാൻ സീരിയലിലേക്കില്ല, എനിക്കിനി സിനിമ മതി എന്നു പറഞ്ഞ പലരും സീരിയലിലേക്ക് തിരിച്ചു വന്ന് അഭിനയിച്ചിട്ടുണ്ട്. തള്ളിപ്പറഞ്ഞതും പിന്നീട് തിരിച്ചു വന്നതുമെല്ലാം ഇവിടുത്തെ പ്രേക്ഷകർ ഓർത്തിരിക്കുന്നുണ്ട്. അങ്ങനെയുള്ള സംസാരങ്ങൾ ഇനിയെങ്കിലും ഉണ്ടാവരുത്. കാരണം അതു കേൾക്കുമ്പോൾ വിഷമം തോന്നാറുണ്ട്.
.
ഇന്ന് പലപ്പോഴും പലരുടെയും കോസ്റ്റ്യൂമും മേക്കപ്പുമൊക്കെ അൽപം ഓവറാകുന്നില്ലേ?
ഇന്നത്തെ പല നിർമാതാക്കളും സംവിധായകരും അഭിനേതാക്കളും പിന്തുടരുന്നത് ഹിന്ദി, തമിഴ് ഇൻഡസ്ട്രികളിലെ രീതികളാണ്. കോസ്റ്റ്യൂമിലും മേക്കപ്പിലുമൊക്കെ അത്തരം രീതികളാണ് ഇപ്പോൾ പൊതുവേ സ്വീകരിക്കുന്നത്. പിന്നെ കാലഘട്ടത്തിന്റെ മാറ്റങ്ങളും അതിന് അവരെ പ്രേരിപ്പിക്കുന്നുണ്ടാകും.
അമ്മക്കഥാപാത്രങ്ങളിൽ ഏറെയിഷ്ടം അഭിമന്യുവിന്റെ അമ്മയെ
യഥാർഥ ജീവിതത്തെ ആസ്പദമാക്കിയെടുക്കുന്ന ചിത്രത്തിൽ അഭിനയിക്കാൻ ആദ്യമായി അവസരം ലഭിച്ചത് 'നാൻ പെറ്റ മകനി'ലൂടെയാണ്. എറണാകുളം മഹാരാജാസ് കോളജിൽ രാഷ്ട്രീയ കൊലപാതകത്തിന്റെ ഇരയായ അഭിമന്യുവിന്റെ കഥ പറഞ്ഞ ചിത്രത്തിൽ അവന്റെ അമ്മയുടെ വേഷമാണ് ചെയ്തത്. അവൻ ഉത്സാഹത്തോടെ ഓടി നടന്ന വീടും പരിസരവും അവന്റെ അച്ഛനമ്മാരുടെ സാന്നിധ്യവുമൊക്കെ ചിത്രീകരണത്തിനിടയിൽ എന്നെ ഒരുപാട് കരയിപ്പിച്ചിട്ടുണ്ട്. വല്ലാത്ത ഫീലോടെയാണ് ആ കഥാപാത്രം ചെയ്തത്.
ആ അമ്മമാരാരും ഒരുപോലെയല്ല
കുറച്ചു ചിത്രങ്ങളിൽ യുവതാരങ്ങളുടെ അമ്മവേഷങ്ങൾ ചെയ്തിട്ടുണ്ട്. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളായിരുന്നു അവ. കുഞ്ഞിരാമായണത്തിലെ അമ്മവേഷത്തിൽ എന്നെ വിളിച്ചത് കൽപന ചേച്ചിക്ക് പകരമായിട്ടായിരുന്നു. കേട്ടപ്പോൾ നല്ല പേടി തോന്നി. കൽപന ചേച്ചിയെ മനസ്സിൽ കണ്ടൊരുക്കിയ കഥാപാത്രത്തോട് എനിക്കെത്രത്തോളം നീതി പുലർത്താനാകുമെന്നൊക്കെ ചിന്തിച്ചാണ് അത് അഭിനയിച്ചത്. അലമാര, 1983, കട്ടപ്പനയിലെ ഹൃതിക് റോഷൻ തുടങ്ങിയ ചിത്രങ്ങളിലും വ്യത്യസ്തതയുള്ള അമ്മക്കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. ആ കഥാപാത്രങ്ങൾക്കൊന്നും സാമ്യമില്ല എന്ന കാര്യം ഏറെ സന്തോഷിപ്പിക്കുന്നുണ്ട്.
ഇങ്ങനെ ഒരു ഊമയെ കണ്ടിട്ടില്ല
കട്ടപ്പനയിലെ ഹൃതിക് റോഷനിലെ കഥാപാത്രം ഊമയാണെന്നറിഞ്ഞത് സെറ്റിലെത്തിയപ്പോഴാണ്. അതുകൊണ്ടു തന്നെ കഥാപാത്രത്തെക്കുറിച്ച് വിപിനും വിഷ്ണുവും പറഞ്ഞപ്പോൾ, നിൽക്കണോ പോകണോ എന്നറിയാത്ത മാനസികാവസ്ഥയിലായിരുന്നു. ഒടുവിൽ ധൈര്യം സംഭരിച്ച് ആ കഥാപാത്രം ചെയ്തു. ചിത്രം കണ്ട് ഒരുപാടുപേർ അഭിനന്ദിച്ചിരുന്നു. ഇത്രയും അലമ്പു പിടിച്ച ഒരു ഊമയെ കണ്ടിട്ടില്ലെന്നാണ് പലരും പറഞ്ഞത്. അതുകേട്ടപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്. കട്ടപ്പനയിലെ ഹൃതിക് റോഷന്റെ തമിഴ് പതിപ്പിലും ആ കഥാപാത്രത്തെ ഞാനാണ് ചെയ്യുന്നത്.
സീനിയർ ആർട്ടിസ്റ്റെന്ന നിലയിൽ പുതിയ തലമുറയോടു പറയാനുള്ളത്?
പുതിയ കുട്ടികൾക്ക് ഉപദേശം നൽകാൻ ഞാൻ ആളല്ല. പുതിയ ആളുകളോടൊത്ത് ജോലി ചെയ്യാൻ അവസരം ലഭിക്കുമ്പോൾ എനിക്ക് അദ്ഭുതം തോന്നാറുണ്ട്. ഇൻഡസ്ട്രിയെക്കുറിച്ച് അവർക്ക് നല്ല ധാരണയുണ്ട്. ഇവിടെ എങ്ങനെ നിൽക്കണം, പെരുമാറണം എന്നൊക്കെ അവർക്ക് നന്നായിട്ടറിയാം. അവർക്ക് ഉപദേശം നൽകിയാൽ വെറുതെ പരിഹാസ്യരാവുകയേയുള്ളൂ എന്നതിനാൽ ആ സാഹസത്തിന് മുതിരാറില്ല.
തമിഴ് പ്രശ്നമായി തോന്നിയിട്ടില്ല
ഭൈരവ ഉൾപ്പടെ രണ്ടു മൂന്നു തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴ് ഒരു അപരിചിത ഭാഷയാണെന്നൊന്നും തോന്നിയിട്ടില്ല. ഒരു ചിത്രത്തിൽ പ്രോംപ്റ്റിങ് ഇല്ലാതെ ഡയലോഗ് പറഞ്ഞു.
അഭിനയം തുടങ്ങിയിട്ട് 33 വർഷം, പാട്ടിലേക്ക് തിരിച്ചു വരുമോ?
അഭിനേത്രി ആയിരുന്നിട്ടു കൂടി മക്കൾ അഭിനയരംഗത്തേക്കു വരുന്നതിനോട് എന്റെ അമ്മയ്ക്ക് യോജിപ്പില്ലായിരുന്നു. പാട്ടുകാരിയാകാൻ മോഹിച്ച ഞാൻ നടിയായത് വിധിയുടെ നിയോഗമാകും. പ്രേക്ഷകർക്ക് എന്നെ വേണ്ടിടത്തോളം കാലം ഇൻഡസ്ട്രിയിൽ നിൽക്കാൻ മോഹമുണ്ട്. എന്നെ കലാരംഗത്തിന് ആവശ്യമുള്ളിടത്തോളം കാലം ഞാനിവിടെയുണ്ടാകും. സഹോദരിയുൾപ്പെടെ വീട്ടിൽ പാട്ടുകാർ ഒരുപാടുള്ളതിനാൽ വീണ്ടും പാട്ടിന്റെ ലോകത്തേക്കു വരണമെന്ന് തോന്നിയിട്ടില്ല. ചില ഫങ്ഷനുകളിലൊക്കെ പാടാറുണ്ട്. ശബ്ദത്തിന്റെ പ്രത്യേകത കൊണ്ടും അധികം സ്ട്രെയിൻ എടുക്കാൻ പറ്റില്ല.
നടിയായിരുന്നില്ലെങ്കിൽ
അഭിനയരംഗത്തേക്കു വന്നില്ലായിരുന്നെങ്കിൽ സംഗീത അധ്യാപികയോ നഴ്സോ ആകുമായിരുന്നു. നഴ്സിങ് ആയിരുന്നു തിരഞ്ഞെടുത്തതെങ്കിൽ ജനറൽ നഴ്സിങ് ഒക്കെ പഠിച്ച് ഒരു സാധാരണ നഴ്സ് ആകുമായിരുന്നു.
ചിരിക്കുടുക്കയല്ല, തൊട്ടാവാടി
ഒരു ചെറിയ പ്രശ്നം വരുമ്പോൾ പോലും തളർന്നു പോകുന്ന ആളായിരുന്നു ഞാൻ. ആ തൊട്ടാവാടി സ്വഭാവത്തിൽനിന്നു മാറി ജീവിതത്തെ ചിരിച്ചുകൊണ്ട് നേരിടാൻ പഠിപ്പിച്ചത് അനുഭവങ്ങളാണ്. പ്രതിസന്ധികളെക്കുറിച്ചു മാത്രം ചിന്തിച്ചുകൊണ്ടിരുന്നാൽ ഒരിക്കലും അതിൽനിന്നു കരകയറാൻ പറ്റില്ല. പ്രശ്നങ്ങളെക്കുറിച്ചു ചിന്തിക്കാതിരിക്കാൻ മനപ്പൂർവം ശ്രമിച്ചു.അങ്ങനെയൊരു സ്വഭാവം കാലക്രമേണ വികസിപ്പിച്ചെടുത്തതാണ്.
നെഗറ്റീവ്, ട്രോൾസ്– നോ കമന്റ്സ്
റാണി മുഖർജിയുമായി ശബ്ദസാദൃശ്യമുണ്ട് എന്നൊക്കെയുള്ള നിരുപദ്രവമായ ട്രോളുകളേ ഇതുവരെ ഉണ്ടായിട്ടുള്ളൂ. അത്തരം ട്രോളുകളൊന്നും വിഷമിപ്പിക്കാറില്ല. ജീവിതത്തിൽ ഒരുപാടു പ്രതിസന്ധികളൊക്കെ വരുമ്പോൾ കളിയാക്കലുകളെക്കുറിച്ചോർത്ത് വിഷമിക്കാനാവില്ലല്ലോ.
വാക്കു തെറ്റിക്കുന്നവരോടു പ്രതികരിക്കാറില്ല
പുതിയ സിനിമയിൽ നല്ല വേഷമുണ്ടെന്നു പറഞ്ഞ് ചിലർ വിളിക്കും. അതു വിശ്വസിച്ച് ഡേറ്റ് ബ്ലോക്ക് ചെയ്യും പക്ഷേ, പിന്നീട് ഷൂട്ടിങ് തുടങ്ങുമ്പോൾ വിളിക്കില്ല. അങ്ങോട്ടു വിളിച്ചാൽ വേറെ ആളുകളെ കാസ്റ്റ് ചെയ്തെന്നു പറയും. അടുപ്പിച്ച് അത്തരം നാലഞ്ചനുഭവങ്ങളുണ്ടായി. അത്തരം മോശം അനുഭവങ്ങളോടു പ്രതികരിക്കാറില്ല. നല്ല സൗഹൃദം പുലർത്തുന്നവരിൽനിന്ന് അത്തരം അനുഭവങ്ങളുണ്ടാകുമ്പോൾ വലിയ വിഷമം തോന്നും.
മുണ്ടക്കയം എന്ന നാടോർമ
ജനിച്ചു വളർന്നത് മുണ്ടക്കയം എന്ന ഗ്രാമത്തിലായിരുന്നു. ജാതിമത ചിന്തകളോ വർണ്ണവിവേചനങ്ങളോ ഇല്ലാതിരുന്ന ഒരു നാട്ടിൽ ജനിച്ചു വളർന്നതുകൊണ്ടായിരിക്കാം ആ നാടിന്റെ നന്മകൾ ഇപ്പോഴും മനസ്സിലുണ്ട്. 33 വർഷമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന ഒരു നടിയാണെന്ന ചിന്ത മനസ്സിലില്ല. ആ നാട്ടിൻപുറത്തെ പെൺകുട്ടിയാണെന്നാണ് ഇപ്പോഴും ഞാൻ. മുണ്ടക്കയം മറന്നിട്ടൊരു ജീവിതമില്ല. ഇപ്പോഴും മുണ്ടക്കയത്തുള്ള അധ്യാപകരെയും സുഹൃത്തുക്കളെയും ബന്ധപ്പെടാൻ ശ്രമിക്കാറുണ്ട്.